ad
Deshabhimani

Articles

ഇടതുപക്ഷഭരണം എന്തുകൊണ്ട് കേരളത്തില്‍ തുടരണം എന്നതിനുള്ള വാചാലമായ സാക്ഷ്യപത്രങ്ങള്‍

വളര്‍ന്ന കേരളം! വളരുന്ന കേരളം!!

kerala model
avatar
സുനില്‍ പി ഇളയിടം

Published on Feb 25, 2026, 12:00 AM | 3 min read

ഏഴുപതിറ്റാണ്ടുമുമ്പ്, കേരളപ്പിറവിയുടെ സന്ദര്‍ഭത്തില്‍ കേരളത്തെക്കുറിച്ച് തന്നെപ്പോലുള്ളവര്‍ പങ്കുവച്ച സ്വപ്‌നം സാക്ഷാത്‌കൃതമായിരിക്കുന്നുവെന്ന് ലോകപ്രശസ്ത സാമ്പത്തികചിന്തകനും നൊബേല്‍ സമ്മാനജേതാവുമായ അമര്‍ത്യ സെന്‍ കഴിഞ്ഞദിവസം സൂചിപ്പിക്കുകയുണ്ടായി. സാമ്പത്തികവളര്‍ച്ച പരിമിതമായിരിക്കുമ്പോഴും സാമൂഹികവികാസം ഉറപ്പാക്കി മുന്നേറുന്ന ഭാവികേരളത്തെക്കുറിച്ചാണ് തങ്ങള്‍ അന്നു പറഞ്ഞുകൊണ്ടിരുന്നതെന്ന് അദ്ദേഹം ഓര്‍മിക്കുന്നു. ‘കേരള മോഡല്‍’ എന്നു വിശേഷിക്കപ്പെട്ട ആ സാമൂഹ്യജീവിത–ഭരണക്രമം അന്നത്തെ പ്രതീക്ഷകളെ സാര്‍ഥകമാക്കിക്കൊണ്ട്, എല്ലാ തലങ്ങളിലും ഇന്ത്യയിലെ ഒന്നാംനമ്പര്‍ സംസ്ഥാനമായി വളര്‍ന്നുവന്നതിന്റെ കഥയാണ് കേരളത്തിനിപ്പോള്‍ പറയാനുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഒന്നും രണ്ടും പിണറായി സർക്കാരുകള്‍ പറയുന്നത്, ആ സാക്ഷാൽക്കാരത്തിന്റെ കഥകൂടിയാണ്. ഇതിന്റെ മറുപുറത്ത് വലതുപക്ഷ രാഷ്ട്രീയക്കാരും വര്‍ഗീയവാദികളും മതരാഷ്ട്രവാദികളും സ്വത്വവാദികളും ലിബറല്‍ ബുദ്ധിജീവികളും വലതുപക്ഷമാധ്യമങ്ങളും ഉള്‍പ്പെടുന്ന മഴവില്‍സഖ്യം ഇതിനെ തകര്‍ക്കാനും തമസ്കരിക്കാനും തങ്ങളാല്‍ കഴിയുന്നവിധത്തിലൊക്കെ പണിപ്പെടുന്നുണ്ട്. എങ്കിലും അതിനെയെല്ലാം മറികടന്നുകൊണ്ട് ഈ നാട് മുന്നേറുന്നതിന്റെ ചിത്രമാണ് നമുക്കു മുന്നിലുള്ളത്.


