ഔഷധമേഖലയെ തകർക്കുന്ന ഇന്ത്യ–യുകെ വ്യാപാരകരാർ


ഡോ. ബി ഇക്ബാൽ
Published on Aug 02, 2025, 12:00 AM | 4 min read
വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) നിലവിൽ വരികയാണ്. കരാറിന്റെ വാണിജ്യ–കാർഷിക മേഖലകളിലെ അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യപ്പെട്ടു വരികയാണ്. പൊതുജനാരോഗ്യ മേഖലയിൽ പ്രത്യേകിച്ച്, ജീവൻ രക്ഷാ ഔഷധ ലഭ്യതയുടെ കാര്യത്തിൽ കരാർ ഒട്ടനവധി പ്രതിസന്ധികളിലേക്ക് രാജ്യത്തെ നയിക്കുമെന്നത് ഇതിനിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.
ഔഷധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തയിലേക്ക് നയിക്കുകയും ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയ്‌ക്ക് രാജ്യങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യാൻ ഇന്ത്യയെ സഹായിച്ച 1972 ലെ പേറ്റന്റ് നിയമത്തിൽ ലോകവ്യാപാര സംഘടനയുടെ ട്രിപ്സ് (TRIPS) കരാറിനനുസരിച്ച് 2005 ജനുവരിയിൽ മാറ്റം വരുത്തിയിരുന്നു. ഇതോടെ മറ്റൊരു ഉൽപ്പാദന രീതിയിലൂടെ വിലകൂടിയ പേറ്റന്റ് മരുന്നുകളുടെ കുറഞ്ഞ വിലയ്‌ക്കുള്ള ജനറിക് മരുന്നുകൾ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ അവകാശം നഷ്ടമായി. മാത്രമല്ല പേറ്റന്റ് കാലാവധി 7 വർഷത്തിൽ നിന്നും 20 ആയി വർധിപ്പിക്കുകയും ചെയ്തു. ഇതോടെ ഔഷധവില കുതിച്ചുയർന്നു.
ട്രിപ്സ് കരാറിൽ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്ക് അനുകൂലമായി അവശേഷിച്ചിട്ടുള്ള വകുപ്പുകൾകൂടി സ്വതന്ത്രവ്യാപാര കരാറുകൾ (എഫ്ടിഎ) വഴി നീക്കം ചെയ്യാനാണ് ബ്രിട്ടനും അമേരിക്കയും മറ്റും ശ്രമിച്ചുവരുന്നത്. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം സുഗമമാക്കാനും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഉണ്ടാക്കുന്ന പ്രത്യേക ദ്വികക്ഷി, ബഹുകക്ഷി ഉടമ്പടികളായാണ് സ്വതന്ത്ര വ്യാപാരകരാറുകൾ കരുതപ്പെടുന്നത്. ഇത്തരം കരാറുകളിൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുന്നത് കൂടാതെ, സേവനങ്ങൾ, നിക്ഷേപം, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിലെ വ്യവസ്ഥകളും ഉൾപ്പെടുത്താറുണ്ട്.
നിർബന്ധിത ലൈസൻസിങ്ങിനെതിരെ
ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ സ്വതന്ത്രവ്യാപാര കരാറുകൾ, ഇപ്പോൾതന്നെ വികസ്വര രാജ്യങ്ങൾക്ക് പ്രതികൂലമായ ലോകവ്യാപാര സംഘടനയുടെ ട്രിപ്‌സ് കരാറിനേക്കാൾ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്താറുണ്ട്. ഇവയെ പൊതുവായി ട്രിപ്സ് അധിക (TRIPS Plus) വ്യവസ്ഥകൾ എന്ന് വിളിക്കുന്നു. ധനികരാജ്യങ്ങളും ശക്തരായ ബഹുരാഷ്ട്ര മരുന്നുകമ്പനികളും തങ്ങളുടെ പേറ്റന്റ് സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്താനും ആഗോളതലത്തിൽ തങ്ങളുടെ കുത്തകാവകാശം നിലനിർത്താനും എഫ്ടിഎകളെ തന്ത്രപരമായ ഉപകരണമായി ഉപയോഗിക്കുന്നു.
