നമുക്ക് വന്ദിക്കാൻ ഭരണഘടന


ഐ ബി സതീഷ്
Published on Jun 21, 2025, 12:00 AM | 3 min read
കഴിഞ്ഞ ദിവസം കേരള രാജ്ഭവനിൽ ഗവർണർ അധ്യക്ഷനായ ഔദ്യോഗികചടങ്ങിൽനിന്ന് പിന്മാറി തന്റെ വാഹനത്തിലേക്ക് നടക്കുമ്പോൾ മന്ത്രി വി ശിവൻകുട്ടി എന്ന കമ്യൂണിസ്റ്റ് മലയാളിയുടെ രാഷ്ട്രീയനിർഭയത്വത്തിന്റെ ചുവടുകളാണ് വച്ചത്. സർക്കാർ പരിപാടിയിൽ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി സ്വീകരിച്ച നിലപാട് മതനിരപേക്ഷതയും ഭരണഘടനയും പരിഹസിക്കപ്പെടുമ്പോൾ എടുക്കേണ്ടതുതന്നെയാണ്. കുനിയാത്ത നട്ടെല്ലും ആർഎസ്‌എസ് ശാഖകൾക്ക് കാവൽനിൽക്കാത്ത പാരമ്പര്യവുമുള്ള കമ്യൂണിസ്റ്റിന്റെ കരുത്താണത്. അതിനപ്പുറം മന്ത്രി ഭരണഘടനാ തത്വങ്ങളുടെ കാവൽഭടൻകൂടിയായി രൂപാന്തരപ്പെടുകയും ചെയ്യുകയായിരുന്നു.
ഭരണഘടനയുടെ മതനിരപേക്ഷ മൂല്യം
ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് പ്രഖ്യാപിക്കുന്നു. സെക്യുലറിസം ഭരണഘടനയുടെ മാറ്റമറ്റ ഘടകമാണ് (Kesavananda Bharati vs State of Kerala, AIR 1973 SC 1461). അതായത് മതപരമായ ചിഹ്നങ്ങൾ, ആശയങ്ങൾ, ആലേഖനങ്ങൾ എന്നിവ ഔദ്യോഗികമായി പ്രചരിപ്പിക്കാൻ ആർക്കും അധികാരമില്ല. ‘ഭാരതാംബ’ എന്ന പേരിൽ ആർഎസ്‌എസ് വന്ദിക്കുന്ന ചിത്രം മതപരമായതിനാൽ ഔദ്യോഗിക പരിപാടിയിൽ ഉപയോഗിക്കുന്നത് ഭരണഘടനാപരമായ മതനിരപേക്ഷ പ്രമാണങ്ങൾക്ക് വിരുദ്ധമാണ്. ഗവർണർ ഭരണഘടനാ സ്ഥാനം വഹിക്കുന്നതിനാൽ ഏതെങ്കിലും പാർടി നിലപാടുകൾക്കോ മതനിലപാടുകൾക്കോ വിധേയനാകരുത്. അങ്ങനെയുണ്ടായാൽ അതിനെ ചോദ്യം ചെയ്യാനും ഭിന്നാഭിപ്രായം രേഖപ്പെടുത്താനും പൗരന്മാർക്ക് അവകാശമുണ്ട്.
ഗവർണറുടെ ഓഫീസ് മതനിരപേക്ഷ ചിഹ്നം മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉറപ്പുവരുത്താൻ ശക്തമായ ജനകീയ മുന്നേറ്റവും നീതിപീഠങ്ങളുടെ ഇടപെടലും അനിവാര്യമാകുന്ന സാഹചര്യമാണ് നിലവിൽ രാജ്‌ഭവനിലുള്ളത്. അതിലേക്കുള്ള തുടക്കമാണ് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തന്റെ ശക്തമായ പ്രതികരണത്തിലൂടെ നിർവഹിച്ചത്. ആർഎസ്എസ് അംഗീകരിക്കുന്ന ചിഹ്നം ഇന്ത്യയിലെ എല്ലാ പൗരന്മാരും ഔദ്യോഗിക പരിപാടികളിൽപ്പോലും അംഗീകരിക്കണം എന്നാണ് അവരുടെ തീട്ടൂരം. അതിനുമുന്നിൽ സാഷ്ടാംഗ നമസ്കാരം നടത്താൻ ഗവർണർമാരെ കിട്ടും. പക്ഷേ, മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർ അതിന് തയ്യാറാകില്ല.
ജനാധിപത്യവ്യവസ്ഥയുടെ അടിവേരറുക്കാനുതകുന്ന മൂർച്ചയുള്ള ആയുധമായി ഗവർണർപദവി മാറിയിരിക്കുന്നു.