കവി പാടിയതുപോലെ ‘‘പശ്ചിമഘട്ടങ്ങളെ കേറിയും മറിഞ്ഞും’’ കേരളം വളരുന്നു! അതുല്യമായ ആ വളര്‍ച്ചയിലുള്ള സംതൃപ്തിയാണ് അമര്‍ത്യ സെന്‍ തന്റെ പ്രസ്താവനയിലൂടെ പ്രകാശിപ്പിച്ചത്. കേരളത്തിലെ സര്‍വതോമുഖമായ ഈ വളര്‍ച്ചയെയും വികാസത്തെയും തകര്‍ക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ അരങ്ങേറുന്ന കാലംകൂടിയാണ് ഇപ്പോഴത്തേത്. ‘തുടര്‍ഭരണത്തിനെതിരെ’ എന്ന പേരില്‍ അരങ്ങേറുന്ന കാര്യപരിപാടികളുടെ അടിസ്ഥാനലക്ഷ്യവും അതാണ്. അതുകൊണ്ടുതന്നെ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളം കൈവരിച്ച സമഗ്രവികസനം നാം പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു ചെറുലേഖനത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നവയല്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിക്കാന്‍മാത്രമേ ഇവിടെ മുതിരുന്നുള്ളൂ. ഒരു സമൂഹം എന്ന നിലയില്‍ ലോകത്തിനുമുന്നില്‍ അഭിമാനപൂര്‍വം ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ കേരളത്തെ പ്രാപ്തമാക്കുന്ന എത്രയെങ്കിലും മികവുകള്‍ കൈവരിക്കാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടാണ് നാം പിന്നിടുന്നത്. ലൈഫ് ഭവനപദ്ധതി അതിന്റെ കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്ന ഒന്നാണ്.


ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതിനകം 5,00,364 വീടുകളാണ് പൂര്‍ത്തിയാക്കി കൈമാറിയത്. ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ മറ്റേതെങ്കിലുമൊരു ഭാഗത്ത് ഇത്രയും വിപുലമായ ഭവനപദ്ധതി നടന്നിട്ടുണ്ടോ എന്നത് സംശയമാണ്. 20,831.6 കോടി രൂപ ഇതിനകം ഈ പദ്ധതിക്കായി ചെലവഴിച്ചു. ഇതിലെ കേന്ദ്രവിഹിതം 2488.89 കോടി രൂപമാത്രമാണ്. 20 ലക്ഷംപേര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്. സാമൂഹ്യജീവിതത്തിന്റെ അടിത്തട്ടില്‍ അങ്ങേയറ്റം അശരണരായി കഴിയുന്ന ഇത്രയേറെപ്പേര്‍ക്ക് സ്വാഭിമാനത്തോടെ സ്വന്തം വീടുകളില്‍ കഴിയാന്‍ അവസരമൊരുക്കിയ മറ്റേതെങ്കിലും ഒരു ഭരണനടപടി നമ്മുടെ വിദൂരദൃഷ്ടിയില്‍പ്പോലും തെളിഞ്ഞുവരില്ല. കഴിഞ്ഞ 10 വര്‍ഷത്തെ ഇടതുപക്ഷഭരണം സാമൂഹ്യനീതിക്കായി നടത്തിയ ഏറ്റവും വലിയ ഇടപെടലാണ് ലൈഫ് ഭവനപദ്ധതി. ഭാവിചരിത്രം മലയാളികള്‍ക്കായി അഭിമാനപുരസ്സരം കാത്തുവയ്ക്കുന്ന ഒന്ന്.


ലൈഫ് ഭവനപദ്ധതിയില്‍ സവിശേഷപ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു കാര്യംകൂടിയുണ്ട്. അത് ഈ പദ്ധതിയിലെ 36.35 ശതമാനം വീടുകള്‍ പട്ടികജാതി–വര്‍ഗ വിഭാഗങ്ങള്‍ക്കാണ് ലഭ്യമായത് എന്ന കാര്യമാണ്. കേവലമൊരു സൗജന്യ ഭവനപദ്ധതി എന്നതിനപ്പുറം സാമൂഹ്യ സാമ്പത്തിക നീതിയുടെയും കീഴ്ത്തട്ടുജനതയുടെ ശാക്തീകരണത്തിന്റെയും വഴിയിലെ എക്കാലത്തെയും വലിയ ചുവടുവയ്പാണിത്. ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം കേരളത്തിന് നല്‍കിയ ഏറ്റവും അഭിമാനകരമായ നീക്കിയിരിപ്പ്! ഇത്രതന്നെയോ ഇതിലധികമോ പ്രാധാന്യമുള്ള പ്രവര്‍ത്തനമായിരുന്നു കേരളത്തിലെ അതിദാരിദ്ര്യനിര്‍മാര്‍ജനം. ഇന്ത്യയില്‍ അതിദരിദ്രര്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടയില്‍ കേരളം മാറിത്തീര്‍ന്നിരുന്നു. മൊത്തം ജനസംഖ്യയുടെ അരശതമാനം (0.55 ശതമാനം)മാത്രം.


