Articles
മനസ്സിലാക്കേണ്ട മറ്റൊരുവശം കേരളം ഉയർത്തുന്ന ഈ ജനകീയ ബദലിനെ തകർക്കാൻ കോർപ്പറേറ്റ് കഴുകന്മാർ വട്ടമിട്ടു പറക്കുകയാണ്.
ജനകീയ ആരോഗ്യ മാതൃകയെ തകർക്കാൻ കോർപ്പറേറ്റ് - വലതുപക്ഷ ഗൂഢാലോചന

ബാബുജി കെ ആർ
Published on Feb 24, 2026, 10:07 AM | 4 min read
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കാൻ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും സംയുക്തമായി നടത്തുന്ന നിരന്തരമായ കടന്നാക്രമണങ്ങൾ കേവലം യാദൃശ്ചികമല്ല. ആരോഗ്യരംഗത്തെ ഒറ്റപ്പെട്ട മനുഷ്യസഹജമായ വീഴ്ചകളെ പർവതീകരിച്ച്, ഒരു ജനതയുടെ മുഴുവൻ ജീവനാഡിയായ സർക്കാർ സംവിധാനങ്ങളെയാകെ കരിവാരിത്തേക്കുന്നതിന് പിന്നിൽ വ്യക്തമായ ഒരു നവലിബറൽ അജണ്ടയുണ്ട്. ആരോഗ്യത്തെ ഒരു അടിസ്ഥാന മനുഷ്യാവകാശമായി കാണുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (LDF) നയങ്ങൾക്ക് പകരം, മനുഷ്യജീവനെ വിപണിയിലെ വില്പനച്ചരക്കായി മാത്രം കാണുന്ന കോർപ്പറേറ്റ് മൂലധനശക്തികൾക്ക് ഈ നാടിനെ തീറെഴുതിക്കൊടുക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് നാം ഇന്ന് കാണുന്നത്. ഇത് സാധാരണക്കാരുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും ആരോഗ്യസുരക്ഷയ്ക്ക് നേരെയുള്ള മുതലാളിത്തത്തിന്റെ കടന്നുകയറ്റമാണ്.
ചികിത്സാ പിഴവുകൾ കേരളത്തിൽ മാത്രം പുതുതായി മുളച്ചുപൊന്തിയ ഒരു പ്രതിഭാസമാണെന്ന മട്ടിലാണ് വലതുപക്ഷ വിലാപങ്ങൾ. എന്നാൽ ആഗോള മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയിലെ കണക്കുകൾ ഈ പൊള്ളത്തരത്തെ തുറന്നുകാട്ടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ (WHO) 2019-ലെ കണക്കുകൾ പ്രകാരം മനുഷ്യന്റെ മരണകാരണങ്ങളിൽ പതിനാലാം സ്ഥാനത്താണ് ചികിത്സാ പിഴവുകൾ. വലതുപക്ഷത്തിൻ്റെ അപ്പോസ്തല രാജ്യമായ അമേരിക്കൻ ആരോഗ്യമേഖലയുടെ തനിനിറം 2016-ൽ പ്രശസ്തമായ ബി.എം.ജെ (BMJ) പഠനം പുറത്തുകൊണ്ടുവന്നതാണ്. BMJ 2016 പഠനം (Makary & Daniel) പ്രകാരം, അമേരിക്കയിൽ ഹൃദ്രോഗം, കാൻസർ എന്നിവയ്ക്കു ശേഷം മൂന്നാമത്തെ പ്രധാന മരണകാരണം ചികിത്സാ പിഴവുകളാണ്, പ്രതിവർഷം 2,51,454 കേസുകൾ (ഏകദേശം 2.51 ലക്ഷം) എന്നാണ് റിപ്പോർട്ട് പറയുന്നത്.
അമേരിക്കയിലെ നാഷണൽ പ്രാക്ടീഷണർ ഡാറ്റാ ബാങ്ക് (NPDB) കണക്കുകൾ പ്രകാരം പ്രതിവർഷം ശരാശരി 11,000 മുതൽ 12,000 വരെ മെഡിക്കൽ മാൽപ്രാക്ടീസ് പേയ്മെൻ്റുകൾ അവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് (ഫയൽ ചെയ്യുന്ന കേസുകൾ (lawsuits) ശരാശരി 17,000-20,000 ആണ് എല്ലാം പെയ്മെന്റിലേക്ക് പോകുന്നില്ല). കോർപ്പറേറ്റ് ആരോഗ്യ മോഡലുകൾ ഒരിക്കലും ജനങ്ങൾക്ക് സുരക്ഷിതത്വം നൽകുന്നില്ല എന്നതിന്റെ തെളിവാണിത്.
