ad
Deshabhimani

Articles

കുറ്റിപ്പുഴ
കൃഷ്ണപിള്ളയുടെ 
125–ാം
 ജൻമവാർഷികം
 ഇന്ന്

യുക്തിപ്രകാശം

kuttippuzha krishnapilla
avatar
സുനില്‍ പി ഇളയിടം

Published on Aug 01, 2025, 12:15 AM | 4 min read

ഇരുപതാം നൂറ്റാണ്ടിന്റെ പിറവിക്കൊപ്പമായിരുന്നു കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെയും ജനനം. 1900 ആഗസ്ത്‌ ഒന്നിന്. കാലപരമായെന്നപോലെ മൂല്യപരമായും ഇരുപതാം നൂറ്റാണ്ടിന്റെ നവീനതയിൽ ജീവിച്ച ഒരാളായിരുന്നു അദ്ദേഹം. കാലത്തിന്റെ കൊടുങ്കാറ്റുകളെയും ഗതിഭേദങ്ങളെയും തന്റെ ജീവിതത്തിന്റെ പൊരുളും പ്രകാരവുമാക്കി മാറ്റിക്കൊണ്ടാണ്‌ പ്രൊഫസർ കുറ്റിപ്പുഴ കൃഷ്ണപിള്ള സഞ്ചരിച്ചത്. കാലചേതനയുമായും അതിന്റെ വിഭിന്ന പ്രകാരങ്ങളുമായുള്ള നിരന്തര വിനിമയങ്ങൾ അദ്ദേഹത്തെ ചലനാത്മകവും പരിവർത്തനവ്യഗ്രവുമായ വ്യക്തിത്വത്തിന്റെ ഉടമയാക്കി മാറ്റി. അധ്യാത്മവിചാരങ്ങളിൽനിന്ന് യുക്തിവിവേകത്തിന്റെ കൊടുമുടികളിലേക്കുള്ള കുറ്റിപ്പുഴയുടെ സഞ്ചാരത്തിന് പിന്നിൽ കേരളത്തിന്റെ നവോത്ഥാനചരിത്രം ഊറിക്കൂടി നിൽക്കുന്നുണ്ട്.


വലിയ നവോത്ഥാന ചിന്തകരെക്കുറിച്ച് എംഗൽസ് പറയുന്ന ഒരു കാര്യം കുറ്റിപ്പുഴയ്ക്കും ബാധകമാണ്. അവരെപ്പോലെ കുറ്റിപ്പുഴ കൃഷ്ണപിള്ളയും നിന്നിടത്തു നിന്നില്ല. പരിണാമ വ്യഗ്രമായ ജീവിതത്തെ നേർക്കുനേരെ നോക്കുകയും അതിനോട് സത്യസന്ധമായിരിക്കാൻ ശ്രമിക്കുകയും ചെയ്തവരായിരുന്നു നവോത്ഥാന ചിന്തകരെന്ന് എംഗൽസ് പറയുന്നുണ്ട്. അവർ ഒരിടത്തു മാത്രമായി ജീവിച്ചില്ല. ഒരേ ജീവിതക്രമത്തിൽ സ്തംഭിച്ചുനിന്നതുമില്ല. മാനുഷികമായതെല്ലാം അവർക്ക് സ്വീകാര്യമായിരുന്നു. അതവരുടെ ജീവിതത്തെ ബഹുസ്വരവും പരിവർത്തന വ്യഗ്രവും ചലനാത്മകവുമാക്കി.


