Articles
'എൽ മെഞ്ചോ' , ഡോൺ നെമേസിയോ എന്ന പേരുകളിൽ അറിയപ്പെട്ടിരുന്ന അധോലോക നായകൻ നെമേസിയോ ഒസെഗ്വേര സെർവാന്റസ് (59) വധിക്കപ്പെട്ടു.
കൊക്കൈൻ മണക്കുന്ന കളിപ്പാട്ടങ്ങൾ ഇനി ഇല്ല


ജി ശബരിനാഥ്
Published on Feb 24, 2026, 04:12 PM | 7 min read
ലഹരി മാഫിയാ സംഘമായ 'കാർട്ടൽ ദെ ഹാലിസ്കോ നുവേവ ഹെനറാസ്യോൺ - CJNG (Cártel de Jalisco Nueva Generación) തലവൻ 'എൽ മെഞ്ചോ' (El Mencho), ഡോൺ നെമേസിയോ (Don Nemesio) എന്ന പേരുകളിൽ അറിയപ്പെട്ടിരുന്ന അധോലോക നായകൻ നെമേസിയോ ഒസെഗ്വേര സെർവാന്റസ് (59) (Nemesio Oseguera Cervantes) വധിക്കപ്പെട്ടു. യു എസ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ നിർണ്ണായക വിവരങ്ങളുടെ (Intel) അടിസ്ഥാനത്തിൽ മെക്സിക്കൻ സേന നടത്തിയ സൈനിക നീക്കത്തിനൊടുവിലാണ് നെമേസിയോ വധിക്കപ്പെട്ടത്. 2026 ഫെബ്രുവരി 22ന് നടന്ന ഈ ഓപ്പറേഷൻ, എൽ ച്ചപ്പോ (El Chapo) ഓപ്പറേഷന് ശേഷം 10 വർഷങ്ങൾ നീണ്ട മെക്സിക്കൻ ലഹരി കാർട്ടൽ യുദ്ധങ്ങളിലെ ഏറ്റവും നിർണ്ണായകമായ വിജയമെന്നാണ് വര്‍ഷങ്ങളായി കാർട്ടൽ പ്രവർത്തികൾ നിരീക്ഷിക്കുന്ന മാധ്യമ പ്രവർത്തകരും അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജൻസികളും വിലയിരുത്തുന്നത്.
നിസ്തുലനായ ഡോൺ നെമേസിയോ
1966 ജൂലൈ 17-ന് മിചോവാക്കാൻ (Michoacán) പ്രവിശ്യയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് നെമേസിയോ (എൽ മെഞ്ചോ) ജനിച്ചത്. തുടക്കത്തിൽ അവോക്കാഡോ തോട്ടങ്ങളിൽ പണിയെടുത്ത നെമേസിയോ പിന്നീട് അമേരിക്കയിലേക്ക് കുടിയേറി. ഹെറോയിൻ (Heroin) കടത്തിന് പിടിക്കപ്പെട്ട് ടെക്സാസിലെ ബിഗ് സ്പ്രിംഗിൽ (Big Spring, Texas) തടവുശിക്ഷ അനുഭവിച്ച ശേഷം മെക്സിക്കോയിലേക്ക് നാടുകടത്തപ്പെട്ടു.
തിരിച്ചെത്തിയ നെമേസിയോ, കാബോ കോറിയന്റസിലും (Cabo Corrientes) ടോമാറ്റ്‌ലാനിലും (Tomatlán) മുനിസിപ്പൽ പൊലീസ് ഉദ്യോഗസ്ഥനായി ചേർന്നു. ഈ ഔദ്യോഗിക പദവിയിലൂടെ പൊലീസിന്റെ ആശയവിനിമയ ശൃംഖലകളും തന്ത്രങ്ങളും നെമേസിയോ ഹൃദിസ്ഥമാക്കി. പിൽക്കാലത്ത് 30 വർഷത്തോളം നിയമപാലകരെ വെട്ടിച്ച് തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഈ അറിവ് അയാൾക്ക് ഉപകാരപ്രദമായി.
