ad
Deshabhimani

Articles

insurance bill

ഇൻഷുറൻസിൽ ഇനി വിദേശിവാഴ്‌ച

insurance bill
avatar
ടി നരേന്ദ്രൻ

Published on Dec 19, 2025, 11:52 PM | 3 min read

ഭാവിയിലെ അനിശ്ചിതത്വം അതിജീവിക്കാനുള്ള സുരക്ഷയാണ് ഇൻഷുറൻസ്. സ്വകാര്യ കമ്പനികളുടെ ചൂഷണവും സുരക്ഷാ അനിശ്ചിതത്വവും തീവ്രമായപ്പോഴാണ് 1956ൽ എൽഐസിയും ’72ൽ ജനറൽ ഇൻഷുറൻസ് കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളായി മാറിയത്. 1999ൽ തുടങ്ങിവച്ച ഇൻഷുറൻസ് സ്വകാര്യവൽക്കരണത്തെ തുടർന്ന് 57 സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഇന്ത്യയിലേക്ക് കടന്നുവന്നു. എന്നാൽ, കേന്ദ്രസർക്കാർതന്നെ പ്രതികൂലമായി നിലകൊണ്ടിട്ടും ഇന്ത്യയിൽ ആർജിക്കാനായ പൊതുമേഖലയുടെ വിശ്വസനീയത തകർക്കാനായില്ല. എൽഐസിയിൽ 56 ലക്ഷം കോടി രൂപയുടെ വിഭവസ്രോതസ്സുണ്ടാക്കി പൊതുമേഖല അതിന്റെ മികവ് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ കേന്ദ്രബജറ്റ് അടങ്കലിനേക്കാൾ ഉയർന്ന തുകയാണിത്. കാര്യക്ഷമതയും പ്രവർത്തനമികവും രാഷ്ട്രനന്മയും ജനക്ഷേമവും ഒത്തിണങ്ങിയ ഇൻഷുറൻസ് വ്യവസായത്തിൽ 100 ശതമാനം വിദേശ ഓഹരിപങ്കാളിത്തം അനുവദിക്കാനുള്ള നിയമം രാഷ്ട്രതാൽപ്പര്യത്തിനെതിരാണ്; ജനവിരുദ്ധമാണ്. ആഗോള കുത്തക താൽപ്പര്യാർഥം സമൃദ്ധമായ ഇന്ത്യൻ കമ്പോളത്തെ അവർക്കായി സമർപ്പിക്കുക എന്നതാണ് ഏക ലക്ഷ്യം.


ചികിത്സാചെലവും ഇൻഷുറൻസും

ഇൻഷുറൻസ് വ്യവസായത്തിന് മനുഷ്യരുടെ ജീവിതത്തിലും രാഷ്ട്രനിർമാണപ്രക്രിയയിലുമുള്ള സ്വാധീനം നിർണായകമാണ്. രാജ്യത്തിന്റെ വികസനത്തിന്റെ ചാലകസംവിധാനമായിരുന്ന പഞ്ചവത്സരപദ്ധതികൾക്കുള്ള ധനവിഭവം കണ്ടെത്തുന്നതിൽ എൽഐസിയുടെ പങ്ക് മഹത്തരമായിരുന്നു. ആസൂത്രണ കമീഷനെ വേണ്ടെന്നുവച്ച് നിതി ആയോഗ് വന്നപ്പോഴാണ് വൻകിട കോർപറേറ്റുകൾ പശ്ചാത്തലമേഖലാ വികസനരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ഓരോരോ ജനസേവനങ്ങൾക്ക് ഫീസുകളും ടോളും കുത്തനെ ഉയരുന്നത് പൊതുമേഖലാ സംവിധാനങ്ങൾ ഇല്ലാതാകുന്നതിന്റെ ഫലമായിട്ടാണ്. ഇപ്പോഴാകട്ടെ ആരോഗ്യമേഖലയിലെ ചികിത്സയും പരിരക്ഷയും വൻതോതിൽ ഇൻഷുറൻസ് ബന്ധിതമാണ്. ആശുപത്രിയിൽ പ്രവേശനസമയത്തുതന്നെ ഇൻഷുറൻസുണ്ടോ എന്ന ഒറ്റ ചോദ്യത്തിലൂടെ സകല കാര്യങ്ങളിലും നിർണായക മാറ്റങ്ങളുണ്ടാകും. ആശുപത്രി–ഇൻഷുറൻസ് ബാന്ധവം ചികിത്സാ ഉള്ളടക്കത്തിലുണ്ടാക്കിയ മനോഭാവമാറ്റം ചെറുതല്ല. സ്വകാര്യസംരംഭകർ തങ്ങളുടെ ലാഭം ബലികഴിച്ചുള്ള ഒരിടപാടിനും സന്നദ്ധമാകില്ലെന്ന മൂലതത്ത്വം തിരിച്ചറിയുമ്പോഴാണ്, മനുഷ്യർ അവശരായി കഴിയുന്ന ചികിത്സാമേഖലയിലെ ചതിക്കുഴിയുടെ ആഴം ബോധ്യമാവുക. ഉപാധികളില്ലാത്ത സ്നേഹവും അനുകമ്പയും മാനവികതയും നിറഞ്ഞൊഴുകേണ്ട ആതുരസേവനരംഗത്തേക്ക് സമ്പൂർണ വിദേശ ഓഹരിപങ്കാളിത്തം ഒഴുകിയെത്തുമ്പോഴത്തെ മനുഷ്യദൈന്യം ഊഹിക്കാവുന്നതേയുള്ളൂ.


