ad
Deshabhimani

കരുതലിന്റെ പുതുഗാഥ രചിക്കുന്ന കേരളം

kerala ,the extreme poverty free state in india
avatar
ജി സാജൻ

Published on Oct 28, 2025, 11:31 PM | 3 min read

തൊഴിൽജീവിതത്തിന്റെ അഞ്ചുവർഷം ഡൽഹിയിൽ ജീവിച്ച ഒരു വ്യക്തി എന്ന നിലയ്‌ക്ക് അതിദരിദ്രരില്ലാത്ത ഒരു ദേശം എന്ന കേരളത്തിന്റെ ഈ വാഗ്ദാനം എനിക്ക് വലിയ അഭിമാനമായി തോന്നുന്നുണ്ട്. ദാരിദ്ര്യത്തിന്റെ രൂക്ഷമായ മുഖമാണ് നാം ഡൽഹിയിൽ കാണുക. നഗരത്തിൽ ചുറ്റും കാണുന്ന കാഴ്ചകൾ പൗരൻ എന്ന നിലയ്‌ക്കും വ്യക്തി എന്ന നിലയ്‌ക്കും നമ്മെ സങ്കടപ്പെടുത്തും. ഏത് വികസനപ്രവർത്തനത്തിന്റെയും ടാലിസ്മാനായി ഗാന്ധിജി പറഞ്ഞിട്ടുള്ള ഏറ്റവും ദരിദ്രരായ മനുഷ്യർ ഈ പ്രക്രിയയിൽ എവിടെയായിരുന്നു എന്ന് അമ്പരക്കും. ഈ കാഴ്ചകളിലേക്ക് കണ്ണയക്കാതെ നഗരഹൃദയത്തിൽ ജീവിക്കുന്ന മധ്യവർഗത്തെക്കുറിച്ചാണ് ഹർഷ് മന്ദർ ‘Looking Away’ എന്ന പുസ്തകത്തിൽ എഴുതുന്നത്. ഒരു ഭാഗത്ത് കാണുന്ന സമൃദ്ധിയുടെ ധാരാളിത്തത്തിൽ ദരിദ്രരെക്കുറിച്ചുള്ള സംസാരംതന്നെ നാം അവസാനിപ്പിച്ചുവെന്ന് ഹർഷ് മന്ദർ ചൂണ്ടിക്കാണിക്കുന്നു.


​2013ൽ ഒരു അഭിമുഖത്തിൽ നോം ചോംസ്കി പറഞ്ഞു: “ഞാൻ കണ്ടിട്ടുള്ള ഏതു രാജ്യത്തേക്കാളും ദാരിദ്ര്യവും അടിച്ചമർത്തലും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇത് ഏറെ നാടകീയവുമാണ്. എന്നാൽ, ഇതേക്കാൾ എന്നെ അമ്പരപ്പിക്കുന്നത്‌ ദാരിദ്ര്യത്തോട് സമ്പന്നവർഗങ്ങൾ കാണിക്കുന്ന ഉദാസീനതയാണ്... ഡൽഹി തെരുവുകളിൽക്കൂടി നടക്കുമ്പോൾ നിങ്ങൾക്കിത് കാണാതിരിക്കാനാകില്ല. എന്നാൽ, ഇത് കണ്ടില്ലെന്നു നടിച്ച്‌ അയഥാർഥമായ ഒരു കുമിളയിൽ ജീവിക്കാൻ നമുക്ക് കഴിയും.”


