കാണുന്നില്ല, കരയുന്ന ഇന്ത്യയെ


ടി നരേന്ദ്രൻ
Published on May 21, 2026, 11:23 PM | 3 min read
‘അടുക്കളയിലെ ഗ്യാസ് ഉപയോഗം കുറയ്ക്കണം. ഡീസൽ, പെട്രോൾ വില കൂടി; ഇനി റേഷനിങ് വരും. വിദേശയാത്രകൾ വേണ്ട. വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി. സ്വർണം, ഡോളർ വർജിക്കുക. വാഹന ഉപയോഗം ഒഴിവാക്കണം. രാസവളങ്ങൾ ഉപയോഗിക്കാതിരിക്കുക’– ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഉപദേശങ്ങളാണിവ. ഇന്ത്യ നാലാമത്തെ സാമ്പത്തികശക്തിയാണെന്നും കണ്ണഞ്ചിക്കുന്ന സാമ്പത്തികവളർച്ചയാണെന്നും വിദേശനാണ്യശേഖരത്തിൽ സമൃദ്ധിയെന്നുമായിരുന്നു തള്ളുകൾ.
2008ൽ ആഗോളതലത്തിൽ പ്രത്യക്ഷപ്പെട്ട്, 2014 മുതൽ ഇന്ത്യയിലെ ബിജെപി ഭരണം തീവ്രമാക്കിയ സാമ്പത്തികത്തകർച്ചയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നത്. അത് സൃഷ്ടിച്ച വിലക്കയറ്റവും തൊഴിലില്ലായ്മയുംമൂലം നീറിപ്പുകയുന്ന ജീവിതങ്ങളെ പ്രതിസ്ഥാനത്ത് നിർത്തിയാണ് പുതിയ സാരോപദേശം. യുദ്ധാനന്തരം സംഭവിക്കുന്ന തൊഴിൽ, സാമ്പത്തിക ഇടപാടുകളിലെ ദുരിതപർവങ്ങൾ ഇനിയും രൂക്ഷമാകുകയും ചെയ്യും.
പശ്ചിമേഷ്യൻ യുദ്ധം അമേരിക്ക–ഇസ്രയേൽ അച്ചുതണ്ടിന്റെ സൃഷ്‌ടിയാണ്. സാമ്രാജ്യത്വം ഉള്ളിടത്തോളം യുദ്ധങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. യുദ്ധം ആയുധക്കച്ചവടക്കാരുടെ മാർക്കറ്റാണ്. സാമ്പത്തികനേട്ടങ്ങളും വെട്ടിപ്പിടിത്തവുമാണ് യുദ്ധങ്ങളുടെ ലക്ഷ്യം. ഇപ്പോഴത്തെ ലക്ഷ്യം എണ്ണവിതരണശൃംഖലയിലെ ആധിപത്യമാണ്. സ്വാതന്ത്ര്യാനന്തര കാലംമുതൽ സമാധാനത്തിനും ചേരിചേരാനയത്തിനും പ്രാധാന്യം നൽകിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. അതെല്ലാം ഉപേക്ഷിച്ചു.
അതിരുകവിഞ്ഞ അമേരിക്കൻ വിധേയത്വമാണ് ഇപ്പോൾ ഇന്ത്യയുടെ വിദേശനയം. തന്മൂലം റഷ്യയിൽനിന്നും ഇറാനിൽനിന്നും ലഭ്യമായിരുന്ന വില കുറഞ്ഞ എണ്ണയും രൂപ മുഖാന്തരമുള്ള വ്യാപാര ഇടപാടുമാണ് രാജ്യത്തിന് നഷ്‌ടമായത്. കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് പ്രീണനനയവും ഇന്ത്യൻ യശസ്സിനെ അട്ടിമറിച്ച വിദേശനയവുമാണ് നാട് നേരിടുന്ന പ്രശ്നങ്ങളുടെ മുഖ്യകാരണം.
വാങ്ങൽശേഷി ഇല്ലാതായ ജനത
ദാരിദ്ര്യം, തൊഴിലില്ലായ്‌മ, ജീവിതപ്രയാസങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട ജനതയ്ക്കുനടുവിൽ അതിസമ്പന്നരുടെ ദ്വീപസമൂഹം രൂപപ്പെട്ടതാണ് നവ ഉദാര ഇന്ത്യയുടെ ഹരണഫലം. 19–-ാം നൂറ്റാണ്ടിലെ മുതലാളിത്ത ക്രൂരതയേക്കാൾ രൗദ്രമാണ് വർത്തമാനകാല ചൂഷണമെന്ന് സാമൂഹ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ 10 ശതമാനമുള്ള മുകൾത്തട്ടിലെ ധനാഢ്യർ നാടിന്റെ 77 ശതമാനം സമ്പത്ത് കൈകാര്യം ചെയ്യുന്നു. താഴെക്കിടയിലുള്ള 50 ശതമാനം സാധാരണക്കാർക്ക് മൂന്നുശതമാനം ആസ്‌തികൾമാത്രമേയുള്ളൂ. ഇതാണ് ഇന്ത്യൻ അസമത്വത്തിന്റെ ഭീകരദൃശ്യം.
