ad
Deshabhimani

Articles

ഇവിടെ ‘സമാധി’യാക്കി
കൊടുക്കപ്പെടും

ഇവിടെ ‘സമാധി’യാക്കി
കൊടുക്കപ്പെടും

karnataka satire
avatar
എൻ എസ്‌ സജിത്‌

Published on Aug 04, 2025, 10:10 PM | 2 min read

പ്രിയ സുഹൃത്തുക്കളേ... നാട്ടുകാരേ. അങ്ങനെ അക്കാര്യത്തിൽ ഒരു തീരുമാനമായി. സംഭവത്തിന്റെ ക്ലൈമാക്‌സിൽ ഇങ്ങനൊയൊരു ട്വിസ്റ്റ്‌ ആര്‌ പ്രതീക്ഷിച്ചു. ഒ ഹെൻട്രിക്ക്‌ സാധിച്ചിട്ടുണ്ടോ ഇങ്ങനെ ട്വിസ്റ്റാൻ? ഷെർലക്‌ ഹോംസ്‌ ശീർഷാസനം ചെയ്‌ത്‌ പൈപ്പിൽ പുകയിലയിട്ട്‌ കത്തിച്ച്‌ ഊതിയാൽ കിട്ടുമോ ഇങ്ങനെയൊരു ത്രെഡ്‌? അഗതാ ക്രിസ്റ്റി അമ്മികുമ്മായം മറിഞ്ഞാൽ സാധിക്കുമോ ഇജ്ജാതി ഒരണ്ണം? ഏ....ഹെ. അമ്മാതിരി സാധനല്ലേ.


ഇനി കാമറ മെെസൂരിലേക്ക്‌ പാൻ ചെയ്‌തോട്ടെ. അവിടെ കാവി ഷാൾ ധരിച്ച്‌ രാമയ്യ അശോക തയ്യാർ. മോണയ്‌ക്കും കീഴ്‌ച്ചുണ്ടിനുമിടയിൽ തമ്പാക്കിന്റെ കുഞ്ഞുതലയിണ ഭദ്രമാണെന്ന്‌ ഒന്നുകൂടി ഉറപ്പുവരുത്തുന്നു (ഇക്കാര്യത്തിൽ സുരേന്ദ്രനെക്കാൾ മോഡേണാണ്‌ട്ടോ രാമയ്യ അശോക. ചുണ്ണാമ്പുചേർത്താണ്‌ സുരേട്ടന്റെ കൈക്രിയ). നമ്മൾ അധികം കേട്ടു പരിചയമില്ലാത്തയാളാണ്‌ കഥാനായകൻ. സ്‌തോഭജനകമായ പ്രഹേളികയുടെ ഘോരാന്ധകാരത്തിലേക്ക്‌ പതിനായിരം വാട്ട്‌ ലൈറ്റിന്റെ വെളിച്ചം വാരിവിതറാൻ തയ്യാറെടുക്കുകയാണ്‌ ഭവാൻ. രാമയ്യ അശോക്‌ ആരെന്ന്‌ പറയാം. ബിജെപി നേതാവും സർവോപരി കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവും. ഏതാണ്ട്‌ നമ്മുടെ നാട്ടിലുള്ള ഉസ്‌മാൻ ഒന്നാമനെയും ഉസ്‌മാൻ രണ്ടാമനെയും പോലെ ഒരൈറ്റം. എന്നാൽ ചെറ്യേ വ്യത്യാസം. ഉസ്‌മാൻമാർ കോൺഗ്രസെങ്കിൽ കർണാടകത്തിലുള്ളത്‌ ബിജെപിയാണ്‌. പാർടികളുടെ കൊടിയിലെ നിറവും പേരും മാത്രമേ മാറുന്നുള്ളൂ. ഒരേ ചോര, ഒരേ നയം, ഒരേ വങ്കത്തരം. തങ്ങൾ പൊടിപ്പും തൊങ്ങലുംകൊണ്ട്‌ ഡെക്കറേറ്റ്‌ചെയ്‌ത്‌ പറയുന്ന മണ്ടത്തരമൊക്കെ നാട്ടുകാർ അതേപടി വിശ്വസിക്കുന്നുണ്ടെന്ന്‌ സ്വയം വിശ്വസിച്ച്‌ നടക്കുന്ന സാധുക്കൾ. അക്കാര്യത്തിൽ കോൺഗ്രസ്‌–- ബിജെപി ഭേദമോ കേരള–- കർണാടക ഭേദമോ അശേഷല്യ. ദേശാതിർത്തികൾ ലയിച്ചു പോകുന്നത്‌ അങ്ങനെയാണ്‌.