national cooperative policy


മോദിയുടെ ഭരണകാലത്ത് ദാരിദ്ര്യത്തെക്കുറിച്ചുള്ള കണക്കുകൾപോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ലഭ്യമായ കണക്കുകൾ നോക്കിയാൽ ഇന്ത്യയിലെ ജനസംഖ്യയുടെ 33 ശതമാനംപേർക്കും ദിവസവരുമാനം 100 രൂപയിൽ കുറവാണ്; 81 ശതമാനംപേർക്കും ദിവസവരുമാനം 200 രൂപയിൽ താഴെയാണ്. ലോകത്തെ ഏറ്റവും കൂടുതൽ നിരക്ഷരരെയും (ഏകദേശം 37 ശതമാനം) ഏറ്റവും കൂടുതൽ പോഷണക്കുറവ് അനുഭവപ്പെടുന്നവരെയും (ഏകദേശം 25 ശതമാനം) സൃഷ്ടിക്കുന്ന രാജ്യമെന്ന ‘ഖ്യാതി’ ഇന്ത്യക്കാണ്. ഈ സാഹചര്യത്തിലാണ് അതിദരിദ്രരില്ലാത്ത കേരളം എന്ന വാഗ്ദാനം എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്. രണ്ടുവർഷംമുന്പ്‌ അതിദരിദ്ര കുടുംബങ്ങളുടെ എണ്ണം 64,006 എന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതിൽ 12,763 കുടുംബങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നതാണ്. 3021 പട്ടികവർഗ കുടുംബങ്ങളും. ഇത് ജനസംഖ്യാനുപാതികമാണ്‌. ഇതിൽ 34 ശതമാനം വീടുകൾ ആവശ്യത്തിന് വരുമാനം ഇല്ലാത്തതാണ്. 24 ശതമാനത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. 21 ശതമാനത്തിന് ഭക്ഷണം ഇല്ല. 15 ശതമാനത്തിന് വീടില്ല.


സാമൂഹ്യ സുരക്ഷാ പെൻഷൻ അല്ലാതെ മറ്റൊരു വരുമാനസാധ്യതയും ഇല്ലാത്തവരാണ് അതിദരിദ്രർ. ആ വീടുകളിൽ തൊഴിലെടുക്കാൻ ശേഷിയുള്ള ഒരു അംഗവും ഉണ്ടാകില്ല. മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാൻ കഴിയില്ല. നിതി ആയോഗിന്റെ കണക്കുപ്രകാരം 0.55 ശതമാനം എന്ന നിലയ്‌ക്ക് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെ 1032 തദ്ദേശസ്ഥാപനങ്ങളിലായി കണ്ടെത്തി എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ചുവട്. സർവേ അംഗങ്ങൾ ഓരോ കുടുംബത്തെയും നേരിൽകണ്ട് കൃത്യമായി മനസ്സിലാക്കി. ഓരോരുത്തർക്കും പ്രത്യേക പദ്ധതികൾ തയ്യാറാക്കി.


Social Security Pension


അതിദാരിദ്ര്യമില്ലാത്ത കേരളമെന്ന സ്വപ്‌നം യാഥാർഥ്യമാവുകയാണ്. ഇതേവരെ ഉണ്ടായ നേട്ടങ്ങൾ എന്താണ്? സർക്കാരിന്റെ കണക്കുകൾ നോക്കാം: “ഭക്ഷണം പ്രതിസന്ധിയായിരുന്ന 20,648 കുടുംബങ്ങൾക്കും ആഹാരം ഉറപ്പാക്കുന്നു. 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍ റേഷന്‍ കടകള്‍വഴിയും സ്വയം പാചകം ചെയ്യാൻ കഴിയാത്ത 2210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ആഹാരം കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലൂടെയും കമ്യൂണിറ്റി പാചകകേന്ദ്രങ്ങളിലൂടെയും ഉറപ്പാക്കുന്നു. 29,427 കുടുംബങ്ങളിൽനിന്നുള്ള 85,721 വ്യക്തികൾക്ക് ചികിത്സയും മരുന്നും നല്‍കി. 14,862 ഏകാംഗ കുടുംബങ്ങൾക്ക് ആരോഗ്യസഹായം. 35,955 വ്യക്തികൾക്ക്‌ ഇടതടവില്ലാതെ മരുന്നുകള്‍ ഉറപ്പാക്കി. 5777 പേർക്ക് പാലിയേറ്റീവ് കെയർ സേവനങ്ങൾ നൽകുന്നു. റേഷൻ കാർഡ്, ആധാർ, പെൻഷൻ തുടങ്ങിയ അടിസ്ഥാനരേഖകൾ 21,263 പേർക്ക് ലഭ്യമാക്കി.


