ad
Deshabhimani

Articles

ഹിരോഷിമയും സാമ്രാജ്യത്വക്രൂരതയും

ഹിരോഷിമയും സാമ്രാജ്യത്വക്രൂരതയും

Hiroshima
avatar
വലിയശാല രാജു

Published on Aug 06, 2026, 01:30 AM | 2 min read

ആഗസ്ത്‌ ആറ്‌–- ലോകജനതയുടെ മനസ്സിൽ ഇന്നും ഉണങ്ങാത്ത മുറിവായി നിൽക്കുന്നു ഹിരോഷിമ ദിനം. ഹിരോഷിമ–നാഗസാക്കി ആണവായുധ കൂട്ടക്കൊലകൾ വെറും യുദ്ധതന്ത്രമായിരുന്നില്ല, മറിച്ച് ലോകചരിത്രത്തിലെ ഏറ്റവും ഹീനമായ സാമ്രാജ്യത്വക്രൂരതയായിരുന്നു. ജനാധിപത്യത്തിന്റെയും മാനവികതയുടെയും വക്താക്കളായി സ്വയം ചമയുന്ന അമേരിക്കൻ ഭരണകൂടം സ്വാർഥ രാഷ്ട്രീയ അധീശത്വത്തിനായി എന്തും ചെയ്യാൻ മടിക്കില്ലെന്നതിന്‌ പ്രത്യക്ഷ തെളിവായിരുന്നു ആ ആണവായുധ ആക്രമണങ്ങൾ.


രണ്ടാം ലോക മഹായുദ്ധം, സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള ലാഭക്കൊതിയുടെ പോരാട്ടത്തിൽനിന്ന് ഫാസിസ്റ്റ് വിരുദ്ധ ജനകീയയുദ്ധമായി മാറിയത് സോവിയറ്റ് യൂണിയന്റെ ഇടപെടലോടെയാണ്. സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് ചെമ്പട നടത്തിയ ധീരമായ പോരാട്ടമാണ് നാസി ജർമനിയെ മുട്ടുകുത്തിച്ചത്. 1945 ഏപ്രിൽ 30-ന് ബെർലിനിലെ പാർലമെന്റ് മന്ദിരത്തിനുമുകളിൽ ചെങ്കൊടി ഉയർത്തി സോവിയറ്റ് സേന വിജയംകുറിച്ചു. മിനിറ്റുകൾക്കകം ഹിറ്റ്‌ലറുടെ കേന്ദ്രം സോവിയറ്റ് സൈന്യം വളഞ്ഞെങ്കിലും ആ ഏകാധിപതിയെ ജീവനോടെ പിടികൂടാൻ കഴിഞ്ഞില്ല; ഹിറ്റ്‌ലർ ജീവനൊടുക്കി. തൊട്ടുമുമ്പ് ഇറ്റലിയിൽ മുസ്സോളിനിയെ ജനങ്ങൾ വിചാരണ ചെയ്ത് വധിച്ചിരുന്നു. ഈ നിർണായക ജയങ്ങളിൽ അമേരിക്കയ്ക്ക് പറയത്തക്ക വലിയ പങ്കുണ്ടായിരുന്നില്ല.


ജർമനിയും ഇറ്റലിയും തകർന്നതോടെ ജപ്പാൻ കീഴടങ്ങലിന്റെ വക്കിലായി. ലോകസമാധാനം പുലരാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെയാണ് അമേരിക്ക ക്രൂരമായ ആണവപരീക്ഷണം നടത്താൻ തീരുമാനിച്ചത്‌. ഭൗതികശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൻഹൈമറുടെ നേതൃത്വത്തിൽ 1942-ൽ, "മാൻഹാട്ടൻ പ്രോജക്ട്' എന്ന പേരിൽ രഹസ്യമായാണ് അമേരിക്ക അണുബോംബ് നിർമാണം ആരംഭിച്ചത്. 1945 ജൂലൈ 16-ന് ന്യൂ മെക്സിക്കോയിലെ ട്രിനിറ്റിയിൽ ആദ്യപരീക്ഷണം വിജയിച്ചതിനുപിന്നാലെ, 21–-ാംദിവസം ആഗസ്ത്‌ ആറിന്‌– ഹിരോഷിമയിൽ ആദ്യ ബോംബിട്ടു; ആഗസ്ത്‌ ഒന്പതിന് നാഗസാക്കിയിലും അവർ സമാന ആക്രമണം നടത്തി.

ലക്ഷക്കണക്കിന് സാധാരണ മനുഷ്യരെ ചാരമാക്കിയശേഷം, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ പ്രഖ്യാപിച്ചത് ‘ഞാൻ ലോകത്തെ രക്ഷിച്ചു’ എന്നാണ്! സ്വന്തം ക്രൂരതയെ മറച്ചുവയ്‌ക്കാൻ ഇതിലും വലിയ പച്ചക്കള്ളം പറയാനാകില്ല. ചരിത്രകാരന്മാരുടെ വിലയിരുത്തലിൽ, ജപ്പാനെ കീഴടക്കാൻ അമേരിക്കയ്‌ക്ക്‌ അണുബോംബിന്റെ ആവശ്യമേയില്ലായിരുന്നു. ജനസാന്ദ്രതയേറിയ നഗരങ്ങളിൽ അണുബോംബിട്ട് അതിന്റെ ആൾനാശശേഷിയും പ്രഹരശേഷിയും പഠിക്കുക എന്നതായിരുന്നു ഒന്നാമത്തെ ലക്ഷ്യം; ലോകത്തെ ഞെട്ടിച്ച്‌ അമേരിക്കൻ ആധിപത്യം സ്ഥാപിക്കുക എന്നതായിരുന്നു ആത്യന്തികലക്ഷ്യം. അതിനായി റോബർട്ട് ഓപ്പൻഹൈമറുടെ നേതൃത്വത്തിലുള്ള പ്രത്യേകസമിതി തെരഞ്ഞെടുത്ത നാലു നഗരങ്ങളായിരുന്നു ഹിരോഷിമ, നാഗസാക്കി, കോകുറോ, ക്യോട്ടോ എന്നിവ.