ട്രിപ്സ് വ്യവസ്ഥയനുസരിച്ച് തന്നെ അനുവദിക്കപ്പെട്ടിട്ടുള്ള നിർബന്ധിത ലൈസൻസിങ് വ്യവസ്ഥ ഫലത്തിൽ നിഷ്‌ക്രിയമാക്കാനുള്ള വ്യവസ്ഥ ഇപ്പോൾ ഒപ്പിട്ട ഇന്ത്യ–- ബ്രിട്ടീഷ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഔഷധങ്ങളുടെ അമിതവില, ഔഷധ ദൗർലഭ്യം, രാജ്യത്തിന്റെ ആവശ്യാനുസരണം അളവിൽ മരുന്നുൽപ്പാദിപ്പിക്കാൻ കമ്പനികൾക്ക് കഴിയാത്ത അവസ്ഥ, സർക്കാർമേഖലയിൽ സൗജന്യമായി വിതരണം ചെയ്യുന്നതിനു മരുന്നു ലഭ്യമാക്കൽ, പേറ്റന്റ് അനുവദിച്ച് നിശ്ചിത കാലയളവിനുള്ളിൽ മരുന്നുൽപ്പാദിപ്പിക്കാതിരിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധിത ലൈസൻസ് പ്രകാരം പേറ്റന്റ് എടുക്കാത്ത കമ്പനികൾക്ക് മരുന്നുൽപ്പാദിപ്പിക്കാനുള്ള അവകാശം പേറ്റന്റ് ഓഫീസിനു നൽകാനാകും.
നിരവധി മരുന്നുകൾ കുറഞ്ഞവിലയ്‌ക്ക് ഉൽപ്പാദിപ്പിക്കാമെന്ന് അവകാശപ്പെട്ട് ഇന്ത്യൻ കമ്പനികൾ നിർബന്ധിത ലൈസൻസിങ്ങിനായി സമർപ്പിച്ച അപേക്ഷകളെല്ലാം പിന്നീട് തള്ളിക്കളയുകയാണുണ്ടായത്.
ഇന്ത്യയിൽ 2013 ൽ നിർബന്ധിത ലൈസൻസ് പ്രകാരം ക്യാൻസർ ചികിത്സയ്‌ക്കുള്ള ഒരു മരുന്ന് ഉൽപ്പാദിപ്പിക്കാൻ ഇന്ത്യ കമ്പനികൾക്ക് അനുമതി നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു. ജർമൻ കമ്പനിയായ ബേയർ കോർപറേഷൻ നെക്സാവർ (Nexavar) എന്ന കമ്പനിനാമത്തിൽ വിൽക്കുന്ന സൊറാഫെനിബ് റ്റൊസിലേറ്റ് (Sorafenib tosylate) എന്ന മരുന്നുൽപ്പാദിപ്പിക്കാനുള്ള അവകാശം നിർബന്ധിത ലൈസൻസ് പ്രകാരം നാറ്റ്കോ (Natco) എന്ന ഇന്ത്യൻ കമ്പനിക്കു നൽകിയാണ് അന്നത്തെ പേറ്റന്റ് കൺട്രോളർ ജനറൽ പി എച്ച് കുര്യൻ ഉത്തരവിറക്കിയത്. ഇതോടെ ലക്ഷക്കണക്കിനു രൂപ ചികിത്സയ്‌ക്കായി ആവശ്യമുള്ള മരുന്ന് ഇപ്പോൾ വളരെ കുറഞ്ഞ വിലയ്‌ക്ക് ഇന്ത്യൻ കമ്പനികൾ ഉൽപ്പാദിപ്പിച്ച് മാർക്കറ്റ് ചെയ്‌തു വരുന്നുണ്ട്. നിരവധി മരുന്നുകൾ കുറഞ്ഞവിലയ്‌ക്ക് ഉൽപ്പാദിപ്പിക്കാമെന്ന് അവകാശപ്പെട്ട് ഇന്ത്യൻ കമ്പനികൾ നിർബന്ധിത ലൈസൻസിങ്ങിനായി സമർപ്പിച്ച അപേക്ഷകളെല്ലാം പിന്നീട് തള്ളിക്കളയുകയാണുണ്ടായത്.
