ad
Deshabhimani

Articles

ബസാൾട്ടോയുടെ ‘മോചനമാർഗ’വും
ക്യൂബയുടെ പ്രതിരോധവും

ബസാൾട്ടോയുടെ ‘മോചനമാർഗ’വും
ക്യൂബയുടെ പ്രതിരോധവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എ കെ രമേശ്‌

Published on May 26, 2026, 12:01 AM | 3 min read

‘ഹെർമണോസ് അൽ റെസ്‌കേറ്റ്’ എന്നതിന്റെ ഇംഗ്ലീഷാണ് ‘ബ്രദേഴ്സ് ടു ദ റെസ്‌ക്യൂ’. മോചനത്തിനുള്ള സഹോദരന്മാർ എന്നു മലയാളം. ജോസ് ബസാൾട്ടോ സ്ഥാപിച്ച ‘മോചനമാർഗ'ത്തിന് അമേരിക്കൻ ചാരസംഘടന സിഐഎയുടെ കനത്ത പിന്തുണയും കടുത്ത പരിശീലനവും ഉണ്ടായിരുന്നു. ബസാൾട്ടോയ്ക്ക്‌ പാനമയിലും ഗ്വാട്ടിമാലയിലും അമേരിക്കയിലും പരിശീലനം നൽകി, ഒന്നാന്തരം അട്ടിമറിക്കാരനും ഭീകരപ്രവർത്തകനുമാക്കിമാറ്റി.


ശേഷമാണ്‌ സാന്റിയാഗോ സർവകലാശാലയിൽ ഫിസിക്‌സ്‌ പഠിക്കാനെന്നമട്ടിൽ ക്യൂബയിലേക്ക് അയച്ചത്. ‘ബേ ഓഫ് പിഗ്സ്’ ആക്രമണത്തിന് വഴിയൊരുക്കാൻ അയാളെയും ആകുംവിധം ഉപയോഗിച്ചിരുന്നുവത്രേ സിഐഎ.


​ഏകാധിപതിയും അമേരിക്കൻ പാവയുമായിരുന്ന ബാറ്റിസ്റ്റയുടെ പതനത്തിനുശേഷം കാസ്ട്രോയുടെ നേതൃത്വത്തിൽ അധികാരമേറ്റ വിപ്ലവ സർക്കാരിന്റെ കാലത്ത് സ്വത്ത് നഷ്‌ടപ്പെട്ട ഉടമവർഗം, അമേരിക്കയിലേക്ക് ചേക്കേറി ക്യൂബൻ സർക്കാരിനെ അട്ടിമറിക്കാൻ കണ്ടെത്തിയ ‘മോചനമാർഗ’ങ്ങളിൽ ഒന്നായിരുന്നു ബ്രദേഴ്സ് ടു ദ റെസ്‌ക്യൂ. 30 വർഷംമുമ്പ് അതിർത്തി കടന്ന് ധിക്കാരം കാട്ടിയ അതിന്റെ വിമാനങ്ങൾ വെടിവച്ചിട്ടതിന്റെ പേരിലാണ് റൗൾ കാസ്ട്രോയ്‌ക്കെതിരെ അമേരിക്ക ഇപ്പോൾ കുറ്റപത്രം ചുമത്തിയിരിക്കുന്നത്.


ഫ്ലോറിഡയിൽ പ്രവർത്തിച്ചുപോന്ന കാസ്ട്രോവിരുദ്ധ ഗ്രൂപ്പുകളിൽ പ്രമുഖമായ ബ്രദേഴ്സിന് കൈമാറിക്കിട്ടിയതും അമേരിക്ക വിയറ്റ്‌നാം യുദ്ധത്തിൽ ഉപയോഗിച്ചതുമായ വിമാനങ്ങൾ തുടർച്ചയായി അതിർത്തിലംഘനം നടത്തിയപ്പോഴാണ്‌ ക്യൂബ വെടിവച്ചുവീഴ്‌ത്തിയത്.

​വിപ്ലവ സർക്കാരിന്റെ സോഷ്യലിസ്റ്റ് നയങ്ങളിൽ പരിക്കേറ്റ്‌ നാടുവിട്ട ഒട്ടനവധി ധനാഢ്യർ ബ്രദേഴ്സ് ടു ദ റെസ്‌ക്യൂവിന് വലിയ സഹായങ്ങളുമായി എത്തി.


അട്ടിമറിപ്പണിക്ക് പറ്റിയ ചെറുതും വലുതുമായ വിമാനങ്ങൾ സ്വന്തമാക്കാനും അതുപയോഗിച്ച് ക്യൂബയിൽ വിഘടനവാദം വളർത്താനുമായിരുന്നു ശ്രമം. ക്യൂബയിൽനിന്ന് കടൽ നീന്തിയും കൊച്ചു ബോട്ടുകൾവഴിയും ഫ്ലോറിഡയിലെത്തുന്ന അഭയാർഥികളെ കണ്ടെത്താനും അവർക്ക് ഭക്ഷണപ്പൊതികളും കുടിവെള്ളവും എത്തിച്ചുകൊടുക്കാനുമാണ് വിമാനങ്ങളെന്നായിരുന്നു പറച്ചിൽ. ഈ അസംതൃപ്ത കുടിയേറ്റക്കാരെ ഉപയോഗിച്ചാണ് ബ്രദേഴ്സ് ടു ദ റെസ്‌ക്യൂ പ്രവർത്തിച്ചുപോന്നത്.


​ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ മാലെകോൺ കടൽത്തീരത്തുകൂടി താഴ്‌ന്നുപറന്ന്‌ കാസ്ട്രോവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്യുകയായിരുന്നു ബസാൾട്ടോയുടെ പ്രധാന പണി. ക്യൂബൻ വ്യോമാതിർത്തി ലംഘിച്ച്‌ ഹവാനയിലെ കൺട്രോൾ ടവറിലേക്ക് അയാളയച്ച സന്ദേശം ഇങ്ങനെയായിരുന്നു: "ഞങ്ങൾ നിങ്ങളുടെ അതിർത്തിയായ പാരലൽ 24 കടന്നിരിക്കുന്നു. നിങ്ങളുടെ പ്രദേശത്ത് രണ്ടുമൂന്നു മണിക്കൂറുണ്ടാകും. 500 അടി ഉയരത്തിലാണ് പറക്കുക. ഇന്ന് ഉത്തര ഹവാനയിലാണ് ഉണ്ടാകുക. ബ്രദേഴ്സ് ടു ദ റെസ്‌ക്യൂവിന്റെയും അതിന്റെ പ്രസിഡന്റ്‌ ജോസ് ബസാൾട്ടോയുടെയും അഭിവാദനങ്ങൾ.’ അമേരിക്കയുടെ ധൈര്യത്തിലായിരുന്നു വെല്ലുവിളി.


​അതിക്രമിച്ചുകടന്നതിൽ ശക്തമായി പ്രതിഷേധിച്ച്‌ ക്യൂബൻ വിദേശമന്ത്രാലയം അമേരിക്കൻ സ്റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റിന് കത്തയച്ചു. വിമാനത്തിലെ അമേരിക്കൻ വ്യോമസേനയുടെ ചിഹ്നംപോലും മറയ്ക്കാതെയാണ് ബസാൾട്ടോ വ്യോമാതിർത്തി ലംഘിച്ചതെന്നതും കത്തിൽ എടുത്തുപറഞ്ഞു. ബസാൾട്ടോ അതിക്രമിച്ചുകയറുന്നതിനും മാസങ്ങൾമുമ്പാണ് ക്യൂബയിലെ ഉരുളക്കിഴങ്ങുകൃഷിയാകെ തകരാറിലാക്കാനായി ത്രിപ്പ്സ് പാൽമി കീടത്തിന്റെ മുട്ടകൾ ആകാശമാർഗം വിതറിയത്. സ്റ്റേറ്റ്‌ ഡിപ്പാർട്ട്മെന്റ് ഇത് നിഷേധിച്ചെങ്കിലും കീടവിതരണത്തിനായി ഉപയോഗിച്ച എൻ 3093 എൻ വിമാനം അമേരിക്കൻ സ്റ്റേറ്റ്‌ ഡിപ്പാർട്ട്മെന്റിന്റേതാണെന്ന് അന്നുതന്നെ വ്യക്തമായി. ഇതിനുപുറമെയാണ് കാസ്ട്രോയെ വധിക്കാൻ അനേകവട്ടം ശ്രമിച്ചത്.


​1995 ഒക്‌ടോബർ 21ന് ബ്രദേഴ്സ് ടു ദ റെസ്‌ക്യൂ നടത്താനിരുന്ന അതിർത്തിലംഘനത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്‌എഎ) ഡയറക്‌ടർ സിസീലിയാ കാപെസ്റ്റനി പുറത്തിറക്കിയ മെമ്മോയിൽ പറഞ്ഞത്‌: ‘ഡെമോക്രസി മൂവ്‌മെന്റിന്റെ ക്യൂബൻ–അമേരിക്കൻ നേതൃത്വം ഒക്‌ടോബർ 21-ന് ഫ്ലോട്ടില്ല ഉൾപ്പെടുത്തിയുള്ള പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്‌. അന്താരാഷ്ട്ര ജലാതിർത്തിയിൽനിന്ന് വലിയ ബോട്ടുകൾ ഉപയോഗിക്കാനും ക്യൂബയിലേക്ക് റേഡിയോ പ്രക്ഷേപണം നടത്താനും അവർ പദ്ധതിയിടുന്നതായാണ്‌ വിവരം.


