ad
Deshabhimani

Articles

international congress on kerala studies

പുതുകേരളത്തിനായി പഠന കോൺഗ്രസ്‌

International congress on Kerala Studies.jpg
avatar
എം എ ബേബി

Published on Feb 20, 2026, 11:12 PM | 3 min read

എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമ അന്താരാഷ്ട്ര പഠന കോൺഗ്രസ് കേരള വികസനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെട്ടിട്ട് മൂന്നുപതിറ്റാണ്ടിലേറെയായി. 21നും 22നുമായി അഞ്ചാമത് കേരള പഠന കോൺഗ്രസ് ചേരുകയാണ്. ഇന്ന് കേരളം നേരിടുന്ന പ്രശ്നങ്ങളും ഇതിനിടെ കെെവരിച്ച നേട്ടങ്ങളും ചർച്ച ചെയ്യാൻ വിദഗ്-ധരും പണ്ഡിതരും മാത്രമല്ല, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ഒരുമിച്ചിരുന്ന് ഏതു പാതയിലൂടെ ഭാവി രൂപപ്പെടുത്തണമെന്ന് ആലോചിക്കുന്നത് ജനാധിപത്യ ആസൂത്രണത്തിന്റെ ഏറ്റവും നല്ല മാതൃകയാണ്. ഒന്നാം കേരള പഠന കോൺഗ്രസിന്റെ അധ്യക്ഷപ്രസംഗത്തിൽ ഇ എം എസ് ചൂണ്ടിക്കാട്ടിയതുപോലെ, പാവങ്ങളുടെ പടത്തലവനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സഖാവ് എ കെ ഗോപാലന്റെ ജീവിതസ്വപ്‌നമെന്ന നിലയിലാണ് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് എ കെ ജി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കപ്പെട്ടതും അതിന്റെ ആഭിമുഖ്യത്തിൽ 1994ൽ ആദ്യത്തെ അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് സംഘടിപ്പിക്കപ്പെട്ടതും. നാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യുകയും അവയ്ക്ക്‌ പരിഹാരം കണ്ടെത്താൻ ആസൂത്രണപരിപാടികൾ കരുപ്പിടിപ്പിക്കുകയും ചെയ്യുന്നത് കമ്യൂണിസ്റ്റുകാർ അവരുടെ പ്രധാനപ്പെട്ട ചുമതലയായി ഏറ്റെടുക്കാറുണ്ട് എന്നത് പ്രസിദ്ധമാണ്. ഉദാഹരണത്തിന്, 1956ൽ മലബാറിന്റെയും കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർത്ത് കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ തൃശൂരിൽവച്ച് ഭാവികേരളത്തിന്റെ വികസനപാതയെക്കുറിച്ച് സമഗ്രമായി ചർച്ചചെയ്ത് ഒരു രേഖയ്ക്ക് രൂപംനൽകാൻ അവിഭക്ത കമ്യൂണിസ്റ്റ് പാർടി മുൻകെെയെടുത്ത കാര്യം ഓർക്കാവുന്നതാണ്.


കേരളത്തിന്റെ പ്രകൃതിസമ്പത്തും ധാതുവിഭവ ലഭ്യതയും മനുഷ്യാധ്വാനവും ഉപയോഗപ്പെടുത്തി സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി ഐശ്വര്യപൂർണമായ പുതിയൊരു കേരളം സൃഷ്ടിക്കാനുള്ള ഭാവനാപൂർണവും യാഥാർഥ്യബോധത്തോടുകൂടിയതുമായ ആലോചനകൾ അന്നവിടെ നടന്നു. ഇന്നത് വീണ്ടും വായിക്കുമ്പോൾ ചിലർക്ക് അൽപ്പം വിസ്മയം തോന്നാവുന്നതാണ്. വിഴിഞ്ഞം പോർട്ടിന്റെ സാധ്യതകൾ അന്ന് ഗൗരവമായി ചർച്ച ചെയ്തിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും പല തോതിൽ അത് ചർച്ചാവിഷയമായെങ്കിലും അത് പൂർണതോതിൽ യാഥാർഥ്യമാക്കാൻ സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാരിന്റെ ഭരണത്തുടർച്ച വേണ്ടിവന്നു എന്നതും നാടിന്റെ വികസനവളർച്ചയുമായി ബന്ധപ്പെട്ട പരിശോധനയിൽ അടിവരയിടേണ്ട ഒരു വസ്തുതയാണ്.


