നേട്ടങ്ങൾ നിലനിർത്താനാകണം

നേട്ടങ്ങൾ നിലനിർത്താനാകണം

ബിജോ ടോമി
Published on May 15, 2026, 10:32 PM | 2 min read
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികളുടെ തിളക്കം വർധിപ്പിക്കുന്നതാണ് 2026ലെ എസ്‌എസ്‌എൽസി പരീക്ഷാഫലം. പുതിയ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നടത്തിയ കരിക്കുലം പരിഷ്‌കരണത്തിനുശേഷമുള്ള ആദ്യപരീക്ഷയിൽ വിദ്യാർഥികൾ മികവ് തുടർന്നു. ചോദ്യപേപ്പർ ഘടനയിലും മൂല്യനിർണയത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് മാറ്റം കൊണ്ടുവന്നിരുന്നു. ലോകനിലവാരത്തിലേക്ക് കേരളത്തിലെ കുട്ടികളുടെ പഠനമികവ് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സ്വീകരിച്ച നടപടി വിദ്യാർഥികളെ പിന്നോട്ടടിപ്പിച്ചില്ല എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് 99.07 എന്ന വിജയശതമാനം.
മികവുയർത്തി മിനിമം മാർക്ക്
പഠനനിലവാരം ഉയർത്തിയതിനൊപ്പം വിദ്യാർഥികളെ അത് നേരിടാൻ പ്രാപ്‌തരാക്കാനുള്ള നടപടികളും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നു. മിനിമം മാർക്ക് സന്പ്രദായം നടപ്പാക്കിയതും സ്‌കൂൾ പരീക്ഷകളിൽ 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്ക് പ്രത്യേക പിന്തുണ ഒരുക്കിയതും അതിന്റെ ഭാഗമായാണ്. ഓരോ ക്ലാസിലും വിദ്യാർഥികൾ ആർജിക്കേണ്ട ശേഷി നേടിയെന്ന് ഉറപ്പായശേഷം മാത്രമാണ് അടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകിയത്. എസ്‌എസ്‌എൽസി വിജയശതമാനത്തിൽ കഴിഞ്ഞവർഷത്തേക്കാൾ നേരിയ കുറവുണ്ടായെങ്കിലും പൊതുവിദ്യാഭ്യാസമേഖല ഏറെ മുന്നേറിയെന്നത് ശ്രദ്ധേയമാണ്. 2025–26 അധ്യയനവർഷം സമഗ്ര ഗുണമേന്മാ വർഷമായാണ് പൊതുവിദ്യാഭ്യാസവകുപ്പ് കണക്കാക്കിയത്. മുൻമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വിദഗ്‌ധരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കി.
എൽഡിഎഫ് സർക്കാർ രണ്ടുഘട്ടത്തിലായി ഒന്നുമുതൽ 10 വരെയുള്ള മുഴുവൻ പുസ്‌തകങ്ങളും പരിഷ്‌കരിച്ചു. അഞ്ചുലക്ഷം കുട്ടികളിൽനിന്ന് അഭിപ്രായം തേടിയാണ് പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയത്. ഹയർ സെക്കൻഡറി പുസ്‌തകപരിഷ്‌കരണവും കഴിഞ്ഞവർഷം ആരംഭിച്ചു. ഇത്തവണ പ്ലസ് വൺ വിദ്യാർഥികൾക്ക് ലഭിക്കുക പുതുക്കിയ പുസ്‌തകമാണ്. നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതികവിദ്യയും യുപി തലംമുതൽ പഠിപ്പിച്ചുതുടങ്ങിയത് ഇടതുപക്ഷ സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ മാതൃകകളാണ്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ മെഡിക്കൽ, എൻജിനിയറിങ് തുടങ്ങിയ പ്രവേശനപരീക്ഷകൾക്കായി വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഓണപ്പരീക്ഷയായിട്ടും പാഠപുസ്‌തകം ലഭിക്കാത്ത സ്ഥിതിയായിരുന്നു. എന്നാൽ, ഓരോ അധ്യയനവർഷവും അവസാനിക്കുംമുമ്പ് അടുത്തവർഷത്തേക്കുള്ള പുസ്‌തകങ്ങൾ കുട്ടികളുടെ കൈയിലെത്തുന്ന നിലയിലേക്ക് മാറ്റം കൊണ്ടുവന്നു. അടുത്ത അധ്യയനവർഷത്തെ പുസ്‌തക അച്ചടിയും നിലവിൽ അവസാനഘട്ടത്തിലാണ്.
അടിസ്ഥാനസൗകര്യം ടോപ് ക്ലാസ്
അക്കാദമിക മികവിലെ മുന്നേറ്റത്തിനൊപ്പം 10 വർഷത്തിനിടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യവും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ നയം പ്രാവർത്തികമാക്കാൻ ആധുനികമായ ഭൗതികസൗകര്യങ്ങൾ അത്യാവശ്യമാണെന്ന കാഴ്‌ചപ്പാടിൽ സ്‌കൂളുകളെല്ലാം ഹൈടെക് കെട്ടിടങ്ങളായി. സ്‌കൂളുകളിൽ എസിയും ലിഫ്‌റ്റുമെല്ലാം സാധാരണമായി. 973 പൊതുവിദ്യാലയങ്ങളിലായി കിഫ്ബി വഴി 4000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. ഇതിൽ കെട്ടിടനിർമാണത്തിനുമാത്രം 3000 കോടിയും ഹൈടെക് ക്ലാസ്‌മുറികൾക്കായി 1000 കോടിയും വിനിയോഗിച്ചു. ഇതിനുപുറമെ പ്ലാൻ ഫണ്ട്, നബാർഡ്, എംഎൽഎ ഫണ്ട്, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ വഴി 5000 കോടിയിലധികം രൂപയുടെ വികസനവും നടപ്പാക്കി.
കിഫ്ബി വഴി വിഭാവനം ചെയ്ത വിദ്യാലയങ്ങളിൽ 629 എണ്ണത്തിന്റെ നിർമാണം ഇതിനോടകം പൂർത്തിയാക്കി. തീരദേശ വികസന കോർപറേഷൻവഴി 53 സ്കൂളുകൾക്കും പുതിയ കെട്ടിടങ്ങൾ ഒരുക്കി.
എട്ടുമുതൽ 12 വരെ ക്ലാസിലെ 45,000 ക്ലാസ്‌മുറികൾ ഹൈടെക് ആക്കി. 11,275 സ്‌കൂളുകളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസിൽ ഹൈടെക് ലാബ് പദ്ധതി നടപ്പാക്കി. കൈറ്റിന്റെ നേതൃത്വത്തിൽ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലും 1,35,551 ലാപ്‌ടോപ്പും 69,945 പ്രൊജക്‌ടറും അനുബന്ധ ഐടി ഉപകരണങ്ങളും വിന്യസിച്ചു. കൂടാതെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 47,673 ലാപ്‌ടോപ്പുകളും വിതരണം ചെയ്‌തു. അടിസ്ഥാനസൗകര്യങ്ങളിലും അക്കാദമിക നിലവാരത്തിലും എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ മികവ് നമ്മുടെ പൊതുവിദ്യാഭ്യാസമേഖലയിൽ നേരിട്ടുകാണാനാകും. നമ്മൾ നേടിയ ഇൗ നേട്ടങ്ങൾ നിലനിർത്താനും മികവ് തുടരാനും കഴിയണം.
















