ഫാസിസം വളർന്ന നൂറ്റാണ്ട്


സുനില്‍ പി ഇളയിടം
Published on Oct 15, 2025, 04:05 AM | 4 min read
ഇന്ത്യക്കുമേല്‍ ഒരു ഫാസിസ്റ്റ് രാഷ്ട്രമാതൃക അടിച്ചേൽപ്പിക്കാനുള്ള ഹിന്ദുത്വ വര്‍ഗീയവാദികളുടെ പരിശ്രമത്തിന് ഒരുനൂറ്റാണ്ട് തികയുന്നു. ഫാസിസത്തിന്റെ ജന്മഭൂമിയായ ഇറ്റലിയില്‍പോയി ഫാസിസ്റ്റ് സൈനികസംഘാടനത്തിന്റെ മാതൃകകള്‍ നേരില്‍ക്കണ്ട് മനസ്സിലാക്കിയ ആളായിരുന്നു ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രഥമപഥികരിലൊരാളായ ഡോ. ബി എസ് മൂഞ്ചെ. ആര്‍ എസ് എസ് സര്‍സംഘചാലക് ആയിരുന്ന ഗോള്‍വാള്‍ക്കര്‍ക്കും ഫാസിസ്റ്റ് മാതൃക ആദരണീയമായ ഒന്നായിരുന്നു. ജര്‍മന്‍കാര്‍ ജൂതൻമാരെ പറിച്ചുമാറ്റിയ രീതിയില്‍നിന്നും ഇന്ത്യക്ക് പലതും പഠിക്കാനുണ്ടെന്ന് പില്‍ക്കാലത്ത് ഗോള്‍വാള്‍ക്കര്‍ വിശദീകരിച്ചിട്ടുണ്ട്. ഫാസിസ്റ്റ് സൈനികമാതൃകയും അതു ജന്മം നല്‍കിയ അപരവിദ്വേഷവുമെല്ലാം അതിതീവ്രമായും മറയില്ലാതെയും ആവര്‍ത്തിച്ചുകൊണ്ട് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ കഴിഞ്ഞനൂറ്റാണ്ടില്‍ തങ്ങളുടെ വഴി പടിപടിയായി കെട്ടിപ്പടുത്തു. വിഭജനം ഉളവാക്കിയ ചോരപ്പുഴയുടെ നടുവില്‍ ഇന്ത്യയെ കൈപ്പിടിയിലൊതുക്കാമെന്ന അവരുടെ സ്വപ്നത്തെ ഗാന്ധിവധത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന വമ്പിച്ച ജനരോഷം ഇല്ലാതാക്കി. പിന്നീട് അടിയന്തരാവസ്ഥയുടെ മറപറ്റി നിന്നാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ തലയുയര്‍ത്തിയത്. അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിലുളവാക്കിയ ദീര്‍ഘകാല പ്രത്യാഘാതവും അതുതന്നെയായിരുന്നു.
ഇതെല്ലാം വസ്തുതകളായിരിക്കെത്തന്നെ യൂറോപ്യന്‍ ഫാസിസത്തിന്റെ വെറും പകര്‍പ്പല്ല ഹിന്ദുത്വഫാസിസം എന്ന കാര്യം മറന്നുകൂടാ. സംശയരഹിതമായും അതിന് തദ്ദേശീയമായ വേരുകളും സ്വഭാവങ്ങളും ഉണ്ട്.

ഫാസിസത്തിന്റെ അടിസ്ഥാന പ്രകൃതം പങ്കുവയ്ക്കുമ്പോള്‍തന്നെ, ഇന്ത്യയുടെ ചരിത്രവും ഭൗതിക സാഹചര്യങ്ങളും ജന്മം നല്‍കിയ സവിശേഷമായ ഉള്ളടക്കം അതിനുണ്ട്. ഇതുകൂടി കണക്കിലെടുത്തുകൊണ്ടല്ലാതെ ഹൈന്ദവവര്‍ഗീയതയ്ക്കും അതിന്റെ ഫാസിസ്റ്റ് ആവിഷ്കാരങ്ങള്‍ക്കുമെതിരായ ജനാധിപത്യശക്തികളുടെ പ്രതിരോധവും ഐക്യവും മുന്നോട്ടു കൊണ്ടുപോകാനാകില്ല.
