Deshabhimani

കാവി മൂടുന്ന തത്വചിന്ത

ICPR.jpg
avatar
വെബ് ഡെസ്ക്

Published on Sep 26, 2026, 01:42 PM | 4 min read

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച് (ICPR) ലോക തത്ത്വചിന്താ ദിനാചരണത്തിന്റെ (World Philosophy Day) ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നതിന് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഈ മാസം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. സെമിനാറുകളുടെ വിഷയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപനങ്ങൾക്കുണ്ടെങ്കിലും, ഐസിപിആറിന്റെ പ്രത്യേക സമിതി അംഗീകരിക്കുന്ന പ്രൊപ്പോസലുകൾക്ക് മാത്രമേ തുക അനുവദിച്ചുകൊണ്ടുള്ള സാങ്ഷൻ ഓർഡർ ലഭിക്കുകയുള്ളൂ.


നൽകിയിട്ടുള്ള വിഷയങ്ങളിൽ പലതും ഹിന്ദുത്വ അജണ്ടകളെ പരസ്യമായി പിന്തുണയ്ക്കുന്നതും, ഇന്ത്യയിൽ ഉടലെടുത്ത സങ്കീർണ്ണവും വൈവിധ്യപൂർണ്ണവുമായ ചിന്താധാരകളെ അവഗണിച്ച് വേദാന്ത, ഹൈന്ദവധർമ്മവുമായി ഒത്തുപോകുന്ന തത്ത്വചിന്തകൾക്ക് മാത്രം മുൻഗണന നൽകുന്നതുമാണ്. ഇത് സ്വാഭാവികമായും സംഭവിക്കാൻ സാധ്യതയുള്ള അബദ്ധമല്ല, മറിച്ച് കേവല വിയോജിപ്പുകളെപ്പോലും പൂർണ്ണമായി അടിച്ചമർത്താനായി നടത്തിയ ആസൂത്രിത നീക്കമാണ്. ഹിന്ദുത്വ ആശയങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനോടൊപ്പം തന്നെ, നിലവിലെ ഭരണകൂടത്തിനെതിരെയോ അവരുടെ നിലപാടുകൾക്കെതിരെയോ വിമർശനപരമായ ചിന്തകൾ ഉയർന്നുവരാവുന്ന എല്ലാ സാധ്യതകളെയും പരിപൂർണമായി ഒഴിവാക്കിയിരിക്കുകയാണ് ഇവിടെ.


വളരെ ആസൂത്രിതമായി തന്നെയാണ് വിഷയങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത് എന്നതിന് തെളിവാണ് രണ്ടാമത് തന്നിട്ടുള്ള 'ഭാരതീയ സംസ്കാരത്തിൽ ഉൾക്കൊണ്ടിരിക്കുന്ന അടിസ്ഥാന മൂല്യങ്ങളും രാഷ്ട്രപുനർനിർമ്മാണത്തിൽ അവയുടെ പ്രസക്തിയും' എന്ന വിഷയം (Basic Values Embodied in Indian Culture and their Relevance to National Reconstruction). ഇന്ത്യക്ക് മാറ്റമില്ലാത്ത ഒരു ധാർമ്മിക മൂല്യം ഉണ്ടായിരുന്നു എന്ന തെറ്റായ ധാരണയാണ് ഈ വിഷയം നൽകുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്നും നേരിട്ട് കടമെടുത്താണ് രാഷ്ട്ര പുനർനിർമ്മാണം, രാഷ്ട്രനിർമ്മാണം എന്നീ പദപ്രയോഗങ്ങൾ.


ഇത് ഇന്ത്യ എന്ന രാജ്യം തകർന്ന ഒന്നാണെന്നും, അതിനെ പഴയകാല സാംസ്കാരിക, ധാർമ്മിക ചട്ടക്കൂടിലേക്ക് തിരിച്ചെത്തിക്കണമെന്നുമുള്ള സങ്കൽപ്പത്തെയാണ് തള്ളിക്കയറ്റുന്നത്. എന്നാൽ യഥാർത്ഥത്തിൽ, വൈദിക യാഥാസ്ഥിതികത്വത്തിന് എതിര് നിന്ന ലോകായത, ഭൗതികവാദ (Charvaka) പ്രസ്ഥാനങ്ങളും, ശാസ്ത്രീയ സാമൂഹിക അസമത്വങ്ങൾക്കെതിരെ

ഉയർന്നുവന്ന ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും ഉൾപ്പെടെ പരസ്പരബന്ധിതവും വൈരുദ്ധ്യാത്മകവുമായ നിരവധിയായ ചിന്താധാരകളുടെ ഭൂമികയായിരുന്നു ഇന്ത്യ. ഏതാനും മൂല്യങ്ങളെ മാത്രം.


