വയനാടിന് കരുതലായി ഡിവൈഎഫ്ഐയുടെ 100 വീട്


വി കെ സനോജ്
Published on Mar 23, 2025, 10:21 PM | 3 min read
വയനാട് ചൂരൽമല–- മുണ്ടക്കൈ ദുരന്തത്തിന്റെ ഭീതിദമായ ഓർമകൾക്ക് ഒരു വർഷം തികഞ്ഞിട്ടില്ല. കേരളം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രകൃതിദുരന്തമായി അടയാളപ്പെടുത്താവുന്നതാണ് മുണ്ടക്കൈ–- ചൂരൽമല ഉരുൾപൊട്ടൽ. ഒരു രാവ് ഇരുണ്ട് വെളുക്കുമ്പോഴേക്കും മണ്ണിനടിയിൽ നഷ്ടപ്പെട്ട ജീവിതങ്ങൾ ഇന്നും കേരള മനസ്സാക്ഷിക്ക് മുന്നിൽ കണ്ണീരുണങ്ങാത്ത ചിത്രങ്ങളാണ്.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നാടാകെ ഒരുമിച്ച രക്ഷാപ്രവർത്തനത്തിന്റെ ആദ്യ മിനിറ്റുമുതൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദുരന്തമുഖത്ത് സജീവമായി. ജീവൻപോലും പണയപ്പെടുത്തി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് വളന്റിയർമാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തെ രാഷ്ട്രീയ എതിരാളികളടക്കം പ്രശംസിച്ചു. മാതൃകാപരമായ ഈ പ്രവർത്തനത്തിന്റെ തുടർച്ചയായാണ് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 25 വീട് നിർമിച്ചു നൽകുമെന്ന് ആദ്യ ഘട്ടംതന്നെ പ്രഖ്യാപിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും അതിന് മലയാളി സമൂഹം നൽകിയ നിസ്സീമമായ പിന്തുണയുംകൊണ്ട് 100 വീട് നിർമിക്കുന്നതിനുള്ള പണം സ്വരൂപിക്കാനായി. ഡിവൈഎഫ്ഐയുടെ ‘നമ്മൾ വയനാട്' പദ്ധതിയിലൂടെ 100 വീട് നിർമിച്ചു നൽകുന്നതിനുള്ള ധാരണപത്രവും തുകയും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്ന ചടങ്ങ് തിങ്കളാഴ്‌ച വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ഇതിന്റെ ഭാഗമായവർക്ക് ഉണ്ടാകുന്ന ചാരിതാർഥ്യം ചെറുതല്ല.
ദുരിതാശ്വാസത്തിലെ കേരളമാതൃക
2018ലെ മഹാപ്രളയകാലത്തും കോവിഡ് സമയത്തും കേരളീയ സമൂഹം ഒന്നുചേർന്ന് നടത്തിയ ദുരിതാശ്വാസപ്രവർത്തനം ലോകത്തിനാകെ മാതൃകയായിരുന്നു. വികസനരംഗത്ത് പേരുകേട്ട കേരള മോഡലിന്റെ മറ്റൊരു പതിപ്പാണ് ദുരന്തം നേരിട്ടപ്പോഴെല്ലാം സർക്കാരിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തിയ രക്ഷാ–- ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കണ്ടത്. പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ മുന്നിട്ടിറങ്ങി നടത്തിയ രക്ഷാപ്രവർത്തനവും പ്രളയബാധിത പ്രദേശങ്ങളിലെ വീടുകൾ ശുചീകരിക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് ആയിരങ്ങൾ മുന്നോട്ടു വന്നതും കൊറോണക്കാലത്തെ സമൂഹ അടുക്കളയുമെല്ലാം ദുരന്തങ്ങളെ എങ്ങനെ നേരിടണം എന്നതിന്റെ കേരള മാതൃകതന്നെയായിരുന്നു. മുണ്ടക്കൈ–--ചൂരൽമല ദുരന്തത്തെ നേരിടുന്നതിലും ഈ കേരള മാതൃക കാണാമായിരുന്നു.
