ad
Deshabhimani

Articles

മുഴങ്ങും ചരിത്രം

മുഴങ്ങും ചരിത്രം

KN PANICKER
avatar
സുനില്‍ പി ഇളയിടം

Published on Mar 10, 2026, 12:30 AM | 3 min read

കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ഇന്ത്യ ദർശിച്ച സമുന്നത ജൈവ ബുദ്ധിജീവികളിൽ പ്രമുഖനായിരുന്നു കെ എൻ പണിക്കർ. ഡി ഡി കൊസാംബിക്ക്‌ പിന്നാലെ ഉയർന്നുവന്ന, മാർക്‌സിസറ്റ്‌ പരിപ്രേക്ഷ്യത്തെ പിൻപറ്റുന്ന മഹാരഥികളായ ചരിത്രകാരന്മാരുടെ നിരയിലെ തലയെടുപ്പുള്ള ഒരാൾ. കൊസാംബിക്ക്‌ പിന്നാലെ ആർ എസ്‌ ശർമയും ഹർബൻസ്‌ മുഖിയയും റൊമില ഥാപ്പറും ഇർഫാൻ ഹബീബും മറ്റും ഉൾപ്പെടുന്ന വലിയൊരുനിര ചരിത്രപണ്ഡിതർ ഇന്ത്യാചരിത്രത്തിന്റെ ഗതിയെ വഴിതിരിച്ചുവിടുകയുണ്ടായി. രാഷ്‌ട്രീയചരിത്രം എന്നതിൽനിന്ന്‌ സാമ്പത്തിക ചരിത്രത്തിലേക്കും സാംസ്‌കാരിക ചരിത്രത്തിലേക്കും ഉൽപാദന വ്യവസ്ഥാപരമായ ചരിത്രത്തിലേക്കുമൊക്കെ ഇന്ത്യാ ചരിത്രത്തിന്റെ ഗതി വഴിതിരിച്ചുവിടാൻ ഈ വലിയ ചരിത്രാന്വേഷകർക്ക്‌ കഴിഞ്ഞിരുന്നു. അതിൽ സാംസ്‌കാരിക ചരിത്രം, ബൗദ്ധിക ചരിത്രം എന്നീ ധാരകളെ ഏറ്റവും സമഗ്രമായും സൂക്ഷ്‌മമായും സമർഥമായും ആവിഷ്‌കരിച്ച ഒരാളായിുരുന്നു പ്രൊഫ. പണിക്കർ.


​അദ്ദേഹത്തിന്റെ സംഭാവനകളിൽ ഏറ്റവും സവിശേഷമായത്‌ സംസ്‌കാരമെന്ന ഘടകത്തെ മുൻനിർത്തി സാമൂഹിക യാഥാർത്ഥ്യങ്ങളുടെയും സാമൂഹിക ഘടനയുടെയും രൂപപ്പെടലിനെ വിശദീകരിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ്‌. മലബാർ കലാപത്തെ സംബന്ധിച്ച്‌ ഓക്‌സ്‌ഫഡ്‌ സർവകലാശാല പ്രസ്‌ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ വളരെ ശ്രദ്ദേയമായ പഠനം(എഗെയിൻസ്‌റ്റ്‌ ലോർഡ്‌ ആർഡ്‌ സ്‌റ്റേറ്റ്) മലബാർ കലാപത്തിന്റൈ ഭൗതിക അടിസ്ഥാനങ്ങളെ സാമ്പത്തിക, കാർഷിക അടിസ്ഥാനങ്ങളെ എന്നപോലെ അതിൽ പ്രത്യയശാസ്‌ത്രപരമായ ഘടകങ്ങൾ വഹിച്ച പങ്കിനെയും പ്രത്യയശാസ്‌ത്രം എങ്ങനെ ഒരു ഭൗതികശക്തിയായി സാമൂഹ്യ സംഘാടനങ്ങളിൽ ഇടപെടുന്നു എന്നതിനെയും അത്യന്തം സൂക്ഷ്‌മമായി വിശദീകരിക്കുന്നുണ്ട്‌. അതുപോലെ കേരളത്തിന്റെ സാമൂഹ്യചരിത്രം കേരളത്തിന്റ ആധുനികതയുടെ രൂപപ്പെടലിൽ അതിന്റെ സവിശേഷമായ ബലതന്ത്രത്തെ ചന്തുമേനോന്റെ നോവലുകളെ കുറിച്ചുള്ള പഠനത്തിലൂടെയും കോട്ടയ്‌ക്കൽ ആര്യവൈദ്യശാല എന്ന സ്ഥാപനത്തിന്റെ പരിണാമചരിത്രത്തിന്റെ വിശകലനത്തിലൂടെയും ഒക്കെ വെളിപ്പെടുത്താൻ പണിക്കർ മാഷിന്‌ കഴിഞ്ഞിരുന്നു.​


