Articles

ഡിവൈഎഫ്ഐ സമരസംഗമം

തുല്യതയുടെ റിപ്പബ്ലിക്കിനായ്

dyfi
avatar
വി കെ സനോജ്‌

Published on Aug 14, 2025, 11:16 PM | 4 min read

നാം 79–ാം സ്വാതന്ത്ര്യദിനമാഘോഷിക്കുകയാണ്. ദേശീയപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൾ സ്വപ്‍നം കണ്ടതിന്റെ വിപരീതദിശയിലേക്കാണ്‌ രാജ്യം സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ നീങ്ങുന്നത് എന്നത് നിരാശാജനകമാണ്. രാഷ്ട്ര രൂപീകരണ സമയത്ത് രാജ്യം തള്ളിക്കളഞ്ഞ മതരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തി കോർപറേറ്റ് മുതലാളിമാർക്ക് സാധാരണ മനുഷ്യരെ ചൂഷണം ചെയ്യാൻ അവസരം കൊടുക്കുന്ന ഒരു സർക്കാരാണ് ഇപ്പോഴും കേന്ദ്രം ഭരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിൽ " ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതനിരപേക്ഷ ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തി ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ സമര സംഗമം സംഘടിപ്പിക്കുന്നത്.


തീവ്ര മതരാഷ്ട്രവാദത്തിലൂന്നി മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരിൽ പല കള്ളികളിലായി തരം തിരിച്ച്‌ അന്യവൽക്കരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത് . ഒരു തരത്തിലും അനുവദിക്കാനാകാത്ത വിവേചനങ്ങളും അനീതിയും അസമത്വങ്ങളും ഇന്ത്യയുടെ മുഖമായി മാറിയിരിക്കുന്നു. ജനിച്ച നാട്ടിൽനിന്ന് കുടിയിറക്കപ്പെടുമെന്ന ഭീതിയിലേക്ക് ന്യൂനപക്ഷ സമുദായങ്ങളെ ആസൂത്രിതമായി തള്ളിവിട്ടിരിക്കുകയാണ് ഭരണാധികാരികൾ. ദളിതരെയും-മുസ്ലിങ്ങളെയും കഴിക്കുന്ന ആഹാരത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയാക്കുന്നത് പതിവായിരിക്കുന്നു. ആർഎസ്എസിന്റെ നേതൃത്വത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ മാത്രമല്ല ക്രൈസ്‌തവർക്കെതിരെയും ആസൂത്രിതമായ ആക്രമണം തുടരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ മറച്ചുവച്ചാണ് ക്രിസ്ത്യൻ സമുദായത്തെ ആകർഷിക്കാൻ കേരളത്തിൽ സംഘപരിവാർ ശ്രമിക്കുന്നത്.


ഭൂരിപക്ഷ –ന്യൂനപക്ഷ മതരാഷ്ട്രവാദങ്ങൾ പരസ്പരം പൂരകങ്ങൾ ആണെന്നും ഒന്നിനെ അനുകൂലിച്ചുകൊണ്ട് മറ്റൊന്നിനെ എതിർക്കാൻ കഴിയില്ലെന്നും നാം മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ജമാഅത്തെ ഇസ്ലാമിയുടെ വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ മലയാളികൾക്ക് കഴിയണം


സംഘപരിവാറിനെ പോലെതന്നെ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിൽ വിള്ളലേൽപ്പിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങൾ ശക്തിപ്പെട്ടിരിക്കുന്നു. ഇതിന്റെ ഭാഗമാണ് ഇടതുപക്ഷത്തെ മുസ്ലിം സമുദായ വിരുദ്ധരാക്കി ചിത്രീകരിക്കാനുള്ള ശ്രമവും. അതിനുവേണ്ടി വ്യാജവാർത്താ പ്രചാരണം ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മാധ്യമം പത്രത്തിലൂടെയും മീഡിയ വൺ ചാനലിലൂടെയും ശക്തമായി നടക്കുന്നു. രാജ്യാധികാരമുള്ള ഭൂരിപക്ഷ മതരാഷ്ട്രവാദികളെയും അതില്ലാത്ത ന്യൂനപക്ഷ മതരാഷ്ട്രവാദികളെയും ഒരുപോലെ കാണാനാകില്ല. അതിനർഥം ന്യൂനപക്ഷ മതരാഷ്ട്രവാദത്തെ സമ്മതിച്ചു കൊടുക്കാമെന്നോ അതിന്റെ പ്രചാരകരാകാമെന്നോ കുറഞ്ഞപക്ഷം അതിന്റെ മാപ്പുസാക്ഷികളാകാം എന്നോ അല്ല. ഭൂരിപക്ഷ –ന്യൂനപക്ഷ മതരാഷ്ട്രവാദങ്ങൾ പരസ്പരം പൂരകങ്ങൾ ആണെന്നും ഒന്നിനെ അനുകൂലിച്ചുകൊണ്ട് മറ്റൊന്നിനെ എതിർക്കാൻ കഴിയില്ലെന്നും നാം മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ജമാഅത്തെ ഇസ്ലാമിയുടെ വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ മലയാളികൾക്ക് കഴിയണം.