മുൻനിർത്തുമ്പോൾ, അത് സംസ്‌കൃതവൽക്കരിക്കപ്പെട്ടതും മേൽജാതി കേന്ദ്രീകൃതവുമായ മാനദണ്ഡങ്ങൾക്ക് മാത്രം മുൻഗണന നൽകുന്നതിന് വഴിവെക്കുന്നു. ഈ മൂല്യങ്ങൾ സമത്വപൂർണ്ണമാണോ എന്ന് വിമർശനപരമായി പരിശോധിക്കുന്നതിന് പകരം, ഭരണകൂടത്തിന്റെ ഹിന്ദുത്വ-രാഷ്ട്ര പുനർനിർമ്മാണ പദ്ധതിക്ക് അവ എങ്ങനെ ഉപയോഗിക്കാം എന്നതിനെ പറ്റി ചർച്ച നടത്താൻ ഫിലോസഫി, ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളോടും ഗവേഷകരോടും ആവശ്യപ്പെടുകയാണ്.


പഞ്ച് പ്രാൺ, വികസിത ഭാരതം, ആത്മനിർഭർ ഭാരതം എന്നിവയിൽ തത്ത്വചിന്തയുടെ പങ്ക് (Panch Pran and Role of Philosophy in Vikshit Bharat and Atmanirbhar Bharat) എന്നാണ്. രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് അക്കാദമിക് സ്വീകാര്യത നൽകാനുള്ള ശ്രമമാണിത്. ഭരണകൂടത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങളെ വിമർശന സ്വാവഭാവത്തോടുകൂടി സമീപിക്കേണ്ടതിനു പകരം അവയെ ന്യായീകരിക്കാനാണ് വിദ്യാർത്ഥികളെ ഇവിടെ നിർബന്ധിതരാക്കുന്നത്.


യുവതലമുറ സർക്കാരിന്റെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്നു എന്ന് വരുത്തിത്തീർക്കാനുള്ള വേദികളായി സർവകലാശാലകളെ ഉപയോഗപ്പെടുത്തുകയാണ്. “രജപുത്ര, മറാഠ തുടങ്ങിയ പ്രാദേശിക സാമ്രാജ്യങ്ങളെ മുൻനിർത്തി ഇന്ത്യൻ ചരിത്രത്തിലെ ക്ഷേമരാഷ്ട്രവും സുഭരണവും' എന്നതിനെക്കുറിച്ചാണ് നൽകിയിരിക്കുന്ന മറ്റൊരു വിഷയം. മധ്യകാല സാമ്രാജ്യങ്ങളെ ക്ഷേമരാഷ്ട്രങ്ങളായി ചിത്രീകരിക്കുന്നത് അവയിലെ കടുത്ത കാർഷിക, നികുതി വ്യവസ്ഥകളെയും ജാതി ശ്രേണികളെയും മറന്നുകൊണ്ടേ സാധിക്കു. യൂറോസെൻട്രിക് കാഴ്ചപ്പാടുകളെ എതിർക്കുന്നുവെന്ന വ്യാജേന, ചരിത്രപരമായ അടിച്ചമർത്തലുകളെ പൂർണ്ണമായി അവഗണിക്കുകയാണ് ഇവിടെ ചെയ്യുന്നത്.