padana congress


ഇതോടനുബന്ധിച്ച് നമ്മുടെ നാട്ടിൽ ജനങ്ങൾ ചർച്ച ചെയ്യേണ്ട ഒരു പ്രധാന കാര്യം, രാജ്യത്ത് വളരെ പാരമ്പര്യമുള്ള കോൺഗ്രസ് സംസ്ഥാനത്തിന്റെ വികസന നയത്തെപ്പറ്റി എന്തുകൊണ്ട് ഗൗരവമുള്ള ചർച്ചകളൊന്നും നടത്തുന്നില്ല എന്നതാണ്. അതിന്റെ ഉത്തരം കണ്ടെത്താൻ പ്രയാസമില്ല. രാജ്യത്തിന്റെ ഭാവിക്ക് പിന്തുടരേണ്ടത് മുതലാളിത്ത വികസനപാതയാണെന്ന വ്യക്തമായ ബോധ്യമാണ് കോൺഗ്രസുകാർക്കുള്ളത്. പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന നാളുകളിൽ നടപ്പാക്കിയിരുന്ന പഞ്ചവത്സരപദ്ധതികൾ പൊതുമേഖലകൂടി ഉൾക്കൊള്ളുന്നതായിരുന്നെങ്കിലും മുതലാളിത്തവളർച്ചയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വമാകട്ടെ കമ്യൂണിസ്റ്റുവിരോധ തിമിരം ബാധിച്ച് ‘വിമോചനസമര’ മനസ്ഥിതിയും അമേരിക്കൻ സാമ്രാജ്യത്വാനുകൂല നിലപാടും പൊതുവേ പിന്തുടർന്നുപോരുകയായിരുന്നു.


സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ ആസൂത്രണത്തിലൂടെ മുതലാളിത്തവ്യവസ്ഥയ്ക്ക് ബദലായി വികസിപ്പിച്ചെടുത്ത മാതൃകകൾ മാനവരാശിക്ക് അഭിമാനം പകരുന്നതാണ്. അതേസമയം, പ്രസ്തുത പരീക്ഷണങ്ങളിൽ സംഭവിച്ച മുഖ്യപോരായ്മ പൊതുവിൽ കേന്ദ്രീകരണമാണ്. അതിനുപകരം രാഷ്ട്രത്തിനാകെ ബാധകമായ വികസനസംരംഭങ്ങൾ ദേശരാഷ്ട്ര സംവിധാനത്തിന്റെ നേതൃത്വ നിയന്ത്രണങ്ങളിൽ ആയിരിക്കുമ്പോൾത്തന്നെ, ഗ്രാമ–നഗര–ജില്ലാ തലങ്ങളിൽ സാധ്യമായത്ര വികേന്ദ്രീകൃത ആസൂത്രണം സാധ്യമാണെന്ന കാഴ്ചപ്പാട്- മുന്നോട്ടുവച്ചു. ചുരുക്കത്തിൽ, ആസൂത്രണം മേലെനിന്നു താഴോട്ടും താഴെനിന്നു മേലോട്ടും ആവശ്യം കണക്കിലെടുത്ത് പ്രയോഗിക്കാമെന്ന വെെരുധ്യാത്മക സമീപനമാണ് കേരളത്തിലെ ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്ന പ്രധാനപ്പെട്ട നിലപാട്. മുകളിൽനിന്നു താഴേക്കും താഴെനിന്നു മുകളിലേക്കുമുള്ള വളർച്ചയെ ഗൗരവപൂർവം കാണാൻ നമ്മുടെ പഠന കോൺഗ്രസ് ചർച്ചകൾ പ്രയോജനപ്പെടുത്തണം.

1994ൽ നടന്ന ഒന്നാം അന്താരാഷ്ട്ര പഠന കോൺഗ്രസിലെ ചർച്ചകളിൽനിന്നുകൂടി ഉരുത്തിരിഞ്ഞ ‘ജനകീയാസൂത്രണം’ എന്ന ആശയം വിപ്ലവകരമായ ഒരു പുതിയ ചുവടുവയ്പായിരുന്നു.


എന്താണ് നമുക്ക് ഏറ്റെടുക്കാനുള്ള കടമ? മധ്യ വരുമാനരാഷ്ട്രങ്ങളോടു കിടപിടിക്കാവുന്ന ഒരു വിജ്ഞാനസമൂഹമായും വിജ്ഞാന സമ്പദ്ഘടനയായും കേരളത്തെ ഉയർത്തിക്കൊണ്ട് വ്യത്യസ്തമായൊരു ബദൽ സാധ്യമാണെന്ന്‌ തെളിയിക്കുക


പഞ്ചായത്തുതലംമുതൽ മേലോട്ട് അവിടവിടങ്ങളിൽ ശ്രമിച്ചാൽ നിർവഹിക്കാവുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും അതതിടങ്ങളിലെ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും വിദഗ്-ധർക്കും നേരിട്ട് പങ്കെടുക്കാനാകുന്ന ഒരു സമ്പ്രദായമാണ് ഇതിലൂടെ ആവിഷ്കരിക്കപ്പെട്ടത്. 1991ൽ നായനാർ സർക്കാരിന്റെ കാലത്ത് കേരളം കെെവരിച്ച സമ്പൂർണ സാക്ഷരതയും 2025 നവംബർ ഒന്നിന് പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച ‘അതിദാരിദ്ര്യമുക്തകേരളം’ എന്ന അഭിമാനകരമായ നേട്ടവും കടന്ന് മുന്നോട്ടുപോകുമ്പോൾ എന്താണ് നമുക്ക് ഏറ്റെടുക്കാനുള്ള കടമ? മധ്യ വരുമാനരാഷ്ട്രങ്ങളോടു കിടപിടിക്കാവുന്ന ഒരു വിജ്ഞാനസമൂഹമായും വിജ്ഞാന സമ്പദ്ഘടനയായും കേരളത്തെ ഉയർത്തിക്കൊണ്ട് വ്യത്യസ്തമായൊരു ബദൽ സാധ്യമാണെന്ന്‌ തെളിയിക്കുക. അതുസംബന്ധിച്ച ചർച്ചകളും ആലോചനകളും വിമർശന–സ്വയംവിമർശന സന്നദ്ധതയോടെ നമുക്ക് ഏറ്റെടുക്കാൻ കഴിയുമോ എന്നതാണ് അഞ്ചാം പഠന കോൺഗ്രസിലെ മുഖ്യ ചർച്ചാവിഷയങ്ങളിലൊന്ന്.


പശ്ചാത്തലസൗകര്യവികസനത്തിൽ കേരളം വൻ കുതിച്ചുചാട്ടംതന്നെ കഴിഞ്ഞ 10 വർഷക്കാലംകൊണ്ട്‌ നടത്തി. യുഡിഎഫ് ഭരണകാലത്ത് അസാധ്യമെന്ന് സമ്മതിച്ച് അടച്ചുപൂട്ടിയ ദേശീയപാതാ വികസന ഓഫീസ് തുറന്ന് പ്രവർത്തനം പുനരാരംഭിക്കുകമാത്രമല്ല, ഭൂമി നഷ്ടപ്പെട്ടവർക്ക് അർഹമായ പ്രതിഫലം നൽകാൻ സംസ്ഥാന സർക്കാർ 6000 കോടിയോളം രൂപ കിഫ്ബിവഴി ലഭ്യമാക്കിയതുകൊണ്ടുമാത്രം, ഏതാനും മാസങ്ങൾക്കകം തെക്കുവടക്ക് ദേശീയപാത നാടിനും ജനങ്ങൾക്കും സമർപ്പിക്കപ്പെടാൻ പോവുകയാണ്.


