മൊതലാളീ... ചങ്ക ചകചകാ


എൻ എസ് സജിത്
Published on Sep 26, 2025, 11:47 PM | 3 min read
രാജീവ്‌ജിയുടെ പത്രാസ് അറിയണമെങ്കിൽ മൂപ്പര് ഉപവിഷ്‌ടനായ സിംഹാസനത്തിൽ തൊട്ടുമുന്പ് വാണരുളിയ മാന്യദേഹം ആരെന്നറിയണം. കോഴിക്കോട്ടെ ഉള്ളിയേരിയിൽനിന്ന് ഒരു വള്ളപ്പാട് ദൂരംപോലുമില്ല സുരേട്ടന്റെ വീട്ടിലേക്ക്. ഉള്ളിയേരി എന്ന് കൽപ്പിച്ചൂട്ടി പറഞ്ഞതാണെന്ന് തോന്നിയാൽ സുരേട്ടൻ മാപ്പാക്കണം. ഉള്ളിയേരിയിലെ ഉള്ളിയും ഉള്ളിക്കറിയിലെ ഉള്ളിയുമൊക്കെ വീണ്ടും പരാമർശവിധേയമാക്കണമെന്ന ദുരുദ്ദേശ്യമൊന്നുമില്ല. അല്ലെങ്കിലും ഉള്ളിയേരിയിൽ മാത്രമൊതുങ്ങേണ്ടയാളാണോ സുരേട്ടൻ. കൊടകരയെന്ന് കേട്ടാലും മഞ്ചേശ്വരമെന്ന് കേട്ടാലും കോന്നിയെന്ന് കേട്ടാലും ശബരിമലയെന്ന് കേട്ടാലും ഹാൻസ് എന്നു കേട്ടാലും മലയാളിക്ക് ഓർമവരും ആ മുഖ‘കമലം.’ ‘നാടകാന്തം കവിത്വം’ എന്നു പറഞ്ഞപോലെ കൊടകരയിൽ ‘മോഷണാന്തം ജാമ്യം’ സിദ്ധിച്ച അവസ്ഥയിൽ കൂടുതൽ പറയുന്നില്ല.
ഇതാണ് പ്രശ്‌നം. പറഞ്ഞുപറഞ്ഞ് ഏതോ കൊടുംകാട്ടിൽ കയറിപ്പോയി. രാജീവ് ചന്ദ്രശേഖർ എന്ന ഉഗ്രമൂർത്തിയെക്കുറിച്ച് പറഞ്ഞുവന്നപ്പോൾ എന്തിനാണ് സുരേട്ടൻ എന്ന പാവം കടിഞ്ഞൂൽപ്പൊട്ടനെക്കുറിച്ച് പറഞ്ഞത്. രണ്ടും തമ്മിൽ ആടും ആടലോടകവും അല്ലെങ്കിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. അബ്ദുള്ളക്കുട്ടിയടക്കം ബിജെപിക്കാർ ആരാധിക്കുന്ന ദേവഭാഷയിൽ അജഗജാന്തരം എന്നൊക്കെ പറയാം. ഇനി പറഞ്ഞു പറഞ്ഞ് അബ്‌ദുള്ളക്കുട്ടിയിലേക്ക് പോകാൻ വയ്യ. അബ്‌ദുള്ളക്കുട്ടി നിൽക്കുന്നിടത്ത് സമാധാനത്തിൽ നിൽക്കട്ടെ. നമുക്ക് യു ടേണെടുത്ത് രാജീവ്‌ജിയിലേക്ക് വരാം.
