ad
Deshabhimani

Articles

ecuador referendum 2025

ഇക്വഡോറിലെ ‘നോ’ വിജയം

ecuador 'no' victory
avatar
വിജേഷ്‌ ചൂടൽ

Published on Nov 25, 2025, 01:30 AM | 2 min read

ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ ജനങ്ങൾ ‘നോ’ വിജയാഘോഷത്തിലാണ്‌. അമേരിക്കയ്‌ക്ക്‌ സൈനികതാവളമൊരുക്കാനും ഭരണഘടന മാറ്റിയെഴുതാനുമായി വലതുപക്ഷ പ്രസിഡന്റ്‌ ഡാനിയേൽ നൊബോവ മുന്നോട്ടുവച്ച നിർദേശം ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു. ഹിതപരിശോധനയിൽ മൂന്നിൽ രണ്ടുപേരും പ്രസിഡന്റിന്റെ പരിഷ്കാര പാക്കേജിനെ നിരസിച്ചു. പുതിയ ഭരണഘടന തയ്യാറാക്കാൻ ഭരണഘടനാ നിർമാണസഭ വിളിച്ചുകൂട്ടുക, രാജ്യത്ത്‌ വിദേശ സൈനികതാവളങ്ങൾ സ്ഥാപിക്കാൻ അനുവദിക്കുക, പാർലമെന്റ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുക, രാഷ്ട്രീയപാർടികൾക്കുള്ള ധനസഹായം ഇല്ലാതാക്കുക എന്നീ നാല്‌ വിഷയങ്ങളിലാണ്‌ യെസ്‌ അല്ലെങ്കിൽ നോ എന്ന ചോദ്യമുന്നയിച്ച്‌ വോട്ടെടുപ്പ്‌ നടത്തിയത്‌. നാലു ബാലറ്റിലും 60 ശതമാനത്തിനുമുകളിൽ വോട്ടുകളോടെ ‘നോ’ വൻ ഭൂരിപക്ഷം നേടി.


ഇടതുപക്ഷ പ്രസിഡന്റ്‌ റാഫേൽ കൊറിയയുടെ ഭരണത്തിൽ 2008 സെപ്‌തംബറിലാണ്‌ നിലവിലെ ഭരണഘടന 63 ശതമാനത്തിലധികം വോട്ട്‌ നൽകി ജനം അംഗീകരിച്ചത്‌. ‘പ്രകൃതിയുടെ അവകാശങ്ങൾ’ ഉൾപ്പെടുത്തിയ ലോകത്തിലെ ആദ്യ ഭരണഘടനയെന്ന നിലയിൽ ശ്രദ്ധേയമായി ഇത്‌


2023ലെ ഇടക്കാല തെരഞ്ഞെടുപ്പിലും 2025 ഏപ്രിലിലെ പൊതുതെരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാർഥിയായ ലൂയിസ ഗോൺസാലസിനെതിരെ വിജയിച്ച നൊബോവയ്‌ക്ക്‌ കനത്ത തിരിച്ചടിയാണ്‌ ജനവിധി. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് 2023ൽ നൊബോവ പ്രസിഡന്റ് സ്ഥാനത്തേക്ക്‌ വന്നത്. "ആഭ്യന്തര സായുധ സംഘർഷാവസ്ഥ’ പ്രഖ്യാപിക്കുകയും കുറ്റകൃത്യങ്ങൾക്കെതിരായ കർശന നയം നടപ്പാക്കുകയും ചെയ്തുകൊണ്ടായിരുന്നു തുടക്കം. എന്നാൽ, അധികം വൈകാതെ സ്വേച്ഛാധിപത്യപ്രവണതയും മനുഷ്യാവകാശലംഘനങ്ങളും ജനങ്ങളിൽ എതിർപ്പുയർത്തി. അതുകൊണ്ടുതന്നെ കർശനമായ സുരക്ഷാനയങ്ങളെ പിന്തുണയ്ക്കുന്നവർപോലും രാജ്യത്തിന്റെ പരമാധികാരത്തെ അടിയറവയ്‌ക്കുന്ന നയംമാറ്റത്തിനും പ്രസിഡന്റിന് പൂർണ അധികാരം കൈമാറുന്നതിനുമുള്ള ബ്ലാങ്ക് ചെക്കിൽ ഒപ്പിടാൻ വിസമ്മതിച്ചു. ജീവിതച്ചെലവ്‌ കുതിച്ചുയർന്നതിന്റെ ആഘാതം 86.30 ശതമാനംപേരും അനുഭവിക്കുന്നുണ്ടെന്നാണ് ഐപിഎസ്‌ഇ ഗ്ലോബൽ സർവേ വെളിപ്പെടുത്തിയത്. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ നൊബോവയ്ക്ക് വാൾ കൊടുത്ത ജനങ്ങൾ ജനാധിപത്യപ്രക്രിയയുടെ നിയമങ്ങൾ മാറ്റിയെഴുതാൻ പേന നൽകാൻ വിസമ്മതിച്ചു. ഇടതുപക്ഷ പ്രസിഡന്റ്‌ റാഫേൽ കൊറിയയുടെ ഭരണത്തിൽ 2008 സെപ്‌തംബറിലാണ്‌ നിലവിലെ ഭരണഘടന 63 ശതമാനത്തിലധികം വോട്ട്‌ നൽകി ജനം അംഗീകരിച്ചത്‌. ‘പ്രകൃതിയുടെ അവകാശങ്ങൾ’ ഉൾപ്പെടുത്തിയ ലോകത്തിലെ ആദ്യ ഭരണഘടനയെന്ന നിലയിൽ ശ്രദ്ധേയമായി ഇത്‌. മനുഷ്യാവകാശങ്ങൾക്ക്‌ വലിയ അംഗീകാരം നൽകുന്ന ഭരണഘടന പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ വ്യാപകപിന്തുണ നേടിയിരുന്നു. ‘യെസ്‌’ ക്യാന്പയിൻകാർ ഇതിനെ വിലകുറച്ച്‌ കണ്ടപ്പോൾ ‘നോ’ പ്രചാരണത്തിന്‌ സ്ത്രീപക്ഷമുഖമായിരുന്നു.


