ഭരണഘടനാവ്യവസ്ഥകൾ ; പുരോഗമനപരമായ വ്യാഖ്യാനം വേണം


എം എ ബേബി
Published on Dec 01, 2025, 10:55 PM | 5 min read
ഗവർണറുടെയും രാഷ്‌ട്രപതിയുടെയും അധികാരങ്ങൾ സംബന്ധിച്ച പ്രസിഡൻഷ്യൽ റഫറൻസിനുമേൽ ഈയിടെ സുപ്രീംകോടതി നടത്തിയ ഉപദേശക അഭിപ്രായങ്ങൾ, ഇന്ത്യൻ ജനാധിപത്യത്തെയും ഫെഡറലിസത്തെയും സംബന്ധിച്ച് തികച്ചും നിരാശാജനകമാണ്. തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളുടെ പരമാധികാരം ഉറപ്പിക്കുന്നതിനും ഗവർണർമാരുടെ പക്ഷപാതസമീപനം തടയുന്നതിനും പകരം ഇൗ പ്രതിസന്ധിയിലേക്ക് നയിച്ച രീതികളെ കൂടുതൽ ശക്തിപ്പെടുത്താൻ ഉതകുന്നതാണ് പരമോന്നത കോടതിയുടെ നിലപാട്.
കേന്ദ്രസർക്കാർ നിയോഗിച്ച ഗവർണമാർ പല നിയമസഭകളും പാസാക്കിയ ബില്ലുകളിൽ മാസങ്ങളും വർഷങ്ങളും അടയിരിക്കുന്നു. ഭരണഘടനാപദവി ഉപയോഗിച്ച് ജനകീയാഭിലാഷങ്ങൾക്കുമേൽ വീറ്റോ അധികാരം പ്രയോഗിക്കുകയാണവർ. നിയമസഭകൾ ബില്ലുകൾ പാസാക്കി രാജ്‌ഭവനിലേക്ക് അയക്കുമ്പോൾ അവ തമോഗർത്തത്തിലകപ്പെട്ടപോലെയാണ്. ബില്ലിന് അംഗീകാരം ലഭിക്കുമോ തിരിച്ചയക്കുമോ മാറ്റിവയ്‌ക്കുമോ എന്നൊന്നും ഒരു സൂചനയുമില്ല. ഇത്തരം ബില്ലുകളിൽ കഴിവതുംവേഗം നടപടിയെടുക്കണമെന്ന് നിർദേശിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 200ന്റെ അന്തസ്സത്തയുടെ നഗ്നമായ ലംഘനമാണത്.
ഭരണഘടന അട്ടിമറിക്കുന്നു
ഇത് യഥാർഥത്തിൽ ഭരണപരമായ ഒരു പ്രശ്നമല്ല, മറിച്ച് ഒരു രാഷ്‌ട്രീയപ്രശ്നമാണ്. ഗവർണർമാർ ഇത്തരത്തിൽ ധിക്കാരപരമായി തടസ്സപ്പെടുത്തുന്നത് കേന്ദ്രത്തിലെ ഭരണമുന്നണിയുടെ ഭാഗമല്ലാത്ത സംസ്ഥാന സർക്കാരുകളെമാത്രമാണ്. ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് ഇത്തരം തടസ്സപ്പെടുത്തൽ നേരിടേണ്ടിവരുന്നില്ല. ഇതിലൂടെ, ഗവർണർ എന്ന ഭരണഘടനാപദവിയെ പക്ഷപാതപരമായ നിയന്ത്രണത്തിനുള്ള ആയുധമായി ഉപയോഗിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സന്തുലിതാവസ്ഥയെയും