ശതകോടീശ്വരന്മാരില്ലാത്ത ഇന്ത്യയിൽ നവ ഉദാരനയങ്ങളുടെ ആനുകൂല്യത്താലാണ് 168 ശതകോടീശ്വരന്മാർ പിറന്നത്. അവരെ പാലൂട്ടിവളർത്തിയതിന്റെ മറുവശമാണ് ആഗോള പട്ടിണിസൂചികയിലെ ഇന്ത്യയുടെ 102–-ാംസ്ഥാനം. 25 കോടി മനുഷ്യർ പട്ടിണിമൂലം മരണാവസ്ഥയിലേക്ക് നീങ്ങുന്നതും അടുത്ത 60 കോടിപ്പേർ ഏന്തിവലിഞ്ഞ് കഴിയുന്നതും പരിതാപകരമായ ഇന്ത്യൻ കാഴ്ചയാണ്. രാജ്യത്തെ കാർഷികമേഖലയുടെ ജിഡിപി വിഹിതം 16 ശതമാനംമാത്രമാണ്. എന്നാൽ, ഈ മേഖലയെ ഉപജീവനമാക്കുന്നവരുടെ എണ്ണം 46 ശതമാനമാണ്. തന്മൂലം ചുരുങ്ങിയ വരുമാനവും ഇരുൾനിറഞ്ഞ ജീവിതവുമാണ് കാർഷികമേഖലയുടെ ബാക്കിപത്രം.
തൊഴിൽമേഖലയിലെ 94 ശതമാനംവരുന്ന താൽക്കാലിക കരാർ തൊഴിലാളികളുടെയും ജീവിതാവസ്ഥയും അർധപട്ടിണിയുടേതാണ്. പോഷകാഹാരക്കുറവുമൂലം എല്ലാ ദിവസവും 7000 പേർ മരിക്കേണ്ടിവരുന്നതിന്റെ മൂലകാരണം പട്ടിണിയും ജീവിതനിലവാരത്തകർച്ചയുമാണ്. ഗില്ലറ്റിനും ജാലിയൻ വാലാബാഗുമില്ലാതെ മനുഷ്യരെ കൊന്നുതള്ളുന്ന അദൃശ്യപ്രതിഭാസമായി ആഗോളവൽക്കരണം മാറി. അക്ഷരാഭ്യാസമില്ലാത്ത മൂന്നിലൊന്ന് ഇന്ത്യക്കാർ അപരിഷ്‌കൃതരെപ്പോലെ കാലം കഴിക്കുന്നു. 15 ശതമാനംപേർക്കുമാത്രമാണ് സെക്കൻഡറി വിദ്യാഭ്യാസമുള്ളത്. 80 ശതമാനംപേർക്കും ആരോഗ്യപരിരക്ഷയില്ല. ആരോഗ്യവും വിദ്യാഭ്യാസവുമില്ലാത്ത ജനതയ്ക്കുമുന്നിലേക്കാണ് നിർമിത ബുദ്ധിയും റോബോട്ടുകളും വന്ന് അതിജീവനവെല്ലുവിളി ഉയർത്തുന്നത്.
ഇന്ത്യ അതീവസമ്പന്നം
15–29 പ്രായപരിധിയിലുള്ള ലോകയുവതയുടെ എണ്ണത്തിൽ ഇന്ത്യയുടെ വിഹിതം അഭിമാനകരമായ അഞ്ചിലൊന്നാണ്. ഫലഭൂയിഷ്ഠമായ മണ്ണും അസംസ്‌കൃത പദാർഥങ്ങളുടെ അനന്യശേഖരണവും മികവുറ്റ കാലാവസ്ഥയും സമൃദ്ധമായ സൂര്യവെളിച്ചവും ഇന്ത്യയുടെ അനന്തസാധ്യതകളാണ്. ഈ അത്യപൂർവ കർമചൈതന്യത്തെയും പ്രകൃതിമികവിനെയും പ്രതിപ്രവർത്തിപ്പിച്ച് നേട്ടങ്ങളാക്കാൻ പ്രവർത്തനപദ്ധതികൾ ഇല്ലാത്തതാണ് ഇന്ത്യൻ ദുഃഖം. ഇന്ത്യയും ചൈനയുമാണ് മനുഷ്യവിഭവത്തെ രാഷ്ട്രാഭിവൃദ്ധിക്കായി വിന്യസിക്കാൻ കഴിവുള്ള രാജ്യങ്ങൾ. വികസനത്തിന്റെ മുന്നുപാധി ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ജനതയും യുവതയുടെ കഴിവിനെ വിനിയോഗിക്കുന്ന ആസൂത്രണവും പ്രവർത്തനങ്ങളുമാണ്. ചൈനയുടെ ജിഡിപി ഇന്ത്യൻ ജിഡിപിയുടെ അഞ്ചിരട്ടിയാണ്.
