ad
Deshabhimani

Articles

iffk 2025

വിലക്കുകൾ വിലപ്പോകില്ല ; കല അതിജീവിക്കും

iffk 2025
avatar
എൻ എസ്‌ സജിത്‌

Published on Dec 21, 2025, 10:37 PM | 3 min read



മുഹമ്മദ്‌ റഫിയെപ്പോലെതന്നെ ജനകീയനായ കിഷോർ കുമാറിന്റെ പാട്ടിന്‌ ദീർഘകാലം ആകാശവാണിയിൽ അനൗദ്യോഗിക വിലക്കേർപ്പെടുത്തിയ കാലമുണ്ടായിരുന്നു. സ്‌നേഹലത റെഡ്ഡിയെന്ന വിഖ്യാത അഭിനേത്രി ചികിത്സപോലുംകിട്ടാതെ ജയിലിൽ നരകിച്ചു മരിച്ച അതേകാലം. 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ അടിയന്തരാവസ്ഥയുടെ 18 മാസം. പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ തടവിലിട്ടു. മാത്രമല്ല കവികൾ, കലാപ്രവർത്തകർ, സിനിമ– നാടക– സാംസ്‌കാരിക പ്രവർത്തകരെല്ലാം തുറുങ്കിലടയ്ക്കപ്പെട്ട നാളുകൾ. അവരെയൊക്കെ നിശ്ശബ്‌ദരാക്കാൻ ശ്രമിച്ചു ഇന്ദിരാ ഭരണകൂടം.


​ഇന്ദിരയെ സ്‌തുതിക്കുന്ന പാട്ട് പാടാൻ വിസമ്മതിച്ചുവെന്നതായിരുന്നു കിഷോർ കുമാറിനെതിരെയുള്ള കുറ്റം. പ്രതിപക്ഷത്തെ ചില നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയതാണ് സ്‌നേഹലത റെഡ്ഡിയെ തടവിലിട്ട് കൊല്ലാനുള്ള പ്രേരണ. വായടപ്പിച്ചാലും അവരുടെ ചെറുത്തുനിൽപ്പിന്റെ സന്ദേശം രാജ്യമെങ്ങും മുഴങ്ങിയെന്നതിന്റെ തെളിവായിരുന്നു പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ ദയനീയ തോൽവി. ഐഎഫ്എഫ്കെയിൽ 19 സിനിമ വിലക്കിയപ്പോൾ അടിയന്തരാവസ്ഥയുടെ കഠിനനാളുകൾ പലരുടെയും ഓർമയിൽ വന്നിരിക്കും.


അടിയന്തരാവസ്ഥക്കാലം ഇന്ത്യയിലെ സ്വതന്ത്ര സിനിമാ പ്രവർത്തകരെ സംബന്ധിച്ച്‌ ഭീതിയുടെ കാലമായിരുന്നു. ഇന്ത്യയിലിന്ന് ബിജെപി ഭരണത്തിൽ നിലവിലുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയിലും സ്ഥിതി പഴയതിലും ഭേദമൊന്നുമല്ല


​ലോകമെങ്ങുമുള്ള ജനകീയ കലാരൂപങ്ങളിൽ ഏറ്റവും പ്രായക്കുറവ്‌ സിനിമയ്‌ക്കാണ്‌. ആദ്യ സിനിമയുടെ ഒ‍ൗദ്യോഗിക പ്രദർശനം നടന്നിട്ട് 130 വർഷമേ ആയിട്ടുള്ളൂ. അധികാര സ്വരൂപങ്ങൾ ഏറ്റവും ഭയപ്പെട്ട കലാരൂപവും സിനിമ തന്നെ. സിനിമയുടെ ജനകീയതയാണ്‌ അതിനുകാരണം. പ്രചാരണത്തിനെന്നപോലെ പ്രതിരോധത്തിനും അതുപയോഗിക്കപ്പെട്ടു. ​അടിയന്തരാവസ്ഥക്കാലം ഇന്ത്യയിലെ സ്വതന്ത്ര സിനിമാ പ്രവർത്തകരെ സംബന്ധിച്ച്‌ ഭീതിയുടെ കാലമായിരുന്നു. ഇന്ത്യയിലിന്ന് ബിജെപി ഭരണത്തിൽ നിലവിലുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയിലും സ്ഥിതി പഴയതിലും ഭേദമൊന്നുമല്ല. ഐഎഫ്‌എഫ്‌കെ അനുഭവങ്ങളും അതാണ് നമ്മോട് പറയുന്നത്.