ജനാധിപത്യസംവിധാനത്തിൽ പരമാധികാരികളായ ജനങ്ങളുടെ ഇച്ഛയെയും പ്രതിഫലിപ്പിക്കേണ്ടവയാണ് നിയമസഭകൾ എന്ന അടിസ്ഥാന ഭരണഘടനാതത്ത്വത്തെയും ഇത് അട്ടിമറിക്കുന്നു. ഭരണഘടനാ അട്ടിമറിയുടെ ഈ അസാധാരണ സാഹചര്യമാണ് ബില്ലുകൾ മനപ്പൂർവം തടഞ്ഞുവയ്‌ക്കുന്ന അവസ്ഥയ്‌ക്ക് പരിഹാരം തേടി സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരുകളെ പ്രേരിപ്പിച്ചത്. അസാധാരണമായ ഇൗ പ്രതിസന്ധിയോട് പ്രതികരിക്കവേ ഏപ്രിൽ എട്ടിന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ധീരവും സമുചിതവുമായാണ് ഇടപെട്ടത്. ബില്ലുകളിൽ നടപടിയെടുക്കുന്നതിലെ അനിശ്ചിതമായ കാലതാമസം നിയമവിരുദ്ധമാണെന്നും ഭരണഘടനാപരമായ രൂപരേഖയ്‌ക്ക് എതിരാണെന്നും അവർ വിലയിരുത്തി. കൂടാതെ, ബില്ലുകൾ ലഭിക്കുമ്പോൾ ഭരണഘടനാപരമായി ചുമതലപ്പെട്ടവർ നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവർത്തിക്കണമെന്ന് ആ ബെഞ്ച് നിർദേശിക്കുകയും ചെയ്‌തു.

എക്‌സിക്യൂട്ടീവിന്റെ തടസ്സവാദങ്ങളിൽനിന്ന് പ്രാതിനിധ്യ ജനാധിപത്യത്തെ പ്രതിരോധിക്കാനുള്ള സന്നദ്ധതയെക്കുറിച്ചുള്ള സൂചനകളാണ് ആ വിധി നൽകിയത്. ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് മൂന്ന് വഴികളാണ് (അംഗീകാരം നൽകുക, പിടിച്ചുവച്ച് തിരിച്ചയക്കുക, അല്ലെങ്കിൽ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് മാറ്റിവയ്‌ക്കുക) ഉള്ളതെന്നും നിയമസഭ വീണ്ടും പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകണമെന്നും ആ വിധിയിൽ വ്യക്തമാക്കി. അതിലൂടെ സംസ്ഥാനങ്ങളിലെ നിയമനിർമാണപ്രക്രിയക്ക് കോടതി താൽക്കാലിക സ്ഥിരത തിരികെക്കൊണ്ടുവന്നു. സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തിനും ജനകീയ പരമാധികാരത്തിനും എതിരായ ആയുധങ്ങളാക്കി ഭരണഘടനയിലെ മൗനങ്ങളെ മാറ്റാൻ ജുഡീഷ്യറി അനുവദിക്കില്ലെന്ന പ്രതീക്ഷയാണ് അത് നൽകിയത്.