സമാനമായി, പുരാതന വേദ ശാസ്ത്രങ്ങളെ വ്യവസ്ഥാപിത അടിച്ചമർത്തലിന്റെ ഉപകരണങ്ങളായാണ് അംബേദ്കറെപ്പോലുള്ള തത്വചിന്തകർ കണ്ടത്. എന്നിട്ടും 'വേദ ശാസ്ത്രങ്ങളിലൂടെയുള്ള സാമൂഹിക-രാഷ്ട്രീയ തത്ത്വചിന്തയും ഭരണവും'; (“Interpretation of Socio-political Philosophy through Shastra and philosophy of governance with shastras”) എന്ന വിഷയം തിരഞ്ഞെടുക്കാൻ പ്രേയരിപ്പിക്കുന്നത് അംബേദ്കറെപ്പോലുള്ള ചിന്തകരെ അപ്പാടെ തമസ്കരിച്ചുകൊണ്ടാണ്. സ്ത്രീകളുടെ സംഭാവനകളെക്കുറിച്ചുള്ള വിഷയം ഉൾപ്പെടുത്തിയത് ഒറ്റനോട്ടത്തിൽ സ്വാഗതാർഹമാണെന്ന് തോന്നാമെങ്കിലും, അതൊരു പ്രഹസനമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു.


അഹല്യാഭായിയെയും, ഝാൻസി റാണിയെയും പോലുള്ള ചരിത്ര വ്യക്തിത്വങ്ങളിലേക്ക് സ്ത്രീപ്രാതിനിധ്യത്തെ ചുരുക്കുമ്പോൾ, പ്രാചീന, മധ്യകാല സമൂഹങ്ങളിലെ പുരുഷാധിപത്യ ഘടനകളെ ചോദ്യം ചെയ്യാത്ത രീതിയിൽ കൃത്യമായ അതിർവരമ്പുകൾ ഈ വിജ്ഞാപനത്തിലൂടെ ഐസിപിആർ നൽകുകയാണ്. ചരിത്രം, കുടുംബം, വിവാഹം, സയൻസ്, മറ്റ് വിജ്ഞാനമേഖലകൾ, സമകാലിക രാഷ്ട്രീയം എന്നിവയെ വിമർശനാത്മകമായി സമീപിക്കുന്ന സമകാലിക ഫെമിനിസ്റ്റ്-ക്വീർ രാഷ്ട്രീയത്തെയും, ഇന്ത്യയുടെ പല പ്രവിശ്യകളിൽ നിന്നുള്ള ഇന്റർസെക്ഷണൽ ഫെമിനിസ്റ്റ് മുന്നേറ്റങ്ങളെയും പൂർണ്ണമായി തമസ്കരിച്ച്, സ്ത്രീകളെ കേവലം ഒരു ഭാവനാത്മകവും പ്രതീകാത്മകവുമായ ചിത്രീകരണമായി മാത്രമാണ് അവതരിപ്പിക്കാൻ ആവശ്യപ്പെടുന്നത്.


ഗുരുകുല പാരമ്പര്യത്തെ കുറിച്ചാണ് വിഷയം 18. ചരിത്രപരമായി ഗുരുകുലങ്ങൾ “മേൽജാതിക്കാർക്ക്” മാത്രമായി പരിമിതപ്പെടുത്തിയിരുന്നവയും, ശൂദ്രർക്കും “അവർണ്ണർക്കും” വിദ്യാഭ്യാസം നിഷേധിച്ചിരുന്നവയുമായിരുന്നു. ഏകലവ്യന്റെയും കർണ്ണന്റെയും കഥകൾ പോലും ഇതിന് ഉദാഹരണമാണ്. കൂടാതെ, ലിംഗപരമായ വിവേചനവും അവിടെ നിലനിന്നിരുന്നു. ഗുരുകുല പാരമ്പര്യവുമായി ഒത്തുപോകുന്ന വിദ്യാഭാസത്തിന്റെ ഫിലോസോഫിയെ കുറിച്ച് സംസാരിക്കാനാണ് തലക്കെട്ട് ആവശ്യപ്പെടുന്നത് (Philosophy of Education in conformity with Gurukula Tradition). ഇത്തരമൊരു വ്യവസ്ഥയെ ആധുനിക വിദ്യാഭ്യാസത്തിന്റെ മാതൃകയാക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന വിദ്യാഭ്യാസ അവകാശത്തിന് (ആർട്ടിക്കിൾ 21A) എതിരാണ്.