മഹാപ്രളയത്തിനുശേഷം കോവിഡുംകൂടി വന്നപ്പോൾ റീബിൽഡ് കേരള പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്ഐ 11 കോടി കലക്ട് ചെയ്തത് റിസൈക്കിൾ കേരള എന്ന പദ്ധതിയിലൂടെ പാഴ് വസ്തു ശേഖരണമുൾപ്പെടെ തികച്ചും വ്യത്യസ്തമായ വഴികളിലൂടെയായിരുന്നു. കേരളീയ യുവത്വത്തിന്റെ സേവനസന്നദ്ധതയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതരുടെ ജീവിതം തിരിച്ചുപിടിക്കാൻ സർക്കാരിനൊപ്പം പങ്കുചേരണമെന്നാണ് ഡിവൈഎഫ്ഐ ആലോചിച്ചത്. ദുരിതബാധിതരായ മനുഷ്യരുടെ പുനരധിവാസത്തിനായി കൃത്യമായ ആസൂത്രണത്തോടെയുള്ള ടൗൺഷിപ്പാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. എന്തെങ്കിലും സൗജന്യം എന്ന നിലയിൽ ദുരന്തബാധിത പ്രദേശത്തെ ആർക്കെങ്കിലും നേരിട്ട് നൽകാനല്ല, മറിച്ച് അവരുടെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് അവകാശമെന്ന നിലയിൽ സർക്കാർ നൽകുന്ന പദ്ധതിയുടെ ഭാഗമാകുന്നതാണ് മനുഷ്യത്വപരം എന്നതുകൊണ്ടാണ് ഒരു അടയാളവുമില്ലാതെ അർഹരായ മനുഷ്യർക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള നിലപാട് ഡിവൈഎഫ്ഐ സ്വീകരിച്ചിട്ടുള്ളത്.
അതിന്റെ ഭാഗമായി പാഴ് വസ്തുക്കൾ ശേഖരിച്ചും ചായക്കട നടത്തിയും കൂലിപ്പണികൾ ചെയ്തും പുസ്തകങ്ങൾ വിറ്റും വാഹനങ്ങൾ കഴുകിയും മത്സ്യംപിടിച്ച് വിൽപ്പന നടത്തിയും പലവഴികളിലൂടെ കേരളത്തിലുടനീളമുള്ള ഡിവൈഎഫ്ഐ പ്രവർത്തകർ വീട് നിർമിക്കാനുള്ള പണം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളായി. പുരസ്‌കാരത്തുകയും ഫെലോഷിപ്പും ശമ്പളവും സംഭാവന ചെയ്തും വിവാഹച്ചടങ്ങുകൾക്ക് മാറ്റിവച്ച തുക തന്നും ആഭരണങ്ങൾ നൽകിയും ഭൂമി സംഭാവന ചെയ്തും ആട്, പശു ഉൾപ്പെടുന്ന വളർത്തുമൃഗങ്ങളെ തന്നും കേരളത്തിലെ നല്ല മനുഷ്യർ ഈ ഉദ്യമത്തിനൊപ്പം കൈകോർത്തപ്പോൾ ഡിവൈഎഫ്ഐക്ക് വയനാടിനായി സ്വരൂപിക്കാനായത് 20 കോടി 47 ലക്ഷം രൂപയാണ്. ഇടുക്കി എൻജിനിയറിങ് കോളേജിൽ കെഎസ്‌യു, യൂത്ത് ഗുണ്ടകളുടെ കുത്തേറ്റ് മരിക്കുന്ന സമയത്ത് ധീരജ് രാജേന്ദ്രന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്സും പണവും വീട്ടിലെ സമ്പാദ്യക്കുടുക്കയും ധീരജിന്റെ അച്ഛനമ്മമാരും സഹോദരനും ചേർന്ന് വയനാടിനുവേണ്ടി സംഭാവന നൽകിയത് വൈകാരിക അനുഭവമായിരുന്നു.
പ്രതിരോധത്തിന്റെ പുതു സംഘടനാവഴികൾ
സമരസംഘടനാ പ്രവർത്തനത്തിന്റെ ഭാഗംതന്നെയാണ് യുവജനങ്ങളെ അണിനിരത്തിയുള്ള സേവന പ്രവർത്തനങ്ങളും സർഗാത്മകമായ മറ്റു ഇടപെടലുകളും. സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്റെ സാമൂഹ്യ -സാംസ്‌കാരിക വ്യവഹാരങ്ങളിൽ തീർത്ത മാറ്റങ്ങൾ പുതിയ വെല്ലുവിളികൾ തീർക്കുന്നുണ്ട്. ആ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പാകത്തിൽ യുവജനസംഘടനാ പ്രവർത്തനത്തിന്റെ ഉള്ളടക്കത്തെ കാലോചിതമായി പുനർനിർവചിക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് യുവജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള സമരങ്ങൾക്കൊപ്പം ജനകീയ പങ്കാളിത്തത്തോടെയുള്ള ലഹരിവിരുദ്ധ യുദ്ധവും ഹൃദയപൂർവം ഉച്ചഭക്ഷണ പദ്ധതിപോലുള്ള സേവനപ്രവർത്തനങ്ങളും രക്തദാന സേനയും ദുരന്തമുഖങ്ങളിൽ രക്ഷാദൗത്യം നിർവഹിക്കുന്ന യൂത്ത് ബ്രിഗേഡുമെല്ലാം സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്.