യുക്തിയുടെ വിപ്ലവം

പ്രൊഫസർ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തിലേക്ക്‌ നോക്കിയാലും നവോത്ഥാന ഭാവനയുടെ ഈ അടിസ്ഥാന പ്രകൃതം കാണാനാകും. അദ്ദേഹം നാരായണഗുരുവിന്റെ ശിഷ്യനായിരുന്നു. അദ്വൈതാശ്രമത്തിലെ അന്തേവാസിയായിരുന്നു. അധ്യാപകനായിരുന്നു. സാഹിത്യവിമർശകനായിരുന്നു. യുക്തിവാദിയായിരുന്നു, സാമൂഹ്യചിന്തകനും പ്രക്ഷോഭകാരിയുമായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനും ‘മൂലധനം’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ബൃഹദ് സംരംഭത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു. നിശ്ചയമായും ഈ ജീവിതസ്ഥാനങ്ങളെല്ലാം പൂർണമായി തമ്മിലിണങ്ങിപ്പോകുന്നവയല്ല. ഇണങ്ങുന്നതും ഇടയുന്നതുമായ ബലങ്ങൾ അവയ്ക്കു പിന്നിലുണ്ടായിരുന്നു. അവയെല്ലാം ചരിത്രത്തിൽ വേരുള്ളവയായിരുന്നുതാനും. കുറ്റിപ്പുഴ അവയെ ആഴത്തിൽ അഭിമുഖീകരിച്ചു.


‘കുറ്റിപ്പുഴയുടെ ജ്വലിക്കുന്ന കണ്ണുകളാണ്’ തന്നെ ആകർഷിച്ചതെന്ന വാക്യത്തോടെയാണ് കെ പി അപ്പൻ കുറ്റിപ്പുഴയെക്കുറിച്ചുള്ള അനുസ്മരണ ലേഖനം ആരംഭിക്കുന്നത്. ആ ജ്വലിക്കുന്ന കണ്ണുകളും അതിൽ പതിഞ്ഞുകിടക്കുന്ന രോഷവും വ്യക്തിപരം എന്നതിനേക്കാൾ ചരിത്രപരവും സാമൂഹികവുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ മലയാളവിമർശത്തെ വഴിതിരിച്ചു വിട്ട അഞ്ചു പേരിലൊരാളായിരുന്നു കുറ്റിപ്പുഴ. കേസരി, മാരാർ, മുണ്ടശ്ശേരി, എം പി പോൾ എന്നിവർക്കൊപ്പം കുറ്റിപ്പുഴയെയും ചേർത്ത ‘നിരൂപകപഞ്ചകം’ എന്ന് വിമർശചരിത്രം അദ്ദേഹത്തെ വിലയിരുത്തിയിട്ടുണ്ട്. ആ വിലയിരുത്തിൽ നിലനിൽക്കെത്തന്നെ യുക്തിവിചാരത്തിന്റെ ഏറ്റവും വലിയ പ്രതിനിധിയായും കുറ്റിപ്പുഴ ജീവിച്ചു. സാഹിതീയവും സൗന്ദര്യാത്മകവുമായ വിചിന്തനങ്ങളുടെ മറുപുറത്താണ് യുക്തിവിചാരവും അതിന്റെ ചരിത്രാത്മകതയുമെന്ന് കുറ്റിപ്പുഴ കരുതിയിരുന്നില്ല. രണ്ടു ലോകങ്ങളിലും അദ്ദേഹം സഫലമായി ജീവിച്ചു.


‘തെളിവിനെ കവിഞ്ഞുള്ള ദൃഢപ്രസ്താവം തെറ്റുമാത്രമല്ല കുറ്റവുംകൂടിയാകുന്നു’ (The assertion that outstrips evidence is not only a blunder, but also a crime) എന്ന ഉദ്ധരണിയോടെയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ വിചാരവിപ്ലവം ആരംഭിക്കുന്നത്. 1944ൽ പുറത്തുവന്ന ആ ഗ്രന്ഥം കേവല വിശ്വാസങ്ങളുടെയും ആചാരബദ്ധതയുടെയും ലോകത്തിനെതിരെ, യുക്തിവിചാരത്തിന്റെ തിളക്കമുള്ള വാക്കുകൾകൊണ്ടുള്ള സമരമുഖമായിരുന്നു. നവോത്ഥാനമെന്ന്‌ നാം വിശേഷിപ്പിച്ചുവരുന്ന ഒരു വലിയ പരിവർത്തനയുഗത്തിന്റെ ഇങ്ങേത്തലപ്പിലായിരുന്നു അദ്ദേഹം ജീവിച്ചത്. താൻ നടത്തിയ ആ യാത്രയുടെ ബലവും ഊർജവും കുറ്റിപ്പുഴയുടെ വാക്കുകളിൽ എപ്പോഴുമുണ്ടായിരുന്നു. താർക്കികതയുടെ കേവലലോകമല്ല; സാമൂഹികവും ചരിത്രപരവുമായ തിരിച്ചറിവുകളാണ് കുറ്റിപ്പുഴയുടെ യുക്തിവിചാരത്തെയും വിചാരവിപ്ലവത്തെയും വേറിട്ടുനിർത്തിയത്.