5400-ലധികം പുതിയ വീടുകൾ പൂർത്തിയാക്കുകയോ നിർമിക്കുകയോ ചെയ്തു. 5522 എണ്ണം അറ്റകുറ്റപ്പണി പൂർത്തിയാക്കി. ‘ഉജ്ജീവനം'പോലുള്ള പദ്ധതികളിലൂടെ 4394 കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്താനുള്ള സഹായം നൽകി. 4677 ഗുണഭോക്താക്കളില്‍ 4005 വീടുകളുടെ നിർമാണം പൂർത്തിയായി. 672 എണ്ണം നിർമാണഘട്ടത്തിലാണ്. 428 ഏകാംഗ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു. ഭൂമിയും വീടും ആവശ്യമായിരുന്ന 2713 പേർക്ക് ആദ്യം ഭൂമി നൽകി, പിന്നീട് വീടിന്‌ തുക നൽകി, 1417 എണ്ണം പൂർത്തിയായി. 1296 എണ്ണം പുരോഗതിയിലാണ്. 439 ഭൂരഹിത കുടുംബങ്ങൾക്കായി 2832.645 സെന്റ് ഭൂമി കണ്ടെത്തി. കൂടാതെ ‘മനസ്സോടിത്തിരി മണ്ണ്' യജ്ഞത്തിന്റെ ഭാഗമായി 203 സെന്റ് ഭൂമി കണ്ടെത്തി.


life mission


ഇ‍ൗ നേട്ടം കൈവരിച്ചതിന് കാരണം കേരളത്തിൽ നടന്നതും ലോകശ്രദ്ധ ആകർഷിച്ചതുമായ രണ്ട് സാമൂഹ്യപരീക്ഷണങ്ങളാണ്. ഒന്ന് ജനകീയാസൂത്രണം, രണ്ട് കുടുംബശ്രീ. കുടുംബശ്രീ ആശ്രയ പദ്ധതിയുടെ തുടർച്ചയാണ് അതിദാരിദ്ര്യനിർമാർജനം. ഇ‍ൗ പദ്ധതിയുടെ വിജയത്തിനുപിന്നിൽ കുടുംബശ്രീക്കും നമ്മുടെ ത്രിതലപഞ്ചായത്ത് സംവിധാനത്തിനും വലിയ പങ്കുണ്ട്. മറ്റ്‌ സംസ്ഥാനങ്ങൾക്ക് ചിന്തിക്കാൻപോലും കഴിയാത്തത് നാം നടപ്പാക്കിയത് കുടുംബശ്രീവഴിയാണ്.


ഈ പ്രക്രിയ അപകടഘടകങ്ങള്‍ എന്നു വിളിക്കുന്ന ഒരുകൂട്ടം മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഭൂരഹിതർ, നിരക്ഷരർ, വീടില്ലാത്തവർ, വരുമാനമില്ലാത്ത വിധവകൾ, രോഗികൾ, ഭിന്നശേഷിയുള്ളവർ, ഭിക്ഷാടകർ, പീഡനമേറ്റ സ്ത്രീകൾ തുടങ്ങിയ മാനദണ്ഡങ്ങളില്‍ ഏഴു മാനദണ്ഡങ്ങളിലെങ്കിലും ചേര്‍ച്ചയുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് അതിദരിദ്രരെ കണ്ടെത്തുന്നത്. ഈ പശ്ചാത്തലത്തിൽ വേണം അതിദാരിദ്ര്യനിർമാർജനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home