ത്രിമുഖമായൊരു സമരതന്ത്രമാണ് ഹിന്ദുത്വ ഫാസിസത്തിനെതിരെ ജനാധിപത്യശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. ഹിന്ദുത്വ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സാമ്പത്തികവുമായ അടിസ്ഥാനങ്ങളെ പ്രത്യേകം പ്രത്യേകം തിരിച്ചറിയാനും അവയെ സവിശേഷമായി നേരിടാനും പര്യാപ്തമായ സമഗ്രധാരണ രൂപപ്പെടുത്തുക എന്നത് പ്രധാനമാണ്. അതിനുപകരം ഹിന്ദുത്വ ഫാസിസത്തിന്റെ ആധാരഘടകങ്ങളില്‍ ചിലതിനെമാത്രം പരിഗണിച്ചും മറ്റുള്ളവയെ അവഗണിച്ചും നടത്തുന്ന പ്രതിരോധങ്ങള്‍ മൗലികമായ ചെറുത്തുനിൽപ്പുകള്‍ക്ക് വഴിതുറക്കില്ല. ഇന്ത്യയില്‍ നടന്നുവരുന്ന ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധ ശ്രമങ്ങള്‍ പലതും ഈ അപര്യാപ്തത പേറുന്നുണ്ട്. അതിനെ മറികടക്കുക എന്നതുകൂടി ഈ സന്ദര്‍ഭത്തിലെ ആലോചനകളുടെ ലക്ഷ്യമാകണം.
ഏകമാനമായ രാഷ്ട്രസത്താസങ്കൽപ്പം മുതല്‍ ചരിത്ര നിരപേക്ഷമായ സൗന്ദര്യദര്‍ശനം വരെയായി, ഇന്ത്യന്‍ ജീവിതത്തിന്റെ സമസ്തതലങ്ങളിലും വേരോടിപ്പടര്‍ന്നതും ആധുനികമായ പ്രത്യയശാസ്ത്ര വ്യവഹാരമായി പരിണമിച്ചതുമായ ഒന്നാണ് പൊളിറ്റിക്കല്‍ ബ്രാഹ്മണിസം
ഹിന്ദുത്വഫാസിസത്തിന്റെ ആധാരസാമഗ്രികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘടകം പൊളിറ്റിക്കല്‍ ബ്രാഹ്മണിസമാണ്. ചിലപ്പോഴൊക്കെ തെറ്റായി മനസ്സിലാക്കുന്നതുപോലെ ഇത് വൈദിക/ബ്രാഹ്മണ മതത്തിന്റെ മൂല്യവ്യവസ്ഥയുടെയോ, അതു ജന്മം നല്‍കിയ വര്‍ണ–ജാതി ബന്ധങ്ങളുടെയോ കേവലമായ ആവര്‍ത്തനമല്ല. മറിച്ച് ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥയെ ആധുനികമായ സ്ഥാപനസംവിധാനങ്ങള്‍ മുതല്‍ ഭരണകൂടരൂപങ്ങളും വ്യക്തിസ്വത്വവും വരെയുള്ള സമസ്തപ്രതലങ്ങളിലും സന്നിവേശിപ്പിച്ചുകൊണ്ടാണ് പൊളിറ്റിക്കല്‍ ബ്രാഹ്മണിസം പ്രവര്‍ത്തിക്കുന്നത്. സൂക്ഷ്മതലത്തില്‍ സാംസ്കാരികമെന്ന് തോന്നിപ്പിക്കുന്ന മൂല്യവ്യവസ്ഥയും പ്രത്യയശാസ്ത്രവുമായും സ്ഥൂലതലത്തില്‍ ഫാസിസ്റ്റുകളില്‍നിന്ന് പിന്‍പറ്റിയ രാഷ്ട്രീയ–സംഘടനാശരീരവുമാണ് അതിനുള്ളത്. പ്രത്യക്ഷത്തില്‍ അരാഷ്ട്രീയമെന്ന പരിവേഷത്തിനുള്ളില്‍ ഹിന്ദുത്വ ഫാസിസത്തിന് ആന്തരികോര്‍ജവും ചലനക്ഷമതയും നല്‍കുന്നത് അതാണ്. ഏകമാനമായ രാഷ്ട്രസത്താസങ്കൽപ്പം മുതല്‍ ചരിത്ര നിരപേക്ഷമായ സൗന്ദര്യദര്‍ശനം വരെയായി, ഇന്ത്യന്‍ ജീവിതത്തിന്റെ സമസ്തതലങ്ങളിലും വേരോടിപ്പടര്‍ന്നതും ആധുനികമായ പ്രത്യയശാസ്ത്ര വ്യവഹാരമായി പരിണമിച്ചതുമായ ഒന്നാണ് പൊളിറ്റിക്കല്‍ ബ്രാഹ്മണിസം. ഇന്ത്യന്‍ ഫാഷിസത്തിന്റെ ആധാരശിലയായി പ്രവര്‍ത്തിക്കുന്നതും മറ്റൊന്നല്ല.
ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥയെ രാഷ്ട്രശരീരവുമായി ഇണക്കിച്ചേര്‍ക്കുന്ന ഘടകങ്ങളിലൊന്നിനെ ഇവിടെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അത് ആധുനികമായ ദേശീയതാസങ്കൽപ്പമാണ്. അതിതീവ്ര ദേശീയതയെ ഫാസിസത്തിന്റെ പ്രഥമലക്ഷണമായി പരിഗണിക്കുന്ന യൂറോപ്യന്‍ ഫാസിസത്തിന്റെ കേവലാവര്‍ത്തനമല്ല ഇന്ത്യന്‍ ദേശീയതയുടെ ഫാസിസ്റ്റ് ഉള്ളടക്കം. പത്തൊമ്പതാം ശതകത്തിന്റെ തുടക്കംമുതല്‍ ഇന്ത്യയിലുയര്‍ന്നുവരാന്‍ തുടങ്ങിയ ആധുനികതയുടെ ആശയപ്രപഞ്ചം ഇന്ത്യയെക്കുറിച്ചുള്ള പരസ്പരഭിന്നമായ മൂന്നു ധാരണകള്‍ക്കു ജന്മം നല്‍കിയിരുന്നു. ഇന്ത്യന്‍ ഭൂതകാലത്തെയപ്പാടെ സംസ്കാരശൂന്യവും അന്ധവിശ്വാസജടിലവുമായി മുദ്രകുത്തുന്ന ആംഗ്ലിസിസ്റ്റ് സമീപനമാണ് അതിലാദ്യത്തേത്. ജയിംസ് മില്‍ മുതല്‍ മെക്കാളെ വരെയുള്ളവരുടെ ആലോചനകളിലൂടെ പറഞ്ഞുറപ്പിക്കപ്പെട്ട സാമ്രാജ്യത്വപരമായ ചരിത്രവിജ്ഞാനത്തിന്റെ വഴി. കോളനീകരണം തങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത് പരിഷ്കരണദൗത്യമാണെന്ന (civilizing mission) നിലപാടിലാണ് സാമ്രാജ്യത്വവാദികള്‍ നിലയുറപ്പിച്ചത്. ഇതിന്റെ മറുപുറത്ത് ഇന്ത്യക്കുമേല്‍ പൗരാണികമായ സുവര്‍ണഭൂതകാലത്തെ അടിച്ചേൽപ്പിച്ച പൗരസ്ത്യവാദികളും പത്തൊമ്പതാം ശതകത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. വില്യം ജോണ്‍സും ചാള്‍സ് വില്‍ക്കിന്‍സും മുതല്‍ മാക്സ്മുള്ളര്‍ വരെയുള്ള ഒട്ടനവധി പണ്ഡിതര്‍ ജന്മം നല്‍കിയ ഈ ജ്ഞാനവ്യവഹാരം ആത്മീയതയുടെയും മതാത്മകതയുടെയും സുവര്‍ണശോഭ പേറുന്ന ഒരു പൗരാണികതയുടെ പില്‍ക്കാലമായി സമകാല ഇന്ത്യയെ ഭാവനചെയ്തു. രണ്ടു സമീപനങ്ങളിലും ഇന്ത്യ, യൂറോപ്പിന്റെ അപരമായിരുന്നു. സാമ്രാജ്യത്വ ചരിത്രവിജ്ഞാനീയം അധിക്ഷേപത്തിലൂടെയാണ് ഈ അപരവൽക്കരണം നടപ്പിലാക്കിയതെങ്കില്‍ പൗരസ്ത്യവാദം ആദര്‍ശവൽക്കരണത്തിലൂടെയാണ് അതു നിറവേറ്റിയത്.