നിർബന്ധിത ലൈസൻസ് വ്യവസ്ഥയ്‌ക്കെതിരായി ഇപ്പോഴത്തെ കരാറിൽ പേറ്റന്റ് മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ മറ്റ് കമ്പനികൾക്ക് ലൈസൻസ് നൽകാമെന്ന വ്യവസ്ഥ ചേർത്തിരിക്കുന്നു. ഇങ്ങനെ മറ്റ് കമ്പനികൾക്ക് ലൈസൻസ് നൽകുമ്പോൾ കനത്ത റോയൽറ്റി പേറ്റന്റ് കമ്പനി ഈടാക്കുന്നതിനാൽ ഔഷധത്തിന്റെ വില കാര്യമായി കുറയുന്നില്ല. കരാറിൽ റോയൽറ്റി തുകയെപ്പറ്റി ഒന്നും പറയുന്നുമില്ല. ലൈസൻസിങ് സമ്പ്രദായത്തിന്റെ പരിമിതി കോവിഡ് കാലത്ത് രാജ്യം അനുഭവിച്ചതാണ്. അന്ന് ജിലിയാഡ് എന്ന അമേരിക്കൻ കമ്പനി അവർ ഉൽപ്പാദിപ്പിച്ചിരുന്ന റെംഡെസിവീർ എന്ന മരുന്ന് ഉൽപ്പാദിപ്പിക്കാൻ സിപ്ലാ, ഡോ. റെഡ്ഡീസ് ലാബ്, ഹെറ്ററോ, സൈഡസ് കാഡില തുടങ്ങിയ കമ്പനികൾക്ക് ലൈസൻസ് നൽകിയിരുന്നു. എന്നാൽ ഉയർന്ന റോയൽറ്റി തുകമൂലം ജിലിയാഡിന്റെ മരുന്നിനേക്കാൾ കാര്യമായ വിലക്കുറവിന് മരുന്ന് വിൽക്കാൻ കമ്പനികൾക്ക് കഴിഞ്ഞില്ല. കേരള സർക്കാർ സാമ്പത്തിക പ്രതിസന്ധിക്കിടയിലും വലിയ തുക മുടക്കിയാണ് റെംഡെസിവീർ രോഗികൾക്ക് നൽകിയത്. നിർബന്ധിത ലൈസൻസ് പ്രയോഗിച്ച് റെംഡെസിവീർ കുറഞ്ഞവിലയ്‌ക്ക് ഉൽപ്പാദിപ്പിക്കൻ ഇന്ത്യൻ കമ്പനികളെ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ തള്ളിക്കളയുകയാണുണ്ടായത്.
ജനറിക് മരുന്നുകൾക്കെതിരെ
മരുന്നുകൾക്ക് പേറ്റന്റ് ലഭിച്ചാൽ ഒരുവർഷത്തിനകം നിർമാണം ആരംഭിക്കണമെന്ന വ്യവസ്ഥ (Working of Patent) കരാറിൽ മൂന്നുവർഷമാക്കി വർധിപ്പിച്ചിരിക്കുന്നു. ഇതോടെ പേറ്റന്റ് മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ വൈകിയാൽ നിർബന്ധിത ലൈസൻസ് പ്രയോഗിച്ച് മരുന്ന് ഉൽപ്പാദനം നടത്താൻ മറ്റ് കമ്പനികൾക്ക് അനുവാദം കൊടുക്കാൻ കഴിയാതെ വരും. പേറ്റന്റ് കാലാവധി കൃത്രിമമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണിത്. സ്വാഭാവികമായും പേറ്റന്റ് കാലാവധിക്കുശേഷം കുറഞ്ഞവിലയ്‌ക്കുള്ള ജനറിക് ഔഷധങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള കാലയളവ് വീണ്ടും വർധിക്കും.