​ചലച്ചിത്രമേളയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ സെൻസർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്ന പട്ടിക ബോർഡിന് അയച്ചു നൽകണം. ഇതാദ്യമല്ല സിനിമകൾക്ക് വിലക്കേർപ്പെടുത്തുന്നത്. മുൻവർഷങ്ങളിൽ ജയൻ ചെറിയാൻ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്‌സ്‌, സനൽകുമാർ ശശിധരന്റെ സെക്‌സി ദുർഗ എന്നീ സിനിമകൾക്ക് വിലക്ക് ഉണ്ടായിരുന്നു. കോടതി ഇടപെട്ടശേഷമാണ് ഈ സിനിമകൾക്ക് അനുമതി ലഭിച്ചത്. സെക്സി ദുർഗയുടെ പേര് മാറ്റി എസ് ദുർഗ എന്ന പേരിലാണ് പിന്നീട് അവതരിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര ഡോക്യുമെന്ററി ആൻഡ് ലഘു സിനിമ ഫെസ്റ്റിവലിൽ ഒരിക്കൽ കത്തി വീണത് ആനന്ദ് പട്‌വർധന്റെ ദ റീസൺ എന്ന ഡോക്യുമെന്ററിക്കാണ്. ധാബോള്‍ക്കർ, കൽബുർഗി, പൻസാരെ എന്നിവരെ സംഘപരിവാറുകൾ കൊലപ്പെടുത്തിയതിന്റെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തുന്നത് ആയിരുന്നു ദ റീസൺ എന്ന നാലര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി.


കലാപങ്ങൾക്ക് ആഹ്വാനം ചെയ്തു എന്നതാണ് ഈ സിനിമകൾക്ക് കേന്ദ്ര സർക്കാർ കണ്ടെത്തിയ കുറ്റം. ബാറ്റിൽഷിപ് പൊട്ടെംകിൻ 100 വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മേളകളിലും അല്ലാതെയും ആയിരക്കണക്കിന് സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്നു. ദ അവർ ഓഫ് ദ ഫർണസസും അതുപോലെതന്നെ. ഈ സിനിമകൾ എവിടെയാണ് കലാപത്തിന് തിരികൊളുത്തിയതെന്ന് പറയാൻ ഇവർക്കാകില്ല


​ഇത്തവണ ഐഎഫ്എഫ്കെയിൽ വിലക്കിയ സിനിമകളിലൊന്ന് ലോകം ആദരിക്കുന്ന സോവിയറ്റ് സംവിധായകൻ സെർജി ഐസൻസ്റ്റിൻ നൂറുവർഷം മുമ്പ് സംവിധാനം ചെയ്ത ബാറ്റിൽഷിപ് പൊട്ടെംകിൻ ആണ്. ലോകത്തിലെ എല്ലാ സിനിമാ പാഠശാലകളിലും പാഠപുസ്തകമെന്നോണം ആദരിക്കപ്പെടുന്ന ക്ലാസിക്. എത്രയോ യൂണിവേഴ്സിറ്റികളിലെ സാംസ്‌കാരിക, സിനിമാ പഠന സിലബസിൽ ഉൾപ്പെട്ട സിനിമ. മറ്റൊരു സിനിമയുടെ പേര് ബീഫ് എന്നാണ്. രാജ്യത്ത് സംഘപരിവാറിന്റെ മുസ്ലിം ധ്വംസനങ്ങൾക്ക് അവർ ആയുധമാക്കുന്ന മാട്ടിറച്ചിയുമായി പുലബന്ധമില്ല ഈ സിനിമയ്ക്കെന്ന് മനസ്സിലാക്കുമ്പോൾ അത് വിലക്കിയവർ ഏത് മൂഢസ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാകും. വിഖ്യാത സിനിമാപ്രവർത്തകൻ സോലാനസ് സംവിധാന പങ്കാളിയായ ദ അവർ ഓഫ് ദ ഫർണസസ് ആണ് മറ്റൊന്ന്. പലസ്തീൻ പാക്കേജിൽപ്പെട്ടതാണ് വിലക്കിയ മറ്റു സിനിമകളിൽ ചിലത്. കലാപങ്ങൾക്ക് ആഹ്വാനം ചെയ്തു എന്നതാണ് ഈ സിനിമകൾക്ക് കേന്ദ്ര സർക്കാർ കണ്ടെത്തിയ കുറ്റം. ബാറ്റിൽഷിപ് പൊട്ടെംകിൻ 100 വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മേളകളിലും അല്ലാതെയും ആയിരക്കണക്കിന് സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്നു. ദ അവർ ഓഫ് ദ ഫർണസസും അതുപോലെതന്നെ. ഈ സിനിമകൾ എവിടെയാണ് കലാപത്തിന് തിരികൊളുത്തിയതെന്ന് പറയാൻ ഇവർക്കാകില്ല.


