ദേശീയ അടിയന്തരാവസ്ഥയുടെ കാള രാത്രികൾ... ഓർമകളിലൂടെ...


വി എ എൻ നമ്പൂതിരി
Published on Jun 24, 2026, 06:58 PM | 2 min read
1975 ജൂൺ 25 ന്ന് പ്രഖ്യാപിക്കപ്പെട്ട് 1977 മാർച്ച് വരെ നീണ്ടുനിന്ന ദേശീയ അടിയന്തരാവസ്ഥയെക്കുറിച്ച് ഒട്ടേറെ ശ്രദ്ധേയമായ പുസ്തകങ്ങളും, ലേഖനങ്ങളും, അവലോകനങ്ങളുമെല്ലാം ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കാർട്ടൂണുകളും കവിതകളും വേറെ. ആ കാലഘട്ടത്തിൽ ജീവിച്ചവർക്ക് സ്വന്തം അനുഭവങ്ങൾ പറയാനുമുണ്ടാകും. പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള മുഖ്യ കാരണം സ്വന്തം തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദ് ചെയ്ത വിധി ആണെങ്കിലും, 1974 ലെ മൂന്ന് ആഴ്ചയോളം നീണ്ടുനിന്ന, സർക്കാരിനെ മുൾമുനയിൽ നിർത്തിയ, റയിൽവേ പണിമുടക്കും തുടർന്ന് രാജ്യത്തൊട്ടാകെ ഉയർന്നു വന്ന തൊഴിലാളിമാരുടെയും കർഷരുടെയും ഒക്കെ പ്രക്ഷോഭണങ്ങളും കാരണമായിട്ടുണ്ട്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ശേഷമാകട്ടെ, ജനാധിപത്യ സംവിധാനങ്ങളെയൊക്കെ തകർത്ത, പ്രതിപക്ഷ നേതാക്കളെയൊക്കെ ജയിലറക്കുള്ളിൽ കുത്തി നിറച്ച, പത്രങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കുമെല്ലാം കൂച്ചു വിലങ്ങിട്ട, അതി ക്രൂരമായ സ്വേഛാധിപത്യ ഭരണമാണ് അരങ്ങേറിയത്. ഓരോ വ്യക്തിക്കും തങ്ങളുടെ സ്വന്തം കടുത്ത അനുഭവങ്ങൾ തന്നെ ഒട്ടേറെ ഉണ്ടാകും. അടിയന്തരാവസ്ഥക്കെതിരെ നടന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരാട്ടങ്ങളും നിരവധി. പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയും കോൺഗ്രസ്സും ദയനീയമായി പരാജയപ്പെടുകയും അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുകയും ജനത സർക്കാർ അധികാരത്തിൽ വരികയും ചെയ്ത ശേഷം നിയമിക്കപ്പെട്ട ഷാ കമ്മീഷൻ അടിയന്തരാവസ്ഥയിലെ അതിക്രമണങ്ങളെക്കുറിച്ച് സുദീർഘമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. അതിലേക്കൊന്നും വിശദമായി പോകാൻ ആഗ്രഹിക്കുന്നില്ല. ആ കാലത്തുണ്ടായ സ്വന്തം ചില അനുഭവങ്ങൾ ഓർമിക്കുകയാണ് ഈ ചെറു കുറിപ്പുകളിലൂടെ..
1. ഡൽഹി കൺവെൻഷനിലേക്ക്...
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ 1975 ജൂൺ 28 ന്ന് കേന്ദ്ര - സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകൾ വിളിച്ചു ചേർത്ത അഖിലേന്ത്യ കൺവെൻഷനിൽ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് കോഴിക്കോട് നിന്നും തീവണ്ടി യാത്ര. ജൂൺ 26 രാവിലെ ഡൽഹി സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അവിടെ ഒട്ടേറെ പോലീസും, സായുധ സേനയും. എന്ത് പറ്റിയെന്നു ആശങ്ക.
വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോഴേക്കും യൂണിയന്റെ പ്രവർത്തകരും പാർടി സഖാക്കളും കൂടി, കൺവെൻഷനിലേക്ക് വന്ന ഞങ്ങളെ കൂട്ടി തിരക്ക് പിടിച്ച് പുറത്തേക്ക്. ഓട്ടോ റിക്ഷകളിൽ, എം പി ജ്യോതിർമയി ബസുവിന്റെ എം പി ബംഗ്ലാവിലേക്ക്. മുമ്പത്തെ ദിവസം രാത്രി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും ഒട്ടേറെ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതും, അറസ്റ്റ് ഒഴിവാക്കാൻ ജ്യോതിർമയി ബസു അടക്കം പാർടി എം പിമാരും നേതാക്കന്മാരും മറ്റും ഒളിവിൽ പോയതും അവർ പറഞ്ഞു. അറിയാതെ അറസ്റ്റിൽ പെടുന്നത് ഒഴിവാക്കാനാണ് ഇവിടെക്ക് കൊണ്ടുവന്നതെന്നും, ക്വാർട്ടേഴ്സിൽ നിന്നു പുറത്ത് പോകരുതെന്നും ഭക്ഷണം അവിടെ തെയ്യാറാക്കി തരുമെന്നും പറഞ്ഞു.
തലേന്ന് രാത്രി തന്നെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, മൊബൈൽ ഫോൺ സംവിധാനമൊന്നും ഇല്ലാത്ത കാലമായതു കൊണ്ട് തീവണ്ടിയിലുള്ള ഞങ്ങൾ വിവരം അറിഞ്ഞിരുന്നില്ല. കടന്നു വരുന്ന സ്റ്റേഷനുകളിലെല്ലാം ധാരാളം പൊലീസുകാരേയും മറ്റും കണ്ടിരുന്നുവെങ്കിലും എന്താണെന്ന് മനസ്സിലായിരുന്നില്ല. ( തുടരും )
(രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സമുന്നത നേതാവായിരുന്നു ലേഖകൻ)
















