രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കൊരു കമീഷൻ; കേരളം വീണ്ടും മാതൃക


വി എ എൻ നമ്പൂതിരി
Published on Aug 28, 2025, 03:51 PM | 3 min read
കേരളം ഓരോ കാര്യത്തിനും ലോകത്തിന് തന്നെ മാതൃകയാകാറുണ്ട്. ഇപ്പോഴിതാ വയോജനങ്ങളെ ചേർത്തുനിർത്തുന്നതിലും മുന്നേറുകയാണ് കേരളം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം വയോജനങ്ങൾക്കായി കമീഷൻ രൂപീകരിച്ചത്. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായാണ് കേരള സംസ്ഥാന വയോജന കമീഷൻ രൂപീകരിച്ചിരിക്കുന്നത്. 2024 ഡിസംബർ 21ന് പ്രാബല്യത്തിൽ വന്നു. സംസ്ഥാന നിയമസഭ പാസാക്കിയ വയോജന കമീഷൻ ആക്ടിന് 2025 ഏപ്രിൽ 24ന് ഗവർണറുടെ അനുമതി ലഭിക്കുകയും ഏപ്രിൽ 25ന് അസാധാരണ ഗസറ്റായി പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ കമീഷൻ നിയമനത്തിനുള്ള എല്ലാ കടമ്പകളും മാറികടന്നിരുന്നു. കമീഷൻ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുകയായിരുന്നു അടുത്ത നടപടി.
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നൽകുന്നതിനും വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും അവരുടെ കഴിവുകളും പരിചയസമ്പത്തും സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിനും അവകാശസംരക്ഷണം ഉറപ്പുവരുത്തുന്നതിനായുമാണ് കമീഷൻ രൂപീകരിക്കുന്നതെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. കേരള സംസ്ഥാന വയോജന കമീഷൻ ആക്ട് എന്ന പേരിലാണ് ഈ നിയമം അറിയപ്പെടുക.
കേരളത്തിൽ വനിതാ കമീഷൻ 1995ൽ നിലവിൽ വന്നു. ബാലാവകാശ സംരക്ഷണ കമീഷൻ 2013ലും യുവജന കമീഷൻ 2014ലും രൂപീകൃതമായി. വർദ്ധിച്ചുവരുന്ന വയോജനങ്ങളു ടെ എണ്ണവും അവരുടെ പ്രത്യേക പ്രശ്നങ്ങളും കണക്കിലെടുത്ത് ഒരു വയോജന കമീഷൻ രൂപീകരിക്കണമെന്ന ആവശ്യം സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (SCPWA) വർഷങ്ങളായി സംസ്ഥാന സർക്കാരിന്റെ മുന്നിൽ ഉന്നയിച്ചിരുന്നു. തുടർച്ചയായ സമ്മർദവും അതോടൊപ്പം കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വയോജന സൗഹൃദ നയവുമാണ് കമീഷൻ യാഥാർഥ്യമാക്കുവാൻ സഹായിച്ചത്.
ഘടന
കമീഷനിൽ സർക്കാർ നിയമിക്കുന്ന ഒരു ചെയർപേഴ്സണും നാലിൽ കവിയാത്ത അംഗങ്ങളും ഉണ്ടായിരിക്കും. എല്ലാവരും വയോജനങ്ങൾ ആയിരിക്കേണ്ടതും വയോജനക്ഷേമ മേഖലയിൽ പ്രവർത്തനപരിചയമുള്ള ആളുകളുമായിരിക്കേണ്ടതാണ്. ഒരാൾ പട്ടികജാതി പട്ടികഗോത്രവർ ഗത്തിൽപ്പെട്ടയാളും മറ്റൊരാൾ വനിതയും ആയിരിക്കേണ്ടതാണ് എന്നാണ് വ്യവസ്ഥ.
അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമീഷൻ സെക്രട്ടറിയായും നിയമവകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമീഷൻ രജിസ്ട്രാറായും ധനകാര്യവകുപ്പ് ഡെപ്യട്ടി സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമീഷൻ ഫൈനാൻസ് ഓഫീസറായും നിയമിക്കും. കമീഷന്റെ ആസ്ഥാനം സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം ആണ്. ചെയർപേഴ്‌സന്റേയും അംഗങ്ങളുടേയും കാലാവധി മൂന്നുവർഷമാണ്. ഇവരിലാർക്കും രണ്ടിൽ കൂടുതൽ തവണ സ്ഥാനം വഹിക്കുന്നതിന് അർഹതയുണ്ടായിരിക്കുകയില്ല.
ചെയർപേഴ്സന് വേതനം പറ്റുന്ന മറ്റു ജോലികളിലോ, പ്രതിഫലമുള്ള മറ്റു പ്രവർത്തികളിലോ വ്യാപൃതനാകാൻ കഴിയില്ല. ചെയർപേഴ്സൺ ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിലുള്ള ഒരു പൂർണ്ണ സമയ ഓഫീസർ ആയിരിക്കും. നിർണയിക്കപ്പെടുന്ന ശമ്പളത്തിനും ബത്തകൾക്കും അർഹതയുണ്ടായിരിക്കുകയും ചെയ്യും. അംഗങ്ങൾക്ക് ഓണറേറിയത്തിനും യോഗ ബത്തകൾക്കും സിറ്റിംഗ് ഫീസിനും അർഹതയുണ്ടായിരിക്കും. കമീഷന് ആവശ്യമായ ജീവനക്കാരെ സർക്കാർ നിയമിച്ച് നൽകും.
