നിർമിതബുദ്ധി പ്രയോഗം സാമൂഹ്യനീതി ഉറപ്പാക്കണം


കെ ചന്ദ്രൻപിള്ള
Published on Oct 22, 2026, 01:30 AM | 4 min read
സർവവ്യാപിയായ സാങ്കേതികവിദ്യയായി നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ ) മാറിയിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എഐ കടന്നുവരികയാണ്. വൈദ്യുതി, കംപ്യൂട്ടർ, ഇന്റർനെറ്റ് എന്നിവ മനുഷ്യജീവിതത്തിന്റെ സ്വഭാവത്തെ മാറ്റിമറിച്ചതുപോലെ, ഉൽപ്പാദനത്തിന്റെയും സേവനങ്ങളുടെയും അറിവിന്റെയും സ്വഭാവത്തിൽ എഐ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുകയാണ്. എഐയുടെ മികവും അതിന്റെ അളവറ്റ സേവന സംഭാവനകളും എങ്ങനെ വിനിയോഗിക്കപ്പെടും എന്നതാണ് പ്രശ്നം. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന സമ്പത്ത് എങ്ങനെ വിതരണം ചെയ്യപ്പെടും? മനുഷ്യന്റെ തൊഴിലും അന്തസ്സും എങ്ങനെ കൂടുതൽ ഉയർന്ന മാനങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയും?
പുതിയ സാധ്യതകൾ
വലിയ തോതിലുള്ള വിവരങ്ങൾ വളരെ വേഗത്തിൽ വിശകലനം ചെയ്യാനും സങ്കീർണമായ പ്രശ്നങ്ങളിൽ മാതൃകകൾ കണ്ടെത്താനും തീരുമാനമെടുക്കലിനെ സഹായിക്കാനും എഐയ്ക്ക് കഴിയും. രോഗനിർണയം കൂടുതൽ കൃത്യമാക്കാനും മരുന്ന് ഗവേഷണത്തിന് വേഗംകൂട്ടാനും കഴിയും. ഓരോ വിദ്യാർഥിയുടെയും ആവശ്യത്തിനനുസരിച്ചുള്ള പഠനസഹായം ലഭ്യമാക്കാൻ കഴിയും. കാലാവസ്ഥ, മണ്ണ്, വിളകൾ, വിപണി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് കർഷകർക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കാം. ഭിന്നശേഷിക്കാർക്ക് സഹായകമായ സാങ്കേതികവിദ്യകൾ, ഭാഷാ വിവർത്തനം, ദുരന്തനിവാരണം, കാലാവസ്ഥാ പ്രവചനം, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളിലും എഐ മനുഷ്യശേഷിയെ വിപുലപ്പെടുത്തുന്നു. മനുഷ്യന്റെ കഴിവുകളെ കൂടുതൽ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്ന ഉപകരണമായി എഐയെ കാണണം. പക്ഷേ എഐയുടെ നിയന്ത്രണം മനുഷ്യനിൽത്തന്നെ നിലനിൽക്കണം.
സാമ്പത്തികനേട്ടം ആർക്ക്
എഐ വികസനത്തിന്റെ മുൻനിരയിൽ നിൽക്കുന്ന കമ്പനികൾ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായി മാറിയിരിക്കുന്നു. ഇത്തരം കമ്പനികൾ എഐ അടിസ്ഥാനസൗകര്യം, ക്ലൗഡ് കംപ്യൂട്ടിങ്, ഫൗണ്ടേഷൻ മോഡൽസ്, ചിപ്പുകൾ, ഡാറ്റാ സെന്ററുകൾ എന്നീ മേഖലകളിൽ വൻതോതിൽ നിക്ഷേപിക്കുന്നു. ഇത്തരം കമ്പനികളുടെ ഓഹരിവിപണിമൂല്യം ലക്ഷക്കണക്കിന് കോടി ഡോളറായി. എന്നാൽ മനുഷ്യരാശിയുടെ കൂട്ടായ അറിവും പൊതുസമൂഹം