കാമറ റോളിങ്‌, ഇനി സാർ പറഞ്ഞു തുടങ്ങിക്കോളൂ. ദാ വരുന്നു, മഹാശയന്റെ കന്നഡമൊഴി. ലോകത്തിലെ ഒരു അപസർപ്പകനും സഞ്ചരിക്കാത്ത വഴിയിലൂടെയാണ്‌ സഞ്ചാരം. ചീറിവരുന്നു മഹത്തായ വെളിപ്പെടുത്തൽ. ‘‘ധർമസ്ഥലയെ അധർമസ്ഥലയാക്കിയെന്ന്‌ പറഞ്ഞ്‌ പരാതി കൊടുത്തത്‌ ഒരു മുസ്ലിമാണ്‌.’’ ഹുയ്‌ശ്‌...കേട്ടുനിന്നവർ തലമാന്തി. തലയിലൊന്നുമില്ലാത്തവർ നെഞ്ച്‌ തടവി. ഞെട്ടൽ മാറുംമുമ്പേ അടുത്ത വെടി. നാലടി കുഴിച്ചാൽ പെണ്ണായി ഭൂമിയിൽ പിറന്നവരുടെ നാൽപ്പത്‌ അസ്ഥികൂടങ്ങളെങ്കിലും കണ്ടെത്താൻ സാധ്യതയുള്ള ധർമസ്ഥലയെക്കുറിച്ചുള്ള വാർത്തകൾക്കുപിന്നിലെ ഗൂഢാലോചന കേരള സർക്കാർ വഹയാണുപോലും. അതായത്‌ പിണറായി വിജയൻ ബുധനാഴ്‌ചതോറും വിളിച്ചുചേർക്കുന്ന മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്‌സ് തയ്യാറാക്കുന്നത് താനാണെന്ന ഭാവം ഭസ്‌മചന്ദനാദികൾ പൂശിയ മൂപ്പരുടെ മുഖത്തുണ്ട്‌. ഒന്നും രണ്ടും ഉസ്‌മാൻമാരിൽ പോലും കാണാത്ത ധൈര്യം. കൈയിൽ കെട്ടിയ അസംഖ്യം വർണച്ചരടുകളിലൊന്നിൽ തഴുകിക്കൊണ്ട്‌ മഹാശയൻ മൊഴിഞ്ഞു, ‘‘ഇത്‌ ധർമത്തെ ഇകഴ്‌ത്താനുള്ള ഗൂഢാലോചന. ഞാളെ ക്ഷേത്രത്തിൽ ഞാളെ ആൾക്കാരെ സ്വർഗസ്ഥരാക്കിയാൽ നിങ്ങക്കെന്താ പച്ചകളേ’’ എന്നൊരു ഐറ്റംകൂടി! ഹോ...കോൾമയിർ കൊണ്ടിട്ട്‌ വയ്യ.


ഛത്തീസ്‌ഗഡിൽ ദുർഗ്‌ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ രണ്ട്‌ കന്യാസ്‌ത്രീകളെ ഭദ്രമായി കൊണ്ടുപോയി ഒരു പരിക്കുമേൽപ്പിക്കാതെ പൊലീസ്‌ സ്റ്റേഷനിലും അതുകഴിഞ്ഞ്‌ ജയിലിലും സുരക്ഷിതരാക്കിയതും ആദിവാസി പെൺകുട്ടികളെ സനാതനധർമ വിധിപ്രകാരം ബലാത്സംഗം ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തിയതും മുസ്ലിങ്ങളും പിണറായി വിജയനുമാണെന്ന്‌ പറഞ്ഞില്ല, ഭാഗ്യം. രാജ്യത്തെ മുസ്ലിങ്ങളും മലയാളികളും എത്ര മഹാഭാഗ്യവാന്മാർ. അശോകയുടെ അത്രയും ധൈര്യം പാംപ്ലാനി പിതാവിൽ മാത്രമേ കണ്ടുള്ളൂ. ‘കന്യാസ്‌ത്രീകളെ ആക്രമിച്ചവർക്ക്‌ ഭരണകൂടവുമായി ബന്ധമില്ല, രാജ്യത്ത്‌ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന്‌ വരുത്തിത്തീർക്കാൻ ആരൊക്കെയോ പ്ലാൻ ചെയ്യുന്നു, അവരെ മോചിപ്പിച്ച അമിത്‌ ഷായെ ശ്ലാഘിക്കുന്നു എന്നൊക്കെയാണ്‌ ഒരാഴ്‌ചകൊണ്ട്‌ പാംപ്ലാനി പിതാവ്‌ നൽകിയ സുവിശേഷങ്ങൾ.


കുറേ ഭാരതാംബമാരെ മണ്ണിനടിയിൽ ആചാരനുഷ്‌ഠാനനിഷ്‌ഠയോടെ സുരക്ഷിതരാക്കി ‘സംഭവാമി യുഗേ യുഗേ’ എന്നുരുവിട്ട്‌ പ്രാർഥനയോടെ മടങ്ങിയവരുടെ നാടാണ്‌ ധർമസ്ഥല. കുഞ്ഞുപെൺകുട്ടികൾ മുതൽ ഗർഭിണികളെവരെ നിറവയറോടെ അടക്കം സ്വർഗസ്ഥരാക്കിയ പുണ്യഭൂമി. എത്ര കന്യകമാർ സമാധിയായെന്ന്‌ ഒരു കണക്കുമില്ല. കന്യാസ്‌ത്രീകളെയെന്ന, പോലെ ഇനി പരാതി പറഞ്ഞെന്ന പേരിൽ രാജ്യദ്രോഹ ചാപ്പകുത്തി കുറേ മുസ്ലിങ്ങളെ തടവിലിടണം. താന്ത്രിക കാപട്യമല്ല, ആചാരപ്രകാരമാണ്‌ ഈ സമാധികളെന്ന്‌ വാദിച്ചുറപ്പിക്കണം. പിന്നെ സംഘപരിവാറിന്റെ 24 x 7 സൈബർ ഫാക്‌ടറിവഴി കേരളവിദ്വേഷ ഉൽപ്പന്നങ്ങൾ പടച്ചിറക്കണം. ഫാമിലി ഗ്രൂപ്പുകളിൽ കേശവൻ മാമൻമാരെ സജ്ജരാക്കണം. സംഘികൾക്കിനി വിശ്രമിക്കാൻ ഒട്ടും നേരമില്ല.



Deshabhimani
Home