ബ്രദേഴ്‌സ് ടു ദ റെസ്‌ക്യൂ വിമാനങ്ങളുമായി ഇതിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിളിച്ച അടിയന്തര ആസൂത്രണയോഗത്തിൽ, ക്യൂബൻ വ്യോമാതിർത്തി ലംഘിക്കപ്പെടാനുള്ള സാധ്യത തടയുകയെന്ന ലക്ഷ്യത്തിൽ മുന്നറിയിപ്പ്‌ പുറപ്പെടുവിക്കാൻ എഫ്എഎയോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ദേശീയ പരമാധികാരം സംരക്ഷിക്കാനായി കർശന നടപടി സ്വീകരിക്കുമെന്ന തീരുമാനത്തിൽനിന്ന് ക്യൂബൻ സർക്കാർ പിന്നോട്ടുപോയിട്ടില്ല.’ അനുമതിയില്ലാതെ ക്യൂബൻ വ്യോമാതിർത്തിയിൽ പ്രവേശിക്കരുതെന്ന് യുഎസിലെ പൈലറ്റുമാർക്കും ഓപ്പറേറ്റർമാർക്കും മുന്നറിയിപ്പ് നൽകി നോട്ടാമും പുറപ്പെടുവിച്ചു.


അന്ന് അവർ ആശങ്കപ്പെട്ടതൊന്നും നടന്നില്ല. ബസാൾട്ടോ പറഞ്ഞപോലെ പ്രവർത്തിച്ചെങ്കിലും ക്യൂബൻ സർക്കാർ നയതന്ത്രപരമായ പ്രതിഷേധങ്ങൾമാത്രം നടത്തി. പക്ഷേ, ഡിസംബർ ഒന്പതിന് മറ്റൊരു വ്യോമാതിക്രമം നടത്താൻ ബ്രദേഴ്സ് പദ്ധതിയിട്ടു. ക്യൂബൻ വ്യോമാതിർത്തിയിൽനിന്ന് രണ്ടു കിലോമീറ്റർ അകത്തേക്ക് പ്രവേശിച്ച്‌ ഹവാനയിൽ ലഘുലേഖകൾ വിതറി. 1996 ജനുവരി 13ന് ബസാൾട്ടോയുടെ നേതൃത്വത്തിൽ വീണ്ടും ലഘുലേഖവിതരണം നടന്നു.


തൊട്ടുപിന്നാലെ നടന്ന അഭിമുഖത്തിൽ ‘നിങ്ങൾക്കെതിരെ ക്യൂബൻ സർക്കാർ സൈനികതിരിച്ചടി നൽകാത്തതിന് കാരണമെന്ത്‌’ എന്ന ചോദ്യത്തിന് ബസാൾട്ടോയുടെ മറുപടി ഇങ്ങനെയാണ്‌: "ഈ ഭരണകൂടം തകർക്കാൻ കഴിയാത്ത ഒന്നല്ല. ഫിദൽ കാസ്‌ട്രോ അജയ്യനുമല്ല. ഞങ്ങൾ, ചെയ്യുന്ന കാര്യങ്ങൾക്കായി വലിയ റിസ്‌കുകൾ ഏറ്റെടുത്തിട്ടുണ്ടെന്ന് ദ്വീപിലുള്ള സഹപ്രവർത്തകർ മനസ്സിലാക്കണം. അവരും അതുപോലെ ചെയ്യണം. നമ്മളെ എപ്പോഴും നിരീക്ഷിച്ചിരിക്കുകയാണെന്ന് ചിന്തിപ്പിക്കുന്ന, നമ്മുടെ ഉള്ളിലുള്ള ആഭ്യന്തരഭയത്തെ എന്നെന്നേക്കുമായി തൂത്തെറിയേണ്ടതുണ്ട്.’


​പലകുറി പറന്ന് പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടതിന്റെ ആത്മവിശ്വാസത്തിലാണ് 1996 ഫെബ്രുവരി 24ന് മറ്റു രണ്ട് വിമാനങ്ങൾക്കൊപ്പം വീണ്ടും അതിർത്തി ലംഘിച്ച് ബസാൾട്ടോ ധിക്കാരപൂർവം കടന്നുചെന്നത്. അതിൽ രണ്ടെണ്ണം ക്യൂബയുടെ മിഗ് വിമാനം വെടിവച്ചിട്ടു. കൂടെയുള്ള നാല്‌ വൈമാനികരെ മരണത്തിന് വിട്ടുകൊടുത്ത്‌ ജീവഭയത്താൽ ബസാൾട്ടോ രക്ഷപ്പെട്ടു. ഇതോടെ ‘അതിർത്തി ലംഘിച്ച് ധിക്കാരം കാട്ടിയതല്ല തെറ്റ്, അത് തടയാൻ ശ്രമിച്ചതാണ്‌’ എന്നായി അമേരിക്ക. ക്ലിന്റൻ യുഎസ്‌ പ്രസിഡന്റായിരുന്ന കാലമായിരുന്നു. ക്യൂബയ്‌ക്കെതിരെ ഉപരോധം കടുപ്പിച്ചു. അതിനായി നിയമം പാസാക്കി. അന്ന് കാസ്ട്രോയുടെ ചോരയ്‌ക്കായിരുന്നു കൊതി. ഇന്ന്‌ അതേ കാരണങ്ങൾ പറഞ്ഞാണ് ഡോണൾഡ്‌ ട്രംപ്‌, റൗൾ കാസ്ട്രോയ്‌ക്കെതിരെ നീങ്ങുന്നത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home