പെൻഷനും ഇൻഷുറൻസ് ബന്ധിതം

ഇൻഷുറൻസുമായി ലിങ്ക് ചെയ്തിട്ടുള്ള മറ്റൊരു മേഖലയാണ് പെൻഷൻ ഫണ്ടുകൾ. ചില സ്വകാര്യ സ്ഥാപനങ്ങൾ പെൻഷൻ വിതരണം സാധ്യമാക്കുന്നത് എൽഐസി തുടങ്ങിയ ഇൻഷുറൻസ് കമ്പനികളുടെ ആന്വിറ്റിയുടെ സുരക്ഷയും കരുതലും കണക്കിലെടുത്താണ്. 2002ൽ പാർലമെന്റ്‌ പാസാക്കിയ പിഎഫ്‌ആർഡിഎ ബില്ലിന്റെ സത്തയെന്നത് പെൻഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽനിന്നുള്ള സർക്കാർ പിന്മാറ്റമാണ്. പകരം പെൻഷൻ വിതരണച്ചുമതല സ്വകാര്യ പെൻഷൻ ഫണ്ട് മാനേജർമാരുടേതായി തീർന്നു. വിദേശത്തുള്ള അനവധി പെൻഷൻ ഫണ്ട് കുത്തകസ്ഥാപനങ്ങൾ ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തുമെന്നത് നിശ്ചയം. കാരണം പെൻഷൻ ഫണ്ടുകളിലെ പണം ദീർഘനാളത്തേക്ക് തങ്ങളുടെ ഇഷ്ടാനുസരണം ക്രയവിക്രയം നടത്താമെന്നതാണ്.


