അതിദാരിദ്ര്യമുക്തം; പറഞ്ഞുകൊണ്ടേയിരിക്കും

സി കെ ദിനേശ്/പൊളിറ്റോറിയല്
Published on Nov 05, 2025, 01:36 AM | 2 min read
ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന് അതിദരിദ്രരുണ്ടോയെന്ന് അരിച്ചുപെറുക്കുകയാണ് മനോരമ ഉൾപ്പെടെയുള്ള യുഡിഎഫ് മാധ്യമങ്ങളും കോൺഗ്രസ് നേതാക്കളും. ഇത് കുറച്ചുകൂടി നേരത്തേ നടത്തിയിരുന്നെങ്കിൽ സംസ്ഥാനത്തിന് വലിയ സഹായമായേനെ. പക്ഷേ, സഹായമല്ലല്ലോ ദ്രോഹിക്കലാണല്ലോ ലക്ഷ്യം! അല്ലെങ്കിൽ 64,006 കുടുംബങ്ങളെ മോചിപ്പിച്ചല്ലോ, ബാക്കിയുണ്ടെങ്കിൽ നമുക്ക് കൂട്ടായി നോക്കാം; ഇത്രനാളും സഹകരിക്കാതിരുന്നത് തങ്ങളുടെ പിഴ എന്നല്ലേ നന്മ ആഗ്രഹിക്കുന്നവർ പറയുകയുള്ളൂ. ചരിത്രം പരിശോധിച്ചാൽ എന്ത് ‘നന്മ’യെക്കുറിച്ചാണ് പറയുന്നതെന്നും തോന്നാം.
കോവിഡ് സമയത്ത് മറ്റെല്ലായിടത്തും പണം വാങ്ങി വാക്സിൻ നൽകിയപ്പോൾ കേരളത്തിൽ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. കഴിവുള്ളവർ ‘വാക്സിൻ ചലഞ്ചി’ലേക്ക് സഹായിക്കണമെന്ന അഭ്യർഥനയും. ഉൗഷ്മളപ്രതികരണം ജനങ്ങളിൽനിന്നുണ്ടായി. അപ്പോഴാണ് കോൺഗ്രസ് അതിന്റെ തനിസ്വരൂപം പുറത്തെടുത്ത് വാക്സിൻ ചലഞ്ചിനെതിരെ രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആരും പണം കൊടുക്കരുതെന്ന് പ്രചരിപ്പിച്ചു.
അക്കാലത്ത് പ്രചരിച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമുണ്ട്. 1991ൽ പ്രളയമുണ്ടായപ്പോൾ ഡിവൈഎഫ്‌ഐ സമാഹരിച്ച തുക മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് നൽകുന്ന ചിത്രം. ആദ്യം മുഖ്യമന്ത്രിയെ കാണാൻപോലും പുറത്തുള്ള ഗൂഢസംഘം സമ്മതിച്ചില്ല. പിന്നീട് ഹോട്ട്‌ലൈനിൽ കരുണാകരനെ നേരിട്ട് വിളിച്ച് നേതാക്കൾ കാര്യം പറഞ്ഞു. മുഖ്യമന്ത്രി ഡിവൈഎഫ്‌ഐ ഓഫീസിലേക്ക് വണ്ടി അയച്ചാണ് നേതാക്കളെ വരുത്തി പണം സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാൻ ആരുടെയും അനുവാദം വാങ്ങേണ്ട കാര്യമില്ലെന്ന് പറഞ്ഞ കരുണാകരൻ, തൊട്ടടുത്തുണ്ടായിരുന്ന പന്തളം സുധാകരനോട് ‘കണ്ട് പഠിക്ക്’ എന്നൊരു ഉപദേശവും നൽകി. കോൺഗ്രസുകാർ പക്ഷേ, ഒന്നും പഠിച്ചില്ല. രാഷ്‌ട്രീയം നിർമാണാത്മകമായ ഒരു കലയാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ ജവാഹർലാൽ നെഹ്‌റുവിന്റെ പിന്മുറക്കാരല്ല തങ്ങളെന്ന് ആവർത്തിച്ച് തെളിയിച്ചുകൊണ്ടിരുന്നു.
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി നിയമസഭയിൽ ചരിത്രപ്രഖ്യാപനം നടത്തുന്പോൾ ‘ഇത് തട്ടിപ്പ്’ എന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തി, കൂക്കിവിളിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷനേതാവിനെയും കൂട്ടരെയുമാണ് കേരളം കണ്ടത്. പ്രഖ്യാപനത്തിന്റെ തലേന്ന്, ‘അതിദരിദ്രരെ കണ്ടെത്താൻ സർവേ നടത്തിയോ, എങ്കിൽ ഏത് സർവേ’ എന്ന ബാലിശമായ ചോദ്യവുമായാണ് ചില വിദഗ്ധർ രംഗത്തുവന്നത്. ജനങ്ങളെ മുന്നിൽ കാണാത്ത ഏതിനം വിദഗ്ധരാണ് ഇവർ? പ്രതിപക്ഷരാഷ്‌ട്രീയത്തെ സഹായിക്കാൻ താൽപ്പര്യമുള്ളവർക്ക് അതാകാം.
