ad
Deshabhimani

Articles

ആക്ടിവിസ്റ്റിന്റെ ചലനാത്മക ജീവിതം

ആക്ടിവിസ്റ്റിന്റെ ചലനാത്മക ജീവിതം

KN PANICKER
avatar
എൻ എസ്‌ സജിത്‌

Published on Mar 09, 2026, 11:25 PM | 2 min read

ചാവക്കാടായിരുന്നു കെ എൻ പണിക്കരുടെ സ്കൂൾ പഠനം. ബിരുദപഠനം പാലക്കാട് വിക്ടോറിയ കോളേജിൽ. ഗുരുവായൂരുകാർക്ക് മലബാറിന്റെ ഭാഗമായ പാലക്കാട്ടാണ് അന്ന് പഠിക്കാൻ സൗകര്യം. ബിരുദശേഷം വക്കീലാകാനാണ് ഇഷ്ടപ്പെട്ടതെങ്കിലും തുടർപഠനത്തിന് രാജസ്ഥാനിലേക്ക് പോകേണ്ടിവന്നു. രണ്ടാം വയസ്സിൽ അച്ഛൻ മരിച്ചു. അച്ഛന്റെ ഛായയാണ് നാരായണനെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അച്ഛനെ കണ്ട ഓർമയില്ല. അമ്മയും ജ്യേഷ്ഠന്മാരുമായിരുന്നു തുണ. പഠിപ്പിച്ചതെല്ലാം മൂത്ത ജ്യേഷ്ഠൻ. പഠനശേഷം ദീർഘകാലം ഡൽഹിയിൽ അധ്യാപനം. അപ്പോഴും പാലക്കാട്ടെ കോളേജ് ജീവിതവും സൗഹൃദങ്ങളും ഓർമയിൽ പച്ചപിടിച്ചുനിന്നു.


1952‐56ൽ വിക്ടോറിയ കോളേജിൽ ബിഎയ്ക്ക് പഠിക്കുമ്പോൾ കഥാകൃത്ത് മുണ്ടൂർ കൃഷ്ണൻകുട്ടിയായിരുന്നു അടുത്ത കൂട്ടുകാരൻ. എം ടി വാസുദേവൻ നായർ സീനിയർ. നോവലിസ്റ്റ് ഉണ്ണിക്കൃഷ്ണൻ പുത്തൂരും അന്നവിടെയുണ്ട്. പ്രൊഫ. എം ലീലാവതി പുതുതായി നിയമനം കിട്ടിയെത്തിയ അധ്യാപിക. പഠിക്കാനല്ലെങ്കിലും അവരുടെ ക്ലാസിലും ഇരുന്നു.


ഇംഗ്ലീഷ് പഠിപ്പിച്ചത് പക്ഷിശാസ്ത്രജ്ഞനായിരുന്ന ഇന്ദുചൂഡൻ. കോളേജ് യൂണിയൻ ചെയർമാനായി മത്സരിച്ച് ജയിച്ചതും ഗോവ സമരക്കാരെ വെടിവെച്ചതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗണിൽ ഹർത്താൽ നടത്തിയതുമെല്ലാം പണിക്കരുടെ അന്നത്തെ സമരാനുഭവങ്ങൾ. ഇ എം എസ് സർക്കാർ അധികാരത്തിൽ വരുന്നതിന് ഒരു വർഷം മുമ്പാണ് പഠനത്തിനായി അദ്ദേഹം കേരളം വിട്ടത്. നാടുമായി ഇടയ്ക്ക് വന്നുപോകുന്ന ബന്ധം മാത്രം.


സംസ്ഥാനത്ത് ജനകീയ സർക്കാർ വന്നതും ചരിത്രപരമായ നടപടികളുമൊക്കെ അറിഞ്ഞത് പത്രങ്ങളിലൂടെ. രാജസ്ഥാനിലെ പഠനകാലത്ത് സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവം. അവിടെ സൗത്ത് ഇന്ത്യൻ സമാജത്തിന് ബദലായി ഇരുപത് മലയാളികൾ ചേർന്ന് സമാജമുണ്ടാക്കി വിയോജിപ്പ് അറിയിച്ചു. സഹപാഠി രാജസ്ഥാനികാരി ഉഷ ശർമയെ വിവാഹം ചെയ്യാനുള്ള തീരുമാനം അറിയിച്ചപ്പോൾ ഗുരുവായൂരിലെ വീട്ടിൽ ഭൂകമ്പം. അമ്മ എതിർത്തു. രാജസ്ഥാനിയായതാണ് പ്രശ്നം. അവരുടെ കുടുംബത്തിൽ വലിയ തർക്കങ്ങളുണ്ടായില്ല. മൂത്ത മകൾ രാഗിണി പിറന്നതോടെ അമ്മ അയഞ്ഞു. അവർ പിന്നീട് വലിയ കൂട്ടായി.