വേറിട്ട വഴികൾ

‘കുറ്റിപ്പുഴയുടെ ജീവിതം സത്യത്തിൽ നിഷേധത്തിന്റെ നിഷേധമായിരുന്നു’ എന്ന് കെ പി അപ്പൻ ഒരു ഓർമക്കുറിപ്പിൽ എഴുതുന്നുണ്ട്. ‘സവർണ സമുദായത്തിലെ അംഗമായ കുറ്റിപ്പുഴ നാരായണഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചത് ആദ്യത്തെ നിഷേധമായിരുന്നു. നാരായണഗുരുവിന്റെ ശിഷ്യനായിരുന്നുകൊണ്ട് നിരീശ്വരവാദിയായി മാറി എന്നത് നിഷേധത്തിന്റെ നിഷേധവും’. ചരിത്രത്തിന്റെ ഊർജസ്രോതസ്സുകളെ അകലെനിന്ന്‌ വീക്ഷിക്കുന്നതിനപ്പുറം അതിൽ പങ്കുചേരുകയും അനുഭവിക്കുകയും ചെയ്ത ഒരാളായിരുന്നു കുറ്റിപ്പുഴ. അതുകൊണ്ടുതന്നെ, ചരിത്രത്തിന്റെ സങ്കീർണതകളെ അഭിസംബോധന ചെയ്യാൻ യുക്തിവിചാരത്തിന് കഴിയണമെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. യുക്തിയുടെ നിശിതബോധ്യങ്ങളെ താർക്കികതയുടെ ലളിതസമവാക്യങ്ങൾകൊണ്ട് സംഗ്രഹിക്കാൻ കുറ്റിപ്പുഴ തയ്യാറാകാതിരുന്നതും അതുകൊണ്ടാണ്. തന്റെ മതവിമർശത്തിലും സൻമാർഗചിന്തയുടെ ആധാരം മതമാണെന്ന മതപൗരോഹിത്യത്തിന്റെ കാഴ്ചപ്പാടിനെ വിമർശിക്കുന്നതിലുമെല്ലാം കുറ്റിപ്പുഴ ഗാഢമായ ചരിത്രബോധം നിലനിർത്തി. യുക്തിവിചാരം ചെന്നുവീഴുന്ന വലിയ ചതിക്കുഴികളിലൊന്നായ താർക്കികവായനയുടെ കെടുതിയിൽനിന്ന് അഗാധമായ ചരിത്രബോധത്തിന്റെ ബലംകൊണ്ട് കുറ്റിപ്പുഴ വേറിട്ടുനിന്നു. യുക്തിവാദപ്രസ്ഥാനത്തിന്റെ പല പിൽക്കാലസന്ദർഭങ്ങളെയും ദുർബലമോ സാമൂഹികതയുടെ മറുപുറംപോലുമോ ആക്കിത്തീർത്ത താർക്കികതയുടെ വഴിയിലൂടെ സഞ്ചരിക്കാൻ കുറ്റിപ്പുഴ തയ്യാറായില്ല. യുക്തിവിചാരത്തിന്റെ ചരിത്രാത്മകതയായിരുന്നു അദ്ദേഹത്തിന്റെ ചിന്താജീവിതം.