ഇന്ത്യയുടെ അവസ്ഥ ഇതിലും ദാരുണമാണ്. 2013-ലെ ഹാർവാർഡ് യൂണിവേഴ്സിറ്റി പഠനപ്രകാരം രാജ്യത്ത് ഓരോ വർഷവും ചികിത്സാ പിഴവുകൾക്ക് ഇരയാകുന്നത് 52 ലക്ഷം പേരാണ്. എന്നാൽ 2017 മുതൽ 2023 വരെയുള്ള ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഡാറ്റ പ്രകാരം ഇന്ത്യയിലൊട്ടാകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് വെറും 1203 കേസുകൾ മാത്രമാണ് (ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടവ മാത്രമാണ്, യഥാർത്ഥ സംഖ്യ കൂടുതലായിരിക്കാം). ഇതിൽത്തന്നെ ഉത്തർപ്രദേശിൽ 153 ഉം, ബിഹാറിൽ 128 ഉം, മധ്യപ്രദേശിൽ 123 ഉം മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 106 വീതവും അനാസ്ഥാ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇതേ ഏഴു വർഷത്തെ കണക്കെടുക്കുമ്പോൾ, കേരളത്തിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വെറും 11 കേസുകൾ മാത്രമാണ്! 2023-ൽ ഒരു മരണം പോലും ഈ ഗണത്തിൽ ഉണ്ടായിട്ടില്ല. വലതുപക്ഷം ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷിതത്വമാണ് ഈ കണക്കുകൾ അടിവരയിടുന്നത്. ഈ ദേശീയ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് കേരളത്തിലെ ആരോഗ്യമേഖലയുടെ മികവ് വ്യക്തമാകുന്നത്.
ഇനി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഡാറ്റക്ക് പകരം കേരളത്തിലെ ചില വലതുപക്ഷ മാധ്യമങ്ങൾ പറയുന്ന 5 വർഷത്തിനിടെ കേരളത്തിലെ സർക്കാർ ആശുപത്രികൾക്കെതിരെ ആകെ വന്നത് 47 പരാതികളാണ് ഉള്ളത് എന്ന് വാദത്തിന് സമ്മതിച്ചാൽ തന്നെയും കേരളത്തിൽ സർക്കാർ മേഖലയിലെ റിസ്ക് ശതമാനം വെറും 1% ത്തിലും വളരെ താഴെ മാത്രമാണ്. ഈ വസ്തുത മുൻപിലുള്ളപ്പോൾ ആണ് വലതുപക്ഷ മാധ്യമങ്ങൾ ചർച്ചകളെ സാധാരണക്കാർക്ക് അത്താണിയായ കേരളത്തിലെ സർക്കാർ ആശുപത്രികൾക്കെതിരെ വഴിതിരിക്കുന്നത്.
ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ, ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങൾക്കപ്പുറം, ഈ ജനകീയ ആരോഗ്യ സംവിധാനം പാവപ്പെട്ടവന്റെ അഭയകേന്ദ്രമാണ്. 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഒ.പി (OP) വിഭാഗത്തിൽ ചികിത്സ തേടിയത് 11.2 കോടി ആളുകളാണ്. 7.56 ലക്ഷം പേർ കിടത്തിച്ചികിത്സയ്ക്കും വിധേയരായി. 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം 89,775 ഓളം ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്.
ആഗോളതലത്തിൽ ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന പത്തു ശതമാനം പേർക്കും ചികിത്സാ പിഴവുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോൾ, കോടിക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന നമ്മുടെ സിസ്റ്റത്തിൽ സംഭവിക്കുന്ന വീഴ്ചകൾ വിരളമാണ്.
മനസ്സിലാക്കേണ്ട മറ്റൊരുവശം കേരളം ഉയർത്തുന്ന ഈ ജനകീയ ബദലിനെ തകർക്കാൻ കോർപ്പറേറ്റ് കഴുകന്മാർ വട്ടമിട്ടു പറക്കുകയാണ്. കെ.കെ.ആർ (KKR), ബ്ലാക്ക് സ്റ്റോൺ (Blackstone) തുടങ്ങിയ ആഗോള സാമ്രാജ്യത്വ മൂലധന ശക്തികൾ കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖലയിൽ കോടികളുടെ നിക്ഷേപമാണ് നടത്തുന്നത്. കെ.കെ.ആർ ബേബി മെമ്മോറിയലിലും മെയ്ത്രയിലും പിടിമുറുക്കിയപ്പോൾ, കിംസ് ഹെൽത്തിൽ ബ്ലാക്ക് സ്റ്റോണും നിക്ഷേപം നടത്തി. ഈ കോർപ്പറേറ്റ് ഭീമന്മാർക്ക് തടിച്ചുകൊഴുക്കണമെങ്കിൽ കേരളത്തിന്റെ നെടുംതൂണായ സർക്കാർ ആശുപത്രികൾ തകർന്നേ മതിയാകൂ എന്ന ഒരു വസ്തുത നിലനിൽക്കുന്നു.