ജനാധിപത്യകക്ഷികൾ എന്ന മേൽവിലാസം പേറുന്നവരും അതിനെ മുറുകെ പിടിക്കുന്നവരെന്ന് അവകാശപ്പെടുന്നവരുമായ വലതുപക്ഷ പാർടികൾക്ക് ജനാധിപത്യം തകർക്കാൻ ഒരിക്കലും മടിയുണ്ടായിട്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കോൺഗ്രസ്, ഗവർണർമാരിലൂടെ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഫെഡറലിസത്തെ തകർക്കുന്നതിന് തുടക്കം കുറിച്ചു. അമ്പത് വർഷംമുമ്പ് അടിയന്തരാവസ്ഥ പൗരാവകാശങ്ങളെ നേരിട്ട് നിഗ്രഹിച്ചെങ്കിൽ ഇന്ന് ബിജെപി ഭരണം ഗവർണർമാരിലൂടെ സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യാവകാശങ്ങളും ഭരണഘടന നൽകുന്ന അധികാരവും നിഷേധിക്കുന്നു. ഈ വസ്തുത കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതാണ് മുൻ കേരള ഗവർണർമാരായിരുന്ന ആരിഫ് മൊഹമ്മദ് ഖാന്റെയും ആർ എസ് ഗവായിയുടെയുമെല്ലാം നടപടികൾ. നിലവിലെ ഗവർണറാകട്ടെ പരസ്യമായിത്തന്നെ സംഘപരിവാർ ആശയങ്ങൾ രാജ്‌ഭവനിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു.
ജനാധിപത്യഹത്യയുടെ നാൾവഴി
എൻഡിഎ സർക്കാർ അധികാരമൊഴിഞ്ഞ് 2004ൽ യുപിഎ അധികാരമേറിയപ്പോൾ ഹരിയാനയിലെ ബാബുപരമാന്ദ്, ഗോവയിലെ കിദർനാഥ് സാഹ്നി, ഗുജറാത്തിലെ കൈലാഷ് പതി മിത്ര, ഉത്തർപ്രദേശിലെ വിഷ്ണുകാന്ത്ശാസ്ത്രി എന്നീ ഗവർണർമാരെ പുറത്താക്കി. അത് വിവാദമായപ്പോൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീൽ ‘ഈ ഗവർണർമാർ ആശയപരമായി ഞങ്ങളോട് യോജിപ്പില്ലാത്തവരായതുകൊണ്ടാണ് മാറ്റിയതെന്ന്’- തുറന്നുപറഞ്ഞു. 1967 ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 1986 വരെ നിയമിക്കപ്പെട്ട 88 ഗവർണർമാരിൽ 18 പേർക്കാണ് കാലാവധി പൂർത്തിയാക്കാനായത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനും മുകളിലാണ് നാമനിർദേശം ചെയ്യപ്പെട്ട ഗവർണർ എന്നാണല്ലോ കോൺഗ്രസിന്റെ കാഴ്ചപ്പാട്. അതുകൊണ്ടാണ് അവർ ബിജെപി ഗവർണർമാരിലൂടെ ജനാധിപത്യ ധ്വംസനം പലരൂപത്തിൽ തുടരുമ്പോഴും മൗനം പാലിക്കുന്നത്.
പശ്ചിമബംഗാളിൽ 1967ൽ അജോയ് മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി ഗവൺമെന്റിൽ ഭിന്നത ഉടലെടുത്തപ്പോൾ ഭൂരിപക്ഷമില്ലാത്ത കോൺഗ്രസ് നേതാവായ പ്രഥുല്ല ചന്ദ്രഘോഷിനെ ഗവർണറായിരുന്ന ധരംവീര ഹുമയൂൺ അവരോധിച്ചു. 1970ൽ അജോയ് മുഖർജിയുടെ രണ്ടാം മന്ത്രിസഭ രാജിവച്ചപ്പോൾ ഏറ്റവും അധികം എംഎൽഎമാരുണ്ടായിരുന്ന ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സിപിഐ എമ്മിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കാതെ നിയമസഭ പിരിച്ചുവിട്ടു. 1971ൽ ഏറ്റവും ഭീകരമായ ആക്രമണങ്ങളെ അതിജീവിച്ച് 113 സീറ്റ് നേടാൻ സിപിഐ എമ്മിന് കഴിഞ്ഞു. എന്നാൽ, 280 അംഗ നിയമസഭയിൽ അഞ്ച് അംഗങ്ങൾ മാത്രമുള്ള ബംഗ്ലാ കോൺഗ്രസിന്റെ നേതാവ് അജോയ് മുഖർജിയെ മുഖ്യമന്ത്രിയാകാൻ ക്ഷണിക്കുകയാണ് ഗവർണറായിരുന്ന എസ് എസ് ധവാൻ ചെയ്തത്. (അജോയ് മുഖർജി ജ്യോതിബസുവിനോട് മത്സരിച്ച് പരാജയപ്പെട്ട് നിയമസഭാംഗംപോലുമായിരുന്നില്ല).