ഗവർണർമാരുടെ പദവി ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ചും ജനാധിപത്യസംവിധാനത്തിന്റെ തലപ്പത്തെത്തുന്ന തെരഞ്ഞെടുക്കപ്പെടാത്തവരുടെ നിഷ്‌പക്ഷതയെക്കുറിച്ചുമുള്ള ആശങ്ക ഭരണഘടനാ നിർമാണസഭയിലെ ചർച്ചകളിൽത്തന്നെ ഉയർന്നിരുന്നു. 1949 മെയ് 31ന് ഡോ. അംബേദ്‌കർ ഇങ്ങനെ പറഞ്ഞു: ‘‘ഇൗ സഭയിലെ എല്ലാവർക്കും അറിയാവുന്നതുപോലെ ഗവർണർക്ക് ഒരുവിധ ചുമതലയും ഉണ്ടാകാൻ പാടില്ല. പരിചിതമായ പ്രയോഗം ഉപയോഗിച്ചാൽ ‘സ്വന്തം വിവേചനാധികാരത്തിലോ വ്യക്തിപരമായ തീരുമാനത്തിലോ നിർവഹിക്കേണ്ടതായ ചുമതലകൾ' അദ്ദേഹത്തിന് ഉണ്ടാകരുതെന്നാണ് ഡ്രാഫ്റ്റിങ് കമ്മിറ്റിക്ക് തോന്നുന്നത്. പുതിയ ഭരണഘടനാതത്ത്വങ്ങൾ പ്രകാരം ഗവർണർ എല്ലാ വിഷയത്തിലും മന്ത്രിസഭയുടെ ഉപദേശങ്ങളാണ് പിന്തുടരേണ്ടത്.’’ തികച്ചും അലങ്കാരപരമായ പദവിയാണ് ഗവർണറുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർമാർ ഉയർന്ന നിലവാരമുള്ളവരും പ്രാദേശിക രാഷ്‌ട്രീയത്തിൽനിന്ന് അകന്നുനിൽക്കുന്നവരുമാകണമെന്നും അവരുടെ അറിവും പരിചയവും വഴികാട്ടിയായി വർത്തിക്കണമെന്നും അവർ തർക്കവിഷയത്തിന്റെ കേന്ദ്രമാകരുതെന്നും അന്നത്തെ സംവാദങ്ങളിൽ അഭിപ്രായമുയർന്നു. ചുരുക്കത്തിൽ ഗവർണർമാർക്ക് കളങ്കമില്ലാത്ത സത്യസന്ധത ഉണ്ടായിരിക്കണം എന്നതായിരുന്നു ഭരണഘടനാ നിർമാണസഭയുടെ പൊതുവികാരം.
പദവിയുടെ ദുരുപയോഗം
ഭരണഘടനാ നിർമാണസഭയിൽ ഉന്നയിക്കപ്പെട്ട ആശങ്കകൾ യാഥാർഥ്യമായിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന പാർടിയുടെ രാഷ്‌ട്രീയ ഏജന്റുകളായി ഗവർണർമാർ മാറി. അവർ ദൈനംദിന ഭരണത്തിൽ ഇടപെടുകയും ബില്ലുകൾ തടസ്സപ്പെടുത്തുകയോ അവയ്ക്ക് കാലതാമസം വരുത്തുകയോ ചെയ്യുന്നു. പൊതുപ്രസ്‌താവനകളിലൂടെ തികച്ചും പക്ഷപാതപരമായ തലത്തിലേക്ക് മാറുന്നു. അവരെ തെരഞ്ഞെടുക്കുന്നതിലോ നിയമനത്തിലോ ജനാധിപത്യത്തിന്റെ തരിപോലുമില്ല. അവർ കടപ്പെട്ടിരിക്കുന്നത് നിയമിക്കുന്ന കേന്ദ്രസർക്കാരിനോടാണ്. ആ ആശ്രിതത്വം അവരുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നുമുണ്ട്. ഭരണഘടനാപരമായി വിഭാവനം ചെയ്ത സംസ്ഥാനത്തിന്റെ നിഷ്‌പക്ഷനായ തലവൻ എന്ന നിലയിൽനിന്ന് കേന്ദ്രീകൃത രാഷ്ട്രീയനിയന്ത്രണത്തിനുള്ള സൗകര്യപ്രദമായ മറയായി ഇൗ പദവി മാറി.