സൈന്ധവനാഗരികതയ്ക്ക് അടിയൊരുക്കിയ കര്‍ഷകസമൂഹംമുതല്‍ പല കാലങ്ങളിലായി ഇന്ത്യയില്‍ കടന്നുവന്ന് ഇവിടത്തെ ബഹുസ്വരസംസ്കൃതിക്ക് അടിത്തറപണിത വിവിധ ജനവിഭാഗങ്ങളുടെ അത്യന്തം വൈവിധ്യപൂര്‍ണമായ ചരിത്രം തമസ്കരിക്കപ്പെടുകയും ദേശീയചരിത്രം തന്നെ ഹൈന്ദവചരിത്രമായി അവതരിക്കപ്പെടുകയും ചെയ്തു
പത്തൊമ്പതാം ശതകത്തിന്റെ അവസാന പതിറ്റാണ്ടുകളില്‍ ഇന്ത്യയില്‍ ദേശീയബോധം നാമ്പിട്ടുവളരാന്‍ തുടങ്ങി. ഇതോടെ സാമ്രാജ്യത്വവാദികള്‍ ജന്മം നല്‍കിയ ചരിത്രവീക്ഷണത്തെ നിരാകരിച്ച് ആദര്‍ശാത്മക ഇന്ത്യന്‍ ഭൂതകാലത്തെ നിര്‍മിക്കേണ്ടത് ദേശീയവാദികളുടെ ആവശ്യമായി. ദേശീയവാദത്തിന്റെ ഈ ചരിത്രാവബോധം രണ്ട് ആധാരതത്ത്വങ്ങള്‍ പിന്‍പറ്റിയിരുന്നു. ഒരുഭാഗത്ത് അത് പൗരസ്ത്യവാദികള്‍ കെട്ടിയുണ്ടാക്കിയ ആത്മീയമായ സുവര്‍ണഭൂതകാലം എന്ന സങ്കൽപ്പത്തെ പറഞ്ഞുറപ്പിച്ചു. ഇത് ഫലത്തില്‍ പ്രാചീന ഇന്ത്യയെ ഹൈന്ദവ ഇന്ത്യയാക്കി. അതോടൊപ്പം ഈ സുവര്‍ണഭാരത സങ്കൽപ്പം ഇന്ത്യയുടെ ബഹുസ്വര സംസ്കൃതിക്കുമേല്‍ കൃത്രിമമായ ഒരു ഏകസംസ്കാരസങ്കൽപ്പത്തെ ദേശീയസംസ്കൃതി എന്ന പരിവേഷത്തില്‍ അടിച്ചേൽപ്പിച്ചു. ബ്രാഹ്മണ്യത്തിന്റെ മൂല്യങ്ങള്‍ രാഷ്ട്രമൂല്യങ്ങളായും ഇതര മത–സാംസ്കാരിക പാരമ്പര്യങ്ങള്‍ വൈദേശികവും പ്രാന്തീയവുമായി പരിണമിക്കുകയും ചെയ്തതങ്ങനെയാണ്. സൈന്ധവനാഗരികതയ്ക്ക് അടിയൊരുക്കിയ കര്‍ഷകസമൂഹംമുതല്‍ പല കാലങ്ങളിലായി ഇന്ത്യയില്‍ കടന്നുവന്ന് ഇവിടത്തെ ബഹുസ്വരസംസ്കൃതിക്ക് അടിത്തറപണിത വിവിധ ജനവിഭാഗങ്ങളുടെ അത്യന്തം വൈവിധ്യപൂര്‍ണമായ ചരിത്രം തമസ്കരിക്കപ്പെടുകയും ദേശീയചരിത്രം തന്നെ ഹൈന്ദവചരിത്രമായി അവതരിക്കപ്പെടുകയും ചെയ്തു. പൊളിറ്റിക്കല്‍ ബ്രാഹ്മണിസത്തിന് രാഷ്ട്രശരീരത്തില്‍ സ്വാഭാവികാധികാരം ഉണ്ടെന്ന പ്രതീതി ഉളവാക്കുന്നതിനു വഴിവച്ച ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിയായിരുന്നു ഇത്. ഇസ്ലാമിന്റെ അപരവൽക്കരണം ഉള്‍പ്പെടെ ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയതന്ത്രങ്ങള്‍ക്ക് അടിത്തറയൊരുക്കിയത് ഇതാണ്.
