Articles
‘നമുക്കുണ്ടോ കൊമ്പ്’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ രണ്ടാം ഭാഗം
വെടിക്കോപ്പല്ല ജനാധിപത്യമാണ് ശക്‌തി


ഡോ. ജോൺ ബ്രിട്ടാസ്
Published on Jun 12, 2025, 01:13 AM | 3 min read
ആഭ്യന്തര രാഷ്‌ട്രീയത്തിൽ മേൽക്കൈ കിട്ടാൻ അവലംബിക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തിന് വിദേശത്ത് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മോദി സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം. പാകിസ്ഥാനിൽനിന്ന് വ്യത്യസ്‌തമായി നമുക്കുള്ള മതനിരപേക്ഷ ഭരണഘടനയെപ്പറ്റി ഊന്നുമ്പോഴൊക്കെ നമ്മുടെ സാമൂഹ്യരംഗത്തെ അസ്വാസ്ഥ്യങ്ങൾ ചൂണ്ടിക്കാണിക്കാൻ വിദേശരാജ്യങ്ങൾക്ക് ഒരു മടിയുമില്ല. ന്യൂനപക്ഷങ്ങളോടുള്ള ഇന്ത്യാ ഗവൺമെന്റിന്റെ സമീപനത്തെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ പല ദൗത്യസംഘങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
പുതിയ ലോകക്രമത്തിൽ ശക്തിയാർജിക്കുന്നതുപോലെതന്നെ പ്രധാനമാണ് വിശ്വാസ്യതയും. രാജ്യങ്ങളുടെ വലുപ്പച്ചെറുപ്പം ബൃഹത്തായ അന്താരാഷ്‌ട്ര സംവിധാനത്തിൽ പലപ്പോഴും പ്രസക്തമാകാറുമില്ല. ഇന്തോനേഷ്യ എന്ന രാജ്യം നെഞ്ചോടു ചേർത്തുപിടിക്കുന്നത് അവരുടെ പ്രഥമ പ്രസിഡന്റ് സുക്കാർണോവിന് നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവുമായുള്ള ഊഷ്‌മള ബന്ധമാണ്. കൊളോണിയൽ ശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങളിലെ ഇഴകോർക്കപ്പെട്ട സ്വപ്‌നങ്ങളായിരുന്നു അന്ന് ചേരിചേരാ പ്രസ്ഥാനത്തിന് അടിത്തറയിടാൻ ഇരു നേതാക്കളെയും പ്രേരിപ്പിച്ചത്. ഇന്തോനേഷ്യയിലെ ബന്ദൂങ്ങിൽ 1955ൽ നടന്ന ഉച്ചകോടി ചേരിചേരാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സ്വർണലിപിയിൽ എഴുതപ്പെട്ടതാണ്. ഈ ലേഖകൻ പങ്കാളിയായ ആശയവിനിമയങ്ങളിൽ ഈ ചരിത്രത്തിന്റെ സുവർണ സ്‌മരണകൾ പലതവണ ഉയർന്നുവന്നു. സമാന അനുഭവങ്ങളുള്ള രാജ്യങ്ങളെ ചേർത്തുപിടിക്കുന്ന നയങ്ങളിൽനിന്നുള്ള വ്യതിചലനം നമുക്ക് ഉണ്ടാക്കുന്ന നഷ്‌ടങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ വസ്‌തുതകളെല്ലാം.
ടൊയോട്ട എന്നു കേൾക്കുമ്പോൾ ജപ്പാൻ മനസ്സിൽ വരും. എന്നാൽ, ടോക്യോവിൽപ്പോലും ടൊയോട്ട കാർ കിട്ടാൻ ആറ് മുതൽ പന്ത്രണ്ട് മാസംവരെ കാത്തിരിക്കണം. കാരണം, ചൈനയിൽനിന്ന് ജപ്പാൻ ഇറക്കുമതി ചെയ്യുന്ന മൈക്രോചിപ്പുകളാണ് ഈ വാഹനങ്ങളുടെ നിർമാണഗതി നിർണയിക്കുന്നത്.