ചോദ്യം ചെയ്യപ്പെടാത്ത അന്ധമായ ഗുരുഭക്തി ഊട്ടിയുറപ്പിക്കുന്ന ഗുരുകുല രീതി, ആധുനിക ജനാധിപത്യത്തിന് ആവശ്യമായ സ്വതന്ത്രവും വിമർശനപരവുമായ ചിന്തകളെ ഇല്ലാതാക്കുന്ന ഒന്നാണ് എന്നിട്ടും ഗുരുകുല സമ്പ്രദായത്തെ ഇവിടെ ഒരു ചർച്ചാ വിഷയമാക്കുന്നതിന്റെ ഉദ്ദേശം സർവ്വതും തികഞ്ഞ പുരാതനമായ സ്വപ്ന സുന്ദര ഭൂമി എന്ന സാങ്കൽപിക രാഷ്ട്രത്തിന്റെ പുനരുദ്ധാരണമാണ്. ആയുർവേദത്തെ തത്ത്വചിന്തയുടെ ഭാഗമായി അവതരിപ്പിക്കുന്നതിലൂടെ (വിഷയം 16), പരമ്പരാഗത വൈദ്യശാസ്ത്രത്തെ തെളിവധിഷ്ഠിത ശാസ്ത്രീയ പരിശോധനകളിൽ നിന്നും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. അതിനായി ഫിലോസഫി വിദ്യാർത്ഥികളെ നിയോഗിക്കുകയും ചെയ്യുകയാണ്.


എൻഇപി 2020-ന്റെ പശ്ചാത്തലത്തിൽ ഭാരതീയ വിദ്യാഭ്യാസ ചിന്തകരെ അവതരിപ്പിക്കുമ്പോൾ (വിഷയം 19) സ്വാമി ചിന്മയാനന്ദനെ ഉൾപ്പെടുത്തുകയും, ആക്രമണങ്ങളെ അതിജീവിച്ച് ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ ജ്യോതിറാവു ഫൂലെ, സാവിത്രിബായ് ഫൂലെ എന്നിവരെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ഭാരതീയ വിദ്യാഭ്യാസ ചരിത്രത്തിലെ ജാതിവിരുദ്ധ, വിമോചന പോരാട്ടങ്ങളെ അവഗണിച്ച്, വേദാന്ത കേന്ദ്രീകൃതമായ കാഴ്ചപ്പാടുകൾക്ക് മാത്രം മുൻഗണന നൽകുന്നതിന്റെ തെളിവാണിത്.


നാഥ് സമ്പ്രദായത്തെക്കുറിച്ചുള്ള വിഷയം (വിഷയം 17) ഉൾപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തമാണ്. ചരിത്രപരമായി ജാതി

വ്യവസ്ഥകൾക്ക് എതിരായിരുന്ന, സൂഫി പാരമ്പര്യങ്ങളുമായി അടുപ്പമുണ്ടായിരുന്ന നാഥ് സമ്പ്രദായം പിന്നീട് 1940കളിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറുകയായിരുന്നു. നാഥ് സപ്രദായത്തിന്റെ പതാകവാഹകർ ഗോരഖ്‌നാഥ് മഠം ആണ്. ഇന്ന് ഗോരഖ്‌നാഥ് മഠത്തിന്റെ പ്രധാന കർമി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ഈ ദശകത്തിൽ ക്യാമ്പസുകളിൽ രാഷ്ട്രീയ അധികാരത്തിന്റെ കടന്നുകയറ്റം ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ടെങ്കിലും, ഐസിപിആർ ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്ന വിഷയങ്ങൾ തികച്ചും ആശങ്കാജനകമാണ്.


പലരും തത്ത്വചിന്തയെ (Philosophy) അമൂർത്തമായ ഒരു വിഷയമായി തള്ളിക്കളയാറുണ്ട്, എന്നാൽ ഇന്ത്യയെപ്പോലെയുള്ള ഒരു വൈവിധ്യപൂർണ്ണമായ രാജ്യത്ത്, തത്ത്വചിന്തയിൽ പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ നടക്കുന്ന വിമർശനപരമായ സംവാദങ്ങളെ ഭരണകൂടം ഭയക്കുന്നു എന്ന് ഇത്തരം ഇടപെടലുകൾ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസങ്ങളെയും യാഥാസ്ഥിതികത്വത്തെ നിരന്തരം അപഗ്രഥിച്ചുകൊണ്ട് മാനവികതയുടെ ചിന്താശേഷിയും വിമർശന ബുദ്ധിയും വളർത്തുന്ന വിജ്ഞാനമേഖലയാണ് ഫിലോസഫി എന്ന പാഠ്യവിഷയം. കാലാകാലങ്ങളായുള്ള സ്വയം തിരുത്തലുകളിലൂടെയും പരിണാമങ്ങളിലൂടെയുമാണ് അത് ഇന്നത്തെ രൂപത്തിലെത്തിയത്.