ബ്രിട്ടീഷ് ഡിപ്ലോമാറ്റിക് ഹിസ്റ്ററിയിൽ പ്രഗത്ഭ ചരിത്രകാരൻ വി പി എസ് രഘുവംശിയുടെ കീഴിലായിരുന്നു പണിക്കരുടെ ഗവേഷണം. തുടർന്ന് ഒരു പ്രോജക്ടിന്റെ ഭാഗമായി ഡൽഹിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ റിസർച്ച് ഓഫീസറായി. രാഷ്ട്രീയചരിത്രത്തിൽനിന്ന് സാമൂഹികചരിത്രത്തിലേക്ക് മാറുന്നത് അങ്ങനെയാണ്. പരമ്പരാഗത മാർക്സിസ്റ്റ് ചരിത്രരചനയുടെ സങ്കേതങ്ങളിൽനിന്ന് ഗ്രാംഷിയൻ പരികല്പനകളിലേക്ക് പഠനം വികസിച്ചു. കേരളസമൂഹത്തിൽ കലാപങ്ങൾ രൂപപ്പെടാനും രൂപപ്പെടാതിരിക്കാനും ഇടയായ സാഹചര്യങ്ങളെക്കുറിച്ച് പഠിച്ചു.


മലബാർ കലാപത്തെക്കുറിച്ച് ഗവേഷണം തുടങ്ങിയത് ആ പ്രോജക്ടിനിടെ. 19–ാം നൂറ്റാണ്ടിലെ നിരവധി കലാപങ്ങളെക്കുറിച്ചും പഠനം നടത്തി. മലബാർ കലാപത്തെക്കുറിച്ച് ഒരുപാട് കഥകൾ അന്ന് പ്രചാരത്തിലുണ്ടായിരുന്നു. മലപ്പുറം ജില്ലയിലാകെ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിച്ചു. മെക്സിക്കൻ യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രൊഫസറായി പ്രവർത്തിച്ച കാലത്താണ് ഗവേഷണം പൂർത്തിയാക്കി. ആ പ്രബന്ധമാണ് "എഗെയ്ൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്" എന്ന ഗ്രന്ഥം.


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽനിന്നാണ് പണിക്കർ ജെഎൻയുവിലെത്തിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് ലണ്ടനിൽ. അവസാന നാളുകളിൽ ജെഎൻയുവിൽ മടങ്ങിയെത്തുമ്പോഴും ഭീതി ഒഴിഞ്ഞിരുന്നില്ല. സീതാറാം യെച്ചൂരി, പ്രബീർ പുർകായസ്ഥ തുടങ്ങിയ വിദ്യാർത്ഥി നേതാക്കളെ സർക്കാർ വേട്ടയാടി. അധ്യാപകരും വിദ്യാർത്ഥികളും അടിയന്തരാവസ്ഥയെ ശക്തമായി വിമർശിച്ചു.


ഡൽഹിയിൽ 1984ലുണ്ടായ സിഖ് കലാപത്തിനും അദ്ദേഹം സാക്ഷിയായി. കലാപം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലായിരുന്നെങ്കിൽ അതിലും ഭയാനകമായിരുന്നേനെ എന്ന ചിന്തയാണ് അന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികളിൽ സമാധാനസന്ദേശവുമായി ചെല്ലാൻ പ്രേരിപ്പിച്ചത്. ദിവസങ്ങൾക്കകം കലാപം ഒതുങ്ങിയെങ്കിലും ആഘാതം അണഞ്ഞില്ല. ഡൽഹിയിലെ മലയാളി സംഘടന ജനസംസ്കൃതിയുമായി ചേർന്ന് ജനങ്ങളുമായി സംവദിച്ചു. ഇവയ്ക്ക് പ്രതിവിധി ‘സെക്യുലർ ആക്ടിവിസം’ ആണെന്ന് പണിക്കർ പറഞ്ഞു.


ബാബറി മസ്ജിദ് തകർത്തപ്പോഴും ഗുജറാത്ത് വംശഹത്യക്കാലത്തും പണിക്കർ രാജ്യമൊട്ടുക്ക് സഞ്ചരിച്ചു. ഗുജറാത്തിൽ ആദ്യമെത്തിയ സാമൂഹികപ്രവർത്തകരുടെ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. അരലക്ഷം മതനിരപേക്ഷ പ്രവർത്തകർക്ക് പരിശീലനം നൽകുന്ന വിപുല പദ്ധതിയുമായി രാജ്യം മുഴുവൻ അന്ന് യാത്രചെയ്തു. പുണെയിൽ "ഇൻസാഫ്" എന്ന സംഘടനയുടെ പരിപാടിയിൽനിന്നാണ് അതിന്റെ ആലോചന. മതനിരപേക്ഷത വിഷയമാക്കി എഴുതിയ ലേഖനങ്ങൾ അക്കാലത്ത് വിവിധ ഭാഷകളിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു.



Deshabhimani
Home