വലതുപക്ഷശക്തികളുടെ വിശാലമായ വിഭവങ്ങളും മാധ്യമപിന്തുണയും വേണ്ടുവോളം ഉണ്ടായിരുന്നിട്ടും സാമ്രാജ്യത്വതാൽപ്പര്യം പിൻപറ്റിയുള്ള നീക്കത്തെ ഇടതുപക്ഷ പാരന്പര്യമുള്ള ജനത ചെറുത്തുതോൽപ്പിക്കുകയായിരുന്നു. പ്രസിഡന്റിന്റെ സ്വന്തം വോട്ടുബാങ്കിൽപ്പോലും വലിയ ചോർച്ചയുണ്ടായി എന്നാണ്‌ ഫലം വ്യക്തമാക്കുന്നത്‌


സാമ്രാജ്യത്വാനുകൂല സർക്കാരിന്റെ അദൃശ്യ അജൻഡയും ജനങ്ങളുടെ യഥാർഥ അജൻഡയും തമ്മിലുള്ള മത്സരമാണ്‌ ഇക്വഡോറിൽ നടന്നത്‌. 2009-ൽ കിഴക്കൻ പസഫിക്കിൽനിന്ന് പിന്മാറിയതിനുശേഷം മേഖലയിൽ വീണ്ടും സൈനികസാന്നിധ്യം ഉറപ്പിക്കാനുള്ള അമേരിക്കയുടെ നീക്കമാണ്‌ നൊബോവ സാധിച്ചുകൊടുക്കാനൊരുങ്ങിയത്‌. വോട്ടെടുപ്പിന്‌ രണ്ടാഴ്ചമുന്പും യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം ഇക്വഡോറിലെ മാന്തയിലെയും സലിനസിലെയും സൈനികതാവളങ്ങൾ സന്ദർശിച്ചു. നിർദേശം പാസായാലുടൻ ഈ താവളങ്ങളിലേക്ക് യുഎസ്‌ സൈന്യത്തെ എത്തിക്കാനുള്ള നടപടികൾക്കായിരുന്നു ഇത്‌. അമിത ആത്മവിശ്വാസത്തിൽ ജനവികാരത്തെ ശരിയായി മനസ്സിലാക്കാൻ കഴിയാതിരുന്ന നൊബോവയുടെ കണക്കുകൂട്ടലുകൾ പൂർണമായും തെറ്റി. വലതുപക്ഷശക്തികളുടെ വിശാലമായ വിഭവങ്ങളും മാധ്യമപിന്തുണയും വേണ്ടുവോളം ഉണ്ടായിരുന്നിട്ടും സാമ്രാജ്യത്വതാൽപ്പര്യം പിൻപറ്റിയുള്ള നീക്കത്തെ ഇടതുപക്ഷ പാരന്പര്യമുള്ള ജനത ചെറുത്തുതോൽപ്പിക്കുകയായിരുന്നു. പ്രസിഡന്റിന്റെ സ്വന്തം വോട്ടുബാങ്കിൽപ്പോലും വലിയ ചോർച്ചയുണ്ടായി എന്നാണ്‌ ഫലം വ്യക്തമാക്കുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൊബോവയ്‌ക്ക്‌ വോട്ട്‌ ചെയ്‌തവരിൽ പകുതിയോളംപേരും ഇത്തവണ അദ്ദേഹത്തിന്റെ നീക്കത്തെ എതിർത്തു.


ലാറ്റിനമേരിക്കയുടെ പൊതു രാഷ്‌ട്രീയധാരയിൽ ചേർന്ന ഇക്വഡോർ ഏറെക്കാലം ഇടതുപക്ഷഭരണത്തിലായിരുന്നു. ഹാട്രിക് വിജയം നേടി റാഫേൽ കൊറിയയും (2007–2017) തുടർന്ന്‌ ലെനിൻ മൊറേനോയും (2017–2021) പ്രസിഡന്റായി. 2021-ൽ, യാഥാസ്ഥിതികനായ മുൻ ബാങ്കർ ഗില്ലെർമോ ലാസോ അധികാരം പിടിച്ചു. തുടർന്നാണ്‌ നൊബോവ പ്രസിഡന്റായത്‌. ചെറിയ ഇടവേളയ്‌ക്കുശേഷം ഇക്വഡോർ ഇടതുപക്ഷത്തേക്ക്‌ മടങ്ങിയെത്തുമെന്ന സൂചനയും ജനവിധിയിൽനിന്ന്‌ വായിച്ചെടുക്കാം. നൊബോവയുടെ തെരഞ്ഞെടുപ്പുവിജയംപോലും ക്രമക്കേടിലൂടെയാണെന്ന്‌ ഹിതപരിശോധനാഫലം വ്യക്തമാക്കിയെന്നാണ്‌ പ്രതിപക്ഷനേതാവ്‌ ലൂയിസ ഗോൺസാലസ്‌ പ്രതികരിച്ചത്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home