താർക്കികതയുടെ പിടിയിലകപ്പെടാത്ത യുക്തിവിചാരത്തിന്റെ പ്രകാശം പരത്തുന്ന കൃതിയാണ് കുറ്റിപ്പുഴയുടെ വിചാരവിപ്ലവം. യുക്തിവാദംമുതൽ ട്രോട്സ്കിയുടെ ജീവചരിത്രംവരെയുള്ള വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രബന്ധങ്ങളാണ് അതിലുള്ളത്. ഈ പ്രബന്ധങ്ങളിൽ മതം, സാൻമാർഗികത, ചാർവാകദർശനം, നാസ്തികത, മന്ത്രവാദം, ശാസ്ത്രം, മനുഷ്യശരീരത്തിലെ ധാതുദ്രവ്യങ്ങൾ, സ്ത്രീസ്വാതന്ത്ര്യം, കപിലൻ, വോൾട്ടയർ, ബകുനിൻ എന്നിങ്ങനെ പരസ്പരഭിന്നമായ പ്രമേയങ്ങളാണ് കുറ്റിപ്പുഴ ചർച്ചചെയ്യുന്നത്.


മതവിമർശം

വിചാരവിപ്ലവത്തിലെ പല പ്രബന്ധങ്ങളിലും മതമെന്ന പ്രതിഭാസത്തെക്കുറിച്ച് കുറ്റിപ്പുഴ ആലോചിക്കുന്നുണ്ട്. ഒരു യുക്തിവാദി എന്ന നിലയിൽ അവയിലുടനീളം നിശിതമായ മതവിമർശം അദ്ദേഹം നടത്തുന്നുമുണ്ട്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾത്തന്നെ മതത്തിന്റെ വിവിധ പ്രകാരങ്ങളെ വ്യത്യസ്തമായി പരിഗണിക്കുന്ന ഒരാളെ നമുക്ക് കാണാനാകും. മതത്തെക്കുറിച്ചുള്ള വിശദീകരണങ്ങളിലെ ആഭ്യന്തരവൈരുധ്യത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ടാണ് കുറ്റിപ്പുഴ തന്റെ മതവിമർശം വികസിപ്പിക്കുന്നത്. മതത്തെ കേവലമൂല്യങ്ങളായി അവതരിപ്പിക്കുന്ന വിശദീകരണവും ആചാരങ്ങളും പൗരോഹിത്യവും സ്ഥാപനസംവിധാനങ്ങളും മറ്റുമായി യഥാർഥത്തിൽ നിലനിൽക്കുന്ന മതവും തമ്മിലുള്ള ഗാഢമായ വൈരുധ്യം കുറ്റിപ്പുഴ ചൂണ്ടിക്കാണിക്കുന്നു:


“നാം വാദത്തിനുവേണ്ടി കൊണ്ടുവരുന്ന ഒന്നാംതരം മതമാണോ ജീവിതത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ആത്മസാക്ഷാൽക്കാരം, പരിപൂർണതയുടെ പ്രകാശം, മനുഷ്യനും ഈശ്വരനും തമ്മിലുള്ള രഹസ്യബന്ധം ഇത്യാദി വൈദാന്തികനിർവചനങ്ങൾ മതത്തിന്‌ കൽപ്പിക്കുന്നവർ മതമല്ലാത്ത എന്തോ ഒന്നിന് ആ പേര്‌ കൊടുക്കുകയല്ലേ ചെയ്യുന്നത്. അഥവാ ഇപ്പറഞ്ഞതൊക്കെ ആകണം മതമെന്ന് അവർ ആഗ്രഹിക്കുകയായിരിക്കാം. ലോകത്തിൽ ഭിന്നമതങ്ങൾ ഉണ്ടായിട്ടുള്ളതും നിലവിലിരിക്കുന്നതും മേൽക്കാണിച്ച തത്വജ്ഞാനത്തിലല്ല. ആചാരം, അനുഷ്ഠാനം, ആരാധനക്രമം, ചില വിശ്വാസങ്ങൾ, സംഘടന ഇവയുടെ ആകത്തുകയാണ് ഇന്ന്‌ ലോകത്തിൽ കാണുന്ന മതം. ഇവയിൽ വന്ന വ്യത്യാസങ്ങളെ ആസ്പദമാക്കിയാണ് ഭിന്നമതങ്ങൾ ഉണ്ടായിട്ടുള്ളതും. ഇവയെല്ലാം നീക്കിനോക്കിയാൽ ഹിന്ദുമതം, ക്രിസ്തുമതം എന്നിങ്ങനെ ഭിന്ന നാമത്തിലുള്ള വ്യവഹാരംതന്നെ നിലച്ചുപോകും.


