ആരോഗ്യമേഖല കോർപറേറ്റുകൾ വിഴുങ്ങുന്നു

കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളെയെല്ലാം ആഗോള കുത്തക കമ്പനികൾ ഏറ്റെടുത്തുകഴിഞ്ഞു എന്ന ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഭീമമായ തുകകളാണ് ഇവർ നിക്ഷേപിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, ഇടുക്കി ജില്ലകളിലെ ബേബി മെമ്മോറിയൽ ആശുപത്രികളും കോഴിക്കോട് ജില്ലയിലെ മൈത്ര ആശുപത്രിയും കെകെആർ ആൻഡ് കമ്പനിയും ഏറ്റെടുത്തു. ബേബി മെമ്മോറിയലിന്റെ കൂടുതൽ ഓഹരികൾ കൈക്കലാക്കാനുള്ള അനുമതി, 75 ലക്ഷം കോടി രൂപയുടെ ആസ്‌തിയുള്ള അമേരിക്കയിലെ ആഗോള നിക്ഷേപ കമ്പനിയായ കെകെആർ നേടിക്കഴിഞ്ഞു. സിംഗപ്പുരിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ബെന്റ് ലി ഏഷ്യ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ഈ ഓഹരികൾ കെകെആർ ഏറ്റെടുക്കുന്നത്. ഇതോടെ ബേബി മെമ്മോറിയലിന്റെ 70 ശതമാനത്തിലധികം ഓഹരികളും കെകെആറിന് സ്വന്തമാകും.
കിംസ് ആശുപത്രികളെല്ലാം ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന 124 ലക്ഷം കോടി രൂപയുടെ ആസ്‌തിയുള്ള ആഗോള അസറ്റ് മാനേജ്‌മെന്റ് കമ്പനി ബ്ലാക്ക് സ്റ്റോൺ കൈക്കലാക്കി. ക്യുസിഐഎൽ (ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ്) എന്ന കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കെയർ ഹോസ്‌പിറ്റൽ ശൃംഖലയിലൂടെയാണ് കിംസിന്റെ ഓഹരികൾ നേടിയെടുത്തത്. 3500 കോടിയിലധികം വരും ഈ നിക്ഷേപം. കഴിഞ്ഞവർഷത്തോടെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ക്യുസിഐഎല്ലിന്റെ ഭാഗമായി കഴിഞ്ഞു. ആയിരം കോടിയുടേതാണ് നിക്ഷേപം.
മുപ്പത്തഞ്ചുലക്ഷം കോടി രൂപയുടെ ആസ്‌തിയുള്ള മറ്റൊരു ആഗോള അസറ്റ് മാനേജ്മെന്റ് കമ്പനിയാണ് അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിപിജി കമ്പനി. ഇതിനോടകം മണിപ്പാൽ ഹോസ്‌പിറ്റൽസിലും ഡോ. അഗർവാൾ കണ്ണാശുപത്രിയിലും വൻതുകയാണ് നിക്ഷേപമായി ഇറക്കിയിരിക്കുന്നത്. ഏകദേശം 1000 കോടി രൂപ.