വരുംകാലങ്ങളെ ദീർഘവീക്ഷണത്തോടെ സമീപിക്കാൻ പ്രാപ്തമാക്കുന്ന തത്ത്വചിന്ത, പഠനവിഷയം എന്ന നിലയിൽ മാറ്റങ്ങൾക്കും നിരന്തരമായ പരിണാമങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്. തത്ത്വചിന്തയെ നിയന്ത്രിച്ചില്ലെങ്കിൽ അത് ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്ന് ഭരണാധികാരികൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് മാർക്സിസ്റ്റ്, ഭൗതികവാദ, സബ്ആൾട്ടേൺ, ഫെമിനിസ്റ്റ്- ക്വിയർ ചിന്തകളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് പുരാതന ഭരണരീതികളെയും വേദത്തിൽ അടിസ്ഥിതമാക്കിയ ധർമ്മത്തെയും മാത്രം കേന്ദ്രീകരിച്ച് അജണ്ടകൾ തയ്യാറാക്കുന്നത്. ഇത് ജനാധിപത്യ മൂല്യങ്ങളിൽ നിന്നും, പുരോഗമന ലോകവീക്ഷണങ്ങളിൽനിന്നും, സാർവത്രിക മനുഷ്യാവകാശങ്ങളിൽ നിന്നും വിദ്യാർത്ഥികളെ അകറ്റുന്നു.


ഇത്തരം വേദികളെയും ചിന്തകളെയും പൂർണ്ണമായി നിയന്ത്രിക്കുന്നതിലൂടെ, തങ്ങൾക്ക് അനുയോജ്യരായ, ചോദ്യങ്ങൾ ചോദിക്കാത്ത ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാനും, യുവാക്കളെ രാഷ്ട്രീയ നിഷ്ക്രിയത്വത്തിലേക്ക് തള്ളിവിടാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. ഈ വിഷയങ്ങളിൽ സംവാദം നടത്തുകയാണെങ്കിൽത്തന്നെ വിദ്യാർത്ഥികളെ സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പതാകവാഹകരക്കുകയും അത് ഇന്ത്യൻ യുവാക്കളുടെ മുഴുവൻ അഭിപ്രായമെന്നോണം പ്രചരിപ്പിക്കുകയും ചെയ്യാനുള്ള അവസരമായി എടുത്തുകൊണ്ട് അക്കാദമിക മേഖലയുടെ മൂല്യത്തെ അങ്ങേയറ്റം തരാം താഴ്ത്തുകയാണ് ചെയ്യുന്നത്.


യഥാർത്ഥ തത്ത്വചിന്ത നമ്മെ പഠിപ്പിക്കുന്നത് ആശയങ്ങളെ തുറന്ന മനസ്സോടെ സമീപിക്കാനും, സംവാദങ്ങളിൽ ഏർപ്പെടാനും, മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ കേൾക്കാനുമാണ്. എന്നാൽ ഈ വിദ്യാർത്ഥി അവകാശങ്ങളെ ഇത്തരം അക്കാദമിക് ഇടപെടലുകളിലൂടെ ഇല്ലാതാക്കുന്നതിനോടൊപ്പം ചിന്തിക്കുകയും, വിമർശിക്കുകയും ചെയ്യണ്ട പ്രായത്തിൽ സർക്കാരിനോടും സർക്കാരിന്റെ പ്രത്യേയശാസ്ത്രങ്ങളോടും

കൂറുള്ളവരായി മാറുന്നത് വളരെ സ്വാഭാവികമായ പ്രക്രിയയായി അവതരിപ്പിക്കുകയും ചെയ്യുകയാണ്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home