പരമ്പരാഗത ലഹരി രാജാക്കന്മാരിൽ നിന്ന് വ്യത്യസ്തമായി ഒരു കോർപ്പറേറ്റ് ശൈലിയാണ് നെമേസിയോ അവലംബിച്ചത്. തന്റെ സംഘാംഗങ്ങളെ ലഹരി ഉപയോഗത്തിൽനിന്ന് കർശനമായി നിരോധിച്ചു. സൈനിക ചിട്ടയോടെയുള്ള പരിശീലനവും അത്യാധുനിക സാങ്കേതിക വിദ്യയും ഇവർ ഉപയോഗിച്ചു. സ്ഫോടകവസ്തു|ക്കൾ വർഷിക്കാൻ പ്രത്യേക ഡ്രോൺ യൂണിറ്റുകളും, വെടിയുണ്ടകളെ പ്രതിരോധിക്കുന്ന 'മോൺസ്റ്റേഴ്സ്' (Monsters) വാഹനങ്ങളും ഇവർ സ്വന്തമായി നിർമ്മിച്ചു. 2015-ൽ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിടാൻ റോക്കറ്റ് ലോഞ്ചറുകൾ (RPG) ഉപയോഗിച്ച ആദ്യ കാർട്ടലാണിത്.
കൊക്കൈൻ മണമുള്ള കളിപ്പാട്ടങ്ങൾ.
പല പ്രമുഖ ലഹരി രാജാക്കന്മാരെയും പോലെ നെമേസിയോയും 'നാർക്കോ ഫിലാന്ത്രോപ്പി' (Narcophilanthropy) എന്നറിയപ്പെടുന്ന തന്ത്രമാണ് ഗ്രാമീണ മേഖലകളിൽ പ്രയോഗിച്ചിരുന്നത്. ഇത് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനങ്ങളിൽനിന്നും വ്യത്യസ്തമായി സർക്കാർ സംവിധാനങ്ങൾ എത്തിനോക്കാത്ത ഇടങ്ങളിൽ കഴിയുന്ന മനുഷ്യരെ ഉപയോഗിച്ച് തനിക്ക് സുരക്ഷാവലയം തീർക്കാനുള്ള ഒരു മാർഗ്ഗമായിരുന്നു.
ക്രിസ്മസ്, മാതൃദിനം തുടങ്ങിയ വിശേഷദിവസങ്ങളിൽ നെമേസിയോയുടെ കാർട്ടൽ, സി. ജെ. എൻ. ജി (CJNG) മുദ്രയുള്ള ഭക്ഷണപ്പൊതികളും കളിപ്പാട്ടങ്ങളും വിതരണം ചെയ്യുക, പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ സർക്കാരിനേക്കാൾ വേഗത്തിൽ സഹായമെത്തിക്കുക തുടങ്ങിയവ ഇവരുടെ രീതിയായിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എൽ അൽസിവാട്ട്ലിൽ (El Alcíhuatl) നെമേസിയോ നിർമ്മിച്ച സ്വകാര്യ ആശുപത്രി. സ്വന്തം വൃക്കരോഗത്തിന് രഹസ്യമായി ചികിത്സ തേടാനാണ് ഇത് നിർമ്മിച്ചതെങ്കിലും, അത്യാധുനിക സൗകര്യങ്ങളുള്ള ഈ ക്ലിനിക്ക് വികസനം മുരടിച്ച ഈ ദേശത്തെ നാട്ടുകാർക്കും വലിയ ആശ്വാസമായിരുന്നു. കൂടാതെ തകർന്ന റോഡുകൾ നന്നാക്കാനും പള്ളികൾ പുതുക്കിപ്പണിയാനും സി. ജെ. എൻ. ജി (CJNG) പണം ചെലവഴിച്ചിരുന്നു.
എന്നാൽ ഈ 'ദാനധർമ്മങ്ങൾ' എല്ലാം തന്നെ പ്രാദേശിക കർഷകരിൽ നിന്നും ബിസിനസുകാരിൽ നിന്നും പിരിവു നടത്തിയും തട്ടിയെടുത്തും സമ്പാദിക്കുന്ന പണം തന്നെയാണ്. ഈ സഹായങ്ങൾ വഴി നാട്ടുകാരുടെ വിശ്വസ്തത നേടിയെടുക്കുന്ന കാർട്ടൽ, പകരമായി മെക്സിക്കൻ സൈന്യത്തെ നേരിടാനുള്ള ആയുധമാക്കി ഈ മനുഷ്യരെ ഉപയോഗിക്കുകയും, യുവാക്കളെ നിർബന്ധപൂർവ്വം സി. ജെ. എൻ. ജി (CJNG) സൈന്യത്തിൽ ചേർക്കുകയും ചെയ്യുന്നു.