രാഷ്ട്രപതിപദവിയുമായുള്ള വൈരുധ്യം ഇവിടെ ശ്രദ്ധേയമാണ്. ഗവർണർമാരിൽനിന്ന് വ്യത്യസ്‌തമായി രാഷ്‌ട്രപതിയെ പാർലമെന്റ് അംഗങ്ങളും സംസ്ഥാന നിയമസഭാംഗങ്ങളുമാണ് തെരഞ്ഞെടുക്കുന്നത്. ഇത് കുറഞ്ഞപക്ഷം ഒൗപചാരികമായിട്ടെങ്കിലും വിശാലമായ ജനാധിപത്യമണ്ഡലത്തോട് രാഷ്‌ട്രപതിപദവിയെ ഉത്തരവാദിത്വമുള്ളതാക്കുന്നു. ഭരണസഖ്യത്തോടാണ് കടപ്പാടെങ്കിലും പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾക്ക് അനിശ്ചിതമായി അംഗീകാരം നൽകാതെ തന്റെ ഓഫീസിനെ ഏറ്റുമുട്ടലിന്റെ വേദിയാക്കി കേന്ദ്രസർക്കാരിനെ ബുദ്ധിമുട്ടിക്കുന്നതിൽനിന്ന് രാഷ്‌ട്രപതിയുടെ ഓഫീസ് ചരിത്രപരമായിത്തന്നെ വിട്ടുനിന്നിട്ടുണ്ട്.
ബില്ലുകൾ വച്ചുതാമസിപ്പിക്കാനുള്ള അവസരം
ഇൗ രണ്ടു പദവികൾക്കും സമാനമായ പരിരക്ഷ ഉള്ളതായാണ് ഭരണഘടനാ ബെഞ്ച് ഇപ്പോൾ പരിഗണിച്ചിട്ടുള്ളത്. ഈ പദവിയുള്ളവരുടെ നിയമനിർമാണപരമായ ചുമതലകളിൽ ഏതെങ്കിലും തരത്തിലുള്ള ഗൗരവമേറിയ ജുഡീഷ്യൽ മേൽനോട്ടം, അധികാര വിഭജനത്തെ ലംഘിക്കുമെന്നും ബെഞ്ച് വിലയിരുത്തി. ഫലത്തിൽ നാമനിർദേശം ചെയ്യപ്പെട്ടതും രാഷ്‌ട്രീയാശ്രിതത്വമുള്ളതുമായ ഗവർണറെ ഫലപ്രദമായ ജുഡീഷ്യൽ പരിശോധനയ്‌ക്ക് അതീതമായി സ്ഥാപിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കാൻ ഗവർണർപദവി ദുരുപയോഗിക്കപ്പെടുന്ന ഒരു കാലത്താണ്, ഇൗ രീതി മുന്നിൽ കണ്ടിട്ടും ഭരണഘടനാ ബെഞ്ച് അധികാരവിഭജനത്തിന്റെയും സ്ഥാപനപരമായ മര്യാദകളുടെയും ജുഡീഷ്യൽ നിയന്ത്രണത്തിന്റെയും കാര്യത്തിൽ തത്ത്വചിന്താപരമായ അന്വേഷണത്തിന് തുനിഞ്ഞത്.
അനുച്ഛേദം 200, 201 എന്നിവപ്രകാരം ഗവർണറുടെയും രാഷ്‌ട്രപതിയുടെയും അധികാരവിനിയോഗം കോടതിയുടെ അധികാരപരിധിയിൽ വരില്ല എന്നാണ് ഭരണഘടനാ ബെഞ്ച് ഉപസംഹരിച്ചത്. വ്യക്തമായ സമയപരിധി നിശ്ചയിക്കാനുള്ള മുൻകാലശ്രമങ്ങളെ ‘ജുഡീഷ്യൽ അതിലംഘനം' എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞ ഭരണഘടനാ ബെഞ്ച് ഭരണഘടനാപരമായ സ്‌തംഭനം തടയുന്നതിനുള്ള തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് കൈകഴുകി. ‘ന്യായമായ' സമയപരിധിക്കുള്ളിൽ പ്രവർത്തിക്കാൻ ഭരണഘടനാപരമായ അധികാരികൾക്ക് ‘പരിമിതമായ നിർദേശം' നൽകാൻമാത്രമേ കഴിയൂ എന്നു പറഞ്ഞ കോടതി പക്ഷേ, ന്യായമായ സമയപരിധി എന്താണെന്ന് നിർവചിക്കുകയോ അന്യായമായ കാലതാമസത്തിന് അർഥപൂർണമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് നിർദേശിക്കുകയോ ചെയ്‌തില്ല. മൂർത്തമായ സമയപരിധിയുടെയും നടപ്പാക്കാൻ കഴിയാത്ത മാനദണ്ഡങ്ങളുടെയും അഭാവത്തിൽ ന്യായമായ സമയപരിധി എന്നത് പൊള്ളയായ പ്രയോഗം മാത്രമാണ്.