ഈ ആഗോള കുത്തകകൾക്ക് വേണ്ടിയാണ് കോൺഗ്രസും പ്രതിപക്ഷവും ഇന്ന് കുഴലൂത്ത് നടത്തുന്നത്. യുഡിഎഫ് ഭരണകാലത്തെ പോലെ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികൾ ആയാൽ ചുറ്റുമുള്ള സ്വകാര്യ ആശുപത്രികളാണ് ലാഭം കൊയ്യുന്നത്. 2004-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ കേരള ഗവർണർ സിക്കന്തർ ഭക്ത് ചികിത്സാ അനാസ്ഥ മൂലം മരിച്ചുവെന്ന വലിയ ആരോപണം ഉയർന്നപ്പോൾ മൗനം പാലിച്ച വലതുപക്ഷമാണ്, ഇന്ന് ഇടതുപക്ഷ സർക്കാരിനെതിരെ നിരന്തരം വ്യാജപ്രചാരണങ്ങൾ പടച്ചുവിടുന്നത്.
മുതലാളിത്തത്തിന്റെ ഈ ജീർണ്ണിച്ച ആരോഗ്യ മാതൃകകൾക്ക് മുന്നിലാണ് എൽ.ഡി.എഫ് സർക്കാരിന്റെ ജനകീയ ബദൽ ലോകത്തിന് തന്നെ വഴികാട്ടിയാകുന്നത്. 'ആർദ്രം' മിഷനിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ലോകോത്തര നിലവാരമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി (FHCs) മാറ്റാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ (2016 മുതൽ 2026 വരെ), കാസ്‌പ് (Karunya Arogya Suraksha Padhathi - KASP), കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) തുടങ്ങിയ പദ്ധതികളിലൂടെ കേരള സർക്കാർ ഏകദേശം 12,000 കോടി രൂപയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകിയിട്ടുണ്ട്.
അമേരിക്കയേക്കാൾ മികച്ച ശിശുമരണ നിരക്ക് (IMR 5), ദേശീയ ശരാശരിയായ 97-നെ ബഹുദൂരം പിന്നിലാക്കിയ മാതൃമരണ നിരക്ക് (MMR 19; 2018-20 ലെ റിപ്പോർട്ട് പ്രകാരം), എല്ലാ ജില്ലകളിലും കാത്ത് ലാബുകൾ, അവയവമാറ്റ ശസ്ത്രക്രിയാ സൗകര്യങ്ങൾ എന്നിവയെല്ലാം ഒരു വിപണി സമ്പദ്‌വ്യവസ്ഥയിൽ പൊരുതി നേടിയ സമത്വത്തിന്റെ അടയാളങ്ങളാണ്.
തീർച്ചയായും, ജീവൻ രക്ഷിക്കേണ്ട കരങ്ങളിൽ നിന്ന് വീഴ്ചകൾ ഉണ്ടാകാൻ പാടില്ല. മാത്രമല്ല അത്തരം ഒറ്റപ്പെട്ട സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയും തിരുത്തലുകലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ട്രംപിന്റെ 'വ്യാപാര യുദ്ധം'ളും ഉണ്ടാകണം. എന്നാൽ ആ വീഴ്ചകളുടെ മറവിൽ, ലക്ഷക്കണക്കിന് തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഏക ആശ്രയമായ കേരള മോഡൽ ജനകീയ ആരോഗ്യ സംവിധാനത്തെ ആഗോള കോർപ്പറേറ്റുകൾക്ക് എറിഞ്ഞുകൊടുക്കാനുള്ള വലതുപക്ഷ ഗൂഢാലോചനയെ നാം തിരിച്ചറിയണം.
ഇത് കേവലമൊരു രാഷ്ട്രീയ പോരാട്ടമല്ല; പൊതുജനാരോഗ്യത്തെ വിപണിക്ക് തീറെഴുതിക്കൊടുക്കുന്ന നവലിബറൽ നയങ്ങൾക്കെതിരെ, സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള തൊഴിലാളിവർഗ്ഗത്തിന്റെ വർഗ്ഗസമരം കൂടിയാണ്. ഈ ബദൽ സംവിധാനത്തെ നമ്മൾ സംരക്ഷിക്കുക തന്നെ ചെയ്യണം.















