നികൃഷ്ടമാകുന്നോ മാധ്യമപ്രവർത്തനം


കെ വി സുധാകരൻ
Published on Aug 03, 2026, 01:30 AM | 3 min read
മാധ്യമ പ്രവർത്തനം, സമൂഹത്തെയാകെ പുതുക്കിപ്പണിയുകയാണ് ചെയ്യുന്നതെന്ന പരമ്പരാഗത സങ്കൽപ്പത്തിൽ ഏറ്റവും ഉദാത്തമായ ജോലിയായാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ, വർത്തമാനകാലത്തെ പല മാധ്യമങ്ങളുടെയും രീതി കാണുമ്പോൾ ഇത് ഇത്രയേറെ അധമമായോ എന്ന സംശയമുണ്ടാകും. വിശ്രുത അമേരിക്കൻ നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്ന മാർക്ക് ട്വയ്ൻ (1835-–-1910) പറഞ്ഞ കൗതുകകരമായ നിരീക്ഷണം ഇങ്ങനെയായിരുന്നു.‘നിങ്ങൾ പത്രം വായിക്കാതിരുന്നാൽ വിവരങ്ങളൊന്നും അറിയില്ല. എന്നാൽ വായിച്ചാലോ? അറിയുന്നത് തെറ്റായ വിവരങ്ങളായിരിക്കും. കുറച്ചുകഴിഞ്ഞപ്പോൾ അന്നത്തെ പത്രങ്ങൾ വാർത്തകൾ നൽകുന്നതിൽ കാണിച്ചുകൊണ്ടിരുന്ന ഹീനമാർഗങ്ങൾ ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം കുറച്ചുകൂടി കടത്തി പറഞ്ഞു.
"തുടക്കത്തിൽ നിങ്ങൾക്ക് ക്രിമിനൽ സ്വഭാവം ഉണ്ടായിരുന്നില്ല. പക്ഷേ സാഹചര്യങ്ങൾ മാറ്റമുണ്ടാക്കി. ഒമ്പതാം വയസ്സിൽ നിങ്ങൾ പഞ്ചസാര മോഷ്ടിച്ചു. 15–-ാം വയസ്സിൽ പണം മോഷ്ടിച്ചു. 20ൽ എത്തിയപ്പോൾ നിങ്ങൾ കുതിരകളെ മോഷ്ടിച്ചു. 25 വയസ്സായപ്പോൾ നിങ്ങൾ തീവെട്ടിക്കൊള്ള നടത്തി. 30 വയസ്സിലെത്തിയപ്പോൾ കുറ്റകൃത്യങ്ങളിൽ മുഴുകിയ കഠിന ഹൃദയനായി. അപ്പോൾ നിങ്ങളൊരു പത്രാധിപരായി.
ചില മാധ്യമ പ്രവർത്തകരുടെ നിരുത്തരവാദപരവും അധാർമികവും ഹീനവുമായ റിപ്പോർട്ടിങ്ങും വാർത്താഅവതരണവും കാണുമ്പോൾ മാർക്ക് ട്വയ്ൻ ക്രാന്തദർശിയായിരുന്നില്ലേ എന്നു തോന്നിപ്പോകുന്നു.
അരനൂറ്റാണ്ടിലേറെയായി പ്രതിജ്ഞാബദ്ധമായ പൊതുപ്രവർത്തനം നടത്തി അഖിലേന്ത്യാതലത്തിൽ ശ്രദ്ധേയയായ പി കെ ശ്രീമതിക്കെതിരെ രാഷ്ട്രീയ ദുഷ്ടലാക്കോടെ നൽകിയ വാർത്തയാണ് മാധ്യമ പ്രവർത്തനത്തിന്റെ അധമസീമകൾ എത്ര വിശാലമായി എന്ന് ബോധ്യപ്പെടുത്തുന്നത്. മാധ്യമ പ്രവർത്തനത്തിന്റെ എല്ലാ അടിസ്ഥാന മര്യാദകളെയും പിച്ചിച്ചീന്തുന്ന വാർത്തയായിരുന്നുവല്ലോ അത്. പതിറ്റാണ്ടുകൾക്കുമുമ്പ് മരിച്ചുപോയ തൃശൂരിലെ എംഎൽഎയുടെ പത്നി എന്ന നിലയിൽ വ്യാജരേഖ നിർമിച്ച് പെൻഷൻ വാങ്ങുന്നു എന്നായിരുന്നു സംഘപരിവാർ അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.