നിഴൽ വീണ മലനിരകൾ.
മാരകമായ വൃക്കരോഗം ബാധിച്ച നെമേസിയോ, എൽ അൽസിവാട്ട്ലിൽ (El Alcíhuatl) രഹസ്യമായി സ്ഥാപിച്ച ഈ ആശുപത്രിയിലേക്ക് മരുന്നുകൾ എത്തിക്കുന്ന കൊറിയറെ നിരീക്ഷിച്ച യു.എസ് ഇന്റലിജൻസ് നെമേസിയോയുടെ ഒളിത്താവളം കണ്ടെത്തി .ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ടപാൽപയിലെ (Tapalpa) ഒളിത്താവളത്തിൽ നെമേസിയോയെ സന്ദർശിക്കാനെത്തിയ അയാളുടെ കാമുകിയെ (romantic partner) പിന്തുടർന്നാണ് സൈന്യം ഈ താവളം കണ്ടെത്തിയത് എന്നും റിപോർട്ടുകൾ പറയുന്നു.ഫെബ്രുവരി 22 പുലർച്ചെ ടപാൽപയിലെ (Tapalpa) ഫാമിൽ നടന്ന ഓപ്പറേഷന് മെക്സിക്കൻ സായുധ സേനയുടെ പ്രത്യേക വിഭാഗമായ മെക്സിക്കൻ ആർമി (SEDENA - Secretaría de la Defensa Nacional) ആണ് നേതൃത്വം നൽകിയത്. സൈനിക നീക്കത്തിൽ 40 മിനിറ്റ് നീണ്ട വെടിവെപ്പുണ്ടായി. മാരകമായി പരിക്കേറ്റ നെമേസിയോയെ സൈനിക ഹെലികോപ്റ്ററിൽ മെക്സിക്കോ സിറ്റിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
നേതാവിന്റെ മരണത്തിന് പിന്നാലെ കാർട്ടൽ അംഗങ്ങൾ രാജ്യമൊട്ടാകെ 'നാർക്കോ ബ്ലോക്കിയോസ്' (Narcobloqueos) അക്രമം അഴിച്ചുവിട്ടു. റോഡുകൾ ഉപരോധിക്കുകയും ബസുകൾ കത്തിക്കുകയും ചെയ്തതോടെ പല പ്രവിശ്യകളും ഒറ്റപ്പെട്ടു. ഈ വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് ഗുവാഡലഹാര (Guadalajara) ആതിഥേയത്വം വഹിക്കാനിരിക്കെ ഉണ്ടായ ഈ അക്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ ആശങ്കയുയർത്തിയിട്ടുണ്ട്.
മനുഷ്യ മാംസം ഭക്ഷിക്കുന്ന സിക്കാരിയോസ്.
സി. ജെ. എൻ. ജി (CJNG) യുടെ സായുധ വിഭാഗമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ വാടകക്കൊലയാളികളെയാണ് സിക്കാരിയോകൾ (Sicario) എന്ന് വിളിക്കുന്നത്. പ്രധാനമായും എതിരാളികളെ വധിക്കുക, തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങൾ സായുധമായി സംരക്ഷിക്കുക, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അധികാരം നിലനിർത്തുക തുടങ്ങിയ ക്രൂരമായ ജോലികളാണ് ഇവർ ചെയ്യുന്നത്. ഒരു അർദ്ധസൈനിക വിഭാഗത്തെപ്പോലെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനം.
