‘ സ്പിംഗർ, സ്‌പ്രിംഗ്ലർ.. ഡാറ്റ ! ’

സി കെ ദിനേശ്/പൊളിറ്റോറിയല്
Published on Mar 11, 2026, 11:28 PM | 2 min read
പണ്ട് ഒൗറംഗബാദിലെ ഒരു ജഡ്‌ജി തന്റെ മുന്നിലുള്ള ഹർജി കണ്ട് ആത്മാർഥമായി ചോദിച്ചു: ‘ ഹാ കഷ്ടം, ഇത്ര നർമബോധമില്ലാത്തവരായി പോയോ ഇന്ത്യക്കാർ ? ’ പുരാണ കഥാപാത്രത്തിന്റെയും ഒരു സിനിമയിലെ കഥാപാത്രത്തിന്റെയും ചിത്രങ്ങൾ എഫ്‌ബിയിൽ ഇട്ടിട്ട് ഒരു വിദ്വാൻ ചോദിച്ചത്രെ, ഇതിൽ ആരെയാണ് കൂടുതൽ നിങ്ങൾക്കിഷ്ടം എന്ന്. ഉടനെ വികാരം വ്രണപ്പെട്ട മറ്റൊരു വിദ്വാൻ കോടതിയിലെത്തി. വിശാലഹൃദയനും സരസനുമായ ജഡ്‌ജി ഹർജി തീർപ്പാക്കി പറഞ്ഞു: ‘ ശകലം നർമബോധം കൈയിലുണ്ടെങ്കിൽ രാജ്യത്തെ എന്തെല്ലാം പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. ’ നർമം പറഞ്ഞിരിക്കാൻ പറ്റിയ കാലാവസ്ഥയൊന്നും ഇന്ന് ഇന്ത്യയിലില്ലേ സാറേ എന്ന് ചോദിക്കാൻ ഹർജിക്കാരൻ നിന്നില്ല. കാരണം, ജഡ്‌ജിയുടെ മറുപടി മറ്റൊരു ‘ നർമം ’ ആയാലോ ?
ഒൗറംഗബാദിൽ ജഡ്‌ജിയാണ് തമാശക്കാരനെങ്കിൽ ഇവിടെ രണ്ട് പ്രതിപക്ഷ നേതാക്കളാണ് തമാശക്കാർ. തുടങ്ങിയിട്ട് നാൾ കുറച്ചായി. തുടർന്നോട്ടെ എന്നാണ് പൊതുതാൽപ്പര്യവും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലാണ് മത്സരം. ‘ ആരാദ്യം ഹർജി കൊടുക്കും, ആരാദ്യം പണിവാങ്ങിക്കൂട്ടും ’ എന്നതിൽ മാത്രം തർക്കം. ഹർജി നൽകുന്നതും ജഡ്‌ജിയുടെ ചില സംശയനിവാരണ ചോദ്യങ്ങളും വച്ച് വാർത്താ–വിശകലന–ചർച്ചാ മഹാരഥന്മാർ എപ്പിസോഡുകളിൽ അത്യാഹ്ലാദംകൊണ്ട് തുള്ളിച്ചാടും. ഹർജിക്കാരായ ഇരുവരും ‘ കൂടെച്ചാടും ’. ദിവസങ്ങൾക്കുള്ളിൽ വസ്തുതകളുടെ വെളിച്ചത്തിൽ കോടതി ഹർജി തള്ളും, വിധി വയ്ക്കും, മേലിൽ ഇൗ വഴിക്ക് വരരുതെന്ന് താക്കീതും ചെയ്യും. തുള്ളിച്ചാടിയ മാധ്യമങ്ങൾ നിരാശരായി കോടതി ബെഞ്ചിനടിയിൽ പതുങ്ങും.
