ലോകത്തിന് പറയാനുണ്ട്


ഷംസുദ്ദീൻ കുട്ടോത്ത്
Published on Dec 20, 2025, 08:55 PM | 3 min read
മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചത് ചില ഓർമപ്പെടുത്തലുകളും ചോദ്യങ്ങളും ചിന്തകളും ബാക്കിവച്ചാണ്. സിനിമകൾ മുന്നോട്ടുവച്ച സംവാദങ്ങൾക്കപ്പുറം രാജ്യത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ രാഷ്ട്രീയത്തിന്റെ നിഗൂഢതകളാണവ. ഉള്ളടക്കംകൊണ്ട് മറ്റ് ഏതു ചലച്ചിത്രമേളയോടും കിടപിടിക്കാവുന്ന ചിത്രങ്ങളാണ് ഇത്തവണ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചത്. പതിവുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചലച്ചിത്രപ്രതിഭകളും വിദ്യാർഥികളും ചലച്ചിത്ര പഠനകാലമാക്കി മേളയുടെ ദിവസങ്ങളെ മാറ്റി. എങ്കിലും കരിനിഴൽ വീഴ്ത്താൻ കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം ശ്രമിച്ചെങ്കിലും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്ന് കേരളം ഒറ്റക്കെട്ടായി ആവർത്തിച്ചു. 19 സിനിമകൾക്കാണ് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയത്. ഈ നടപടിയെ അവഗണിച്ച് സിനിമകൾ പ്രദർശിപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ലോകത്തിനുമുന്നിൽ സാംസ്കാരികകേരളം കൂടുതൽ പ്രകാശിച്ചു.
തിരിച്ചറിവിന്റെ കാലം
പലസ്തീനിലെ കുഞ്ഞുങ്ങളുടെ നിലവിളി ലോകത്തിന്റെ മുഴുവൻ കാതുകളിലും വീണുപൊള്ളുമ്പോൾ, ആ ജനതയ്‌ക്ക് പറയാനുള്ളത് സിനിമകളിലൂടെ മനുഷ്യരുള്ള ഇടങ്ങളിലെല്ലാം പടരുമെന്ന ഭയം ഫാസിസ്റ്റ് മനോഭാവം വച്ചുപുലർത്തുന്ന ഭരണാധികാരികൾക്കുണ്ട്. അതുകൊണ്ടാണ് ആ രാജ്യത്തിന്റെ ജീവിതം പറയുന്ന സിനിമകളെ വിലക്കാൻ കാരണം. വൺസ് അപോൺ എ ടൈം ഇൻ ഗാസ, ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു, പലസ്തീൻ ’36 തുടങ്ങിയ ചിത്രങ്ങൾ പറയുന്ന രാഷ്ട്രീയം ലോകത്തെ അസ്വസ്ഥപ്പെടുത്തുന്നതാണ്. കുടിയിറക്കലിന്റെ ദുരിതങ്ങളും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും അവ കാണിച്ചുതരുന്നു. ബ്രിട്ടീഷ് കോളനിവൽക്കരണത്തിനെതിരെ പലസ്തീനിലെ ഗ്രാമങ്ങൾ നടത്തിയ ചെറുത്തുനിൽപ്പ്, പൊരുതുന്ന പലസ്തീനിലെ വർത്തമാന ജീവിതാവസ്ഥകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ചിത്രങ്ങളാണ് പലസ്തീൻ പാക്കേജായ ‘ഫ്രം അണ്ടർ ദി ഒലിവ് ട്രീ'യിൽ ഉൾപ്പെടുത്തിയത്. ഏതു പ്രതിസന്ധികൾക്കിടയിലും പലസ്തീൻ സിനിമ അതിന്റെ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ് എന്ന് ഉറപ്പിക്കുന്നതാണ് ഈ സിനിമകളത്രയും.