ഒരു സിക്കാരിയോയുടെ ലോകത്ത് മാനുഷിക വികാരങ്ങൾക്കോ ദയയ്ക്കോ സ്ഥാനമില്ല. അതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണമാണ് പരിശീലനത്തിന്റെ ഭാഗമായുള്ള നരമാംസ ഭോജനം. ഒരു മനുഷ്യനെന്ന നിലയിലുള്ള അവസാന തരിമ്പ് വികാരത്തെയും കൊന്നൊടുക്കി, വെറുമൊരു യന്ത്രമാക്കി മാറ്റുക എന്നതാണ് ഈ ആചാരത്തിന്റെ ലക്ഷ്യം. ഏറ്റവും ക്രൂരമായ മനോഭാവം പ്രകടിപ്പിക്കുന്നവരെ മാത്രം അരിച്ചെടുത്ത് അവരുടെ സായുധ വിഭാഗമായ 'എലൈറ്റ് ഗ്രൂപ്പിലേക്ക്' നിയമിക്കുന്നു.
ഹാലിസ്കോ (Jalisco) കേന്ദ്രമാക്കിയാണ് സി. ജെ. എൻ. ജി (CJNG) പ്രവർത്തിക്കുന്നതെങ്കിലും, മെക്സിക്കോയിലുടനീളം ഇവരുടെ സാന്നിധ്യം വ്യത്യസ്തമാണ്. അതിർത്തി കടന്നുള്ള ലഹരി കടത്ത്, തുറമുഖങ്ങളുടെ നിയന്ത്രണം, വ്യാജ ഇന്ധന വില്പന (Huachicoleo), ഫെന്റനൈൽ (Fentanyl) ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇവർ ഓരോ പ്രവിശ്യയും പിടിച്ചെടുക്കുന്നത്. തങ്ങളുടെ ആസ്ഥാനമായ ഹാലിസ്കോയിലെ (Jalisco) ഗ്രാമീണ മേഖലകളിൽ ഇവർക്ക് അഭേദ്യമായ അധികാരമുണ്ട്. കൂടാതെ, ലഹരിമരുന്ന് നിർമ്മാണത്തിനാവശ്യമായ രാസവസ്തുക്കൾ എത്തുന്ന കൊളീമയിലെ (Colima) മൻസാനിയോ തുറമുഖം (Manzanillo port) ഇവരുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഇന്ധന മോഷണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ കാരണം മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനമായി ഗുവാനാഹുവറ്റോ (Guanajuato) മാറാൻ കാരണവും സി. ജെ. എൻ. ജിയുടെ കടന്നുകയറ്റമാണ്.
അതിർത്തി സംസ്ഥാനങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ഇവർ പ്രാദേശിക ഗ്യാങ്ങുകളുമായി സഖ്യത്തിലേർപ്പെടുന്നു. ചിഹുവാഹുവ (Chihuahua), ബാഹ കാലിഫോർണിയ (Baja California) എന്നിവിടങ്ങളിൽ സിനലോവ (Sinaloa), കാർട്ടലുമായി ഇവർ യുദ്ധത്തിലാണ്. വിദഗ്ധരും മാധ്യമപ്രവർത്തകരും സി. ജെ. എൻ. ജിയും, സിനലോവ കാർട്ടലും തമ്മിലുള്ള ശത്രുതയെ വിശേഷിപ്പിക്കുന്നത് "War for Mexico" എന്നാണ്. മെക്സിക്കൻ ക്രിമിനൽ ലോകത്ത് മുമ്പ് നിലനിന്നിരുന്ന ചെറിയ പ്രാദേശിക സംഘങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ സി. ജെ. എൻ. ജി, സിനലോവ എന്നീ രണ്ട് പ്രബല ശക്തികൾ മാത്രം അവശേഷിക്കുന്നു, അതോടൊപ്പം നിലവിൽ മെക്സിക്കോയിലെ ഭൂരിഭാഗം ചെറിയ ഗുണ്ടാസംഘങ്ങളും ഈ രണ്ട് വമ്പന്മാരിൽ ഏതെങ്കിലും ഒരു പക്ഷം ചേരാൻ (Proxies) നിർബന്ധിതരായിരിക്കുകയാണ്.