മതം എന്ന വാക്ക് രൂഢമായിത്തീർന്നിട്ടുള്ളത് പ്രസ്തുതാർഥത്തിലാണ്. അതു കേൾക്കുമ്പോൾ നമ്മളെല്ലാവരും മനസ്സിലാക്കുന്നതും ഇതൊക്കെത്തന്നെയാണ്. ഈവക മതഘടകങ്ങൾ പലപ്രകാരത്തിലും ദുഷിച്ച്‌ മനുഷ്യന്റെ സാമൂഹ്യജീവിതത്തിന്‌ ഹാനികരമാകുമ്പോൾ അവയോടെതിർക്കേണ്ടതാണെന്ന് ആരും സമ്മതിക്കും. ഇങ്ങനെയൊരു നിരീക്ഷണസ്ഥാനത്തുനിന്നുകൊണ്ട്, ഇതേ അർഥത്തിലാണ് യുക്തിവാദികൾ മതത്തെ എതിർക്കുന്നത്. അതുകൊണ്ട് അവരോടു വാദിക്കാൻ വരുന്നവർ അതേ നിരീക്ഷണസ്ഥാനവും അതേ അർഥവും അംഗീകരിച്ചിട്ടുവേണം തർക്കം തുടങ്ങാൻ. അതല്ല, ആദ്യത്തെ സാങ്കൽപ്പികനിർവചനമേ അവർ സ്വീകരിക്കുകയുള്ളൂവെങ്കിൽ പിന്നെ പരിഭവിച്ചിട്ടും കാര്യമില്ല. എന്തെന്നാൽ മനുഷ്യജീവിതവുമായി ബന്ധപ്പെടാത്തതോ ഉണ്ടായാൽക്കൊള്ളാമെന്ന്‌ ചിലർ ആഗ്രഹിക്കുന്നതോ ആയ ഒന്നിനെപ്പറ്റിയല്ല യുക്തിവാദികൾ ആക്ഷേപിക്കുന്നത്. മതം എങ്ങനെയിരിക്കണമെന്ന്‌ ചിന്തിച്ച്‌ സമയം കളയുന്നതിനേക്കാൾ മതം എങ്ങനെ ഇരിക്കുന്നെന്ന് നിരൂപണംകൊണ്ട്‌ വെളിപ്പെടുത്തുകയെന്നതാണ് ഇന്നത്തെ ആവശ്യം. അതു മാത്രമേ യുക്തിവാദികൾ ചെയ്യുന്നുള്ളൂ”.


മതത്തെ താൻ വിമർശവിധേയമാക്കുന്നത് അതിന്റെ ചരിത്രപരവും സ്ഥാപനപരവും ഭൗതികവുമായ തലത്തിലാണെന്ന് കുറ്റിപ്പുഴ ഇവിടെ വ്യക്തമാക്കുന്നു. മതം അതിന്റെ ചരിത്രജീവിതം നയിക്കുന്നത് ഇത്തരം ഘടകങ്ങളിലൂടെയാണ്. കേവലമൂല്യങ്ങൾ മാത്രമായി മതത്തെ പരിഗണിക്കാൻ അദ്ദേഹം തയ്യാറല്ല. അത്തരം മൂല്യവിചാരം ചരിത്രത്തിലും സാമൂഹ്യജീവിതത്തിലും വേരില്ലാത്ത ഭ്രമകൽപ്പനകളാണെന്ന നിലപാടാണ് കുറ്റിപ്പുഴയ്ക്കുള്ളത്.