സാർവത്രിക പേറ്റന്റിലേക്കോ
കരാറിലെ ഏറ്റവും അപകടകരമായ വ്യവസ്ഥ ബ്രിട്ടനിലെയും ഇന്ത്യയിലെയും ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ഏകീകരിക്കണമെന്നുള്ളതാണ് (Harmonisation). നിലവിൽ, സാർവത്രിക പേറ്റന്റ്’ ( Universal Patent) അഥവാ എല്ലാരാജ്യങ്ങൾക്കും ബാധകമായ ഏക പേറ്റന്റ് സംവിധാനം ലോകത്ത് നിലവിലില്ല. ഓരോ രാജ്യത്തും വെവ്വേറെ പേറ്റന്റ് അപേക്ഷകൾ സമർപ്പിച്ച് അനുമതി നേടണം. എന്നാൽ, എഫ്ടിഎകളിലൂടെയും മറ്റ് അന്താരാഷ്ട്ര സമ്മർദങ്ങളിലൂടെയും ലോകമെമ്പാടും ഒരേ കർശനമായ പേറ്റന്റ് നിയമങ്ങളും സംരക്ഷണ കാലാവധികളും കൊണ്ടുവരാനുള്ള ശക്തമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ബൗദ്ധിക സ്വത്തവകാശങ്ങളെ സംബന്ധിച്ച നിയമങ്ങളുടെ മാനകീകരണത്തിനും ഏകീകരണത്തിനുമായി ലോകരാജ്യങ്ങൾക്ക് ഉപദേശം നൽകുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസിയാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (World Intellectual Property Organisation: WIPO: വിപ്പോ). വിപ്പോയിലൂടെ കൂടുതൽ കർശനമായ പേറ്റന്റ് നിയമങ്ങൾക്ക് രൂപം നൽകി ലോക വ്യാപാര സംഘടനയിൽ അവതരിപ്പിച്ച് അംഗീകാരം നേടാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.
ആഗോളതലത്തിൽ പേറ്റന്റ് വ്യവസ്ഥകൾക്ക് ഏകീകരണം കൊണ്ടുവരുന്നത്, വികസിതരാജ്യങ്ങളുടെയും ബഹുരാഷ്ട്ര കോർപറേഷനുകളുടെയും സാമ്പത്തിക മേധാവിത്വം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മറ്റൊരു തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് അനാവശ്യ പേറ്റന്റുകൾ തടയുന്നതിനുള്ള ഇന്ത്യയിലെ പേറ്റന്റ് നിയമത്തിലെ 3 (ഡി) വകുപ്പ് നീക്കം ചെയ്യുകയാണ്. ഇതിനെ പേറ്റന്റ് ഹരിതവൽക്കരണം, നിരന്തര പേറ്റന്റിങ് (Greening of Patent, Perpetual Patent) എന്നാണ് വിശേഷിപ്പിക്കുക. ഇതോടെ വിലകൂടിയ അനാവശ്യ മരുന്നുകളുടെ എണ്ണം ഗണ്യമായി വർധിക്കും.
ഇന്ത്യ–-യുകെ വ്യാപാര കരാറിലെ ഇന്ത്യൻ ഔഷധമേഖലയ്‌ക്കെതിരായ വ്യവസ്ഥകൾ വെളിപ്പെടുത്തികൊണ്ട് ജനകീയാരോഗ്യ പ്രവർത്തകർ പ്രചാരണ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. കരാറിന്റെ വിശദാംശങ്ങൾ പാർലമെന്റിൽ ചർച്ചചെയ്ത് ഇന്ത്യൻ താൽപ്പര്യങ്ങൾക്കെതിരായ വകുപ്പുകൾ നീക്കം ചെയ്യണമെന്ന് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്.