തെക്കൻ അതിർത്തിയായ ചിയാപാസിൽ (Chiapas) കുടിയേറ്റക്കാരെ കടത്തുന്നതിനും ഗ്വാട്ടിമാലയിൽ നിന്നുള്ള മയക്കുമരുന്ന് പാതകൾക്കുമായി ഇവർ പോരാടുന്നു. സകാറ്റെക്കാസ് (Zacatecas) ഫെന്റനൈൽ കടത്തിന്റെ പ്രധാന ഇടനാഴി ആണ്. ചിലയിടങ്ങളിൽ സി. ജെ. എൻ. ജി സജീവമാണെങ്കിലും അവിടുത്തെ പ്രധാന ശക്തിയല്ല. ഉദാഹരണത്തിന്, ബാഹ കാലിഫോർണിയ സർ (Baja California Sur) എന്ന പ്രദേശത്ത് 2017-ൽ ഇവർ വലിയ മുന്നേറ്റം നടത്തിയെങ്കിലും ഇപ്പോൾ സിനലോവ (Sinaloa), കാർട്ടലിനാണ് അവിടെ മേൽക്കൈ. സമാധാനപരമായ അന്തരീക്ഷം നിലനിന്നിരുന്ന ക്വെറെറ്റാരോ (Querétaro) പോലുള്ള സംസ്ഥാനങ്ങളിലേക്ക് ഇവർ പതുക്കെ അവരുടെ സാനിധ്യം കൂട്ടുകയാണ്.
ഇവരുടെ പ്രധാന ശത്രുവായ സിനലോവ കാർട്ടലിന്റെ ശക്തികേന്ദ്രങ്ങളിൽ സിജെഎൻജിക്ക് വലിയ സ്വാധീനമില്ല. സിനലോവ (Sinaloa), സൊനോറ (Sonora) എന്നീ സംസ്ഥാനങ്ങൾ ഇപ്പോഴും എൽ ചാപ്പോയുടെ മക്കളുടെയും (Chapitos) സാംബാദയുടെയും നിയന്ത്രണത്തിൽ ആയിരുന്നു, എന്നാൽ 2024 ജൂലൈയിൽ ഇസ്മായേൽ 'എൽ മയോ' സാംബാദയെ അമേരിക്കൻ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. അതിനാൽ, നിലവിൽ സാംബാദയുടെ മകനായ 'മയീറ്റോ ഫ്ലാക്കോ' (Mayito Flaco) നയിക്കുന്ന 'സാംബാദ വിഭാഗത്തിന്റെ' (Zambada faction/ Los Mayos) നിയന്ത്രണത്തിലാണ്. എങ്കിലും, ഇതുവരെ ഇവരുടെ സാന്നിധ്യമില്ലാതിരുന്ന ത്ലാക്സ്കല (Tlaxcala) പോലുള്ള ചെറുസംസ്ഥാനങ്ങളിൽ പോലും ഇപ്പോൾ 'നാർക്കോ ബാനറുകൾ' (ഭീഷണി സന്ദേശങ്ങൾ) പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
അടുത്ത കിരീടാവകാശി ആര്?
നെമേസിയോയുടെ മരണത്തോടെ ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ സാമ്രാജ്യത്തിന്റെ തലപ്പത്ത് ഇപ്പോഴുള്ള ശൂന്യത അതീവ ഗുരുതരമായ പ്രതിസന്ധിയാണ്. നെമേസിയോയ്ക്ക് വൃക്കരോഗം പിടിപെട്ടു എന്ന വാർത്തകൾ പുറത്തുവന്നതു മുതൽ ഈ സ്ഥാനത്തിന് വേണ്ടിയുള്ള യുദ്ധങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ നെമേസിയോയുടെ മരണത്തോടെ, എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവാത്ത ഒരു വലിയ അനിശ്ചിതാവസ്ഥയിലേക്ക് മെക്സിക്കോ ഇപ്പോൾ വഴുതിവീഴുകയാണ്. നെമേസിയോയുടെ വിയോഗത്തിന് മുൻപ്, അദ്ദേഹത്തിന്റെ പിൻഗാമികളായി വരാൻ സാധ്യതയുള്ള നാല് പ്രമുഖരിലേക്ക് അന്വേഷണ ഏജൻസികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ എൽ മെഞ്ചോയുടെ മരണത്തോടെ, സി. ജെ. എൻ. ജി (CJNG) ഒരു വ്യക്തമായ പിൻഗാമിയെ നിശ്ചയിക്കുന്നതിന് പകരം പ്രവചനാതീതമായ ഒരു അധികാരത്തർക്കത്തിലേക്കും അരാജകത്വത്തിലേക്കും നീങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നെമേസിയോയുടെ വളർത്തുമകനും 'സ്വാഭാവിക പിൻഗാമി'യുമായി കണക്കാക്കപ്പെടുന്ന ഹ്വാൻ കാർലോസ് വലൻസിയ (Juan Carlos Valencia) അഥവാ എൽ ആർ-ത്രീ (El R3) ആണ് പട്ടികയിൽ ഒന്നാമൻ. എങ്കിലും, ഇയ്യാളുടെ പ്രായക്കുറവും, എടുത്തുചാട്ടവും, മുൻകോപവും കണക്കിലെടുത്ത് കാർട്ടൽ അംഗങ്ങൾക്കിടയിൽ തന്നെ വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. പസഫിക് തീരമേഖലയുടെ മുതിർന്ന കമാൻഡർ ഔദിയാസ് ഫ്ലോറെസ് സിൽവ (Audias Flores Silva) അഥവാ എൽ ഹർദിനേരോ (El Jardinero) ആണ് മറ്റൊരു സാധ്യത. സൈനിക ചിട്ടയോടെ പ്രവർത്തിക്കുന്ന ഇയ്യാൾ നിലവിൽ അമേരിക്കൻ ഏജൻസിയായ ഡി.ഇ.എ-യുടെ (DEA) പ്രധാന ലക്ഷ്യങ്ങളിൽ (High-Value Target) ഒന്നാണ്.
പുവേർട്ടോ വയാർട്ടയിലെ (Puerto Vallarta) കാർട്ടലിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച ഗോൺസാലോ മെൻഡോസ (Gonzalo Mendoza) അഥവാ എൽ സാപ്പോ (El Sapo) ആണ് മൂന്നാമൻ. നെമേസിയോയുടെ മരുമകനായ ഹൂലിയോ ആൽബർട്ടോ കാസ്റ്റിയോ (Julio Alberto Castillo) അഥവാ എൽ ചോറോ (El Chorro) ആണ് അവസാനത്തെ പ്രമുഖൻ. എന്നാൽ, ഉന്നതതല രാഷ്ട്രീയ ബന്ധങ്ങളുണ്ടെങ്കിലും താഴെക്കിടയിലുള്ള കാർട്ടൽ അംഗങ്ങൾക്കിടയിൽ വേണ്ടത്ര സ്വാധീനം ചെലുത്താൻ ഇയ്യാള്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
സിക്കാരിയോസിന്റെ മെക്സിക്കോ
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മെക്സിക്കോയിൽ കൊല്ലപ്പെട്ടത് മൂന്ന് ലക്ഷത്തിലധികം പേരാണ്. 2024-ലെ കണക്കനുസരിച്ച് രാജ്യത്തെ കൊലപാതക നിരക്ക് ഓരോ ലക്ഷം പേരിലും 23.3 ആയി ഉയർന്നു. എന്നാൽ 'കോളിമ' (Colima) പോലുള്ള നഗരങ്ങളിൽ ഈ നിരക്ക് നൂറിലധികമാണ് എന്നത് സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.നിലവിൽ 1,30,000-ത്തിലധികം ആളുകളെ മെക്സിക്കോയിൽ കാണാതായിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കാണാതായവരുടെ എണ്ണത്തിൽ 213% വർദ്ധനവാണ് രേഖപ്പെടുത്തിയത്. കൊലപാതക വിവരം മറച്ചുവെക്കാനും ഇരകളുടെ കുടുംബങ്ങളെ നിശബ്ദരാക്കാനുമായി കാർട്ടലുകൾ (Cartels) തട്ടിക്കൊണ്ടു പോവുകയും ബന്ദികളാക്കുകയും ചെയ്യുന്ന ആളുകളാണിത്. 2007-നും 2023-നും ഇടയിൽ 5,700-ഓളം രഹസ്യ കൂട്ടക്കുരുതിയിടങ്ങൾ (Mass graves) അധികൃതർ കണ്ടെത്തി.