കോവിഡ് കാലത്ത് ചെന്നിത്തല വമ്പൻ സംഭവമായി വാർത്താസമ്മേളനം നടത്തിയതാണ് ‘ സ്‌പ്രിംഗ്ലർ അഴിമതി ’. ഡാറ്റാ വിശകലനത്തിൽ ലോകോത്തര നിലവാരമുണ്ടെന്ന് റിവ്യൂ ഉള്ള കമ്പനിയുടെ പേര് പറയാൻ തന്നെ അന്ന് പാടുപെട്ടു. ആദ്യം സ്പിംഗർ എന്ന് കേട്ടു. പിന്നീട് സ്‌പ്ലിംഗർ എന്നായി. ഒടുവിൽ ‘ ഹാ കിട്ടിപ്പോയ് ’ എന്ന ആശ്വസത്തോടെ പറഞ്ഞു: ‘ സ്പ്രിംഗ്ലർ ’ !!! ആരോ ഉപദേശിച്ചത് കേട്ടപാടെ ചാടിയതാണ് രമേശ് ചെന്നിത്തല. ഹർജി കൊടുത്തതോടെ ‘ ലൈവ് ’ നാടകത്തിന്റെ പെരളി: ‘ സർക്കാർ തുലാസിൽ, മുഖ്യമന്ത്രി ഇൗ നിമിഷം രാജിവയ്ക്കണം ’ ! സംഗതി മുഴുവൻ പഠിച്ച കോടതി ചോദിച്ചു, ഇതിലെന്താണ് കുഴപ്പം ? ഏത് ഭാഗത്തിലാണ് പരാതി ? എല്ലാം ‘ ക്ലിയർ ’ ആണല്ലോ. ഹർജി കുട്ടയിൽ.
കോടതിയിലും ജനങ്ങളുടെ മുന്നിലും പരാജിതനായതോടെ ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനവും പോയി. അന്നുമുതൽ കിളിപോയ അവസ്ഥയിലാണ് പല ഹർജിക്കാരും. പിപിഇ കിറ്റിൽ, കിഫ്‌ബി മസാലബോണ്ടിൽ, എ ഐ കാമറയിൽ, കെ ഫോണിൽ, സിഎംഡിആർഎഫിൽ, തോട്ടപ്പള്ളി മണൽവാരലിൽ.. എന്നുവേണ്ട സകല കുത്തിത്തിരിപ്പ് ഹർജികളും ഹൈക്കോടതിക്ക് പുറത്തുള്ള വേസ്‌റ്റ് ബോക്സിലായി. മൂക്കുപൊത്തിയാൽപ്പോലും ചെന്നിത്തലയ്ക്കും വി ഡി സതീശനും മറ്റും അതുവഴി കടന്നുപോകാൻ പോലും പറ്റാത്ത അവസ്ഥ. പുതിയ കോടതിവിധി വന്നതോടെ ‘ ഡാറ്റയും ’ പോയ പരുവത്തിലാണ് ചെന്നിത്തല. ‘ ജീവനക്കാർക്ക് സന്ദേശം അയക്കുന്നതിൽ ഒരു തെറ്റുമില്ല, സർക്കാരിന്റെ നല്ല കാര്യമാണ് ’ എന്നാണ് ഡാറ്റ ചോർച്ച ആക്ഷേപിച്ച് ആരോ കൊടുത്ത ഹർജിയുടെ വിധി. അപ്പീൽ പോകുമെന്ന് ചെന്നിത്തല കേറി പറഞ്ഞതെന്തിനാണെന്നല്ലേ ? ഹർജികൾ വന്ന വഴി നോക്കിയാൽ മനസ്സിലാകും. ‘ പബ്ലിസിറ്റി സ്‌റ്റണ്ടുമായി വരണ്ട ’ എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് ഇപ്പോൾ ‘ ഒളിഹർജികൾ ’ ആണ് പലതും.
‘ വിധി ’ എതിരായതോടെ മാധ്യമങ്ങളാണ് വെള്ളത്തിലായത്. മരിച്ച വീട്ടിൽ നിൽക്കുന്ന അവസ്ഥയിലായി. ലൈവ് വണ്ടികൾ മരച്ചോട്ടിലിട്ട് കടല് കണ്ടാസ്വദിച്ചു, ‘ മാനസ മൈനേ വരൂ ’ എന്ന് പാട്ടും ! ആര് പറഞ്ഞു നർമബോധമില്ലെന്ന് ? ‘ വെൽക്കം ടു കേരളം, മിസ്‌റ്റർ ഒൗറംഗബാദ് ജഡ്‌ജി ’ !















