ad
Deshabhimani

Articles

labour conclave 2025 kerala

ലേബർ കോൺക്ലേവ് 2025 : കേരളത്തിന്റെ പ്രതിരോധം

shivankutty
avatar
വി ശിവൻകുട്ടി

Published on Dec 18, 2025, 11:31 PM | 2 min read


​ഇന്ത്യൻ തൊഴിലാളിവർഗം ദശാബ്ദങ്ങളായി പൊരുതിനേടിയ അവകാശങ്ങളെയും സംരക്ഷണങ്ങളെയും അട്ടിമറിച്ച്‌, നാല് ലേബർ കോഡുകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. രാജ്യത്തെ 29 പ്രധാന തൊഴിൽനിയമങ്ങളെ റദ്ദാക്കി കൊണ്ടുവന്ന ഈ കോഡുകൾ, കോർപറേറ്റ് ലാഭക്കൊതിക്ക് വഴിമരുന്നിടുന്നതും ആധുനിക അടിമത്തത്തിന് നിയമസാധുത നൽകുന്നതുമാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ബദൽമാർഗങ്ങൾ തേടിക്കൊണ്ട് കേരള സർക്കാർ ‘ലേബർ കോൺക്ലേവ് 2025' സംഘടിപ്പിക്കുന്നത്.


അട്ടിമറിക്കപ്പെടുന്ന അവകാശങ്ങൾ

വേതനം, തൊഴിൽസുരക്ഷ, സാമൂഹികസുരക്ഷ, വ്യവസായബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രം വിജ്ഞാപനം ചെയ്ത പുതിയ കോഡുകൾ തൊഴിലാളികളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നവയാണ്. വ്യവസായശാലകളിലെ സുരക്ഷാമാനദണ്ഡങ്ങൾ ലഘൂകരിച്ചും വേതനവ്യവസ്ഥകളിൽ വെള്ളംചേർത്തും തൊഴിൽമേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രനീക്കം. സംഘടിക്കാനുള്ള അവകാശത്തെയും കൂട്ടായ വിലപേശലിനെയും ഈ നിയമങ്ങൾ ഇല്ലാതാക്കുന്നു. നിക്ഷേപം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഈ പരിഷ്‌കാരങ്ങൾ എന്നാണ് കേന്ദ്രവാദം. എന്നാൽ, കൃത്യമായ സുരക്ഷാകവചങ്ങളില്ലാത്ത ഒരു തൊഴിൽസാഹചര്യം തൊഴിലാളികളെ ചൂഷണത്തിലേക്ക് തള്ളിവിടുകമാത്രമേ ചെയ്യൂ. ജനാധിപത്യപരമായ ചർച്ചകളോ ട്രേഡ് യൂണിയനുകളുമായുള്ള കൂടിയാലോചനകളോ ഇല്ലാതെ പാർലമെന്റിൽ നിയമങ്ങൾ അടിച്ചേൽപ്പിച്ചത് ഫെഡറൽ തത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ്.


കേരളം ഉയർത്തുന്ന ബദൽ

​തൊഴിലാളിപക്ഷത്തുനിന്നുള്ള വികസനമാണ് കേരളത്തിന്റെ നയം. കേന്ദ്രം നടപ്പാക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരളം എന്നും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ‘ലേബർ കോൺക്ലേവ് 2025' ഈ പോരാട്ടത്തിന്റെ നിർണായക ഘട്ടമാണ്. സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളെ ഹനിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ പൊതുവായ പ്രതിരോധം തീർക്കുക എന്നതാണ് ലക്ഷ്യം. പ്രമുഖ നിയമവിദഗ്ധരും സുപ്രീംകോടതി മുൻ ജഡ്‌ജിമാരും ദേശീയ ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുക്കുന്ന സെഷനുകൾ ലേബർ കോഡുകളുടെ പ്രത്യാഘാതങ്ങൾ ആഴത്തിൽ ചർച്ച ചെയ്യും.


സമഗ്രമായ തൊഴിൽനയം

ലേബർ കോഡുകൾക്കെതിരെയുള്ള കേവലമായ പ്രതിഷേധമല്ല ഈ കോൺക്ലേവ്. മറിച്ച്, കേന്ദ്രനിയമങ്ങളെ നേരിടാനുള്ള ബദൽതന്ത്രങ്ങളും കേരളത്തിന്റെ തനതായ തൊഴിൽസാഹചര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നയപ്രഖ്യാപനവും ഇതിന്റെ ഭാഗമായി ഉണ്ടാകും. കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാനും ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകളുമായി ചേർന്ന് കേന്ദ്രത്തെ സമീപിക്കാനും കേരളം മുന്നിലുണ്ടാകും. തൊഴിലാളികളെ വെറും വിഭവങ്ങളായി കാണുന്ന കേന്ദ്രനയത്തിനു പകരം, അവരെ നാടിന്റെ കാവലാളുകളായി കണ്ട് സംരക്ഷിക്കാനുള്ള കേരളത്തിന്റെ ഈ പോരാട്ടം രാജ്യത്തിനുതന്നെ മാതൃകയാകും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home