രാഷ്ട്രീയരംഗത്തും അക്രമം പിടിമുറുക്കുകയാണ്. പ്രാദേശിക ഭരണകൂടങ്ങളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള 201 രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയായ 2024, ജനപ്രതിനിധികൾക്ക് ഏറ്റവും വലിയ ആഘാതമേൽപ്പിച്ച വർഷമായി മാറി.ഈ സുരക്ഷാ പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും തകർക്കുന്നു. 2024-ൽ മാത്രം 4.5 ട്രില്യൺ പെസോ (245 ബില്യൺ ഡോളർ) അക്രമങ്ങൾ മൂലം നഷ്ടമായി. ഇത് രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) ഏകദേശം 18% വരും.
2011-ൽ ആയുധധാരികളായ ഒരു ഡ്രഗ് കാർട്ടൽ സംഘം ജുവാൻ ഫ്രാൻസിസ്കോ (Juan Francisco Sicilia Ortega) എന്ന യുവാവിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോയി. ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഇവരുടെ മൃതദേഹങ്ങൾ പിന്നീട് ഒരു കാറിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രശസ്ത മെക്സിക്കൻ കവി ഹാവിയർ സിസിലിയയുടെ (Javier Sicilia) മകനായ ജുവാൻ ഫ്രാൻസിസ്കോ, കൊല്ലപ്പെടുമ്പോൾ 24 വയസ്സുള്ള സർവകലാശാല വിദ്യാർത്ഥിയായിരുന്നു. മകന്റെ വിയോഗത്തിൽ തകർന്ന കവി ഹാവിയർ സിസിലിയ(Javier Sicilia), എഴുതി,
"ഈ ലോകം ഇനി വാക്കുകൾക്ക് അർഹമല്ല,
ഇതെന്റെ അവസാന കവിതയാണ്,
ഇനി എന്റെ ഹൃദയത്തിൽ കവിതയില്ല."
ർഹാവിയർ സിസിലിയയുടെ തൂലിക ഇന്ന് നിശബ്ദമാണ്, മകന്റെ വിയോഗമേൽപ്പിച്ച മുറിപ്പാടുകൾ ആ കവിയെ വരികളിൽ നിന്നും എന്നെന്നേക്കുമായി അകറ്റിക്കഴിഞ്ഞു. സിസിലിയയെപ്പോലെ ലക്ഷക്കണക്കിന് മെക്സിക്കൻ ജനതയുടെ ജീവിതം കാർന്നുതിന്നുന്ന കാർട്ടലുകൾ, നെമേസിയോയെപ്പോലുള്ള ഒരു തലവന്റെ അന്ത്യത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് അവിവേകമാണ്.ലാറ്റിൻ അമേരിക്കൻ അധോലോകത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്, ഇത്രയും സ്വാധീനമുള്ള ഒരു അധികാരകേന്ദ്രം നാളുകളോളം ഒഴിഞ്ഞുകിടക്കാറില്ല. എൽ ചാപ്പോ(El Chapo) ജയിലിലായതോടെയാണ് നെമേസിയോയുടെ കാർട്ടൽ (CJNG) മെക്സിക്കോയിലെ ഏറ്റവും ശക്തവും അക്രമാസക്തവുമായ സംഘമായി വളർന്നത്.
നിലവിലെ സാഹചര്യത്തിൽ, നെമേസിയോയ്ക്ക് പകരം മറ്റൊരു പിൻഗാമി ഉയർന്നുവരുന്നത് ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. ഈ അധികാര കൈമാറ്റം എത്രത്തോളം വേഗത്തിൽ പൂർത്തിയാകുന്നുവോ, അത്രത്തോളം വേഗത്തിൽ രക്തരൂഷിതമായ ആഭ്യന്തര കലഹങ്ങളിൽ നിന്ന് മെക്സിക്കോയ്ക്ക് താൽക്കാലികമായെങ്കിലും മോചനം ലഭിച്ചേക്കാം. മറിച്ച്, ഈ സ്ഥാനത്തിനായി ഒന്നിലധികം ഗ്രൂപ്പുകൾ പോരാടുകയാണെങ്കിൽ, മെക്സിക്കൻ തെരുവുകൾ ഇനിയുള്ള നാളുകളിൽ കലുഷിതമായി തുടരും.














