ad
Deshabhimani

ഇവരും അവകാശങ്ങൾക്ക്‌ അർഹരാണ്‌

Gig workers
ഗയ പുത്തലത്ത്‌

Published on Jan 11, 2026, 10:37 PM | 2 min read

സമൂഹമാധ്യമങ്ങളിൽ സമയം ചെലവഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്‌. പഠനത്തിലും ജോലിയിലും എന്തിന്‌ നമ്മുടെ ഭക്ഷണക്രമത്തിൽപ്പോലുമിന്ന്‌ സമൂഹമാധ്യമത്തിന്റെ അതിപ്രസരം കാണാനാകും. ഇ‍ൗ സാമൂഹ്യക്രമത്തിന്റെ ഭാഗമായി രൂപംകൊണ്ടതാണ്‌ ഗിഗ് തൊഴിലുകള്‍ എന്ന പുതിയ തൊഴില്‍ മേഖല. നമുക്ക്‌ പരിചിതമായ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ ഫുഡ്‌ ഡെലിവറി സംവിധാനങ്ങളെല്ലാം ഇ‍ൗ തൊഴിൽ മേഖലയിൽ ഉൾപ്പെടുന്നവയാണ്‌. തിരക്കേറിയ ജീവിതത്തിൽ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇ‍ൗ ഓൺലൈൻ പ്ലാറ്റ്ഫോം തൊഴിലാളികളെയാണ്‌.


മഴയത്തും വെയിലത്തും തുടങ്ങി ഏത്‌ ദുർഘട കാലാവസ്ഥയിലും ഒരു നിമിഷം വൈകാതെ, വിശന്നിരിക്കുന്നവരുടെ കൈയിൽ ഭക്ഷണമെത്തിക്കുന്നവരാണ്‌ ഇ‍ൗ തൊഴിലാളികൾ. എന്നാൽ, അവരുടെ പ്രയാസങ്ങളെക്കുറിച്ച്‌ ആരും ആലോചിക്കാറില്ല. പലപ്പോഴും മനുഷ്യനെന്ന പരിഗണനപോലും ലഭിക്കാത്തവരാണ്‌ ഗിഗ്‌ മേഖലയിലെ തൊഴിലാളികൾ. തങ്ങളുടെ പ്രശ്‌നങ്ങൾ പരസ്‌പരം സംസാരിക്കാനോ പരിഹാരം കാണാനോ ഉള്ള അവസരങ്ങൾപോലും ലഭിക്കാറില്ല. മിനിറ്റുകൾക്കുള്ളില്‍ ഓര്‍ഡറുകള്‍ ഉപഭോക്താവിന് എത്തിക്കാൻ ഒരു സുരക്ഷയുമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന ഇവർക്ക്‌ ലഭിക്കുന്നതാകട്ടെ കുറഞ്ഞ വേതനവും ഇന്‍സെന്റീവുകളും. പലപ്പോഴും പറഞ്ഞ ശമ്പളംപോലും നിഷേധിക്കപ്പെടുന്ന, ജോലിക്കിടെ അപകടം പറ്റിയാല്‍ സഹായിക്കാൻ ആരും ഉണ്ടാകാത്ത അവസ്ഥയിലൂടെയാണ്‌ ഇവർ കടന്നുപോകുന്നത്‌. തൊഴില്‍ സുരക്ഷയും ആരോഗ്യവും ഉറപ്പില്ലാത്ത ഇ‍ൗ ജോലിയില്‍ ന്യായമായ വേതനവും സുരക്ഷയും നല്‍കണമെന്ന നിരന്തരമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കഴിഞ്ഞ ക്രിസ്‌മസ് ദിനത്തില്‍ സൂചനാ പണിമുടക്കും ഡിസംബര്‍ 31ന് രാജ്യവ്യാപകമായി പണിമുടക്കും നടത്തിയത്‌. ഇ‍ൗ പണിമുടക്ക്‌ പുതുവത്സരദിനത്തിൽ ലഭിക്കുമായിരുന്ന കോടികളുടെ ഓര്‍ഡറുകളെ ബാധിച്ചതിനാൽ കൂലിയില്‍ വര്‍ധന വരുത്താൻ കമ്പനികള്‍ തയ്യാറായി. എന്നാൽ, ചെറിയ ആശ്വാസങ്ങൾകൊണ്ട്‌ കാര്യമില്ലെന്നും പ്രശ്‌നങ്ങൾക്ക്‌ ശാശ്വതപരിഹാരം വേണമെന്നുമാണ്‌ തൊഴിലാളികളുടെ നിലപാട്‌. ഇവരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും കേന്ദ്രസർക്കാർ ഇവർക്കായി പ്രത്യേക തൊഴിൽ നിയമം കൊണ്ടുവരണമെന്നുള്ള ആവശ്യവും ഉന്നയിക്കുന്നു. ഇതിനായി വരുംനാളുകളിൽ കൂടുതൽ സമരങ്ങൾ നടത്താനും ആലോചിക്കുന്നുണ്ട്‌. ഈ ആവശ്യങ്ങളടക്കം ഉന്നയിച്ചാണ് ഫെബ്രുവരി 12ന് പൊതുപണിമുടക്ക്.സമരങ്ങള്‍ക്ക്‌ പിന്തുണ നൽകി സിഐടിയു ഒപ്പമുണ്ട്‌.