ആ രാജ്യത്തിന് വിനോദത്തിനുള്ള ഉപാധിക്കപ്പുറം ലോകത്തിനുമുന്നിൽ തങ്ങളെ ആവിഷ്കരിക്കാനുള്ള ശക്തമായ മാധ്യമംകൂടിയാണ് സിനിമ. പലസ്തീൻ സിനിമാപാക്കേജിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ‘ദ സീ'. ഷായ് കർമേലി-പൊള്ളാക് സംവിധാനം ചെയ്ത ഈ ഇസ്രായേലി ചിത്രം പലസ്തീൻ അന്തരീക്ഷത്തിൽ തളംകെട്ടിയ ഭയത്തിന്റെ കനം കാണിച്ചുതരുന്നു. കടൽ കാണാൻ നടക്കുന്ന ബാലനായ ഖാലിദിന്റെ ശ്രമങ്ങളിലൂടെ നീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ജീവിതം ആവിഷ്കരിക്കുന്നു. ഇസ്രയേലി അധികൃതർ പലസ്തീൻ ജനതയോട് കാണിക്കുന്ന ക്രൂരത വരച്ചുകാണിക്കുന്ന ഈ ചിത്രം ഇസ്രയേലിൽ വലിയ രാഷ്ട്രീയവിവാദത്തിന് കാരണമായി. ഇസ്രയേൽ ഫിലിം ഫണ്ട് ഉപയോഗിച്ച് നിർമിച്ച ചിത്രം രാജ്യത്തിന് എതിരാണെന്നും പലസ്തീൻ അനുകൂലനിലപാടാണ് മുന്നോട്ടുവയ്‌ക്കുന്നതെന്നും ആക്ഷേപമുയർന്നു. അവിടത്തെ സാംസ്കാരികമന്ത്രാലയം സിനിമയ്‌ക്കെതിരെ കടുത്ത നിലപാടെടുത്തു. വലതുപക്ഷ സംഘടനകൾ സിനിമയ്‌ക്കെതിരെ ശബ്ദമുയർത്തി. എന്നാൽ, പലസ്തീൻ മനുഷ്യാവകാശത്തിനുവേണ്ടി പോരാടുന്ന സംവിധായകൻ ഷായ് കർമേലി പൊള്ളാക് തന്റെ നിലപാടുകൾ ലോകത്തിനോട് സധൈര്യം വിളിച്ചുപറഞ്ഞ് ആ രാജ്യത്തോട് ഐക്യപ്പെട്ടു. ഇന്ത്യൻ സമാന്തര സിനിമ എക്കാലവും ഓർമിക്കുന്ന സയ്യിദ് മിർസയുടെ ചിത്രങ്ങൾ കാണാൻ പുതിയ തലമുറയിലെ ഉൾപ്പെടെയുള്ളവരുടെ വലിയ നിരയായിരുന്നു. ശക്തമായ രാഷ്ട്രീയം പറയുന്ന മിർസച്ചിത്രങ്ങൾ ഇന്ത്യൻ ജീവിതങ്ങളുടെ സൂക്ഷ്മാവിഷ്കാരങ്ങളാണ്. ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈജിപ്ഷ്യൻ സംവിധായകൻ യൂസഫ് ഷഹീനിന്റെ ചിത്രങ്ങളും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.

തെക്കുകിഴക്കൻ ഏഷ്യയിലെ ജീവിതങ്ങളെ ലോകത്തിനുമുന്നിലെത്തിച്ച ഇന്തോനേഷ്യൻ സംവിധായകൻ ഗരിൻ നുഗ്രോഹോയുടെ സിനിമകളാണ് കണ്ടമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ചത്.

എ പോയറ്റ്: അൺ കൺസീൽഡ് പോയട്രി എന്ന ചിത്രം പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചത്. കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരിൽ തടവിലായ കവി ഇബ്രാഹീം കദീറിന്റെ അനുഭവങ്ങളിലൂടെ ഇന്തോനേഷ്യയിലെ അനധികൃത തടവുകാരുടെ ദുരിതജീവിതമാണ് വരച്ചുകാട്ടുന്നത്. ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രദർശിപ്പിച്ച ചിത്രങ്ങൾ കാണാനും വലിയ തിരക്കായിരുന്നു.
അൻവർ അലി
വിനോദസിനിമകളിലും ആർട്ട് ഹൗസ് സിനിമകളിലുമെല്ലാം വയലൻസും വിദ്വേഷവും നിറയുന്ന കാലമാണിത്. ഇതിന്റെ കാരണങ്ങൾ അന്വേഷിക്കുന്ന ചില സിനിമകളെങ്കിലും ചലച്ചിത്രമേളയിൽ കണ്ടതായി കവിയും ഗാനരചയിതാവുമായ അൻവർ അലി പറഞ്ഞു. ‘മനുഷ്യപക്ഷത്തുനിന്നുമാത്രമല്ല, പ്രകൃതിയുടെ പക്ഷത്തുനിന്നും കാര്യങ്ങളെ കാണാൻ ശ്രമിക്കുന്ന സിനിമകൾ ഉണ്ടാകുന്നുണ്ട്. ഇതിൽപ്പെട്ട മനോഹരമായ ചിത്രമാണ് ‘സൈലന്റ് ഫ്രണ്ട്' എന്ന ജർമൻ സിനിമ. ജർമനിയിലെ സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിലെ പുരാതനമായ മരത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. നമ്മൾ മരങ്ങളെ നോക്കുന്നതുപോലെ മരങ്ങൾ നമ്മെ നോക്കുന്ന കാഴ്ച സിനിമയിലുണ്ട്. മരങ്ങളുടെ മനസ്സ് ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഈ സിനിമയിലൂടെ സംവിധായകൻ നടത്തുന്നത്. സിനിമ കാണാൻ ഒപ്പമുണ്ടായിരുന്ന എന്റെ മകനും ആ സിനിമ നന്നായി ഇഷ്ടപ്പെട്ടു. പുതിയ തലമുറയോടും അതിഗംഭീരമായി സംവദിക്കാൻ സൈലന്റ് ഫ്രണ്ടിന് കഴിയുന്നുണ്ട്. ഇത്തരം സിനിമകൾ കാണുമ്പോഴാണ് കുറെക്കാലംകൂടി ജീവിച്ചാൽ കൊള്ളാമെന്നൊക്കെ തോന്നുന്നത്.

വയലൻസ് സിനിമകൾ ലോകത്ത് എല്ലായിടത്തും ഉണ്ടാകുന്നുണ്ട്. അവയൊക്കെ മികച്ച രീതിയിൽ സ്വീകരിക്കപ്പെടുന്നുമുണ്ട്. ഇത്തരം ചലച്ചിത്രമേളകളിൽ മനുഷ്യന് കുറെക്കൂടി സമാധാനം തരുന്ന സിനിമകൾ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. മാത്രമല്ല, കച്ചവടസിനിമകളും ആർട്ട് ഹൗസ് സിനിമകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. സിനിമകളുടെ സൗന്ദര്യം എന്താണെന്ന് ആർട്ട് ഹൗസ് സിനിമകളാണ് കാണിച്ചുതരുന്നത്. കച്ചവടസിനിമകളെ മോശമാക്കി പറയുന്നതല്ല. അത്തരം സിനിമകളിൽ പാട്ടെഴുതുന്ന ഒരാളുകൂടിയാണ് ഞാൻ. പലപ്പോഴും ഈ സിനിമകൾ കൂടിക്കുഴഞ്ഞ് ഒന്നായി പരിഗണിക്കുന്നതായി കണ്ടുവരുന്നുണ്ട്. ആർട്ട് സിനിമകളെ പ്രോത്സാഹിപ്പിക്കുകയും അത്തരം സിനിമകളെ പ്രൊമോട്ട് ചെയ്യാൻ സർക്കാർ മുൻകൈയെടുക്കുകയും വേണം.
സലാം ബാപ്പു (സംവിധായകൻ)
1994 ഐഎഫ്എഫ്ഐ കാലംമുതൽ ഫിലിം ഫെസ്റ്റിവലിൽ വരാറുണ്ട്. ഇത്രയും കാലത്തെ ഫെസ്റ്റിവൽ അനുഭവത്തിൽ ഇല്ലാത്തതാണ് സിനിമാവിലക്ക്. ഇത്തവണ വിലക്കിയ ‘ബീഫ്' എന്ന സിനിമ കണ്ടിരുന്നു. അതിന് ബീഫുമായി ഒരു ബന്ധവുമില്ല.

സിനിമ കാണുന്നവർ സിനിമയെ നിരോധിക്കില്ല എന്നാണ് എന്റെ വിശ്വാസം. പണ്ടായിരുന്നെങ്കിൽ ഇത്തരം വിലക്കുകളെ പ്രേക്ഷകർതന്നെ ശക്തമായി കൈകാര്യം ചെയ്യുമായിരുന്നു.