സമൂഹത്തിലെ വയോജനവിഭാഗങ്ങളുടെ എണ്ണം വർധിക്കുകയും ജീവിതശൈലീരോഗങ്ങൾ പെരുകുകയും ചെയ്യുന്ന വേളയിലാണ് ചികിത്സാരംഗവും പെൻഷൻ വിതരണവും വിദേശ ഇൻഷുറൻസ് കമ്പനികളെ ഏൽപ്പിക്കുന്നത്. വാഹന ഇൻഷുറൻസും കാർഷികമേഖലയിലെ ഇൻഷുറൻസ് പദ്ധതികളുമൊക്കെ നോക്കിയാൽ ജനജീവിതത്തെ ഏറെ നിർണായകമായി സ്വാധീനിക്കുന്ന ഒന്നാണ് ഇൻഷുറൻസ് വ്യവസായമെന്നു കാണാം. ലോക ജനസംഖ്യയിൽ ഒന്നാമത്തെയും നിർണായക മധ്യവർഗവുമുള്ള ഇന്ത്യൻ കമ്പോളം കൈവശപ്പെടുത്താനുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ആഗ്രഹമാണ് ഇൻഷുറൻസ് വിദേശവൽക്കരണത്തിലൂടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. 2008ലെ ആഗോള സാമ്പത്തികക്കുഴപ്പത്തിന്റെ വേളയിൽ ലോകോത്തര വിദേശ ബാങ്കുകളും ഇൻഷുറൻസ് സംരംഭങ്ങളും തകർന്നടിഞ്ഞ് നിലംപരിശാകുകയുണ്ടായി. അന്നേരം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കവചമായി നിലകൊണ്ട് സംരക്ഷിച്ചത് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും ഇൻഷുറൻസ് സ്ഥാപനങ്ങളുമായിരുന്നു. പ്രസ്തുത സുരക്ഷാകവചമാണ് പാർലമെന്റ് പാസാക്കിയ ഇൻഷുറൻസ് വിദേശവൽക്കരണ ബില്ലിലൂടെ ഇല്ലാതാകുന്നത്.


അക്ഷയപാത്രം വിദേശികൾക്ക്

രാജ്യത്തും ജനങ്ങളിലും സാമ്പത്തികനീരൊഴുക്ക് സാധ്യമാക്കുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ് ബാങ്ക് ഇൻഷുറൻസ് സ്ഥാപനങ്ങൾ. ഇവയുടെ ശാഖകൾ മുഖാന്തരം ജനങ്ങളിലേക്കും വിവിധ തുറകളിലേക്കും പണമെത്തുന്നമുറയ്ക്കാണ് നാട്ടിൽ വികസനവും ജനങ്ങൾക്ക് അഭിവൃദ്ധിയും ക്ഷേമവും യാഥാർഥ്യമാകുന്നത്. 1990കൾക്കുശേഷം ധനകാര്യസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചത് വൻകിടക്കാരിലും കഴുത്തറുപ്പൻ ലാഭചിന്തകളിലുമാണ്. എൽഐസി നിക്ഷേപം 56 ലക്ഷം കോടി രൂപ അടക്കം ബാങ്കിങ്‌ ധനകാര്യസ്ഥാപനങ്ങളിലായി 300 ലക്ഷം കോടി രൂപയുടെ അസാമാന്യമായ ധനവിഭവമാണ് ഇപ്പോൾ നാടിന്റെ സമ്പത്തായിട്ടുള്ളത്. 2025-–26 കേന്ദ്രബജറ്റിന്റെ ആറുമടങ്ങുവരും ഈ സംഖ്യ. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ (ജിഡിപി) നാലിൽ മൂന്നു ഭാഗം വരുന്ന സമ്പത്തിന്റെ ഈ റിസർവോയറിനെ ഫലപ്രദമായി ഉപയോഗിച്ചാൽ നാടിന്റെ അടിസ്ഥാനപരമായ ഒട്ടനവധി പ്രശ്നങ്ങൾ പരിഹരിക്കാനാകും. എന്നാൽ, ഈ അത്യപൂർവ ധനസഞ്ചയത്തിന്റെ വിനിയോഗവും ഉടമസ്ഥതയുമാണ് സ്വകാര്യ വിദേശ ശക്തികൾക്ക് കൈമാറുന്നത്.


ഇൻഷുറൻസ് അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളിലേക്ക് വിദേശമൂലധനം കടന്നുവരുന്നതോടെ ആ സ്ഥാപനങ്ങൾ അന്യാധീനപ്പെടുമെന്നുമാത്രമല്ല, എല്ലാ മനുഷ്യരുടെയും ദൈനംദിനജീവിതത്തിൽ ഗുരുതരമായ കൂച്ചുവിലങ്ങുകൾ രൂപപ്പെടുകയും ക്രമേണ നാടിന്റെ സാമ്പത്തികസ്വാതന്ത്ര്യംതന്നെ അപകടപ്പെടാനും കാരണമാകും. സാമ്പത്തിക അടിമത്തം രാഷ്ട്രീയസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നത് സാർവലൗകിക സത്യമാണ്, സയൻസാണ്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home