സൃഷ്ടിച്ച ഡാറ്റയും ഉപയോഗിച്ച് വികസിപ്പിക്കുന്ന സാങ്കേതികവിദ്യയിൽനിന്ന് ഉണ്ടാകുന്ന അതിവിപുലമായ സാമ്പത്തികനേട്ടം ഏതാനും സ്വകാര്യ കമ്പനികളുടെ കൈകളിൽമാത്രം കേന്ദ്രീകരിക്കാമോ? എഐയ്ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഉൽപ്പാദനം നടത്താനും കുറഞ്ഞ ചെലവിൽ കൂടുതൽ സേവനങ്ങൾ നൽകാനും കഴിയും. അതുവഴി സമൂഹത്തിന്റെ ആകെ സമ്പത്ത് വിസ്ഫോടന സ്വഭാവത്തിൽ വർധിക്കും. യന്ത്രം തൊഴിലാളിയുടെ ജോലി ഭാഗികമായോ പൂർണമായോ ഏറ്റെടുക്കുമ്പോൾ ആ യന്ത്രത്തിൽനിന്നുള്ള അധിക ഉൽപ്പാദനക്ഷമതയുടെ നേട്ടം സമൂഹത്തിനാകെ ലഭിക്കുമോ? അതോ കമ്പനിയുടെ ലാഭമായി മാത്രം മാറുമോ? എഐ സൃഷ്ടിക്കുന്ന അധിക സമ്പത്ത് സമൂഹത്തിന്റെ പൊതുനന്മയ്ക്കായി എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പുതിയ സാമൂഹിക ധാരണ ആവശ്യമാണ്. ഏറ്റവും വലിയ ആശങ്ക തൊഴിൽ മേഖലയിലാണ്. ചില ജോലികൾ എഐ ഏറ്റെടുക്കും. പ്രത്യേകിച്ച് ആവർത്തന സ്വഭാവമുള്ള, നിയമാനുസൃത രീതിയിൽ നിർവചിക്കാവുന്ന, ഡാറ്റ അധിഷ്ഠിതമായ പല ജോലികളിലും ഓട്ടോമേഷൻ വർധിക്കും.
അതേസമയം പുതിയ തൊഴിലുകളും രൂപപ്പെടും. എഐ വികസനം, ഡാറ്റ സയൻസ്, സൈബർ സുരക്ഷ, എഐ പരിപാലനം, റോബോട്ടിക്സ്, പുതിയ സാങ്കേതിക സേവനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ പുതിയ അവസരങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിലെ ഘടനാപരമായ മാറ്റം ആഴമുള്ള പഠനങ്ങൾക്കും സാമൂഹ്യ അധിഷ്ഠിത പരിഹാരങ്ങൾക്കും വിധേയമാകണം. 2026-ലെ ‘ഇന്ത്യ എഐ ഉച്ചകോടി’യിൽ എഐ മനുഷ്യശേഷിയെ വർധിപ്പിക്കാനുള്ള സാധ്യതയോടൊപ്പം തൊഴിൽ നഷ്ടപ്പെടുന്നതിന്റെയും തൊഴിലാളികൾ അപ്രസക്തരാകുന്നതിന്റെയും അസമത്വം വർധിക്കുന്നതിന്റെയും ആശങ്കകളും ചർച്ച ചെയ്യപ്പെട്ടു. അതിനാൽ തൊഴിൽനൈപുണ്യ വികസനവും തുടർപഠനവും തൊഴിലാളികളുടെ അവകാശങ്ങളായി കാണേണ്ട കാലമാണിത്. എഐ കാരണം ഒരു തൊഴിലാളിക്ക് ജോലി നഷ്ടപ്പെടുകയാണെങ്കിൽ, പുതിയ തൊഴിൽ നേടാനുള്ള പരിശീലനവും സാമ്പത്തിക സുരക്ഷയും സമൂഹം ഉറപ്പാക്കണം. ജീവിതനിലവാരം ഉയർത്താനുള്ള എഐ സാങ്കേതികവിദ്യയുടെ അന്തിമ ലക്ഷ്യം മനുഷ്യന്റെ ജീവിതം മെച്ചപ്പെടുത്തുകയായിരിക്കണം. എഐയുടെ ഉപയോഗം മനുഷ്യന്റെ ജീവിതനിലവാരം ഉയർത്തുന്നതാണോ, അതോ ഉപഭോക്തൃ നിയന്ത്രണം, നിരീക്ഷണം, സ്വകാര്യതാ ലംഘനം എന്നിവ വർധിപ്പിക്കുന്നതാണോ എന്നത് നാം നിരന്തരം പരിശോധിക്കണം. സാങ്കേതികവിദ്യ മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാങ്കേതികവിദ്യക്കുവേണ്ടിയല്ല.