ഗവർണർമാർ ഔപചാരിക വിവേചനാധികാരത്തിന്റെ മറ നിലനിർത്തുന്നിടത്തോളം ഫലപ്രദമായ പ്രതിവിധികളുമായി ജുഡീഷ്യറി ഇടപെടില്ലെന്ന ആത്മവിശ്വാസം ഗവർണർമാർക്ക് നൽകിക്കൊണ്ട്, ബില്ലുകൾ വച്ചുതാമസിപ്പിക്കാനുള്ള അവസരം അവർക്ക് ലഭ്യമാക്കിയിരിക്കുകയാണ് യഥാർഥത്തിൽ സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ഒരു സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണെന്നും ഗവർണറുടെ ആത്മനിഷ്‌ഠമായ സംതൃപ്‌തിയെ അടിസ്ഥാനമാക്കിയല്ലെന്നുമുള്ള എസ് ആർ ബൊമ്മൈ കേസിലെ സുപ്രീംകോടതിയുടെ ചരിത്രപരമായ ഇടപെടലുകൾക്ക് കടകവിരുദ്ധമാണിത്. അനുച്ഛേദം 356 രാഷ്‌ട്രീയമായി ദുരുപയോഗിക്കുന്നതിനെതിരെയുള്ള ശക്തമായ ആ ജുഡീഷ്യൽ നിലപാട് കേന്ദ്രസർക്കാരുകളുടെ വികൃതമായ അധികാരദുർവിനിയോഗത്തിന് തടയിടാൻ സഹായിച്ചു എന്നത് വസ്തുതയാണ്. സർക്കാരുകളെ പിരിച്ചുവിടുന്നതിനു പകരം നിയമനിർമാണങ്ങൾ തടസ്സപ്പെടുത്തിയാണ് ഇന്ന് ഫെഡറൽ സംഘർഷത്തിന് വഴിയൊരുക്കുന്നത്.
ഫെഡറൽ ഘടന
എന്നാൽ, ബൊമ്മൈ കേസിന്റെ വഴി പിന്തുടർന്ന് ഭരണഘടനാപരമായ ഫെഡറലിസത്തെ ശക്തമായി സംരക്ഷിക്കാൻ കോടതി തയ്യാറായില്ല. വ്യക്തമായി ഭരണഘടനാവിരുദ്ധമല്ലാത്തപക്ഷം, നിയമസഭയുടെ ഇച്ഛാശക്തിക്ക് പ്രാബല്യം ഉണ്ടായിരിക്കണമെന്ന് നിർബന്ധിക്കേണ്ടതിനു പകരം ഗവർണറുടെ മൗനത്തെ, പുനഃപരിശോധിക്കാൻ കഴിയാത്ത ഒരു ഭരണഘടനാപരമായ കീഴ്‌വഴക്കമായി മാറ്റുന്നതിനുവേണ്ടിയുള്ള ഉപദേശപരമായ അഭിപ്രായമാണ് സുപ്രീംകോടതിയിൽനിന്നുണ്ടായത്. അത് കൂടുതൽ പ്രശ്‌നങ്ങൾക്ക് പ്രോത്സാഹനമേകുകയാണ് ചെയ്യുക.