ഒരു ഓർമയുടെ പുറത്ത് 
രക്ഷപ്പെട്ട ക്യോട്ടോ


​ജനങ്ങളെ കൂട്ടക്കൊല ചെയ്യാൻ തീരുമാനിച്ച നഗരങ്ങളിൽനിന്ന് "ക്യോട്ടോ'യെ ഒഴിവാക്കിയതിനുപിന്നിൽ ഒരു ചരിത്രമുണ്ട്. അമേരിക്കൻ പ്രസിഡന്റിന്റെ ആണവനയ ഉപദേഷ്ടാവായിരുന്ന ഹെൻറി എൽ സ്റ്റിംസൺ തന്റെ ഭാര്യയോടൊപ്പം ദീർഘകാലം ചെലവഴിച്ചത് ക്യോട്ടോയിലായിരുന്നു. ആ നഗരത്തോടുള്ള അദ്ദേഹത്തിന്റെ വൈകാരിക അടുപ്പം കാരണംമാത്രമാണ് ക്യോട്ടോ ബോംബാക്രമണത്തിൽനിന്ന് ഒഴിവായത്! കോകുറോ നഗരമാകട്ടെ, അന്ന് ആകാശത്ത് കനത്ത മൂടൽമഞ്ഞ്‌ നിറഞ്ഞിരുന്നതുകൊണ്ടുമാത്രം അണുബോംബിൽനിന്ന് രക്ഷപ്പെട്ടു. തുടർന്ന് യുദ്ധവിമാനത്തിലെ ഇന്ധനക്കുറവുമൂലം മുൻകൂട്ടി നിശ്ചയിച്ച അടുത്ത ലക്ഷ്യസ്ഥാനമായ നാഗസാക്കിയിലേക്ക് അമേരിക്കൻ വിമാനം പറക്കുകയും അവിടെ ബോംബിടുകയും ചെയ്തു.


ഈ അണുബോംബുകൾക്ക് അമേരിക്ക നൽകിയ പേരുകളിൽപ്പോലും അവരുടെ അധീശത്വമനോഭാവം തെളിഞ്ഞുനിന്നിരുന്നു: ലിറ്റിൽ ബോയ് (ഹിരോഷിമ) നീളമുള്ള ശരീരപ്രകൃതിയുള്ള അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റിനെ സൂചിപ്പിക്കുന്നതായിരുന്നു ഈ പേര്. ഇതിൽ ഉപയോഗിച്ചത് യുറേനിയം-235 ആയിരുന്നു. ഫാറ്റ്മാൻ (നാഗസാക്കി) ആകട്ടെ, തടിയനായ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ സൂചിപ്പിക്കുന്നതായിരുന്നു ഈ പേര്. ഇതിൽ ഉപയോഗിച്ചത് പ്ലൂട്ടോണിയം-239 ആയിരുന്നു. വ്യത്യസ്ത മൂലകങ്ങളും വ്യത്യസ്ത ചുറ്റളവുമുള്ള ബോംബുകൾ ഉപയോഗിച്ച്, ജീവനുള്ള മനുഷ്യരിൽ ആണവപരീക്ഷണം നടത്തുകയാണ് അമേരിക്ക ചെയ്തത്.


ഹിരോഷിമയിൽ ബോംബിട്ട് ജപ്പാനെ തകർത്തശേഷവും എന്തിനാണ് വീണ്ടും നാഗസാക്കിയിൽ ആക്രമണം നടത്തിയതെന്ന ചോദ്യത്തിന് ആഗോളസമൂഹത്തോട് മറുപടി പറയാൻ ഇന്നും അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം വരാനിരിക്കുന്ന ആഗോളരാഷ്ട്രീയത്തിൽ തങ്ങളുടെ മേൽക്കോയ്മ സ്ഥാപിക്കുക, സോവിയറ്റ് യൂണിയന്റെ സ്വാധീനം വ്യാപിക്കുന്നത് തടയുക, വിനാശകരമായ ആയുധങ്ങൾ കാട്ടി ലോകരാഷ്ട്രങ്ങളെ ഭയപ്പെടുത്തിനിർത്തി സാമ്രാജ്യത്വ അജൻഡ നടപ്പാക്കുക– ഇവയായിരുന്നു ഹിരോഷിമയിലൂടെയും നാഗസാക്കിയിലൂടെയും അമേരിക്ക ലക്ഷ്യമിട്ടത്.


അണുബോംബിന്റെ ദുരന്തഫലങ്ങൾ തലമുറകളായി ജപ്പാൻജനത അനുഭവിക്കുന്നു. ഹിരോഷിമ ദിനം വെറും ചരിത്രസ്മരണയല്ല; ലോകസമാധാനത്തിന് ഭീഷണിയായ അമേരിക്കൻ സാമ്രാജ്യത്വത്തിനും നവ ഉദാര അജൻഡകൾക്കുമെതിരെ ശക്തമായ പ്രതിരോധം ഉയർത്തേണ്ടതിന്റെ ഓർമപ്പെടുത്തൽകൂടിയാണ്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home