​ഇസ്രയേൽ അടക്കമുള്ള മറ്റു രാജ്യങ്ങളുമായി നയതന്ത്ര ബന്ധം തകരാറിലാകുമെന്ന മറ്റൊരു വാദംകൂടി കേന്ദ്രസർക്കാർ ഉന്നയിക്കുന്നുണ്ട്. കലാപാഹ്വാനമോ നയതന്ത്ര ബന്ധമോ ഒന്നുമല്ല ആർഎസ്എസ് നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രശ്നം. ഇനിയൊരാൾ സിനിമ എടുക്കുമ്പോൾ ഇന്ത്യയുടെ വിദേശനയം മനസ്സിൽ കണ്ടുകൊണ്ട് വേണം എന്ന കർക്കശമായ നിർദേശമാണിത്. കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു വരിപോലും തിരക്കഥകളിൽ ഉണ്ടാകരുത്. ആർഎസ്എസ് ആശയത്തിന് വിരുദ്ധമായ ഒരു ദൃശ്യംപോലും ചിത്രീകരിക്കരുത് എന്നെല്ലാമുള്ള കൽപ്പനയാണിത്.


​പ്രതിരോധിക്കുന്ന സിനിമകൾക്ക് വിലക്കേർപ്പെടുത്തുമ്പോൾ പ്രചാരണ പ്രാധാന്യമുള്ള സിനിമകൾക്ക് രാജ്യത്ത് തഴച്ചു വളരാനുള്ള സാഹചര്യം ഒരുക്കുകയാണ് കേന്ദ്രസർക്കാർ. കേരള സ്റ്റോറി, കശ്മീർ ഫയൽസ്, ആർട്ടിക്കിൾ 370, ബസ്‌തർ ദ നക്സൽ സ്റ്റോറി, സ്വതന്ത്ര വീർ സവർക്കർ, ദ വാക്സിൻ വാർ, മേം അടൽ ഹൂം, ദ സബർമതി റിപ്പോർട്ട് തുടങ്ങി ഒട്ടനേകം സിനിമകൾ ഉദാഹരണം. ഭരണകൂടം വരച്ച കള്ളികളിൽ ഒതുങ്ങുന്ന സിനിമകൾ മാത്രമേ പാടുള്ളൂ എന്ന ധിക്കാരം തൽക്കാലം നടക്കില്ലെന്ന് പ്രഖ്യാപിച്ചത് എക്കാലത്തെയും സിനിമാ പ്രവർത്തകർ. ഏത് അടിച്ചമർത്തലുകളെയും അതിജീവിക്കുന്നതാണ് കല എന്ന പാഠം നമുക്ക് മുന്നിലുണ്ട്. സിനിമാപ്രവർത്തകരും ആ പാഠം ഉരുവിട്ടാണ് ഇവിടെ ജീവിക്കുന്നതെന്ന് മോദി സർക്കാർ വൈകാതെ തിരിച്ചറിയുകതന്നെ ചെയ്യും.



Deshabhimani
Home