ബിജെപിയിലെ സാദാപ്രവർത്തകരെപ്പോലെ ബിപിഎൽ അല്ല രാജീവ്‌ജി. ബിപിഎൽ എന്ന് കേൾക്കുന്പോഴേ രാജീവ്‌ജിക്ക് കലിയാണ്. എന്തിന്റെ കുറവാണ് മൂപ്പർക്ക്. സുരേഷ് ഗോപിയുടെ ഭാഷയിൽ ഉന്നതകുല ജാതൻ, കുലീനൻ, ജനിച്ചപ്പോഴേ വ്യവസായി, രാജകല. മേജർ രവിയേക്കാൾ വലിയ രാജ്യസ്‌നേഹി. കീർത്തിചക്ര സിനിമയുടെ പോസ്റ്റർ കണ്ടാൽ വണ്ടി നിർത്തി സല്യൂട്ടടിക്കും. അമ്മായി അപ്പന്റെ വ്യവസായസാമ്രാജ്യത്തിന് എള്ളും പൂവും നുള്ളി അർപ്പിച്ച് ഉദകക്രിയ ചെയ്‌തവനെന്ന് ശത്രുഭാഗത്തുനിന്ന് ഒരാക്ഷേപമുണ്ട്. എന്നാലെന്താ എത്ര കോടിയുടെ വ്യവസായസ്ഥാപനങ്ങളാണ് സ്വന്തമായുള്ളത്. ബിജെപി കേരളഘടകം പ്രസിഡന്റാണെങ്കിലും മലയാളം വെടിപ്പായി പറയാൻ അറിയില്ലെന്നത് നിർമിത ബുദ്ധിയുടെ കാലത്ത് അത്രവലിയ അയോഗ്യതയൊന്നുമല്ല.
പട്ടിണി കിടക്കാൻ വേണം പതിനായിരം എന്നു പറഞ്ഞപോലെയാണ് രാജീവ്‌ജി സംസ്ഥാന പ്രസിഡന്റിന്റെ ചുമതലയേറ്റശേഷം മാരാർജിഭവനിലെ കാര്യങ്ങൾ. ഭീഷണിപ്പെടുത്തലും മണ്ടത്തരം പറച്ചിലും ഒഴിച്ചുനിർത്തിയാൽ പാർടിക്ക് പ്രത്യേകിച്ച് ആക്ടിവിറ്റീസ് ഒന്നുമില്ലെങ്കിലും തലസ്ഥാനത്തെ അരിസ്‌റ്റോ ജങ്‌ഷനിലെ ചീഫ് മിനിസ്‌റ്റേഴ്‌സ് ഓഫീസ് ഉൾപ്പെടെയുള്ള മാരാർജിഭവൻ സമുച്ചയത്തിലെ കാര്യങ്ങൾ നോക്കിനടത്താനും നിത്യനിദാന ചെലവുകൾക്കായി മാസം രണ്ടുകോടി രൂപയെങ്കിലും വേണംപോലും. വ്യവസായി പ്രസിഡന്റായാൽ ഇങ്ങനെ ചില ആർഭാടങ്ങൾ അനിവാര്യമാണെന്ന് ബിപിഎല്ലുകാരായ (ശ്ശെ, പിന്നേം ബിപിഎൽ) ചില നേതാക്കൾക്കേ അറിയാതുള്ളൂ. ഇൗ ചെലവാക്കുന്ന പണത്തിന്റെ ഒരു ചെറ്യേ പങ്ക് മതിയായിരുന്നു തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ തിരുമല അനിലിന്റെ ജീവൻ രക്ഷിക്കാനെന്നൊക്കെ ഇൗ ബിപിഎല്ലുകാർ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
തിരുമല അനിൽ മരിക്കുന്നതിന് രണ്ടുനാൾമുന്പ് തന്നെ കണ്ട് സഹകരണ സൊസൈറ്റി കാര്യം സംസാരിച്ചെന്ന് അഭിമാനപൂർവം ഫെയ്‌സ്‌ബുക്കിൽ പറഞ്ഞതിനെക്കുറിച്ചാണ് കൈരളി ചാനലിന്റെ റിപ്പോർട്ടർ ചോദിച്ചത്. കൊത്തിക്കൊത്തി മുറത്തിൽ കേറി കൊത്തിയ ലേഡി റിപ്പോർട്ടർക്ക് ഏഷ്യാനെറ്റ് മുതലാളിയെക്കുറിച്ച് എന്തറിയാം? കൈരളി ചാനലിന്റേത് ജേർണലിസം