ഈ നിലയിലെ ഡിവൈഎഫ്ഐയുടെ ഏറ്റവും സർഗാത്മകമായ ഇടപെടലായിരുന്നു സാംസ്കാരിക അധിനിവേശ കാലത്ത് അക്ഷരപ്രതിരോധം തീർക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലും പുതിയ തൊഴിൽ സൃഷ്ടിയുടെ സാധ്യതകൾ വികസിപ്പിക്കുന്നതിനായി ‘മവാസോ' എന്ന പേരിൽ നടത്തിയ യൂത്ത് സ്റ്റാർട്ടപ് ഫെസ്റ്റിവലും. വ്യക്തിപരമായ കഴിവും അറിവും ആനന്ദവുമെല്ലാമാണ് മനുഷ്യജീവിതത്തിന്റെ ഭാഗധേയത്തെ നിർണയിക്കുന്നതെന്ന വ്യക്തികേന്ദ്രീകൃതമായ നിയോലിബറൽ യുക്തി സാമാന്യയുക്തിയായി തീരുന്ന കാലമാണിത്. അങ്ങനെയൊരു കാലത്ത് കൂട്ടായ്മയിലൂടെയും പങ്കുവയ്ക്കലുകളിലൂടെയും രൂപപ്പെടുന്ന അറിവിന്റെയും ആനന്ദത്തിന്റെയും സാമൂഹ്യവൽക്കരണത്തിനുള്ള ശ്രമങ്ങൾ പുതിയ സമരമുഖമാണ്. അതിന് ഉപയോഗപ്രദമാകുംവിധത്തിലുള്ള പുതിയ വേദികൾ രൂപപ്പെടുത്തുക എന്നത് ഡിവൈഎഫ്ഐയുടെ ചുമതലയാണ്.
കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങൾ കാരണം വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്‌ക്കെതിരെ ഇരുപതു ലക്ഷം പേരെ അണിനിരത്തി മനുഷ്യച്ചങ്ങല തീർത്ത ഡിവൈഎഫ്ഐതന്നെയാണ് ചൂരൽമല ദുരിതബാധിതർക്ക് 100 വീട് വയ്ക്കാൻ 20 കോടി ജനകീയമായി സമ്പാദിച്ചു നൽകുന്നതും. ഈ പ്രവർത്തനം ദുരിതബാധിതർക്ക് കൈത്താങ്ങാവുമ്പോൾത്തന്നെ കേരളത്തെ ഏതുവിധേനയും തകർക്കാൻ ശ്രമിക്കുന്ന സങ്കുചിത രാഷ്ട്രീയത്തിനെതിരെയുള്ള താക്കീതുകൂടിയാകുന്നുണ്ട്. മാത്രമല്ല വയനാട് ദുരിതബാധിതർക്ക് കേരളത്തിലെ എംപിമാരുടെ ഫണ്ടിൽനിന്ന് തുക അനുവദിക്കാമെന്നിരിക്കെ വയനാട് എംപി പ്രിയങ്കഗാന്ധിപോലും ഒരു രൂപ എംപി ഫണ്ടിൽനിന്ന് നൽകിയിട്ടില്ല എന്നത് കോൺഗ്രസിന്റെ മുതലക്കണ്ണീർ ജനങ്ങൾക്ക് മുമ്പാകെ തുറന്നുകാട്ടപ്പെട്ടു. എന്നാൽ, കേരളത്തിലെ ഇടതുപക്ഷത്തിന്റെ എല്ലാ എംപിമാരും വയനാടിനുവേണ്ടി ഫണ്ട് അനുവദിച്ചു എന്നതും ശ്രദ്ധേയമാണ്. കേരള വിരുദ്ധതയുടെ കാര്യത്തിൽ ബിജെപിയോട് മത്സരിക്കുന്ന കോൺഗ്രസിനെയാണ് ഇവിടെ കാണുന്നത്.
ഡിവൈഎഫ്ഐയിൽ കേരളീയ സമൂഹം അർപ്പിച്ച വിശ്വാസവും പിന്തുണയും മാത്രമാണ് തികച്ചും വ്യത്യസ്തമായ പ്രയത്നങ്ങളിലൂടെ ഇത്രയും വലിയൊരു തുക വയനാടിനായി സ്വരൂപിക്കാൻ കഴിഞ്ഞത്. ഇത് ഡിവൈഎഫ്ഐയുടെ സംഘടനാപരമായ ശേഷിയോടൊപ്പംതന്നെ മലയാളികളെന്ന നിലയിൽ നാം പുലർത്തിപ്പോരുന്ന സാഹോദര്യത്തിന്റെയും അനുകമ്പയുടെയും ഐക്യത്തിന്റെയും സാമൂഹ്യമൂല്യങ്ങൾകൊണ്ടുകൂടി സാധ്യമായ ഒന്നാണ്. നമ്മുടെ മണ്ണിലേക്കും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം ഒളിച്ചു കടത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടികൂടിയാണ് വയനാടിനെ വീണ്ടെടുക്കുന്നതിനായുള്ള കൂട്ടായ ഈ പ്രവർത്തനങ്ങൾ. അത് നാം ഇനിയും തുടരേണ്ടതുണ്ട്.