പക്ഷേ, വസ്തുതകളുടെ പിൻബലം വേണ്ടേ. കഴിഞ്ഞ നാലുവർഷത്തിനിടെ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങളോ തദ്ദേശവകുപ്പ് ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ നടത്തിയ അന്വേഷണങ്ങളോ അതിദരിദ്രരെ കണ്ടെത്താൻ വച്ച മാനദണ്ഡങ്ങളോ ഒന്നും ഇവർ കണ്ടില്ലേ? കുറ്റം കണ്ടെത്താൻ കണ്ണിൽ എണ്ണയൊഴിച്ചിരുന്ന വിദഗ്ധരെങ്കിലും ആ വഴിക്കൊന്ന് ചിന്തിക്കേണ്ടിയിരുന്നില്ലേ?
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗ തീരുമാനമാണ് ‘എക്സ്ട്രീം പോ-വെർട്ടി ഇറാഡിക്കേഷൻ പ്രോഗ്രാം (ഇപിഇപി)’. കേരളത്തിന്റെ ഇതുവരെയുള്ള പുരോഗതിയും ദാരിദ്ര്യം കുറച്ചുകൊണ്ടുവന്നതും മനപ്പൂർവമായ സാമൂഹ്യ ഇടപെടൽകൊണ്ടാണ്. പുരോഗമനപ്രസ്ഥാനങ്ങളുടെ നേതൃത്വംതന്നെയാണ് അതിലേക്ക് നയിച്ചത്. 1973–-74ൽ 59.8 ശതമാനമായിരുന്നു ദാരിദ്ര്യം. നിതി ആയോഗിന്റെ 2023ലെ കണക്കുപ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 0.55 ശതമാനംമാത്രമാണ് ബഹുമുഖ ദരിദ്രർ. ദേശീയ ശരാശരി 14.96 ശതമാനമാണെന്ന യാഥാർഥ്യവുമായി കൂട്ടിവായിച്ചാൽ കാര്യം മനസ്സിലാകും.
ഭക്ഷണം, ആരോഗ്യം, ഉപജീവനമാർഗങ്ങൾ, പാർപ്പിടം എന്നിവ മാനദണ്ഡമാക്കി നടത്തിയ അന്വേഷണത്തിലാണ് അടിസ്ഥാനരേഖകൾപോലും ഇല്ലാത്തവരും സർക്കാർസഹായമില്ലാതെ ജീവിക്കാൻ പറ്റാത്തവരുമായ 64,006 കുടുംബങ്ങളെ കണ്ടെത്തിയത്. മഹത്തായ ഇൗ നേട്ടത്തിലേക്കെത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളെ, ആർജവത്തെ, നന്മയെ കാണാൻ എന്തുകൊണ്ട് കഴിയുന്നില്ല? രാഷ്‌ട്രീയ അന്ധതമാത്രമാണ് കാരണം. കോൺഗ്രസിൽ വാളെടുത്തുനിൽക്കുന്ന നേതാക്കൾ ഒരുഭാഗത്ത്. ജനകീയമായ ഒട്ടനവധി പദ്ധതികളും ക്ഷേമപദ്ധതികളും നടപ്പാക്കിയ എൽഡിഎഫ് മറുഭാഗത്തും. അപ്പോൾ വി ഡി സതീശനും കൂട്ടർക്കും ചില നുണമാധ്യമങ്ങളുടെയും സാമൂഹ്യപ്രതിബദ്ധതയില്ലാത്ത കുറെ വിദഗ്ധരുടെയും സഹായം കൂടിയേ തീരൂ.
ഏതായാലും, ദാരിദ്ര്യം ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്ന ‘മഹത്തായ’ തിയറി അവതരിപ്പിച്ച വിദഗ്ധനും സാമൂഹ്യ ഇടപെടലിന്റെ ഭാഗമായ ഫോക്കസ് ഗ്രൂപ്പ് ചർച്ചയെ ‘ഗോസിപ്പ്’ എന്ന് വിളിച്ച് അവഹേളിച്ച ഐഎഎസ്‌തന്നെ കണ്ടുപിടിച്ച ‘മഹാ’നും നല്ല നമസ്കാരം!















