Articles

ഗാസ ഐക്യദാർഢ്യവും
രാജ്യസ്നേഹവും

ഗാസ ഐക്യദാർഢ്യവും
രാജ്യസ്നേഹവും

orderorder
avatar
ജോജി കൂട്ടുമ്മേൽ

Published on Jul 27, 2025, 09:32 PM | 3 min read

ഫാസിസ്റ്റുകൾ അധികാരം കൈയാളുമ്പോൾ ഭരണകൂടത്തിന്റെ ഘടകങ്ങളെല്ലാം അതിന് അനുകൂലമായി വളയുമെന്ന് ഒരു നിരീക്ഷണമുണ്ട്. ജനാധിപത്യത്തിന്റെ നാല് തൂണുകളും ഇതിൽനിന്ന് വ്യത്യസ്തമല്ല. ഇതിന്റെ തെളിവാണ് ഗാസയിലെ വംശഹത്യക്കെതിരെ പ്രതിഷേധിച്ചും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രകടനം നടത്തുന്നതിന് അനുമതി നിഷേധിക്കപ്പെട്ടതും മുംബൈ ഹൈക്കോടതി ആ നിഷേധത്തെ ശരിവച്ചതും. ഗാസ ഐക്യദാർഢ്യ പരിപാടിയുടെ സംഘാടകരോട് കോടതി പറഞ്ഞത് രാജ്യസ്നേഹികളാകുവാനും സ്വന്തം രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ്. പലസ്തീനിന്റെയോ ഇസ്രയേലിന്റെയോ പക്ഷം ചേരണോ എന്നത് കേന്ദ്രസർക്കാരിന്റെ കാര്യമാണ്. ഈ വിഷയത്തിൽ രാജ്യം ഒരു പക്ഷം ചേരേണ്ട സാഹചര്യമുണ്ടാക്കുന്നത്‌ എന്തിനെന്നാണ് കോടതിയുടെ ചോദ്യം. ഇത് പ്രശ്നങ്ങൾക്ക് വഴിവയ്‌ക്കുമെന്നും വിദേശകാര്യങ്ങളിൽ പ്രത്യാഘാതമുണ്ടാക്കുമെന്നുംകൂടി കോടതി നിരീക്ഷിക്കുന്നു.


അഭിപ്രായം പറയാൻ 
അവകാശമില്ലേ


ഈ നിരീക്ഷണം മൂന്ന് സുപ്രധാനപ്രശ്നങ്ങൾ ഉയർത്തുന്നു. ഒന്നാമതായി കേന്ദ്രസർക്കാർ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജനങ്ങൾക്കും പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾക്കും അഭിപ്രായം പറയാൻ അവകാശമില്ലെന്ന് കോടതി കരുതുന്നു. അങ്ങനെയൊരു സ്വാതന്ത്ര്യമില്ലെങ്കിൽ ജനാധിപത്യം അർഥശൂന്യമായിപ്പോകില്ലേ. അധികാരികൾ തീരുമാനിക്കുകയും പ്രജകൾ അനുസരിക്കുകയും ചെയ്യുന്നതാണോ ഇവർ സങ്കൽപ്പിക്കുന്ന ജനാധിപത്യം. രണ്ടാമതായി രാജ്യത്തിന്റെ വിദേശനയവും അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ വിദേശനയവും പരസ്പരവിരുദ്ധമായാൽ ജനങ്ങൾ ഏതിനെയാണ് പിന്തുടരേണ്ടത് എന്ന അതീവഗൗരവതരമായ പ്രശ്നം ഈ വിധി ഉയർത്തുന്നു. മോദി സർക്കാർ പിന്തുടരുന്ന വിദേശനയം ഇന്ത്യ അനേകകാലംകൊണ്ട് രൂപപ്പെടുത്തിയതിന് വിരുദ്ധമാണ്. ഇന്ത്യയുടെ വിദേശനയം സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായിരുന്നു. സ്വാതന്ത്യാനന്തര ഇന്ത്യയുടെ വിദേശനയം ലോകസമാധാനത്തിന്റെ പക്ഷത്തായിരുന്നു. അതാണ് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യദശകങ്ങളിൽതന്നെ ചേരിചേരാ പ്രസ്ഥാനത്തിന്റെ നടുനായകത്വത്തിലേക്കെത്താൻ ഇന്ത്യയെ പ്രാപ്തമാക്കിയത്. സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ നിലപാടാണ് ഇന്ത്യൻ വിദേശനയത്തിന്റെ കാതൽ. ഫാസിസത്തിനെതിരായ നിലപാട് സ്വാഭാവികമായും സിയോണിസത്തിനും എതിരാണ്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കെന്നപോലെ ഫ്രാൻസ് ഫ്രഞ്ചുകാർക്കെന്നപോലെ പലസ്തീൻ പലസ്തീൻകാർക്കുള്ളതാണെന്ന മഹാത്മാഗാന്ധിയുടെ പ്രഖ്യാപനം ഈ നിലപാടിന് അടിവരയിടുന്നു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും മഹാത്മാഗാന്ധിയുടെയും ചേരിചേരാപ്രസ്ഥാനത്തിന്റെയുമൊക്കെ ആശയങ്ങൾക്ക് വിരുദ്ധമായി സിയോണിസ്റ്റുകളെ പിന്തുണയ്ക്കുന്ന നയം ഇന്ത്യൻ സർക്കാർ സ്വീകരിച്ചാൽ ജനങ്ങൾ ഏതുപക്ഷത്ത് നിൽക്കണം.