ഇതോടൊപ്പം ഹിന്ദുത്വ ഫാസിസത്തെക്കുറിച്ചുള്ള ആലോചനയില്‍ പരിഗണിക്കപ്പെടേണ്ട പരമപ്രധാനമായ മറ്റൊരു ഘടകം അതിന്റെ മൂലധനബന്ധമാണ്. ഇന്ത്യന്‍ ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം പരിഗണിക്കപ്പെടുന്നതും ഇതുതന്നെയാണ്. ഫാസിസ്റ്റ് സമീക്ഷയുടെ അവതാരകനായ മുസോളിനി 1936ല്‍ തന്നെ തന്റെ പ്രബന്ധത്തില്‍ (Doctrines of Fascism) ഫാസിസത്തെ മൂലധനവും ഭരണകൂടവും തമ്മിലുള്ള സമ്പൂര്‍ണ ഐക്യമെന്ന് വിശദീകരിക്കുന്നുണ്ട്. ഫാസിസത്തിനെതിരായ സമരത്തില്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ട സുപ്രധാന വസ്തുതയാണിത്. മൂലധനതാൽപ്പര്യങ്ങളെ നിര്‍ബാധം പിന്തുണയ്ക്കുകയും അതിന്റെ നഗ്നമായ കൊള്ളയ്ക്കു വഴിതുറന്നുകൊടുക്കുന്നതിന് രാഷ്ട്രീയായ വിഭജനയുക്തികളെ ഉപയോഗിക്കുകയുമാണ് ലോകമെമ്പാടും ഫാസിസ്റ്റുകള്‍ ചെയ്യുന്നത്. ഇതിന്റെ മറുപുറത്ത് ഫാസിസ്റ്റ് വിഭജനരാഷ്ട്രീയത്തിന്റെ ഭൗതികാധാരവും സാമ്പത്തികാടിത്തറയുമായി മൂലധനശക്തികള്‍ മാറിത്തീരുകയും ചെയ്തു. കര്‍ഷകരും തൊഴിലാളികളും ഇടത്തരക്കാരും തൊഴിലെടുക്കുന്നവരും ഉള്‍പ്പെടെയുള്ള മഹാഭൂരിപക്ഷത്തിന്റെ താൽപ്പര്യങ്ങള്‍ക്കുമേല്‍ നടക്കുന്ന മൂലധനത്തിന്റെ തേര്‍വാഴ്ചയ്ക്ക് ലോകത്തിന്റെ ഫാസിസ്റ്റ് ചരിത്രമെന്നതുപോലെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യന്‍ ഭരണവും എത്രയെങ്കിലും തെളിവ് തരുന്നുണ്ടല്ലോ.