കിഴക്കനേഷ്യൻ രാജ്യങ്ങളുമായി ഇന്ത്യക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. സമഗ്രവും തന്ത്രപ്രധാനവുമായ സൗഹൃദ കരാറുകൾ ഒപ്പുവച്ചിട്ടുമുണ്ട്. എന്നാൽ, സമീപകാലങ്ങളിൽ നമ്മുടെ ശ്രദ്ധ പാശ്ചാത്യ ലോകത്തേക്ക് കൂടുതൽ കേന്ദ്രീകരിക്കപ്പെട്ടോ എന്ന സന്ദേഹം പല രാജ്യങ്ങൾക്കുമുണ്ട്. രാഷ്‌ട്രീയ ബാന്ധവങ്ങളിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ഈ മേഖലയുടെ സാമ്പത്തികക്രമത്തിൽ ചൈനയുടെ സ്വാധീനം പ്രകടമാണ്. ചൈനയാണ് മിക്കവാറും രാജ്യങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ടൊയോട്ട എന്നു കേൾക്കുമ്പോൾ ജപ്പാൻ മനസ്സിൽ വരും. എന്നാൽ, ടോക്യോവിൽപ്പോലും ടൊയോട്ട കാർ കിട്ടാൻ ആറ് മുതൽ പന്ത്രണ്ട് മാസംവരെ കാത്തിരിക്കണം. കാരണം, ചൈനയിൽനിന്ന് ജപ്പാൻ ഇറക്കുമതി ചെയ്യുന്ന മൈക്രോചിപ്പുകളാണ് ഈ വാഹനങ്ങളുടെ നിർമാണഗതി നിർണയിക്കുന്നത്.
വാഹനങ്ങൾക്കുമുതൽ പോർ വിമാനങ്ങൾക്കുവരെ അനിവാര്യമായ അപൂർവ ഭൗമലോഹങ്ങളുടെ 70 ശതമാനവും ചൈനയിലാണ്. ഇതിന്റെ 90 ശതമാനവും സംസ്കരിക്കുന്നതും ചൈനതന്നെ. ഈ ലോഹങ്ങളുടെ കയറ്റുമതി നിർത്തിവച്ചപ്പോഴാണ് വ്യാപാരച്ചുങ്ക വിഷയത്തിൽ പോർവിളി മുഴക്കിയ അമേരിക്ക, ചൈനയ്‌ക്കുമുമ്പിൽ മുട്ടുമടക്കിയതെന്നത് ശ്രദ്ധേയമാണ്. കിഴക്കനേഷ്യൻ രാജ്യങ്ങളുമായുള്ള രാഷ്‌ട്രീയ- വാണിജ്യ -സാംസ്‌കാരിക ബന്ധം കൂടുതൽ മികവോടെ വിളക്കിച്ചേർക്കേണ്ട ഘട്ടമാണിതെന്ന് ഈ സാഹചര്യം നമ്മെ ഓർമിപ്പിക്കുന്നു.
ജനാധിപത്യത്തിൽ ഉത്തരങ്ങളെപ്പോലെ പ്രസക്തമാണ് ചോദ്യങ്ങളും. നയതന്ത്ര ദൗത്യത്തിൽ ഭാഗഭാക്കായി പ്രതിപക്ഷം ഉത്തരവാദിത്വം നിറവേറ്റിയ സ്ഥിതിക്ക് ഗവൺമെന്റിൽ അർപ്പിതമായ കടമ നിർവഹിക്കാൻ മോദി സർക്കാർ തയ്യാറാകണം. ഏകമാനമായ പ്രതിപാദനങ്ങളിലാണ് എപ്പോഴും ഈ സർക്കാരിന്റെ ഊന്നൽ. പ്രത്യേക പാർലമെന്റ് സമ്മേളനം വേണമെന്ന ആവശ്യംപോലും ദേശവിരുദ്ധതയുടെ കള്ളിയിലിടാനാണ് സർക്കാർ ശ്രമം. സംഘർഷത്തിൽ ഇന്ത്യക്കുണ്ടായ നഷ്‌ടങ്ങളെക്കുറിച്ച് ചോദ്യമുയർത്തുന്നത് ദേശദ്രോഹമാണെന്ന അനുമാനം മാധ്യമങ്ങൾപോലും പങ്കിടുന്ന വേളയാണിത്.