രാജ്യസ്നേഹവും 
മനുഷ്യസ്നേഹവും


മൂന്നാമതായി സ്വന്തം രാജ്യത്തിനുള്ളിൽ മാത്രം സവിശേഷമായി നിലനിൽക്കുന്ന ഒന്നാണ് രാജ്യസ്നേഹമെന്ന് കോടതി കരുതുന്നതായി ഈ വിധി നമ്മോട് പറയുന്നു. രാജ്യസ്നേഹമെന്നത് വിശാലമായ മനുഷ്യസ്നേഹത്തിന്റെ ഭാഗമാണെന്ന് ഈ ന്യായാധിപന്മാരോട് ആര് പറയും? "എനിക്ക് ദേശസ്നേഹം മനുഷ്യത്വത്തിന് തുല്യമാണ്. ഞാൻ മനുഷ്യനും മനുഷ്യത്വമുള്ളവനുമായതിനാൽ ഞാൻ ദേശസ്നേഹിയാണ്. ഇന്ത്യയെ സേവിക്കാൻ ഞാൻ ഇംഗ്ലണ്ടിനെയോ ജർമനിയെയോ ഉപദ്രവിക്കില്ല. എന്റെ ജീവിതപദ്ധതിയിൽ സാമ്രാജ്യത്വത്തിന് സ്ഥാനമില്ല’ എന്ന് 1921 മാ‍ർച്ചിൽ യങ് ഇന്ത്യയിൽ ഗാന്ധിജി എഴുതുന്നത് ഈ വിശാലമായ അർഥത്തിലാണ്.