ഇക്കാര്യത്തിലെ അഖിലേന്ത്യ ശരാശരി 2022–23 കാലയളവില്‍ 11.28 ആയിരിക്കുമ്പോഴാണ് കേരളത്തില്‍ അത് അരശതമാനത്തിലും താഴെയായിരുന്നത്. ബിഹാറില്‍ 33ഉം ഗുജറാത്തില്‍ 11ഉം ശതമാനം അതിദരിദ്രരുള്ള അനുപാതം നിലനിന്നിരുന്ന ഒരു പശ്ചാത്തലത്തിലാണ് കേരളം ജനസംഖ്യയുടെ അരശതമാനംമാത്രം അതിദരിദ്രരുള്ള സമൂഹമായി നിലകൊണ്ടിരുന്നത്. (ആ അരശതമാനത്തെ അവഗണിക്കാതെ അവരെ പ്രത്യേകമായി കണ്ടെത്തി അതിദാരിദ്ര്യത്തിന് പുറത്തുകൊണ്ടുവന്നത് നിരന്തരം തുടരുന്ന പദ്ധതിയാണ് കേരളത്തിന്റെ അതിദാരിദ്ര്യനിര്‍മാര്‍ജനം.) ലൈഫ് ഭവനപദ്ധതിയെന്നപോലെ കേരളത്തിന്റെ സാമൂഹ്യവികാസത്തെയും സാമൂഹ്യനീതിയെയും സാക്ഷാൽക്കരിക്കുന്ന വലിയ ചുവടുവയ്പുകളിലൊന്നാണത്. ഇതിനോട്‌ ചേര്‍ത്തുവയ്ക്കാനെങ്കിലുംപോന്ന മറ്റൊരു ശ്രമവും ഇന്ത്യയിലെവിടെയുമില്ല. ലോകത്തിന്റെ വിശാലഭൂമികയില്‍പ്പോലും അത് ചൈനയില്‍ ഒരിടത്തുമാത്രമാണ് സാക്ഷാൽക്കരിക്കപ്പെട്ടത്.


ഇടതുപക്ഷഭരണത്തിനുകീഴിലെ കേരള മാതൃകയെന്തെന്ന് ലോകത്തിന് തെളിയിച്ചുകൊടുക്കാന്‍ അതിന്‌ കഴിയുന്നതും മറ്റൊന്നുകൊണ്ടല്ല. സാമൂഹ്യവികാസത്തിന്റെയും സാമൂഹ്യനീതിയുടെയും തലത്തിലെ മറ്റൊരു വലിയ കുതിപ്പ് ക്ഷേമപെന്‍ഷനുകളാണ്. 2011–16 കാലയളവിലെ 600 രൂപയില്‍നിന്ന് 2026ല്‍ 2000 രൂപയായി ഇടതുപക്ഷസര്‍ക്കാര്‍ അത് ഉയര്‍ത്തിയിരിക്കുന്നു. 62 ലക്ഷംപേര്‍ക്കാണ് ഈ ക്ഷേമപെന്‍ഷന്‍ തടസ്സമില്ലാതെ ലഭിക്കുന്നത്. 2025 ഒക്ടോബര്‍വരെയായി, ഒന്പതരവര്‍ഷംകൊണ്ട് ക്ഷേമപെന്‍ഷനായി 80,671 കോടി രൂപ ഇടതുപക്ഷ സർക്കാർ വിതരണം ചെയ്തുകഴിഞ്ഞു. (2011–16 കാലത്തെ 18 മാസത്തെ കുടിശ്ശിക ഉള്‍പ്പെടെ). രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അത് 85,000 കോടി കവിയും. പ്രതിവര്‍ഷം 13,000 കോടി രൂപയോളമാണ് ക്ഷേമപെന്‍ഷനുകളായി കേരളത്തില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ മൂന്നിലൊന്നിനടുത്ത് ആളുകള്‍ (ഏകദേശം ഒരുകോടിയോളം പേര്‍) വിവിധ തലങ്ങളിലായി സാമൂഹ്യസുരക്ഷാ നടപടികളുടെ സംരക്ഷണം ലഭിക്കുന്നവരാണ്. (ക്ഷേമപെന്‍ഷന്‍ 62 ലക്ഷം, സ്ത്രീസുരക്ഷാ പദ്ധതി 31.34 ലക്ഷം, കണക്ട് ടു വർക്ക് സ്കോളര്‍ഷിപ് അഞ്ചുലക്ഷം).