1984ൽ നാടകീയ സംഭവങ്ങൾക്ക് ആന്ധ്രപ്രദേശ് സാക്ഷ്യം വഹിച്ചു. ഗവർണർ രാംലാൽ, എൻ ടി രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം മന്ത്രിസഭയെ പിരിച്ചുവിടുകയും മുൻ ധനമന്ത്രി എൻ ഭാസ്‌കര റാവുവിന് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഒടുവിൽ രാമറാവു എംഎൽഎമാരെയും കൂട്ടി രാഷ്ട്രപതിഭവനിലെത്തി ഭൂരിപക്ഷം തെളിയിച്ചു.
ജനാധിപത്യം കൊലചെയ്യപ്പെടുകയും വിവേചനാധികാരം ദുർവിനിയോഗിക്കപ്പെടുകയും ചെയ്യുന്നത് ചർച്ചാവിധേയമായ ഘട്ടത്തിലാണ് 1987ൽ സർക്കാരിയ കമീഷൻ ശുപാർശകൾ സമർപ്പിച്ചത്. ഗവർണർ പദവി ജനാധിപത്യത്തിന് ഭീഷണിയാകാതിരിക്കാൻ ചില നിർദേശങ്ങൾ കമീഷൻ മുന്നോട്ടുവച്ചെങ്കിലും നടപ്പായില്ല. ഗവർണർമാരുടെ വിവേചനാധികാരം ഏറ്റവും ഒടുവിൽ പ്രയോഗിക്കാനുള്ളതാണെന്ന് കമീഷൻ ഓർമിപ്പിച്ചു. എന്നാൽ, വലതുപക്ഷ പാർടികൾ അധികാരത്തിലിരുന്നപ്പോഴെല്ലാം ഭരണഘടനയുടെ സത്തയ്‌ക്ക് വിപരീതമായി ഗവർണർ പദവിയെ ഉദ്ദിഷ്ടകാര്യത്തിനായി ഉപയോഗിക്കുകയാണ് ചെയ്തത്. അതിന്റെയെല്ലാം തുടർച്ചയാണ് ആരിഫ് മൊഹമ്മദ് ഖാനിലൂടെയും ഇപ്പോൾ ആർലേക്കറിലൂടെയും കേരളം അനുഭവിക്കുന്നത്.
അടുത്തകാലത്ത് ഗവർണർ ആർ എൻ രവിക്കെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ സുപ്രീംകോടതി ശ്രദ്ധേയമായ ചില ഇടപെടലുകൾ നടത്തി. ഗവർണര്‍ക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും നിയമങ്ങൾ കൊണ്ടുവരുന്നത് ജനത്തിനു വേണ്ടിയാണെന്നും ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പിടിച്ചുവച്ച പത്ത് ബില്ലിനും അംഗീകാരവും നല്‍കി. വിവേചനാധികാരം ഗവർണറുടേതല്ല, മറിച്ച് കേന്ദ്ര സർക്കാരിന്റെ ഇംഗിതപ്രകാരമാണെന്ന വസ്തുതയാണ് നമുക്ക് മുന്നിലുള്ളത്. അതുകൊണ്ടാണ് ഉത്തർപ്രദേശ് ഗവർണറായിരുന്ന കാലത്ത് സരോജിനി നായിഡു പറഞ്ഞത് ‘താൻ സ്വർണക്കൂട്ടിലടയ്‌ക്കപ്പെട്ട തത്ത’യാണെന്ന്.
ഗവർണർപദവിയെ സംബന്ധിച്ച് വ്യക്തമായ രാഷ്ട്രീയനിലപാട് എന്നും സിപിഐ എമ്മിനുണ്ടായിരുന്നു. കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സർക്കാരിയ കമീഷന് സിപിഐ എം വ്യക്തമായ ശുപാർശകൾ സമർപ്പിച്ചിരുന്നു. ഗവർണർ പദവി ദുരുപയോഗം ചെയ്ത ഘട്ടങ്ങളിലെല്ലാം ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്നു. മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ചെയ്‌തികൾക്കെതിരെ കേരള സർക്കാർതന്നെ സുപ്രീംകോടതിയെ സമീപിച്ചു. സർവകലാശാല ഭരണം സംബന്ധിച്ചതടക്കമുള്ള വിഷയങ്ങളിൽ അതിശക്തമായ പ്രതിഷേധംതന്നെയാണ് പുരോഗമന പ്രസ്ഥാനങ്ങൾ ഉയർത്തിയത്. ആ പ്രക്ഷോഭങ്ങളുടെ തീച്ചൂടുതന്നെയാണ് ആർലേക്കറെയും കാത്തിരിക്കുന്നത്.