അല്ലെന്ന് മുതലാളി വിധിച്ചാൽ വിധിച്ചതാ. തന്നോട് അസുഖകരമായ ചോദ്യം ചോദിക്ക്യേയ്... അസംഭവ്യം. അതും ഒരു പെണ്ണ്. ശിവശിവ. മുതലാളിയോട് ഇതുവരെ അങ്ങനെ ഒരു ചോദ്യവും ചോദിക്കാൻ ആർക്കും ധൈര്യം വന്നിട്ടില്ല. ഏഷ്യാനെറ്റിലുള്ളവരെ കണ്ടു പഠിച്ചൂടേ നിങ്ങൾക്ക്. അവരാണ് മൂപ്പരെ സംബന്ധിച്ച് യഥാർഥ ജേർണലിസ്റ്റുകൾ. ക...മാന്നൊരു ചോദ്യം ചോദിക്കില്ല മുതലാളി ശന്പളം കൊടുത്ത് തീറ്റിപ്പോറ്റുന്നവർ. ഒരിക്കൽ പ്രയാഗ്‌രാജ് കുംഭമേളയിലെ അപകടത്തെക്കുറിച്ച് എന്തോ വേണ്ടാത്തത് പറഞ്ഞതിന് കവർ സ്‌റ്റോറിയുടെ കവർ കീറേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയത് പരസ്യമായാണ്. ഏഷ്യാനെറ്റ് ഇതരരുടെ ചോദ്യം കേട്ടാൽ, അതും ഇത്തിപ്പോരം പോന്ന പെൺകുട്ടികൾ ചോദ്യം ചോദിച്ചാലൊന്നും മുതലാളിക്ക് രസിക്കില്ല. കോപംകൊണ്ട് കണ്ണുപൊട്ടനാകും. ഉഗ്രമൂർത്തിയുടെ ചോരക്കണ്ണുകളിൽനിന്ന് തീ പറക്കും. കാമറയും മൈക്കും ഭസ്‌മമാക്കും. നെറ്റിയുടെ ഇടത്തും വലത്തും കൊന്പുമുളയ്‌ക്കും. അതുവരെ ഒളിപ്പിച്ചുവച്ച ദംഷ്‌ട്രകൾ പുറത്തേക്ക് വരും. നീ മിണ്ടരുത് എന്നൊക്കെ അട്ടഹസിക്കും. സ്വന്തം വീട്ടിലുള്ളവരോട് പറഞ്ഞുശീലിച്ച കാര്യങ്ങൾ അറിയാതെ പൊതുജനമധ്യത്തിലും വിളമ്പിപ്പോകും വികാരവിജൃംഭിതൻ. അതൊക്കെ കേട്ട് കോറസായി ചിരിക്കാൻ കുറെ വിദൂഷകർ പിന്നിലുള്ളപ്പോൾ ഏതു മുതലാളിക്കാണ് നിയന്ത്രണം വിടാതിരിക്കാനാകുക.
ഏഷ്യാനെറ്റ് ഒഴികെയുള്ള ചാനലുകളിലെ ജേർണലിസ്റ്റുകൾ ഇൗ മുതലാളിയുടെ ചരിത്രം ഒന്നു പഠിക്കുന്നത് നന്നായിരിക്കും. മുതലാളി ഏഷ്യാനെറ്റിന്റെ മുതലാളിമാത്രമല്ലെന്നും ആദ്യം മനസ്സിലാക്കുക. പ്രതിരോധ മേഖലയിലെ ഇൻവെസ്റ്ററാണ്. എന്നിട്ടും 2017ൽ പാർലമെന്റിന്റെ ഡിഫൻസ് സ്റ്റാൻഡിങ് കമ്മിറ്റി അംഗമാകാൻമാത്രം സ്വാധീനമുണ്ട്. അതിൽ താൽപ്പര്യങ്ങളുടെ ഏറ്റുമുട്ടലുണ്ടെന്ന് വാർത്ത നൽകിയ ദ വയർ ഡോട്ട് കോമിനെതിരെ കോടതിവിധി സന്പാദിച്ചയാളാണ് മുതലാളി. ഇൗ വാർത്തയും റിപ്പബ്ലിക് ടിവിയിലെ ഓഹരി സംബന്ധിച്ച വാർത്തയും കോടതിയെക്കൊണ്ട് പിൻവലിപ്പിച്ചശേഷമാണ് മുതലാളി അടങ്ങിയത്.
ഗുണപാഠം: കോടീശ്വരന്മാരെ ബഹുമാനിക്കാൻ പഠിച്ചാ നിങ്ങൾക്ക് കൊള്ളാം.എൻ എസ് സജിത്