ആകെ ജനസംഖ്യയുടെ മൂന്നിലൊന്നിനെയും കരുതലോടെ കാത്തുസൂക്ഷിക്കുന്ന ഇത്തരമൊരു ഭരണസംവിധാനത്തിന് ഇന്ത്യയിലെവിടെയും മറ്റു മാതൃകകളില്ല. അടിസ്ഥാനതലത്തിലെ ക്ഷേമപ്രവര്‍ത്തനങ്ങളെപ്പോലെ കേരളീയജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന മേഖലയാണ് ആരോഗ്യരംഗം. ഒരുപക്ഷേ കേരള മോഡല്‍ വികസനത്തിന്റെ മാതൃകാസ്ഥാനവും അതാണ്. 92,000 ഡോളര്‍ പ്രതിശീര്‍ഷവരുമാനമുള്ള അമേരിക്കയില്‍ ശിശുമരണനിരക്ക് (ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഒരുവര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കുന്നത്) 5.6 ആയിരിക്കുമ്പോള്‍ 3500 ഡോളര്‍മാത്രം പ്രതിശീര്‍ഷവരുമാനമുള്ള കേരളത്തില്‍ അത് അഞ്ചാണ്! യഥാര്‍ഥ വികസനം സമ്പത്തിന്റെ വളര്‍ച്ചയല്ല, നീതിപൂര്‍വകമായ അതിന്റെ വിതരണംകൂടിയാണെന്നാണ്‌ ഇതിനര്‍ഥം.


അത്തരമൊരു വികസനസമീക്ഷയെ കേരളം പിന്‍പറ്റിയതിന്റെ തെളിവുകളാണ് കഴിഞ്ഞ ഒരുപതിറ്റാണ്ടുകാലത്തെ ഇടതുപക്ഷഭരണത്തില്‍ കേരളത്തിന്റെ ആരോഗ്യരംഗത്തിന് കൈവന്ന വളര്‍ച്ച. ആരോഗ്യമേഖലയിലെ ഏതൊരു സൂചകം എടുത്തു പരിശോധിച്ചാലും കേരളം ഇക്കാലത്ത് നേടിയ അസാധാരണമായ വളര്‍ച്ചയുടെ അടയാളങ്ങള്‍ കാണാനാകും. മാതൃമരണനിരക്ക് (ഒരുലക്ഷം പ്രസവങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന മാതൃമരണം) അഖിലേന്ത്യ ശരാശരി 88 ആണെങ്കില്‍ കേരളത്തില്‍ അത് മുപ്പതാണ്. നവജാതശിശുമരണം (ആയിരം ജനനങ്ങളില്‍ 28 ദിവസത്തിനുള്ളില്‍ സംഭവിക്കുന്ന മരണം) അഖിലേന്ത്യ ശരാശരി 19 ആയിരിക്കുമ്പോള്‍ കേരളത്തിലേത് നാലാണ്. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് കിഫ്ബിവഴി ചെലവഴിച്ചത് 12,325 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തരോൽപ്പാദനത്തിന്റെ 2.11 ശതമാനം.


പൊതു ആരോഗ്യസംവിധാനം നേടിയ സാര്‍വത്രിക വളര്‍ച്ച എത്രയും പ്രകടമാണ്. അവയവമാറ്റത്തിനായുള്ള പ്രത്യേക ആശുപത്രിസംവിധാനം ഇന്ത്യയിലാദ്യമായി കേരളത്തില്‍ ആരംഭിക്കുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍മുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെയായി പടര്‍ന്നുകിടക്കുന്ന അതിവിപുലമായ ആരോഗ്യ പരിരക്ഷണശൃംഖല ഇന്നത്തെ കേരളീയജീവിതത്തിന്റെ നട്ടെല്ലാണ്. കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടയില്‍ ഈ ആരോഗ്യശൃംഖല കൈവരിച്ച മികവും കുതിപ്പും ഇടതുപക്ഷഭരണം എന്തുകൊണ്ട് കേരളത്തില്‍ തുടരണം എന്നതിനുള്ള വാചാലമായ സാക്ഷ്യപത്രങ്ങള്‍കൂടിയാണ്. ​(അവസാനിക്കുന്നില്ല)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home