ജനാധിപത്യ–മതനിരപേക്ഷശക്തികളുടെയും കര്‍ഷക തൊഴിലാളി–കീഴ്‌ത്തട്ടു ജനതയുടെയും ഏകീകൃതസമരത്തിനാണ് ഫാസിസത്തിനെതിരായ പോരാട്ടത്തെ വിജയത്തിലെത്തിക്കാനാകുക. ഇന്ത്യയുടെ വര്‍ത്തമാനജീവിതം ആവശ്യപ്പെടുന്നതും മറ്റൊന്നല്ല
ഇങ്ങനെ രാഷ്ട്രീയവും സാംസ്കാരികവും (പ്രത്യയശാസ്ത്രപരവും) സാമ്പത്തികവുമായ ത്രിമുഖതലങ്ങളില്‍ വേരാഴ്ത്തിക്കൊണ്ടാണ് ഹിന്ദുത്വ ഫാസിസം ഇന്ത്യയുടെ രാഷ്ട്രശരീരത്തില്‍ പടര്‍ന്നുകയറിയിട്ടുള്ളത്. പിന്നിട്ട ഒരു നൂറ്റാണ്ടുകൊണ്ട് അത് ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും ഇടം കണ്ടെത്തിയിട്ടുണ്ട്. മധ്യ–ഉപരിവര്‍ഗ സാമൂഹ്യജീവിതം ഹിന്ദുത്വ ഫാസിസത്തെ അബോധാത്മകമായി ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ ത്രിമുഖതലങ്ങളെയും കൂട്ടിയിണക്കുന്ന ഒരു പ്രതിരോധപരിപാടിയിലൂടെ മാത്രമേ ഹിന്ദുത്വ ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പിനെ മുന്നോട്ടുകൊണ്ടുപോകാനാകൂ. ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥയെയും ആ മൂല്യവ്യവസ്ഥയെ രാഷ്ട്രശരീരവുമായി ഇണക്കിച്ചേര്‍ത്ത് രാഷ്ട്രീയ ബ്രാഹ്മണ്യമായി അതിനെ പുതുക്കിപ്പണിയുന്ന ആധുനികമായ ദേശീയതാസങ്കൽപ്പത്തെയും അതിനു പിന്നിലുള്ള ചരിത്രാവബോധത്തെയും നവഫാസിസ്റ്റ് ഭരണകൂടവുമായി സമ്പൂര്‍ണ ഐക്യത്തിലെത്തിയ നവഉദാരവാദ മൂലധനത്തെയും പ്രതിരോധിക്കുന്ന വിപുലവും ജനകീയവുമായ പ്രതിരോധമുന്നണിയാണ് ഹിന്ദുത്വ ഫാസിസത്തിനെതിരെ ഉയര്‍ന്നുവരേണ്ടത്. അതിനു പകരം ഹിന്ദുത്വ ഫാസിസത്തെ രാഷ്ട്രീയതലത്തില്‍ മാത്രം എതിര്‍ക്കാന്‍ ശ്രമിക്കുന്ന ലിബറല്‍ ജനാധിപത്യ വീക്ഷണങ്ങള്‍കൊണ്ടോ ബ്രാഹ്മണ്യത്തിന്റെ തുടര്‍ജീവിതം മാത്രമായി അതിനെ കാണുന്ന സ്വത്വരാഷ്ട്രീയ നിലപാടുകള്‍കൊണ്ടോ സാമ്രാജ്യത്വമൂലധനബന്ധം മാത്രമായി അതിനെ ചുരുക്കുന്ന സാമ്പത്തികമാത്രവാദം കൊണ്ടോ ഈ ചെറുത്തുനിൽപ്പ് വളര്‍ത്തിയെടുക്കാനോ പൂര്‍ത്തീകരിക്കാനോ കഴിയില്ല. എന്നുതന്നെയല്ല, അത്തരത്തിലുള്ള ഭാഗികമായ ഊന്നലുകള്‍ ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതിലാണ് പലപ്പോഴും ചെന്നവസാനിക്കുക. ഇന്ത്യയിലെ ഫാസിസ്‌റ്റ് വിരുദ്ധ സമരം നിലവില്‍ അത്തരം ദൗര്‍ബല്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അതിനെ മറികടന്നുകൊണ്ട് ഉയര്‍ന്നുവരുന്ന ജനാധിപത്യ–മതനിരപേക്ഷശക്തികളുടെയും കര്‍ഷക തൊഴിലാളി–കീഴ്‌ത്തട്ടു ജനതയുടെയും ഏകീകൃതസമരത്തിനാണ് ഫാസിസത്തിനെതിരായ പോരാട്ടത്തെ വിജയത്തിലെത്തിക്കാനാകുക. ഇന്ത്യയുടെ വര്‍ത്തമാനജീവിതം ആവശ്യപ്പെടുന്നതും മറ്റൊന്നല്ല.