ജുഡീഷ്യറിയുടെ നിലപാട്


ഗാസ ഐക്യദാർഢ്യപരിപാടി തടയുക വഴി സിയോണിസത്തെ പൂ‍ർണമായി പിന്തുണയ്ക്കുകയാണ് ഇന്ത്യൻ സർക്കാരും കോടതിയും ചെയ്യുന്നത്. നാസിസത്തിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല സിയോണിസം. നാസികൾ വംശമേധാവിത്തമാണ് മുന്നോട്ട് വച്ചതെങ്കിൽ സിയോണിസ്റ്റുകൾ മതമേധാവിത്തമാണ് ഉന്നയിക്കുന്നതെന്ന വ്യത്യാസമേയുള്ളൂ. സിയോണിസം തീവ്രദേശീയതയും വംശമേധാവിത്തവും പുലർത്തുന്ന നാസിസത്തിനു തുല്യമായ പ്രത്യയശാസ്ത്രമാണ്. അതുകൊണ്ട് തന്നെ ലോകത്തെ സാമ്രാജ്യത്വ-ഫാസിസ്റ്റ് ശക്തികളൊക്കെ ഇസ്രയേലിനെ പിന്തുണയ്ക്കുന്നു. സംഘപരിവാറാണ് ഇതിന്റെ നല്ല ഉദാഹരണം. 1948 മുതൽതന്നെ ഹിന്ദുത്വശക്തികൾ സിയോണിസത്തെ തുറന്ന് പിന്തുണയ്ക്കുന്നു. സിയോണിസവും മതാടിസ്ഥാനത്തിലുള്ള ഒരു സിദ്ധാന്തമാണ്, തങ്ങളുടെ എതിരാളിയായി അവർ മറ്റൊരു മതത്തെ പ്രഖ്യാപിച്ചിട്ടുണ്ട്, അവരെ ശാരീരികമായി ഇല്ലാതാക്കാൻ സിയോണിസ്റ്റുകൾക്ക് യാതൊരു മടിയുമില്ല, ഇവയെല്ലാം സംഘപരിവാറിനും യോജിക്കുന്ന സ്വഭാവങ്ങളാണല്ലോ? ആ നിലയ്ക്ക് സർക്കാരിന്റെ നിലപാട് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. എന്നാൽ കോടതിയും അതേ നിലപാട് ആവർത്തിക്കുന്നത് എന്തിനാണ്? ആദ്യം പറഞ്ഞതുപോലെ ഭരണകൂടം ഫാസിസ്റ്റ് സ്വഭാവം കൈവരിക്കുമ്പോൾ ജുഡീഷ്യറിയും അതിലേക്ക്‌ ആക‍ർഷിക്കപ്പെടുന്നതാകാനേ തരമുള്ളൂ. ദൂരെയുള്ള ഗാസയിലെ പ്രശ്നങ്ങളിൽ ശ്രദ്ധിക്കാതെ നമ്മുടെ രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നും ഈ വിഷയവുമായി കോടതിയിലെത്തിയ സിപിഐ എമ്മിനോട് കോടതി പറയുന്നുണ്ട്. ഈ നിർദേശം അത്യന്തം രസാവഹമാണെന്ന് പറയാതെ വയ്യ. നമ്മുടെ രാജ്യത്തെ പ്രധാനപ്രശ്നങ്ങളായി കോടതി നിർദേശിച്ചത് വെള്ളപ്പൊക്കം, മലിനജല നിർമാർജന സൗകര്യമില്ലായ്മ, അനധികൃത പാ‍ർക്കിങ് എന്നിവയൊക്കെയാണ്. ലോകപട്ടിണി സൂചികയിൽ ഇന്ത്യ നൂറ്റിയഞ്ചാം സ്ഥാനത്തായതും ലിംഗ അസമത്വ സൂചികയിൽ നൂറ്റിയെട്ടാം സ്ഥാനത്തായതും ഇവയേക്കാൾ വലിയ പ്രശ്നങ്ങളല്ലേ? ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതും മണിപ്പുർ പോലെയുള്ള വംശീയ കലാപങ്ങൾ തുടരുന്നതും പിന്നെയും വലിയ പ്രശ്നങ്ങളല്ലേ? ഭരണകൂടം നേരിട്ട് സർവകലാശാലകളിലെയും സ്കൂൾ പാഠ്യപദ്ധതികളെയും ഉപയോഗപ്പെടുത്തി രാജ്യത്ത് ശാസ്‌ത്രവിരുദ്ധതയും ചരിത്രവിരുദ്ധതയും വളർത്താൻ ശ്രമിക്കുന്നതും ശാസ്‌ത്ര കോൺഗ്രസിനെയടക്കം ഉപയോഗപ്പെടുത്തി അന്ധവിശ്വാസവും യുക്തിരാഹിത്യവും വളർത്തുവാൻ ശ്രമിക്കുന്നതും അവയിലും വലിയ പ്രശ്നങ്ങളല്ലേ? ഗോമാംസത്തിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ, ആവർത്തിക്കുന്ന ദളിത് പീഡനം, ധർമസ്ഥലയിലെ കൂട്ടക്കൊലപാതകം, കർഷക ആത്മഹത്യകൾ എന്നിവയൊക്കെ കോടതി കാണുന്നുണ്ടോ? ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിവിധ വിഭാഗം ജനങ്ങൾ നടത്തുന്ന പ്രക്ഷോഭത്തെ ഇന്ത്യൻ നീതിന്യായ സംവിധാനം എങ്ങനെ കാണുന്നു എന്നറിയാൻ സാധാരണ ഇന്ത്യക്കാർക്ക് താൽപ്പര്യമുണ്ടാകും. എന്നാൽ, വിശാലമാനവികതയുടെ അർഥമറിയാത്തവർക്ക് എങ്ങനെയാണ് ഇത്തരം പ്രശ്നങ്ങളിൽ ജനപക്ഷ നിലപാടെടുക്കാൻ കഴിയുന്നത്? ഇത്തരമൊരു പശ്ചാത്തലത്തിൽ ലോകസംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാനുള്ള സാധാരണ മനുഷ്യന്റെ അവകാശങ്ങളെ തടസ്സപ്പെടുത്തുന്നത് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ തകർക്കുന്ന ഒന്നാണ്.


(ശാസ്‌ത്ര സാഹിത്യ
പരിഷത്ത് സംസ്ഥാനകമ്മിറ്റി അംഗമാണ് ലേഖകൻ)



Deshabhimani

Subscribe to our newsletter

Quick Links


Home