മോദിസർക്കാരിന്റെ പതിനൊന്നരവർഷത്തെ ഭരണത്തിൽ ഇന്ത്യയുടെ ഫെഡറൽ ഘടന നിരന്തരസമ്മർദങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അധികാരങ്ങൾ യൂണിയൻ സർക്കാരിൽ കേന്ദ്രീകരിക്കുന്നതിനും സംസ്ഥാനങ്ങളുടെ ധനപരമായ സ്വയംഭരണാധികാരങ്ങൾ ദുർബലപ്പെടുത്തുന്നതിനും സ്ഥാപനപരമായ കൈയടക്കലുകളിലൂടെയും സാമ്പത്തികസമ്മർദങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കലിനും വേണ്ടിയുള്ള ശ്രമങ്ങളാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ് കേന്ദ്ര–സംസ്ഥാന ബന്ധങ്ങൾ. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ രൂപകൽപ്പന, ഫണ്ടുകൾ ഏകപക്ഷീയമായി ലഭ്യമാക്കുകയോ തടഞ്ഞുവയ്‌ക്കുകയോ ചെയ്യുക തുടങ്ങിയ നടപടികളിലൂടെ കേന്ദ്രം തങ്ങളുടെ ധനപരമായ ആധിപത്യം സംസ്ഥാനങ്ങൾക്കുമേൽ പ്രയോഗിക്കുകയും തങ്ങളുടെ രാഷ്‌ട്രീയ -സാമ്പത്തിക അജൻഡകളുമായി ചേർന്നുപോകാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുകയും ചെയ്യുകയാണ്. പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിന് ധനസഹായംപോലും തടഞ്ഞുവയ്‌ക്കുന്നത് രാഷ്‌ട്രീയപകപോക്കൽ തന്നെയാണ്.
സംസ്ഥാനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം
ഇതിനെല്ലാം പുറമെയാണ് ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ നിയന്ത്രിക്കാനുള്ള അധിക ഉപാധിയായി ഗവർണർമാരെ വിന്യസിക്കുന്നത്. ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി തുടങ്ങിയ മേഖലകളിൽ ബദൽനയങ്ങൾ ലക്ഷ്യംവച്ചുള്ള നിയമനിർമാണശ്രമങ്ങൾ തടസ്സപ്പെടുത്തപ്പെടുകയോ ചോദ്യംചെയ്യപ്പെടുകയോ ചെയ്യുന്നത് ഭരണഘടനാപരമായ കാരണങ്ങളാലല്ല, മറിച്ച് അവ കേന്ദ്രഭരണകക്ഷിയുടെ പ്രത്യയശാസ്‌ത്രങ്ങളെ വെല്ലുവിളിക്കുന്നതുകൊണ്ടാണ്. സന്ദേശം വ്യക്തമാണ്; കേന്ദ്രസർക്കാരിന്റെ തീട്ടൂരങ്ങൾക്ക് സംസ്ഥാന സർക്കാരുകൾ വഴങ്ങിയാൽമാത്രമേ ഭരണഘടനാപരമായ ഫെഡറൽ കരാർ പാലിക്കപ്പെടുകയുള്ളൂ.
സമ്മർദ ഫെഡറലിസത്തിന്റെയും അക്രമോത്സുക കേന്ദ്രീകരണത്തിന്റെയും വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളിൽ അധികാര വിഭജനത്തെക്കുറിച്ചുള്ള ഇടുങ്ങിയ വ്യാഖ്യാനങ്ങൾക്കുപിന്നിൽ ഒളിക്കുകയല്ല സുപ്രീംകോടതി ചെയ്യേണ്ടത്. മറിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെ സംരക്ഷിക്കുകയും ചെയ്യുംവിധം ഭരണഘടനയെ വ്യാഖ്യാനിക്കുകയാണ് വേണ്ടത്. ഭരണഘടനാവ്യവസ്ഥകൾ മൃതാക്ഷരങ്ങളല്ല; അവയെ കാലികമായും ചലനാത്മകമായും വായിക്കേണ്ടതുണ്ട്, അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളിലൂടെ പ്രകടമാകുന്ന ജനങ്ങളുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.