നിയന്ത്രണം ആവശ്യമാണ്
എഐയ്ക്ക് സ്വയം ഒരു സാമൂഹിക ലക്ഷ്യമില്ല. രൂപകൽപ്പന ചെയ്യുന്നവരുടെയും ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെയും ലക്ഷ്യങ്ങളാണ് അതിന്റെ സാമൂഹിക ഫലങ്ങളെ നിർണയിക്കുന്നത്. തെറ്റായ വിവരങ്ങൾ, ഡീപ്ഫേക്ക്, സ്വകാര്യതാ ലംഘനം, അൽഗോരിതം പക്ഷപാതം, സൈബർ സുരക്ഷാ പ്രശ്നങ്ങൾ, പകർപ്പവകാശ പ്രശ്നങ്ങൾ, തീരുമാനമെടുക്കൽ പ്രക്രിയയിൽ യന്ത്രങ്ങൾ എന്നിവ ഗൗരവമുള്ള വിഷയങ്ങളാണ്. അതുകൊണ്ട് സുരക്ഷിതവും സുതാര്യവും ഉത്തരവാദിത്വപരവും മനുഷ്യകേന്ദ്രിതവുമായ എഐ ഗവേണൻസാണ് വേണ്ടത്.
ഇന്ത്യക്ക് വലിയ സാധ്യത
ഇന്ത്യക്ക് വിപുലമായ ഐടി ശൃംഖല സ്വന്തമായിട്ടുണ്ട്. ജനസംഖ്യയിൽ യുവജനങ്ങളുടെ തോത് കൂടുതൽ, സാങ്കേതിക മനുഷ്യവിഭവശേഷി, ഡിജിറ്റൽ അടിസ്ഥാനസൗകര്യം, വിവിധ ഭാഷകളിലുള്ള വലിയ ഡാറ്റാ സമ്പത്ത് എന്നിവ ഇന്ത്യയുടെ ശക്തിയാണ്. എഐ ദൗത്യത്തിന് 10,371 കോടി എന്ന അഞ്ച് വർഷത്തെ സാമ്പത്തിക വിഹിതത്തോടെ ഇന്ത്യ ഇൗ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ മുന്നോട്ടുവച്ചിട്ടുണ്ട്. കംപ്യൂട്ട് കപ്പാസിറ്റി, തദ്ദേശീയ അടിസ്ഥാന മാതൃകകൾ, ഡാറ്റാസെറ്റുകൾ, ആപ്ലിക്കേഷൻസ്, ഭാവിയിലെ ശേഷികൾ, സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം, സുരക്ഷിതവും വിശ്വസനീയവുമായ എഐ തുടങ്ങി ഏഴ് മേഖലകളാണ് മിഷന്റെ ഭാഗമായുള്ളത്. ഇന്ത്യ എഐ ഉപഭോക്തൃരാജ്യം മാത്രമായി മാറരുത്. ഒന്നാംലോകശക്തിയായി ആ രംഗത്ത് മാറണം. സൃഷ്ടിയിലും ഗവേഷണത്തിലും അടിസ്ഥാനസൗകര്യത്തിലും മനുഷ്യവിഭവശേഷി വികസനത്തിലും ഇന്ത്യ സ്വന്തം ശേഷി വളർത്തണം. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകൾ ഡിജിറ്റൽ ലോകത്ത് തുല്യപ്രാധാന്യത്തോടെ നിലനിൽക്കണമെങ്കിൽ അതിനാവശ്യമായ ഗവേഷണം ആവശ്യമാണ്. എഐയുടെ നേട്ടങ്ങൾ പൊതുസമൂഹത്തിനായി വിനിയോഗിച്ചാൽ ആരോഗ്യവും വിദ്യാഭ്യാസവും പൊതുസേവനങ്ങളും ഉൽപ്പാദനക്ഷമതയും ഉയർത്താൻ കഴിയും.