ഇത്തരം കുത്തകകൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിലൂടെ ചികിത്സാചെലവ് കുത്തനെ കൂടും. ജീവനക്കാരെ പിരിച്ചുവിട്ടും കുറഞ്ഞ വേതനം നൽകിയും ലാഭം വർധിപ്പിക്കാൻ ഇക്കൂട്ടർ മടിക്കില്ല. ആരോഗ്യമേഖലയുടെ കാര്യക്ഷമതയില്ലായ്‌മയ്ക്കും തൊഴിൽനഷ്ടത്തിനും ഇത് കാരണമാകും. വൻകിട നിക്ഷേപങ്ങളിലൂടെ സ്വന്തമാക്കുന്ന ആശുപത്രികളിൽ രോഗികൾക്ക് നൽകുന്ന സേവനങ്ങൾക്കും ലാബ് ടെസ്റ്റുകൾക്കും, കിടത്തിച്ചികിത്സ വേണ്ടുന്നവർക്ക് മുറികൾക്കും കിടക്കകൾക്കും എക്‌സ്‌റേ , ഇസിജി, സ്‌കാൻ മുതലായവയ്ക്കും ഉയർന്ന നിരക്കാണ് ഈടാക്കുക. ഇത്തരത്തിലുണ്ടാക്കുന്ന കൊള്ളലാഭത്തിന്റെ വലിയ പങ്കും വിദേശനിക്ഷേപകരിലേക്കാണ് പോകുന്നത്. ഇന്ത്യയിൽ രോഗം വന്നാൽ ചികിത്സ തേടുന്നവരും അതിനുവേണ്ടി പണം ചെലവഴിക്കുന്നവരും കൂടുതലുള്ളതും ആളോഹരി ചികിത്സാചെലവ് ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. അതുകൊണ്ടുതന്നെ ഈ രംഗത്തെ നിക്ഷേപശക്തികൾക്ക് കേരളം ആകർഷകമാകുന്നു. ഇത്തരത്തിൽ പണം മുടക്കുന്ന വൻകിട നിക്ഷേപകരുടെ ലക്ഷ്യം ജനങ്ങൾക്ക് താങ്ങാനാകുന്ന ചെലവിൽ സേവനങ്ങൾ നൽകുക എന്നതല്ല, മറിച്ച് സേവനങ്ങൾക്കുള്ള നിരക്ക് കുത്തനെ വർധിപ്പിച്ച് ആയിരം മടങ്ങ് ഉയർന്ന ലാഭമുണ്ടാക്കുക എന്നതാണ്. 2012ൽ 540 കോടി രൂപ ആസ്റ്റർ മെഡ്‌സിറ്റിയിൽ നിക്ഷേപിച്ച ഒളിമ്പസ് ക്യാപ്പിറ്റൽ 2024ൽ 3500 കോടി രൂപയാണ് പിൻവലിച്ചത്. നിക്ഷേപത്തിന്റെ ആറിരട്ടിയിലധികം. ഇക്കാലയളവിൽ രോഗചികിത്സയുടെയും മറ്റ് സേവനങ്ങളുടെയും നിരക്ക് കുത്തനെ ഉയർത്തുകയായിരുന്നു ആസ്റ്റർ മെഡ്‌സിറ്റി. ആശുപത്രികളിലെ ചികിത്സ–സേവന നിരക്കുകൾ സർക്കാർ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും നിക്ഷേപകരുടെ ലാഭത്തിന് തിരിച്ചടിയാണെന്നാണ് അവരുടെതന്നെ റേറ്റിങ് ഏജൻസികൾ പറയുന്നത്. വൻകിട കോർപറേറ്റ് ആശുപത്രികളുമായി മത്സരിക്കാനാകാതെ ചെറിയ ആശുപത്രികളും നഴ്സിങ് ഹോമുകളും ക്ലിനിക്കുകളും അടച്ചുപൂട്ടേണ്ടിവരുന്നു.
കേരളത്തിൽ പ്രതിവർഷം ശരാശരി 11 കോടി ഒപി–ഐപി രജിസ്‌ട്രേഷൻ സർക്കാർ ആശുപത്രികളിൽ നടക്കുന്നുണ്ട്. എന്നാൽ സാധാരണകക്ാരുടെ ആശ്രയവും പ്രതീക്ഷയുമായ പൊതുജനാരോഗ്യസംവിധാനങ്ങളെ തകർത്ത് കോർപറേറ്റുകൾക്ക് അടിയറവയ്ക്കുന്ന നീക്കങ്ങളാണ് യുഡിഎഫ് സർക്കാർ നടത്തുന്നത്. ചികിത്സയുടെ പേരിലുള്ള കൊള്ളയും അവയവ മാഫിയകളുടെ വിളയാട്ടവും ഈയടുത്തകാലത്ത് വർധിക്കുകയാണ്. സർക്കാർ മേഖലയിൽ അവയവമാറ്റചികിത്സയ്ക്ക് കുറഞ്ഞ നിരക്കാണുള്ളത്. കരൾ മാറ്റിവയ്ക്കുന്നതിന് സർക്കാർ മേഖലയിൽ ഏകദേശം 10 മുതൽ 12 ലക്ഷം രൂപയാണെങ്കിൽ, സ്വകാര്യ മേഖലയിൽ ഇതിന് 30 മുതൽ 45 ലക്ഷം രൂപവരെയാകും. വൃക്ക മാറ്റിവയ്ക്കാൻ സർക്കാർ മേഖലയിൽ രണ്ടുമുതൽ അഞ്ചുലക്ഷം രൂപയാണെങ്കിൽ സ്വകാര്യ മേഖലയിൽ ഇത് എട്ടുമുതൽ 15 ലക്ഷം രൂപവരെയാണ്. ഇതിനുപുറമെയാണ് മറ്റു കമീഷനുകളും; ഈ അന്തരമാണ് അവയവ മാഫിയകളെ ഈ രംഗത്തേക്ക് ആകർഷിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കോഴിക്കോട് ചേവായൂരിൽ അവയവമാറ്റ ശസ്ത്രക്രിയകൾക്കും ചികിത്സയ്ക്കുംവേണ്ടി മാത്രമായ ആശുപത്രിക്ക് കല്ലിട്ടിരുന്നു. ഇതൊന്നും സ്വകാര്യ ആശുപത്രി മുതലാളിമാർക്കും നടത്തിപ്പുകാർക്കും ദഹിക്കുന്നതല്ല.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പുവാഗ്‌ദാനമായ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് എന്നത് വലിയ ചതിയാണ്. പ്രത്യക്ഷത്തിൽ പദ്ധതി ആകർഷകമാണെന്ന് തോന്നുമെങ്കിലും സർക്കാർ ആശുപത്രികളെ തകർത്ത് രോഗനിർണയത്തിനും ചികിത്സയ്ക്കും സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കുന്നതിനുള്ള മാർഗം മാത്രമാണിത്. ഇൻഷുറൻസ് സംവിധാനം വരുന്നതോടെ സർക്കാർ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കും. സർക്കാർ ഖജനാവിലെ പണം സ്വകാര്യ ഇൻഷുറൻസ് കമ്പനികൾവഴി കുത്തകകളുടെ കൈകളിലെത്തും. എൽഡിഎഫ് സർക്കാരുകൾ ലോകത്തിനുതന്നെ മാതൃകയായി വളർത്തിയെടുത്ത കേരളത്തിന്റെ ആരോഗ്യരംഗം, പൂർണമായും സ്വകാര്യ കുത്തകകൾക്ക് അടിയറവയ്ക്കുന്നതിനുമാത്രമേ 25 ലക്ഷം ഇൻഷുറൻസ് പദ്ധതി ഉപകരിക്കൂ. ഏറ്റവും വലിയ വിരോധാഭാസമെന്നു പറയട്ടെ ഇൻഷുറൻസ് കമ്പനികളുടെ അസറ്റ് മാനേജേഴ്‌സും ബ്ലാക്ക് സ്റ്റോൺ, ക്യുസിഐഎൽ, ടെറോ ഫിൻസെർവ് പോലുള്ള കമ്പനികളാണെന്നതാണ്.
ഇപ്പോൾത്തന്നെ ചുരുങ്ങിയ നാളുകൾകൊണ്ട് സർക്കാർ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളില്ല. ചികിത്സാ ഉപകരണങ്ങളില്ല. ഡോക്ടർമാരുടെ സേവനങ്ങളും വേണ്ടസമയത്ത് ലഭ്യമാകുന്നില്ല. മരുന്നുകളും ചികിത്സാസേവനങ്ങളുമില്ലാതെ സർക്കാർ ആശുപത്രികളുടെ ഗുണനിലവാരം ഇല്ലാതാക്കി സ്വകാര്യ മേഖലയെ സഹായിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. ആരോഗ്യമേഖലയെ സമ്പൂർണമായി സ്വകാര്യവൽക്കരിക്കാനാണ് യുഡിഎഫിന്റെ നീക്കം. ഈയടുത്ത ദിവസം കാസർകോട് ജില്ലയിലെ പാണത്തൂരിലുള്ള കുടുംബാരോഗ്യകേന്ദ്രം ഡോക്ടർമാർ രാജിവച്ചതിനെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നു. കുമ്പളയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നതും മാധ്യമങ്ങൾ വഴി നാം കണ്ടതാണ്. ഉച്ചയ്ക്കുശേഷമുള്ള ഒപി സേവനങ്ങൾ നിർത്തലാക്കാൻ പോകുന്നതായും വാർത്തകളുണ്ട്. യുഡിഎഫിന്റെ ആദ്യനാളുകളിൽത്തന്നെ സർക്കാർ ആശുപത്രികളിൽ സംഭവിക്കുന്ന ഇത്തരം അലംഭാവങ്ങൾ ബോധപൂർവമാണെന്നും സ്വകാര്യ ലോബികളെ സഹായിക്കുന്നതിനാണെന്നും സമൂഹം അതീവഗൗരവത്തോടെ കാണണം.
പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളും നഴ്‌സിങ് കോളേജുകളും കാത്ത് ലാബുകളും ഒരുക്കി. 25.17 ലക്ഷംപേർക്ക് 7708 കോടി രൂപയുടെ സൗജന്യചികിത്സയാണ് നൽകിയത്. നാലു പുതിയ മെഡിക്കൽ കോളേജുകളും 21 നഴ്‌സിങ് കോളേജുകളും ആരംഭിച്ചു. 5416 ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം രാജ്യത്തിനുതന്നെ മാതൃകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് 750 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയത്. പ്രൈമറി, താലൂക്ക്, ജില്ല, മെഡിക്കൽ കോളേജ് ആശുപത്രികൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി. സ്‌പെഷ്യാലിറ്റി ചികിത്സകളും ഡയാലിസിസും സൗജന്യമായി നൽകിയും രോഗപരിശോധനയും ചികിത്സാസംവിധാനങ്ങളും ആധുനികീകരിച്ചും കേരളത്തിലെ പൊതുജനാരോഗ്യം മെച്ചപ്പെട്ടതാക്കി. അവയവമാറ്റ ശസ്ത്രക്രിയകളും അർബുദ ചികിത്സയും കുറഞ്ഞനിരക്കിൽ ഉറപ്പുവരുത്തി സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി സർക്കാർ ആശുപത്രികളെ മാറ്റി. 8500ലധികം കുഞ്ഞുങ്ങൾക്ക് ഹൃദയശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും എണ്ണം വർധിപ്പിച്ചതും ഒപി സേവനങ്ങൾ രാവിലെമുതൽ വൈകിട്ടുവരെയാക്കിയതും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്.
ഇതെല്ലാം അട്ടിമറിക്കുകയാണ്‌യുഡിഎഫ് സർക്കാരിന്റെയും ആരോഗ്യമന്ത്രിയുടെയും പ്രസ്താവനകളും ചെയ്തികളും. ആരോഗ്യരംഗത്തെ കേരള മോഡലിനെ തകർക്കാനുള്ള പദ്ധതികൾ ഇവർ നേരത്തേതന്നെ ആരംഭിച്ചതാണ്. തെരഞ്ഞെടുപ്പുകാലത്ത് സർക്കാർ ആശുപത്രികളിലെ ചെറിയ പിഴവുകളെപ്പോലും പർവതീകരിച്ച് മാധ്യമങ്ങളിലൂടെ വാർത്തകൾ സൃഷ്ടിച്ചു. പൊതുജനാരോഗ്യസംവിധാനങ്ങൾ തകരാറിലാണെന്ന് വരുത്തിത്തീർത്താൽമാത്രമേ സ്വകാര്യ കുത്തകകൾക്ക് യഥേഷ്ടം കടന്നുവരാൻ സാധിക്കുകയുള്ളൂ. സർക്കാർ ആശുപത്രികൾക്ക് നിലവാരമില്ലെന്ന് പ്രചരിപ്പിക്കുന്നതിനുവേണ്ടി മാധ്യമങ്ങൾക്കും യുഡിഎഫിനുമായി തെരഞ്ഞെടുപ്പുകാലത്ത് സ്വകാര്യ കുത്തകകൾ വൻതോതിൽ പണം മുടക്കിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ.
(കെഎംഎസ്ആർഎ– കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)














