മികവ് തെളിയിക്കുന്ന ഫലം


വി ശിവൻകുട്ടി
Published on May 15, 2026, 10:14 PM | 2 min read
സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നിരിക്കുകയാണ്. 2025-–26 അധ്യയനവർഷത്തിൽ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 99.07 ശതമാനംപേരും ഉപരിപഠനത്തിന് അർഹത നേടിയെന്നത് ഏറെ സന്തോഷകരമാണ്. പരീക്ഷയെഴുതിയ 4,17,497 വിദ്യാർഥികളിൽ വലിയൊരു വിഭാഗം ഉന്നതവിജയം കൈവരിച്ചു. 30,514 പേർ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ഇതെല്ലാം കേരളത്തിന്റെ വിദ്യാഭ്യാസമികവിന്റെ തെളിവാണ്. മികച്ച വിജയം സ്വന്തമാക്കിയ എല്ലാ പ്രിയപ്പെട്ട വിദ്യാർഥികളെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു. കഠിനാധ്വാനത്തിനും അച്ചടക്കത്തിനുമുള്ള അംഗീകാരമാണ് പരീക്ഷാഫലം. ഈ വിജയത്തിനുപിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.
വിജയിച്ചവരെ അഭിനന്ദിക്കുമ്പോൾത്തന്നെ, പ്രതീക്ഷിച്ച ഗ്രേഡ് ലഭിക്കാത്തവരോ ഉപരിപഠനത്തിന് അർഹത നേടാൻ കഴിയാത്തവരോ ആയ കുട്ടികൾ ഒട്ടും നിരാശപ്പെടേണ്ടതില്ല എന്നും ഉറപ്പിച്ചുപറയുന്നു. ഒരു പരീക്ഷാഫലവും ജീവിതത്തിന്റെ അവസാനവാക്കല്ല. ഓരോ വ്യക്തിക്കും ഓരോതരം കഴിവുകളാണുള്ളത്. പരീക്ഷാഹാളിലെ ഏതാനും മണിക്കൂറുകൾകൊണ്ട് അളന്നുതീർക്കാവുന്നതല്ല കുട്ടികളുടെ പ്രതിഭ. ഈ ചെറിയ തടസ്സത്തെ വെല്ലുവിളിയായി ഏറ്റെടുത്ത് കൂടുതൽ കരുത്തോടെ മുന്നേറാൻ സാധിക്കണം. പരാജയങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് മുന്നേറുന്നവരാണ് യഥാർഥ വിജയികൾ. എല്ലാവർക്കും അവരവരുടെ താൽപ്പര്യത്തിന് അനുസരിച്ചുള്ള മേഖലകളിൽ ശോഭിക്കാൻ ഇനിയും ധാരാളം അവസരങ്ങൾ മുന്നിലുണ്ട്.
കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ വർധിപ്പിക്കാൻ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് വലിയ വിപ്ലവങ്ങളാണ് ആരംഭിച്ചത്. ഒന്നുമുതൽ 12–ാംക്ലാസുവരെയുള്ള പാഠപുസ്‌തകങ്ങളുടെ പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കിയത് ഇതിൽ പ്രധാനമാണ്. വിവാദങ്ങൾക്കൊന്നും ഇടനൽകാതെ എല്ലാ പാഠപുസ്‌തകങ്ങളും കൃത്യസമയത്ത് കുട്ടികളിലെത്തിക്കാൻ നമുക്ക് സാധിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന ബോധ്യത്തോടെയാണ് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപരിപാടി ആവിഷ്‌കരിച്ചത്. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്ക് അക്ഷരങ്ങളും അക്കങ്ങളും ഉറപ്പിക്കുന്നതിന് പ്രവർത്തന പുസ്‌തകങ്ങൾ ഏർപ്പെടുത്തി. മലയാള അക്ഷരമാല പാഠപുസ്‌തകങ്ങളിലേക്ക് തിരികെ കൊണ്ടുവന്നതും വലിയ മാറ്റത്തിനാണ് വഴിവച്ചത്.
മൂല്യനിർണയരീതിയിൽ കൊണ്ടുവന്ന കാലോചിതമായ പരിഷ്‌കാരങ്ങളും മിനിമം മാർക്ക് സമ്പ്രദായവും വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ചോദ്യപേപ്പറുകളിൽ വരുത്തിയ മാറ്റം കുട്ടികളെ ദേശീയതലത്തിലുള്ള മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങൾ കുട്ടികളെ തഴയാനാണെന്ന ആശങ്കകൾ ഉയർന്നെങ്കിലും ആരെയും പരാജയപ്പെടുത്താതെതന്നെ അക്കാദമിക നിലവാരം ഉയർത്താൻ കഴിയുമെന്ന് ഈ ഫലം തെളിയിക്കുന്നു. നാഷണൽ അച്ചീവ്‌മെന്റ് സർവേയിലും പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സിലും കേരളം കൈവരിച്ച മികച്ച നേട്ടങ്ങൾ നമ്മുടെ വിദ്യാഭ്യാസമാതൃകയുടെ കരുത്താണ് വിളിച്ചോതുന്നത്. ദേശീയ വിദ്യാഭ്യാസനയത്തോടുള്ള വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ അക്കാദമിക മികവിൽ നാം മുൻപന്തിയിൽത്തന്നെയുണ്ട്. ഈ മികവ് വരുംവർഷങ്ങളിലും നിലനിർത്താൻ നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.