ഇത്തരം വ്യാജ വാർത്താനിർമിതിയെ മാധ്യമപ്രവർത്തനം എന്നാണോ വിളിക്കേണ്ടത്? പണ്ഡിതന്മാരൊക്കെ പറഞ്ഞുവച്ചിട്ടുള്ളത് വാർത്തകൾ സത്യസന്ധവും വസ്തുനിഷ്ഠവും ആയിരിക്കണമെന്നാണ്. അതിന് വിശ്വാസ്യത ഉണ്ടാകണം. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർ, ലഭിക്കുന്ന വിവരങ്ങൾ പല തവണ, പല രൂപത്തിൽ പരിശോധിച്ച് ഉറപ്പു വരുത്തിയതിനുശേഷമേ കൊടുക്കാവൂ എന്നാണ്. വസ്തുതാപരമായ വിവരങ്ങൾ പൂർണതോതിൽ വാർത്തയിലുണ്ടെന്ന് ഉറപ്പുവരുത്താൻ ഗവേഷണം ആവശ്യമുണ്ടെങ്കിൽ അതും നടത്തണമെന്ന് പറയുന്നുണ്ട്. വാർത്തകൾ നൽകുന്നതിൽ ഉയർന്ന ധാർമികതയും മികച്ച പ്രൊഫഷണലിസവും കാണിക്കണം.
ഇതിനെക്കുറിച്ചൊക്കെ തുടക്കകാലത്തിൽ മലയാളികളോട് പറഞ്ഞത് സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയാണ്. "പത്രക്കാരനെ ജനങ്ങൾ അവരുടെ പ്രതിനിധിയായി കണ്ട് വിശ്വസിക്കുന്നു. അതുകൊണ്ട് പത്രക്കാരൻ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്' എന്നാണ് സ്വദേശാഭിമാനി 1912ൽ പ്രസിദ്ധീകരിച്ച, മലയാള പത്രപ്രവർത്തനത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങളിൽ ഒന്നായ "വൃത്താന്തപത്രപ്രവർത്തന'ത്തിൽ പറയുന്നത്. വലിയൊരു പത്രപ്രവർത്തകനായിരുന്ന ഗാന്ധിജി, പത്രപ്രവർത്തനം ഒരു സേവനമാണെന്ന് പറഞ്ഞു. തടസ്സങ്ങളില്ലാതെ കുത്തിയൊഴുകുന്ന മഴ നാടിനെ മുഴുവൻ മുക്കിക്കളയുകയും വിളകൾ നശിപ്പിക്കുകയും ചെയ്യുന്നതുപോലെ, നിയന്ത്രണമില്ലാത്ത പേന നാശമേ ഉണ്ടാക്കൂ" എന്നും ഗാന്ധിജി പറഞ്ഞു. താൻ അലസമായോ ദേഷ്യം പൂണ്ടോ വിദ്വേഷത്തോടെയോ ഒന്നും എഴുതില്ലെന്നും ഗാന്ധിജി "യങ് ഇന്ത്യ'യിൽ എഴുതിയത് 1934ലാണ്.
പത്രപ്രവർത്തന മര്യാദകൾ ആധികാരികമായി പ്രതിപാദിക്കുന്ന 1947ലെ "ഹച്ചിൻസ് കമ്മിറ്റി' റിപ്പോർട്ടിലും ഇതു പറയുന്നുണ്ട്. അച്ചടിച്ച പത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്താണ് ഈ പരികൽപ്പനകളൊക്കെ വന്നിട്ടുള്ളതെങ്കിലും, ഏതുകാലത്തും ഏതുതരം മാധ്യമങ്ങൾക്കും ബാധകമായ നിബന്ധനകളാണ് ഇവയെല്ലാം. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോഴാണ് ശ്രീമതിക്കെതിരെ വാർത്തയിലൂടെ നടത്തിയ ഹീനമായ ആക്രമണത്തിന്റെ ഗൗരവം ബോധ്യപ്പെടുന്നത്. എംഎൽഎയുടെ കുടുംബ പെൻഷൻ വാങ്ങിയ ശ്രീമതി 2020 ഫെബ്രുവരി 24ന് മരിച്ചുപോയതാണെന്നകാര്യം അവരുടെ കുടുംബംതന്നെ വ്യക്തമാക്കി.
നിയമസഭാ സെക്രട്ടറിയറ്റിൽനിന്ന് വിവരാവകാശ അപേക്ഷയ്ക്കുലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയത് എന്നാണ് ബിജെപി–ആർഎസ്‌എസ് ചാനൽ ജനം ടിവിയും മറ്റുചില ഓൺലൈൻ ചാനലുകളും പറയുന്നത്. ഇതിൽ രണ്ടുതരത്തിലുള്ള സംശയങ്ങൾക്ക് താഴെ പറയുന്നവർ മറുപടി നൽകേണ്ടതുണ്ട്.
1. വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയ നിയമസഭാ സെക്രട്ടറിയറ്റിലെ വിവരാവകാശ ഓഫീസർ
2. തെറ്റായ വാർത്ത നൽകിയ ചാനലുകളും വാർത്ത അവതരിപ്പിച്ചവരും
പി കെ ശ്രീമതി ഒരു എംഎൽഎയുടെ ഭാര്യയുടെ പേരിൽ കുടുംബ പെൻഷൻ വാങ്ങി എന്നാണല്ലോ വാർത്തയിൽ പറയുന്നത്. ഇതിന് ഉപോൽബലകമായ എന്തു രേഖയും വിവരവുമാണ് ബന്ധപ്പെട്ട വിവരാവകാശ ഓഫീസർ ചാനൽ പ്രവർത്തകർക്ക് നൽകിയത്? കേവലമൊരു പേരിന്റെ സാമ്യംകൊണ്ടുമാത്രം സംഭവിക്കാവുന്ന പിഴവല്ലല്ലോ ഇത്! കാരണം സിപിഐ എം നേതാവ് പി കെ ശ്രീമതി നേരത്തെ എംഎൽഎയും മന്ത്രിയും ലോക്‌സഭാ അംഗവും ആയിരുന്നയാളാണ്. നിയമസഭയുടെ "ഹൂ ഇൗസ് ഹൂ' പുസ്തകത്തിൽത്തന്നെ ശ്രീമതി അടക്കമുള്ള മുൻ എംഎൽഎമാരുടെ എല്ലാ വിവരങ്ങളുമുണ്ട്. പി കെ ശ്രീമതിയുടെ ഭർത്താവ് മുൻ എംഎൽഎ അല്ലെന്നും പരേതനായ ഇ ദാമോദരൻ ആണെന്നും നിയമസഭയുടെ ബന്ധപ്പെട്ട പുസ്തകത്തിലുണ്ട്. ഇക്കാര്യം മനസ്സിലാക്കാതെയോ, മനസ്സിലാക്കിയിട്ടും മറച്ചുവച്ചോ ആ വിവരാവകാശ ഓഫീസർ മറുപടി നൽകിയിട്ടുണ്ടെങ്കിൽ, അതിനുപിന്നിലെ ചേതോവികാരം എന്താണ്? സിപിഐ എം നേതാവ് പി കെ ശ്രീമതി കുടുംബ പെൻഷൻ വാങ്ങണമെങ്കിൽ എംഎൽഎയുടെ ഭാര്യയും കുടുംബ പെൻഷൻ വാങ്ങാൻ അർഹതയുള്ള അവകാശിയും താനാണെന്ന് തെളിയിക്കുന്നതിനുള്ള രേഖ നൽകണം. അത്തരമൊരു രേഖ നിയമസഭാ സെക്രട്ടറിയറ്റിൽ ഉണ്ടോ? അത് വിവരാവകാശ ഓഫീസർ കണ്ടിട്ടുണ്ടോ! അത് അദ്ദേഹം വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ രേഖാമൂലം പറയുകയോ നൽകുകയോ ചെയ്തിട്ടുണ്ടോ? ഇതിനൊക്കെ കൃത്യമായ ഉത്തരം നൽകാൻ ബന്ധപ്പെട്ട വിവരാവകാശ ഓഫീസർക്ക് ബാധ്യതയുണ്ട്. അതിന് നിയമസഭാ അധികൃതർ നിഷേധക്കുറിപ്പ് ഇറക്കിയതുകൊണ്ടുമാത്രം കാര്യമായില്ല. കാരണം, വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി ബന്ധപ്പെട്ട ഓഫീസർ തയ്യാറാക്കി ഒപ്പും സീലുംവച്ചു നൽകുന്ന ആധികാരിക രേഖയാണ്. രാജ്യത്തെ പിടിച്ചുകുലുക്കിയ "ടു ജി സ്പെക്ട്രം ' അഴിമതിയടക്കം പുറത്തുകൊണ്ടുവന്നത് വിവരാവകാശ അപേക്ഷയിലൂടെയാണ്. അങ്ങനെ നൽകിയ മറുപടി ലാഘവത്തോടെയോ, രാഷ്ട്രീയ ദുഷ്ടലാക്കോടെയോ നൽകിയതാണെങ്കിൽ, അത് ഗൗരവമായി കാണണം. 2005ലെ വിവരാവകാശ നിയമത്തിന്റെ ആമുഖത്തിൽത്തന്നെ പറയുന്നത്, പൊതു അധികാരസ്ഥാനങ്ങളിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം എ ന്നാണ്.
വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ സ്വീകരിക്കുന്ന നിയമ നടപടികളിൽ, വിവരാവകാശ ഓഫീസർ തെറ്റിദ്ധാരണാജനകമായ മറുപടി നൽകിയിട്ടുണ്ടെങ്കിൽ, അതുകൂടി പരിശോധിക്കപ്പെടണം. കാരണം, മാനനഷ്ടത്തിനിടയാക്കുന്ന വാർത്തകൾ പറയുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്)യുടെ 356 (1), 356 (2), 356 (3) എന്നീ വകുപ്പ് പ്രകാരം കുറ്റകരമാണ്.