സമ്പത്തിന്റെ വിതരണത്തിലും ചൈനയുടെ നേട്ടം മഹത്തരമാണ്. സാങ്കേതികവിദ്യയിലും വ്യവസായവൽക്കരണത്തിലും ചൈന സൂപ്പർ ശക്തിയായി വളർന്നു. വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തലവികസനം എന്നിവയ്ക്ക് ചൈന നൽകിയ മുന്തിയ പരിഗണനയുടെ ദീർഘകാല നേട്ടങ്ങളാണിതൊക്കെ. വഴിപിഴച്ച നവ ഉദാരനയങ്ങളും അമേരിക്കൻ ദാസ്യവൃത്തിയുമാണ് ഇന്ത്യയുടെ അനന്തസാധ്യതയ്ക്ക് കൂച്ചുവിലങ്ങിട്ടത്.
പാലിയേറ്റീവ് ചികിത്സ പോരാ!
നവ ഉദാരദർശനത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന ജോസഫ് സ്റ്റിഗ്‌ളിറ്റ്‌സിന്റെ നിരീക്ഷണം അനുഭവങ്ങളുടെ തിരിച്ചറിവാണ്. മുതലാളിത്തലോകം നേരിടുന്ന മൂന്നു പ്രതിസന്ധികളായ അസമത്വം, കാലാവസ്ഥാ വ്യതിയാനം, ജനാധിപത്യശോഷണം എന്നിവയ്ക്ക് ആ വ്യവസ്ഥിതിക്കകത്ത് പരിഹാരങ്ങളില്ല. ജനാധിപത്യത്തിൽ മനുഷ്യാവകാശമാണ് പ്രാഥമികം. എന്നാൽ, മുതലാളിത്തം സ്വത്തവകാശത്തെയാണ് ഉയർത്തിപ്പിടിക്കുന്നത്. ആഗോളവൽക്കരണം വൈവിധ്യത്തെ അംഗീകരിക്കുന്നില്ല.
കുത്തകവൽക്കരണവും കേന്ദ്രീകരണവുമാണ് അതിന്റെ പ്രമേയം. ധനതത്വശാസ്ത്രം യഥാർഥത്തിൽ സാമൂഹ്യശാസ്ത്രമാണ്. മനുഷ്യരുടെ സർവതോമുഖമായ വളർച്ചയും സാമൂഹ്യനീതിയുമാണ് അതിന്റെ ലക്ഷ്യം. ആഗോളവൽക്കരണം ഇവയെയൊക്കെ തള്ളിപ്പറയുന്നു. അഥവാ സാമൂഹ്യരംഗത്ത് വന്നുഭവിച്ചിരിക്കുന്ന പ്രതിസന്ധി വ്യവസ്ഥാപരവും ഘടനാപരവുമാണ്. വാങ്ങൽശേഷിയില്ലാത്ത മഹാഭൂരിപക്ഷത്തെ സാക്ഷിനിർത്തി മുതലാളിത്ത വ്യവസ്ഥിതിക്ക് ദീർഘനാൾ സുസ്ഥിരമായി സഞ്ചരിക്കാനുമാകില്ല.
1929ലെ മഹാമാന്ദ്യത്തെക്കാൾ തീക്ഷ്ണമാണ് ലോക സാമ്പത്തികപ്രതിസന്ധി. വിവിധ പ്രദേശങ്ങളിലെ ഏകാധിപത്യശക്തികളുടെ ഉദയവും വർധിച്ചുവരുന്ന റീടെയിൽ യുദ്ധങ്ങളും യാദൃച്ഛികമല്ല. സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള മുതലാളിത്ത ഫാസിസ്റ്റ് ശക്തികളുടെ പരാക്രമങ്ങൾക്കൊന്നും ദീർഘായുസ്സില്ല. ദുരിതങ്ങളും കെടുതികളുംമൂലം കരയുന്ന ജനങ്ങൾ ചെറുതും വലുതുമായ കൂട്ടായ്‌മകളിലൂടെ അതിജീവനത്തിനായുള്ള പ്രതിരോധങ്ങൾ ഉയർത്തുകതന്നെ ചെയ്യും.
നോയ്ഡയിലെ പ്രക്ഷോഭങ്ങളും കാർഷികമേഖലയിലെ പ്രതിരോധങ്ങളും കൂടുതൽ പടരും. മാധ്യമങ്ങളുടെ തമസ്‌കരണംകൊണ്ടും വർഗീയതയുടെ വിഭജനതന്ത്രംകൊണ്ടുമൊന്നും ജനദ്രോഹനയങ്ങളും വഞ്ചനയും ഏറെനാൾ മറച്ചുവയ്ക്കാനാകില്ല. രണ്ടാം ലോക യുദ്ധത്തിൽ ഫാസിസത്തെ തൊഴിലാളിവർഗം ചെറുത്തതുപോലെ അധ്വാനിക്കുന്ന വിഭാഗങ്ങൾക്കും ജനകീയശക്തികൾക്കും മാത്രമേ നവ ഫാസിസ്റ്റ് ഭീഷണികളെയും ചെറുക്കാനാകൂ.