സംസ്‌കാരത്തെ ഉപരിഘടനാപരമായ ഒരു ഉപപ്രതിഭാസമായി കാണുന്നതിന്‌ പകരം അതിനെ സാമൂഹികജീവിതത്തിൽ നിർണായകമായി ഇടപെടുന്ന, അഥവാ ഭൗതികശക്തിയായി പരിണമിക്കുന്ന ആശയാവലികൾ എന്ന നിലയിലാണ്‌ പണിക്കർ മാഷ്‌ പരിശോധിച്ചത്‌. ഇന്ത്യയിലെ മാർക്‌സിസ്‌റ്റ്‌ ചരിത്രരചനയുടെ ആകെയുള്ള ചരിത്രം പരിശോധിച്ചാൽ മാഷാണ്‌ അത്തരമൊരു സമീപനത്തെ ഏറ്റവും സമഗ്രമായി ഉപയോഗപ്പെടുത്തിയത്‌ എന്ന്‌ കാണാനാവും. ഇത്തരമൊരു പരിശോധനയുടെ അനന്തരഫലം എന്ന നിലയിൽ മാഷിന്റെ ഏറ്റവും പ്രധാന പരിഗണനകളിൽ ഒന്നായി വർഗീയത മാറിത്തീരുകയും ചെയ്‌തു. തന്റെ ജീവിതത്തിന്റെ വലിയൊരു പങ്ക്‌ ഇന്ത്യയിൽ വളർന്നുവരുന്ന വർഗീയവിപത്തിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യംവച്ചാണ്‌ അദ്ദേഹം ചെലവഴിച്ചത്‌. 1990കളിൽ ഹിന്ദുത്വരാഷ്‌ട്രീയം ശക്തിപ്പെട്ടുതുടങ്ങുന്ന ഘട്ടത്തിൽത്തന്നെ അതിന്റെ ആപത്തിനെ കുറിച്ച്‌ സൂചിപ്പിക്കാനും അതിനെക്കുറിച്ച്‌ നിരന്തരം സംസാരിക്കാനും എഴുതാനും മാഷ്‌ തയ്യാറായി. ഹിന്ദുത്വത്തിന്റെ, ഹൈന്ദവ വർഗീതയുടെ, അടിസ്ഥാനം രാഷ്‌ട്രീയം മാത്രമല്ല എന്നതിൽ ഊന്നിനിന്നാണ്‌ അദ്ദേഹം ഇതിനെ വിശദീകരിച്ചത്‌. ഇന്ത്യയുടെ ഭൂതകാലത്തെ കുറിച്ചുള്ള ധാരണകളും അതിൽ ഉള്ളടങ്ങിയ വർഗീയ ഊന്നലുകളും തുറന്നുകാണിച്ചുകൊണ്ട്‌ ബഹുസ്വരമായ ഒരു ഭൂതകാല അവബോധത്തെ സ്ഥാപിച്ചെടുക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം തന്റെ ചരിത്രപഠനങ്ങളിൽ നിരന്തരം ആവിഷ്‌കരിച്ചിരുന്നു. രാഷ്‌ട്രീയമായി പരാജയപ്പെടുന്നു എന്നതുകൊണ്ട്‌ വർഗീയത പരാജയപ്പെടില്ല, പിൻവാങ്ങില്ല എന്ന്‌ അദ്ദേഹം താക്കീത്‌ നൽകിക്കൊണ്ടേയിരുന്നു. വാജ്‌പേയി സർക്കാരിന്റെ പതനത്തിന്‌ ശേഷം പൊതുവിൽ വർഗീയശക്തികൾ പരാജയപ്പെട്ടു എന്ന പ്രതീതി ഉളവായ കാലത്തും വർഗീയതയെ കുറിച്ചുള്ള തന്റെ ജാഗ്രത നിറഞ്ഞ അന്വേഷണങ്ങളും മുന്നറിയിപ്പുകളും നിരന്തരം നൽകാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. ബൗദ്ധികമായ ശ്രമങ്ങളോടൊപ്പം ഗുജറാത്ത്‌ വംശഹത്യയ്‌ക്ക്‌ ശേഷം അവിടം സന്ദർശിക്കാനും വസ്‌തുതാന്വേഷണം നേരിട്ട്‌ നടത്താനും വർഗീയതയ്‌ക്കെതിരെ ഇന്ത്യയിൽ എവിടെ നടക്കുന്ന പ്രക്ഷോഭങ്ങളിലും പങ്ക്‌ചേരാനും അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല. അതിന്റെ പേരിൽ കേന്ദ്ര ഭരണകൂടത്തിലെ അന്നത്തെ സർവശക്തരായ അധികാരികളോട്‌ ഏറ്റുമുട്ടാനും മാഷിന്‌ പ്രയാസമുണ്ടായിരുന്നില്ല. മാഷ്‌ സംസ്‌കൃത സർവകലാശാലയിലെ വൈസ്‌ ചാൻസലറായിരുന്ന കാലത്ത്‌ വാജ്‌പോയി സർക്കാരിലെ മാനവവിഭവശേഷി മന്ത്രി മുരളീമനോഹർ ജോഷിയുമായി വിട്ടുവിഴ്‌ചയില്ലാതെ സമരംചെയ്യാൻ അദ്ദേഹം മടികാണിച്ചില്ല.