ധൈഷണിക പ്രതിഭ

സൻമാർഗത്തെ കേവലമൂല്യമായി പരിഗണിക്കാതെ അതിനെ സാമൂഹികവും ചരിത്രപരവുമായ ഒരു പ്രയോഗരീതിയായി വിലയിരുത്തുകയാണ് കുറ്റിപ്പുഴ ചെയ്യുന്നത്. അതോടെ, സൻമാർഗത്തിന്റെ പരമ്പരാഗത നടത്തിപ്പുകാർ പലരും ദുർമാർഗികളായി മാറുന്നു. മതത്തെയും സദാചാരസംഗതികളെയും സൻമാർഗത്തോട് കേവലമായി സമീകരിക്കുന്ന താർക്കികതയുടെ വഴി കുറ്റിപ്പുഴ പിൻപറ്റുന്നില്ല. സൻമാർഗത്തെ സാമൂഹ്യമായ നൈതികാദർശവും അതിന്റെ പ്രായോഗികാവിഷ്കാരവുമായി അദ്ദേഹം കാണുന്നു. അതോടെ സാമ്പത്തികചൂഷണവും സാമൂഹ്യ അനീതികളുംമുതൽ ലൈംഗികതയുടെ പ്രകാശനംവരെ സൻമാർഗത്തിന്റെ മണ്ഡലത്തിലേക്ക്‌ കടന്നുവരുന്നു. സൻമാർഗത്തിന്റെ നടത്തിപ്പുകാരായി അവതരിക്കുന്നവരിൽ ഏറിയ പങ്കും സാമൂഹികമായ നൈതികാദർശം എന്ന നിലയിലുള്ള സൻമാർഗതത്വത്തിന്റെ മറുപുറത്താണെന്ന് അദ്ദേഹം വ്യക്തമാക്കുന്നതും അതുകൊണ്ടാണ്.


ചരിത്രബദ്ധമായ ഈ യുക്തിവിചാരത്തിന്റെ വെളിച്ചമാണ് സാഹിത്യവിമർശംമുതൽ ഗഹനമായ വൈജ്ഞാനിക വിചിന്തനങ്ങൾവരെയുള്ള തന്റെ ധൈഷണികാന്വേഷണങ്ങളുടെയും അടിപ്പടവായി പ്രൊഫസർ കുറ്റിപ്പുഴ കൃഷ്ണപിള്ള ഉപയോഗപ്പെടുത്തിയത്. പാവങ്ങളുടെ ഭാഷാരീതിയെ മുൻനിർത്തി ആ മഹാഗ്രന്ഥത്തിനെതിരെ വിമർശങ്ങൾ ഉയർന്നപ്പോൾ, ഭാവിയിൽ മലയാള ഗദ്യത്തിന്റെ സ്വഭാവനിർവചനത്തിന് വഴിതുറക്കാൻ പാവങ്ങൾക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ടാണ്. യുക്തിവാദത്തിന്റെ മറപറ്റി മതവർഗീയതമുതൽ സയണിസവും ഫാസിസവുംവരെയുള്ള പൈശാചികതകളെ ന്യായീകരിക്കാൻ ചിലരെല്ലാം ഒരുങ്ങിപ്പുറപ്പെട്ട നമ്മുടെ കാലത്ത് യുക്തിവിചാരവും ചരിത്രവിവേകവും തമ്മിലുള്ള ആഴമേറിയ പാരസ്പര്യത്തിന്റെ വെളിച്ചം എത്രയോ വിലപിടിച്ചതാണ്. പ്രൊഫസർ കുറ്റിപ്പുഴ കൃഷ്ണപിള്ള എന്ന യുക്തിപ്രകാശത്തെ നാം പിന്നെയും പിന്നെയും വണങ്ങേണ്ടി വരുന്നതിന്റെ കാരണവും മറ്റൊന്നല്ല.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home