മുൻ രാജ്യസഭാംഗവും, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ സോമപ്രസാദ് ആണ് കമീഷന്റെ ആദ്യ ചെയർപേഴ്‌സൺ. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയായ അമരവിള രാമകൃഷ്ണൻ,വനിതാ കമീഷൻ അംഗമായിരുന്ന സാമൂഹ്യപ്രവർത്തക ഇ എം രാധ, ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ എൻ കെ നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി), മുൻ കോളേജ് അധ്യാപകനും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് - എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്ന പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് കമീഷനിലെ അംഗങ്ങൾ.
യോഗങ്ങൾ
ചെയർപേഴ്സന് യുക്തമെന്ന് തോന്നുന്ന സ്ഥലത്തും സമയത്തും നടപടിക്രമങ്ങൾ പാലിച്ചു യോഗം ചേരാവുന്നതാണ്. കമീഷന് ആവശ്യമെന്ന് തോന്നിയാൽ പ്രത്യേക വിഷയം പരിഗണിക്കുന്ന യോഗത്തിൽ രണ്ടിൽ കൂടാത്ത എണ്ണം ആളുകളെ പ്രത്യേക ക്ഷണിതാക്കളായി വിളിക്കാവുന്നതാ ണ്. എന്നാൽ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
ചുമതലകൾ
വയോജന ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി അന്വേഷണം നടത്തി പരിഹാരമാർഗങ്ങൾ ശുപാർശ ചെയ്യുക, വയോജന ക്ഷേമ സംരക്ഷണങ്ങൾക്കായി സർക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുക, ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കുകയോ ചെയ്യുന്ന വയോജനങ്ങളെ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, വയോജന ക്ഷേമപദ്ധതികളെ ക്കുറിച്ചു സർക്കാരിന് ഉപദേശം നൽകുക, വയോജനങ്ങളുടെ അവകാശം, സംരക്ഷണം, ക്ഷേമം തുടങ്ങിയവ നിഷേധിക്കപ്പെട്ടതായോ, ലംഘിക്കപ്പെട്ടതായോ, അതിക്രമങ്ങൾ ഉണ്ടായതായോ തുടങ്ങിയ പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും തുടർനടപടികൾക്ക് ശുപാർശ നൽകുകയും ചെയ്യുക. നിയമസഹായ അതോറിറ്റിയുടെ സേവനം ലഭ്യമാക്കുക. മുതിർന്ന പൗരൻമാർ തടവിലാക്കപ്പെടുന്ന ജയിലുകൾ, ലോക്കപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികളിൽ പരിശോധന നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് നൽകുക. വയോജനങ്ങളുടെ സ്റ്റാറ്റസ് സ്റ്റെയിറ്റ്മെന്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുക. കമ്മീഷൻ്റെ പരിഗണനയ്ക്ക് അയക്കുന്ന മറ്റു കാര്യങ്ങളിൽ സർക്കാരിന് ഉപദേശം നൽകുക.
അധികാരങ്ങൾ
സർക്കാർ അനുമതിയോടെ പ്രത്യേക ഉദ്യോഗസ്ഥന്റെയോ, ഓഫീസറുടേയോ സേവനം ഉപയോഗപ്പെടുത്താം. 1908 സിവിൽ നടപടി നിയമ സംഹിത പ്രകാരമുള്ള സിവിൽ കോടതിയുടെ എല്ലാ അധികാരങ്ങളും കമീഷന് ഉണ്ടായിരിക്കുന്നതാണ്. സർക്കാരിന്റെ അനുമതിയോടുകൂടി, ഉപാധികൾക്കും വ്യവസ്ഥകൾക്കും വിധേയമായി വിവിധ തരത്തിലുള്ള സാഹിത്യ-സാംസ്ക്കാരിക കായിക പ്രവർത്തനങ്ങളിൽ എൻഡോമെന്റുകളും സമ്മാനങ്ങളും പുരസ്ക്കാരങ്ങളും നൽകാവുന്നതാണ്. ഇതിനാവശ്യമായ പണവും സ്വീകരിക്കാം.
ധനകാര്യം
കമ്മീഷൻ പ്രവർത്തനത്തിനായി നിശ്ചിതതുക ട്രസ്റ്റ് ആയി സർക്കാർ നൽകേണ്ടതാണ്. കമീഷൻ്റെ അക്കൗണ്ടുകൾ ഓരോ വർഷവും ഓഡിറ്റ് ചെയ്ത് അക്കൗണ്ടന്റ് ജനറലിന് നൽകേണ്ടതാണ്. ഓരോ സാമ്പത്തിക വർഷവും കമീഷൻ പ്രവർത്തനങ്ങളുടേയും പരിപാടികളുടേയും പൂർമവിവരങ്ങളടങ്ങുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കേണ്ടതാണ്.
ചട്ടങ്ങൾ
ഗസറ്റ് വിജ്ഞാപനം വഴി സർക്കാരിന് കമീഷൻ പ്രവർത്തനത്തിനാവശ്യമായ ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
വയോജനസംഘടനകളുടെ റോൾ എന്താണ്?
വർഷങ്ങളോളമായി എസ്‌സിഎ ഫ്‌ഡബ്ല്യുഎ ശക്തിയായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വയോജന കമീഷൻ യാഥാർഥ്യമാകുന്നത്. കമീഷൻ്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കി കിട്ടുന്നതിനും വയോജനങ്ങൾക്ക് ക്ഷേമം, സംരക്ഷണം, നിയമപരിരക്ഷ എന്നിവ കൃത്യമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാനും വയോജന സംഘടനകൾക്ക് കഴിയണം. എസ്സിഎഫ്ഡബ്ല്യുഎ ഈ കാര്യത്തിൽ എന്നും മുന്നിൽ തന്നെ ഉണ്ടായിരിക്കും.