​കേരളത്തിലേക്ക്‌ തിരിച്ചുവന്നപ്പോൾ അന്ന്‌ താരതമ്യേന പ്രാഥമികദശയിലള്ള സംസ്‌കൃത സർവകലാശാലയുടെ വൈസ്‌ചാൻസലറുടെ ചുമതല ഏറ്റെടുക്കാനും ആ സർവകലാശാലയ്‌ക്ക്‌ അക്കാദമികമായ ദിശാബോധം നൽകാനും മാഷ്‌ തുനിയുകയും ചെയ്‌തു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രൊഫസറായിരുന്ന ഒരാളെ സംബന്ധിച്ച്‌ ഈ സ്ഥാനം എത്രയോ നിസാരമാണ്‌. പക്ഷേ അത്തരം ഭേദചിന്തകളൊന്നുമില്ലാതെ സർവകലാശാലയെ അക്കാദമികമായ ഒരടിസ്ഥാനത്തിൽ ഉറപ്പിക്കാനുംകേരളത്തിൽ ആദ്യമായി ക്രെഡിറ്റ്‌ആൻഡ്‌ സെമസ്‌റ്റർ സിസ്‌റ്റം വളരെ ഫലപ്രദമായി നടപ്പാക്കാനും സർവകലാശാലയള്‌ക്ക്‌ പിന്നീടുണ്ടായ അക്കാദമികമായ വളർച്ചകളുടെ മുഴുവൻ അടിത്തറയൊരുക്കാനും മാഷിന്റെ ഇടപെടലുകളാണ്‌ കാരണമായത്‌. ഒരു വി സി എന്ന നിലയ്‌ക്ക്‌ സർവകലാശാലയിലെ വിദ്യാർഥികളോടും ജീവനക്കാരോടും അധ്യാപകരോടും തീർത്തും ജനാധിപത്യപരമായി പെരുമാറാനും എല്ലാവരേയും കൂട്ടിയണക്കുന്ന ഒരു സമീപനം സ്വീകരിക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. അദ്ദേഹം വി സിയായിരുന്ന കാലത്ത്‌ അധ്യാപക സംഘടനയുടെ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കാനും അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകാനും കഴിഞ്ഞത്‌ വലിയൊരു ഭാഗ്യമായാണ്‌ ഞാൻ കാണുന്നത്‌. പല പ്രമുഖ പ്രസിദ്ധീകരണങ്ങൾക്ക്‌ വേണ്ടിയും അദ്ദേഹവുമായി മുഖാമുഖം നടത്താനും വ്യത്യസ്ഥ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകൾ തിരിച്ചറിയാനും ചിലപ്പോഴൊക്കെ അദ്ദേഹത്തോടൊപ്പം വേദികളിൽ സംസാരിക്കാനുമൊക്കെ അവസരം കിട്ടിയതും തിരിഞ്ഞുനോക്കുമ്പോൾ വലിയ ഭാഗ്യമായി ഞാൻ കാണുന്നു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home