സുരക്ഷയും മനുഷ്യന്റെ ഭാവിയും
നിർമിതബുദ്ധിയുടെ വളർച്ച ആഗോള സാമ്പത്തികാധികാരത്തിന്റെയും രാഷ്ട്രീയ ആധിപത്യത്തിന്റെയും ദേശീയസുരക്ഷയുടെയും ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. നിർമിതബുദ്ധി വികസിപ്പിക്കുന്നതിൽ രാജ്യങ്ങൾ തമ്മിൽ ശക്തമായ മത്സരം നിലനിൽക്കുന്നു. നിരീക്ഷണത്തിനും സൈബർ ആക്രമണങ്ങൾക്കും സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾക്കുമായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടാം. യുദ്ധരംഗത്ത് ഡ്രോണുകളും മറ്റ് സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങളും കൂടുതൽ പ്രാധാന്യം നേടുന്നത് ഈ അപകടസാധ്യതകളെ വ്യക്തമാക്കുന്നു. മനുഷ്യന്റെ നേരിട്ടുള്ള നിയന്ത്രണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, യുദ്ധവും നാശവും സംബന്ധിച്ച നിർണായക തീരുമാനങ്ങൾ യന്ത്രങ്ങൾക്ക് വിട്ടുകൊടുക്കുന്നതിന്റെ ധാർമികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനികൾക്ക് അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. സുരക്ഷാ പരിശോധനകൾ, അപകടസാധ്യതകളുടെ വിലയിരുത്തൽ, ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ, ഗുരുതര വീഴ്ചകൾ സംഭവിക്കുമ്പോഴുള്ള ഉത്തരവാദിത്വം എന്നിവ എഐ വികസനത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരിക്കണം. സുരക്ഷ ഉറപ്പാക്കുന്നത് ഏതെങ്കിലും രാജ്യത്തിന്റെയോ കമ്പനിയുടെയോ മാത്രം ഉത്തരവാദിത്വമല്ല. കാലാവസ്ഥാ വ്യതിയാനം, ആണവായുധവ്യാപനം തുടങ്ങിയ ആഗോള വെല്ലുവിളികളെപ്പോലെ, നിർമിതബുദ്ധിയുടെ അപകടസാധ്യതകളും രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സുതാര്യത, പൊതുവായ സുരക്ഷാമാനദണ്ഡങ്ങൾ, സ്വതന്ത്ര പരിശോധന, അന്താരാഷ്ട്ര ധാരണകൾ എന്നിവയ്ക്ക് ഈ മേഖലയിൽ വലിയ പ്രാധാന്യമുണ്ട്. എന്നാൽ തൊഴിലാളിവർഗത്തിന്റെ കാഴ്ചപ്പാടിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം മറ്റൊന്നാണ്: എഐ സൃഷ്ടിക്കുന്ന സമ്പത്തിന്റെയും ഉൽപ്പാദനക്ഷമതയുടെയും നേട്ടം ആർക്കാണ് ലഭിക്കുന്നത്? മനുഷ്യന്റെ അധ്വാനഭാരം കുറയ്ക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യ തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഒപ്പം കൂടുതൽ ഐശ്വര്യപൂർണമായ സമൂഹം കെട്ടിപ്പടുക്കാൻ പ്രയോജനപ്പെടുകയും വേണം. സാങ്കേതിക പുരോഗതി സാമൂഹിക അസമത്വം വർധിപ്പിക്കുന്നതിന് ഇടയാക്കരുത്.
നിർമിതബുദ്ധിയുടെ ഭാവി നിർണയിക്കേണ്ടത് മനുഷ്യന്റെ അന്തസ്സും സാമൂഹികനീതിയും പൊതുനന്മയും കൂടിയായിരിക്കണം. എഐയുടെ അടുത്ത ഘട്ടത്തെക്കുറിച്ച് ലോകത്തെ പ്രമുഖ സാങ്കേതിക സംരംഭകരും ശാസ്ത്രജ്ഞരും വ്യത്യസ്ത ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. കൂടുതൽ ഉയർന്ന ശേഷിയുള്ള "സൂപ്പർ ഇന്റലിജൻസ്’ എന്ന ആശയത്തിലേക്കുള്ള ചർച്ചകളും ഇപ്പോൾ ശക്തമാണ്. എന്നാൽ എഐ എത്രമാത്രം ബുദ്ധിമാനാകുന്നു എന്നതിലുപരി മനുഷ്യസമൂഹം അതിനെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതാണ് നിർണായകം. എഐയുടെ ഭാവി നിർണയിക്കുന്നത് സാങ്കേതികവിദഗ്ധർ മാത്രം ആകരുത്. സർക്കാരുകളും തൊഴിലാളികളും ശാസ്ത്രജ്ഞരും അധ്യാപകരും കർഷകരും പൊതുപ്രവർത്തകരും സിവിൽ സമൂഹവും ഉൾപ്പെടുന്ന വിശാലമായ സാമൂഹ്യ സംവാദം ആവശ്യമാണ്.
(ലേഖകൻ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റാണ്)














