ad
Deshabhimani

ബത്തേരിയിൽ മൊത്തത്തിലൊരു ‘ദെലുലു’

kpcc wayanad meet
avatar
എൻ എസ്‌ സജിത്‌

Published on Jan 07, 2026, 10:57 PM | 2 min read

കെപിസിസിയുടെ അടുപ്പിൽ പൂച്ച പെറ്റുകിടക്കുന്നു‌. ശാസ്‌തമംഗലത്തെ ഇന്ദിരാഭവനിൽ ദാരിദ്ര്യം കൊടികുത്തി വാഴുന്നു. അതിലൊരു കൊടിയാണ്‌ താനേ കൊടിമരത്തിൽ വലിഞ്ഞുകയറി നാട്ടുകാർ കാൺകെ പാറിപ്പറക്കുന്നത്‌. ഇ‍ൗ നാട്ടിൽ ഒരു സർക്കാരുണ്ടോ? അതിദാരിദ്ര്യനിർമാർജനത്തിന്‌ ഇറങ്ങിയ സർക്കാർ ഇതൊന്നും കാണുന്നില്ലേ? കെപിസിസിയിലെ അടുപ്പ്‌ പുകയുന്നില്ലെന്ന്‌ നാട്ടുകാർ അറിയാതിരിക്കാൻ അടുപ്പിൽ വെറും ചകിരിയും കൊതുന്പും കൂട്ടിയിട്ട്‌ പുകയ്‌ക്കാൻ തൊട്ടടുത്തുള്ള ഇ‍ൗശ്വരവിലാസം റോഡിലെ വീട്ടിൽനിന്ന്‌ നീല കൈലി ചുറ്റി ആന്റണിയോ വെള്ളയും വെള്ളയുമിട്ട്‌ ഹസ്സൻജിയോ വരണം. നല്ല പുകവരുന്നുണ്ട്‌, സദ്യ കേമാവൂന്ന്‌ കാണുന്നോര്‌ ധരിച്ചോട്ടെ. ചകിരി, കൊതുന്പാദികളെ വിട്‌. ഇന്ദിരാഭവന്റെ പിന്നാമ്പുറത്ത്‌ മാനം നോക്കി കിടക്കുന്ന ചിരട്ടയ്‌ക്കുപോലും തൊയ്‌രല്ല്യ. തേങ്ങ അരയ്‌ക്കാനില്ലാത്തവർ ചിരട്ട അരച്ചെങ്കിലും പത്രാസ്‌ കാണിച്ചാൽ എന്താ കുഴപ്പം? ഉടുക്കാനില്ലെങ്കിലും ക‍ൗപീനം പുരപ്പുറത്ത്‌ ഉണക്കാനിടണമെന്നാണല്ലോ ശാസ്‌ത്രം എന്നാണ്‌ കെ സി വേണുഗോപാലിന്റെ ചോദ്യം.


ഇ‍ൗ കോൺഗ്രസുകാർ പത്തഞ്ഞൂറ്‌ കിലോമീറ്റർ വടക്കോട്ടു മാറിയാൽ വേറെ ലെവലാ. രൂപപരിണാമംന്ന്‌ വച്ചാൽ ഇങ്ങനെ വേണം. ഒരു സുപ്രഭാതത്തിൽ ഭീമൻപ്രാണിയായി രൂപാന്തരം സംഭവിച്ച കാഫ്‌കയുടെ ഗ്രിഗർ സാംസ പോലും അന്തംവിട്ടിരിപ്പാണ്‌. ശാസ്‌തമംഗലമല്ല ബത്തേരി. അവിടെ താമസിച്ച ആഡംബര റിസോർട്ടിന്റെ നെറ്റിയിൽ എത്ര നക്ഷത്രമുണ്ടെന്ന്‌ നേതാക്കൾക്കിടയിൽ ഇനിയും തീരുമാനമായിട്ടില്ല. അന്തിമതീരുമാനമെടുക്കാൻ വേണുജി കൂട്ട്യാക്കൂടൂല. അരൂപിയായ ഹൈക്കമാൻഡ്‌തന്നെ വേണം. അതിന്‌ രാഹുൽജി തായ്‌ലൻഡിലെ സ്‌പായിൽനിന്ന്‌ തിരിച്ചുവന്നിട്ട്‌ വേണം.