Gig workers


നാളത്തെ സമ്പദ്‌വ്യവസ്ഥയെപ്പോലും നയിക്കാൻ ശേഷിയുള്ള ഗിഗ്‌ മേഖലയിൽ തൊഴിലാളികളെ നിയന്ത്രിക്കുന്നത്‌ സ്ഥാപന ഉടമയല്ല മറിച്ച്‌ അതിന്റെ സംവിധാനമാണ്‌. ആരുടെ കീഴിലാണ്‌ ജോലി ചെയ്യുന്നത്‌ എന്ന്‌ അവർക്ക്‌ അറിയില്ല. തൊഴിലാളിയുടെ ഫോണിലേക്ക് വരുന്ന നിർദേശം അനുസരിച്ച് ജോലി ചെയ്യുന്നു. ഓര്‍ഡര്‍ എടുക്കുന്നു, അത്‌ ഡെലിവറി ചെയ്യുന്നു. പിറ്റേദിവസം ജോലി ഉണ്ടാകുമോ എന്നുപോലും ഉറപ്പില്ലാത്തവരാണിവർ. ധരിക്കുന്ന വസ്‌ത്രവും ബാഗും വാഹനവും അതില്‍ ഒഴിക്കുന്ന എണ്ണയും അടങ്ങുന്ന ചെലവെല്ലാം വഹിക്കുന്നത്‌ തൊഴിലാളികൾ തന്നെയാണ്‌. ഇത്തരത്തിൽ നിക്ഷേപം നടത്തുന്നതിനാൽ അവരെ ‘പാര്‍ട്‌ണേഴ്‌സ്’ ആയി കണക്കാക്കുകയും അതുവഴി അവരുടെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള ഒരു കാരണമായും മാറുന്നു.


​മാന്യമായ തൊഴില്‍, അതിന് മികച്ച ശമ്പളം, ആരോഗ്യപരിരക്ഷ... ഇതൊക്കെ ലോകത്തെ എല്ലാ തൊഴിലാളികൾക്കും ലഭ്യമാക്കണമെന്നാണ്‌ ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെടുന്നത്‌. എന്നാൽ, ഇതൊന്നും നമ്മുടെ രാജ്യത്ത്‌ നടപ്പാകുന്നില്ല എന്നാണ്‌ ഇ‍ൗ തൊഴിലാളി സമരങ്ങൾ വ്യക്തമാക്കുന്നത്‌.



Deshabhimani
Home