പ്രാതിനിധ്യ ജനാധിപത്യത്തെ പരാജയപ്പെടുത്താൻ ഭരണഘടനാപരമായ നിശ്ശബ്‌ദതകളെ ഉപയോഗിക്കാൻ കഴിയാത്ത വിധമായിരിക്കണം അനുച്ഛേദം 200, 201 എന്നിവയുടെ കൃത്യവും പുരോഗമനപരവുമായ വ്യാഖ്യാനം. അതിൻപ്രകാരം ഗവർണർമാരും രാഷ്‌ട്രപതിയും കൃത്യമായ, നടപ്പാക്കാൻ കഴിയുന്ന സമയപരിധിക്കുള്ളിൽ പ്രവർത്തിക്കേണ്ടിവരും. അല്ലാത്തപക്ഷം കോടതികൾക്ക് ഫലപ്രദമായ പ്രതിവിധികൾ നിർദേശിക്കാൻ കഴിയുന്ന ഭരണഘടനാപരമായ പിഴവാകും അത്. ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നുവെങ്കിൽ, തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളിലൂടെ പ്രകടമാകുന്ന ജനഹിതത്തിന് അതീതമല്ല തെരഞ്ഞെടുക്കപ്പെടാത്ത അധികാരികൾ എന്ന അടിസ്ഥാന ജനാധിപത്യമൂല്യത്തിന് അടിവരയിടുമായിരുന്നു ജുഡീഷ്യറി. അതാകട്ടെ എക്സിക്യൂട്ടീവിന്റെ അധികാരങ്ങൾക്കുമേലുള്ള കൈകടത്തൽ ആകുമായിരുന്നില്ല.
ജനാധിപത്യം ബലികഴിക്കുന്നു
സമയപരിധി നിശ്ചയിക്കാൻ വിസമ്മതിച്ചതിലൂടെയും ഈ വിഷയത്തിൽ ഗവർണറുടെ നടപടികൾ ഫലത്തിൽ ജുഡീഷ്യൽ പരിശോധനയ്ക്ക് അതീതമാണെന്ന് പ്രഖ്യാപിച്ചതിലൂടെയും സുപ്രീംകോടതി നിലപാട് നിലവിലെ ഇന്ത്യൻ രാഷ്‌ട്രീയസാഹചര്യങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന വെല്ലുവിളിക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ അധികാരവിഭജന സിദ്ധാന്തത്തിന്റെ ബലിപീഠത്തിൽ യഥാർഥ ജനാധിപത്യം ബലികഴിക്കപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെ സ്ഥാപിതലക്ഷ്യങ്ങൾക്കായി വളച്ചൊടിക്കുന്നവർക്ക് ധൈര്യമേകിയിരിക്കുന്നു.
ഗവർണറുടെ പദവി ഉൾപ്പെടെയുള്ള ഭരണഘടനാപരമായ സ്ഥാപനങ്ങളെ ജനഹിതത്തോടുള്ള ഉത്തരവാദിത്വത്തിന്റെ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം ജനാധിപത്യപ്രസ്ഥാനങ്ങൾക്കും പുരോഗമന രാഷ്‌ട്രീയശക്തികൾക്കും സ്വതന്ത്ര മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനുമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഭരണഘടന ജനങ്ങളുടേതാണ്, തെരഞ്ഞെടുക്കപ്പെടാത്ത പക്ഷപാതികളായ അധികാരികളുടേതല്ല. അതിന്റെ അന്തസ്സത്ത വീണ്ടെടുക്കുന്നതിന് രാഷ്ട്രീയപോരാട്ടത്തിനൊപ്പം ജുഡീഷ്യറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജനാധിപത്യം, ഫെഡറലിസം, മതനിരപേക്ഷത, സാമൂഹ്യനീതി എന്നീ തത്ത്വങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ട സമ്മർദങ്ങളും ഉയർന്നുവരേണ്ടതുണ്ട്.