പുലിക്കാടുകടവും  ‘പുലി’യായി


ഇതിനുപുറമെയാണ് തീരദേശപാതയും മലയോരപാതയും അതിവേഗം പൂർത്തീകരണത്തിന്റെ വീഥിയിൽ വിജയകരമായി മുന്നോട്ടുനീങ്ങുന്നത്. ഗെയിൽ പാചകവാതക പെെപ്പ്-ലെെനും വൈദ്യുതി ഉൽപ്പാദന വിതരണ ശൃംഖലയും (പവർകട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത കേരളം) കേരള ഒപ്ടിക്കൽ ഫെെബർ നെറ്റ്-വർക്കും (കെ ഫോൺ) ഡിജിറ്റൽ സാക്ഷരതയും ഡിജിറ്റൽ സർവകലാശാലയും വിദ്യാഭ്യാസ–ആരോഗ്യ മേഖലകളുടെ വിവാദാതീതമായ മുന്നേറ്റവും വസ്തുനിഷ്ഠമായി കാര്യങ്ങൾ നോക്കിക്കാണുന്നവരുടെ അംഗീകാരം നേടിയെടുക്കുന്നവയാണ്.


വികസനം, ക്ഷേമം, ആരോഗ്യ–വെെജ്ഞാനിക രംഗങ്ങളിലെ പുരോഗതി തുടങ്ങി സമഗ്രമായൊരു നയം, നവകേരളസൃഷ്ടി ലക്ഷ്യംവച്ചുകൊണ്ട് വികസിപ്പിക്കുക എന്ന പ്രവർത്തനപരിപാടിയുടെ ഭാഗമായാണ് അന്താരാഷ്ട്ര പഠന കോൺഗ്രസ് ചർച്ചകൾ നടക്കുന്നത്. പാരിസ്ഥിതികസന്തുലനം കാത്തുസൂക്ഷിച്ചുകൊണ്ടും സ്ത്രീസുരക്ഷയും അരികുവൽക്കരിക്കപ്പെടുന്നവരുടെ പരിരക്ഷയും സാംസ്കാരിക നവോത്ഥാനവും ഉറപ്പുവരുത്തിയുമാണ് മേൽപ്പറഞ്ഞ കടമകളോരോന്നും ഏറ്റെടുക്കേണ്ടത് എന്ന കൃത്യമായ വീക്ഷണവും അന്താരാഷ്ട്ര പഠന കോൺഗ്രസിന്റെ സംഘാടകർക്കുണ്ട്.


Pension.jpg


സാമ്പത്തികമായി കേരളത്തെ ഞെരിച്ചുകൊല്ലാൻ ശ്രമിക്കുന്ന ബിജെപി ഭരണത്തിന്റെ കൊടുംക്രൂരതകളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടും ജനക്ഷേമത്തിലൂന്നി പരമാവധി പ്രശ്നരഹിതമായി നാടിന്റെ നിലനിൽപ്പിനും മുന്നോട്ടുപോക്കിനും നേതൃത്വം നൽകാൻ എൽഡിഎഫിന് സാധിക്കുന്നു എന്ന വസ്തുതയും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.


ചുരുക്കത്തിൽ, പ്രശ്നസങ്കീർണതയുടെ മധ്യത്തിൽ എപ്രകാരം ഒരു ഇടതുപക്ഷ ബദൽ വികസിപ്പിച്ച്‌ മുന്നോട്ടുപോകാമെന്ന ചോദ്യവും എഐയുടെയും വെെജ്ഞാനിക വിസ്ഫോടനങ്ങളുടെയും ഇക്കാലത്ത് എങ്ങനെ നവകേരളത്തെ കരുപ്പിടിപ്പിക്കാമെന്ന വലിയ വെല്ലുവിളിയുമാണ് അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിൽ അഭിമുഖീകരിക്കാനുള്ളത്. വിദഗ്ധരും പൊതുജനപ്രവർത്തനങ്ങളുടെ അനുഭവസമ്പത്തുള്ളവരും സാധാരണക്കാരും ഒത്തുചേർന്ന്‌ നടത്തുന്ന സംവാദത്തിലൂടെ ഉയരുന്ന ചോദ്യങ്ങൾക്കെല്ലാം ഒരുപരിധിവരെ തൃപ്തികരമായ മറുപടികൾ ലഭ്യമാക്കാൻ നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം. (കടപ്പാട്‌: ചിന്ത 
വാരിക)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home