സംയുക്ത സേനാമേധാവി സിംഗപ്പുരിൽ ‘ഷാൻഗ്രില ഡയലോഗി’ൽ വിദേശ മാധ്യമങ്ങൾക്ക് നഷ്‌ടത്തിന്റെ സൂചന നൽകി. തുടക്കത്തിൽ പാളിച്ച പറ്റിയെന്നും പിന്നീട് പുതിയ തന്ത്രം പയറ്റി അതിനെ മറികടന്നെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
കാർഗിൽ യുദ്ധത്തിൽ നമ്മുടെ സേനയ്ക്കുണ്ടായ നഷ്‌ടങ്ങൾ മാധ്യമ തലവാചകങ്ങളായിരുന്നു. രണ്ട് സൂപ്പർസോണിക് മിഗ് വിമാനവും ഒരു എംഐ17 വിമാനവും നിലംപതിച്ചത് അന്നാരും തമസ്‌കരിച്ചിരുന്നില്ല. അതൊക്കെ ദേശസ്നേഹത്തിന്റെ ചിറകിനടിയിൽ ഒളിപ്പിച്ചതുമില്ല. ഇന്ത്യക്ക് റഫാൽ യുദ്ധവിമാനം നഷ്ടപ്പെട്ടോ എന്ന ചോദ്യം മഹാപാതകമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, സംയുക്ത സേനാമേധാവി സിംഗപ്പുരിൽ ‘ഷാൻഗ്രില ഡയലോഗി’ൽ വിദേശ മാധ്യമങ്ങൾക്ക് നഷ്‌ടത്തിന്റെ സൂചന നൽകി. തുടക്കത്തിൽ പാളിച്ച പറ്റിയെന്നും പിന്നീട് പുതിയ തന്ത്രം പയറ്റി അതിനെ മറികടന്നെന്നും അദ്ദേഹം തുറന്നുപറഞ്ഞു. മൂന്ന് റഫാലും ഒരു സുഖോയിയും ഒരു മിഗും നമുക്ക് നഷ്‌ടപ്പെട്ടെന്ന വിദേശ മാധ്യമ കണ്ടെത്തലിനെ അദ്ദേഹം തള്ളിക്കളഞ്ഞതുമില്ല.
വിദേശനയത്തിന്റെ ശക്തിയുടെ പ്രഭവം രാഷ്‌ട്രീയ വിശ്വാസ്യതയും സമ്പദ്ഘടനയുമാണ്. ബുൾഡോസറുകളും ആരാധനാലയങ്ങളുടെ അടിത്തറ കുഴിക്കലും ഈ രണ്ടു ഘടകങ്ങളെയും പിന്നോട്ട് തള്ളുമെന്ന് മനസ്സിലാക്കാനുള്ള ബോധം നമ്മുടെ ഭരണാധികാരികൾക്കുണ്ടാകണം. ഏതാനും യുദ്ധസാമഗ്രികളുടെ ബലത്തിലല്ല ഇന്ത്യയെന്ന രാജ്യവും നമ്മുടെ ജനാധിപത്യവുമെന്ന് ഭരണാധികാരികൾക്ക് തിരിച്ചറിവുണ്ടാകണം. ലോകരാജ്യങ്ങളെ വിശ്വാസത്തിലെടുക്കാൻ നാം ശ്രമിച്ചെങ്കിൽ ഇന്ത്യൻ ജനതയെ വിശ്വാസത്തിലെടുക്കേണ്ട ബാധ്യത നമുക്കുണ്ട്. പാർലമെന്റാണ് അതിനുള്ള ഏറ്റവും ഉചിതമായ വേദി. ചോദ്യങ്ങളും സംശയങ്ങളും നിർദേശങ്ങളും ഉയരുമ്പോഴാണ് ജനാധിപത്യപ്രക്രിയ കരുത്താർജിക്കുന്നത്. മറിച്ച്, അവയൊക്കെ മറികടക്കാൻ വ്യാജ ദേശസ്‌നേഹത്തിന്റെ കരിമ്പടം പുതയ്‌ക്കുമ്പോഴാണ് ജനാധിപത്യം ദുർബലമാകുന്നത്.
(അവസാനിച്ചു)