അല്ലെങ്കിലും കോൺഗ്രസുകാരുടെ ധൈര്യമാണ്‌ ധൈര്യം. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കുവേണ്ടി പിരിച്ച 88 ലക്ഷത്തിന്റെ കണക്ക്‌ ചോദിച്ചാൽ ചാടിക്കടിക്കാൻ വരുന്ന സണ്ണി ജോസഫിനും വി ഡി സതീശനും ദുരന്തഭൂമിയുടെ വിളിപ്പാടകലെ ബത്തേരിയിലെ പത്രാസുകാണിക്കാൻ കോടികൾ പൊടിക്കാൻ കാണിച്ച ആ ധൈര്യത്തിന്‌ കൊടുക്കണം കുതിരപ്പവൻ


എത്രകോടി പൊടിച്ചുകാണും? ‘സ്വീറ്റ്‌ റൂമിന്‌’ മുപ്പത്തീരായിരം വീതം. പഞ്ചനക്ഷത്ര നിലവാരമുള്ള ഫുഡ്‌ ആൻഡ്‌ ബിവറേജസ്‌, സമ്മേളന വേദി, സ്വിമ്മിങ്‌ പൂൾ, ജിംനേഷ്യം‍, യാത്രാച്ചെലവ്... കണക്ക്‌ നോക്കിയാൽ ന്റള്ളോ കണ്ണു തള്ളും. മൊത്തത്തിലൊരു ദെലുലു. ഫാന്റസിയുടെയും മിഥ്യാഭ്രമത്തിന്റെയും ലോകമാണ്‌ മുന്നിൽ. ദ്വാരകയിൽ കൃഷ്‌ണനെ കണ്ട്‌ തിരിച്ചുപോയ സാന്ദീപനിയുടെ ശിഷ്യൻ സുദാമാവ്‌ പനിച്ചുകിടന്നത്‌ നാട്ടിലെ കുടില്‌ കൊട്ടാരമായി രൂപമാറ്റം സംഭവിച്ചത്‌ കണ്ടാണ്‌.


അല്ലെങ്കിലും കോൺഗ്രസുകാരുടെ ധൈര്യമാണ്‌ ധൈര്യം. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കുവേണ്ടി പിരിച്ച 88 ലക്ഷത്തിന്റെ കണക്ക്‌ ചോദിച്ചാൽ ചാടിക്കടിക്കാൻ വരുന്ന സണ്ണി ജോസഫിനും വി ഡി സതീശനും ദുരന്തഭൂമിയുടെ വിളിപ്പാടകലെ ബത്തേരിയിലെ പത്രാസുകാണിക്കാൻ കോടികൾ പൊടിക്കാൻ കാണിച്ച ആ ധൈര്യത്തിന്‌ കൊടുക്കണം കുതിരപ്പവൻ. നൂറു വീട്‌ രാഹുൽഗാന്ധി വക, നൂറെണ്ണം സിദ്ധരാമയ്യ വക, നൂറെണ്ണം യൂത്ത്‌ കോൺഗ്രസ്‌ വക, പ്രിയങ്ക വക വേറെയും. മൊത്തത്തിൽ പത്തുനാനൂറു വീടുകെട്ടാൻ നാടാകെ പിരിവ്‌ നടത്തിയിട്ടും ഒരു കഴുക്കോലു വാങ്ങാനുള്ള പണംപോലും കൈയിലില്ല. പുനർജനിയുടെ ഫ്ലാറ്റ്‌ പണിയാൻ താനിട്ട കല്ലുകണ്ടെത്താൻ പറവൂരിലെ താരകത്തിന്‌ കഴിഞ്ഞിട്ടില്ല, പിന്നെയാണ്‌ വയനാട്ടുകാർക്ക്‌ വീടുപണിയാൻ പിരിച്ച പണം. പ്‌ഭ്‌ഫൂ!!


ഇനി നൂറു സീറ്റ്‌ കിട്ടണം മുന്നണിക്ക്‌. കോൺഗ്രസിന്‌ ഇപ്പോഴുള്ള ഇരുപത്തൊന്ന്‌ എഴുപത്തൊന്നാക്കാനാണ്‌ ബത്തേരി കാർണിവൽ. അത്രയെങ്കിലും കിട്ടിയാലേ ലീഗിന്റെ കോണിയിൽ ചാരാതെ നിൽക്കാനാകൂ. ബത്തേരിയിൽത്തന്നെ സത്യപ്രതിജ്ഞ നടത്താൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടഭാരവുമായാണ്‌ ചുരമിറക്കം. ഭോജനത്തിനും പ്രഥനത്തിനും പിന്നെ രാജ്യസേവയ്‌ക്കും ദുരാഗ്രഹം ലോകർക്ക്‌ എന്ന്‌ നന്പ്യാര്‌ശ്ശൻ പാടിയത്‌ എത്ര സത്യം. ഇപ്പോൾ കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ല, അതുകൊണ്ട്‌ കൈയിൽ അഞ്ചിന്റെ പൈശല്യ. ഭരണം കിട്ടിയിട്ട്‌ വേണം പത്തുകാശുണ്ടാക്കാൻ എന്നുതന്നെയല്ലേ വേണുഗോപാലിന്റെ ചിരട്ടശാസ്‌ത്രത്തിന്റെ പൊരുൾ!!



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home