ഒരുഭാഗത്ത് വർഗീയത ആളിക്കത്തിക്കുമ്പോൾ മറുഭാഗത്ത് സാധാരണ ജനജീവിതം ദുസ്സഹമാക്കി രാജ്യത്തെ കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ഇതിന്റെ ഫലമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്മ നേരിടുകയാണ്. 2025 ജൂൺ 16 ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2025 മേയിൽ 5.6 ശതമാനമായി ഉയർന്നു, ഏപ്രിലിൽ ഇത് 5.1 ശതമാനം ആയിരുന്നു. സൂക്ഷ്മമായി നോക്കുമ്പോൾ ചിത്രം കൂടുതൽ ഭയാനകമാണ്. 15-–29 വയസ്സുള്ള യുവാക്കളിൽ, ഒരു മാസത്തിനുള്ളിൽ തൊഴിലില്ലായ്മ 13.8 ശതമാനത്തിൽനിന്ന് 15 ശതമാനമായി കുത്തനെ ഉയർന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ പുരുഷന്മാരേക്കാൾ അൽപ്പം കൂടുതലായിരുന്നു 5.8 ശതമാനം.


മാതൃകാ തൊഴിൽദാതാവ് ആകേണ്ട കേന്ദ്ര സർക്കാർ മിക്ക വകുപ്പുകളിലും നിയമന നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അതുമാത്രവുമല്ല ഉദ്യോഗാർഥികളുടെ ഭാവിതന്നെ ഇല്ലാതാക്കും വിധം അഴിമതി നിറഞ്ഞ നിലയിലാണ് തൊഴിലിനായുള്ള പല പരീക്ഷകളും കേന്ദ്ര സർക്കാർ നടത്തുന്നത്. സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന സെലക്ഷൻ പോസ്റ്റ് തസ്തികയിലേക്കുള്ള ഫേസ് 13 ( Selection Post Phase 13 Exam ) പരീക്ഷയിൽ വ്യാപകമായ ക്രമക്കേട് നടന്നതിനെ തുടർന്ന് പരീക്ഷാർഥികൾ ഡൽഹിയിൽ വലിയ സമരം നടത്തിയത് ഈ മാസം ആദ്യ ആഴ്ചയാണ്. ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ട എഡ്യുക്യറ്റി( EDUQUITY) എന്ന സ്വകാര്യ ഏജൻസിക്കാണ് ഇക്കുറി പരീക്ഷ നടത്തിപ്പിനുള്ള കരാർ നൽകിയത്.


2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ഉടനെ വലിയ പ്രചാരണം നൽകി ആരംഭിച്ച ക്യാമ്പയിൻ ആയിരുന്നു "മേക്ക്‌ ഇൻ ഇന്ത്യ'. രാജ്യത്തെയും വിദേശത്തെയും കമ്പനികളെ ഇന്ത്യയിൽ നിർമാണ വ്യവസായത്തിന് പ്രേരിപ്പിക്കുക വഴി മേഖലയുടെ വളർച്ച നിരക്ക് പ്രതിവർഷം 12-–14 ശതമാനം എത്തിക്കും എന്നതായിരുന്നു പ്രഖ്യാപനം. 2022 ആകുമ്പോഴേക്കും നിർമാണ വ്യവസായ മേഖലയിൽ മാത്രം പുതിയ പത്തുകോടി തൊഴിലവസരങ്ങളും ഈ മേഖലയുടെ സംഭാവന രാജ്യത്തിന്റെ ജിഡിപിയിൽ 25 ശതമാനം ആക്കി വർധിപ്പിക്കും എന്നുമായിരുന്നു പ്രചാരണം. എന്നാൽ പദ്ധതി ആരംഭിച്ചു 10 വർഷം പിന്നിടുമ്പോൾ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് നിർമാണ വ്യവസായ മേഖലയിൽ വളർച്ചയുണ്ടായില്ല എന്ന് മാത്രമല്ല 2014 ൽ 4.8 ശതമാനം ആയിരുന്ന വളർച്ച 4 ശതമാനമായി കുറയുകയും ചെയ്തു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കാലത്താണ് രാജ്യം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയും നേരിട്ടത്. പ്രചാരണത്തിൽ ഉൽപ്പന്നങ്ങളുടെ ‘മേക്ക് ഇൻ ഇന്ത്യ' യും പ്രയോഗത്തിൽ തൊഴിലില്ലാത്ത മനുഷ്യരുടെ ‘മേക്ക് ഇൻ ഇന്ത്യയുമായി' മോദിഭരണം മാറി.


dyfi


മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളെ ശക്തമായി ചെറുക്കുന്ന രാജ്യത്തെ ചുരുക്കം പ്രദേശങ്ങളിൽ ഒന്നാണ് കേരളം. വർഗീയ കലാപങ്ങളും ജാതിയുടെ പേരിലുള്ള സംഘർഷങ്ങളും ഇല്ലാത്ത സമാധാനാന്തരീക്ഷമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. പ്രളയവും കോവിഡുമെല്ലാം വന്നപ്പോഴും ഒരുമിച്ച് നിന്ന കേരളത്തിന്റെ മാതൃക മതനിരപേക്ഷ മൂല്യത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. പലവിധത്തിൽ ഈ സൗഹാർദ്ദ അന്തരീക്ഷത്തെ ഇല്ലാതാക്കാൻ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. ആ ശ്രമങ്ങൾക്ക് സംഘപരിവാറിനൊപ്പം കോൺഗ്രസും കൂട്ടുനിൽക്കുന്നത് ഈ നാട് കാണുന്നുമുണ്ട്. ചെറിയ പ്രശ്നങ്ങളെ പർവതീകരിച്ച് മലയാളികളുടെ മനസ്സിലേക്ക് വർഗീയത കുത്തിവയ്ക്കാൻ മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. സംഘപരിവാർ സംഘടന എന്ന നിലയിൽ കാസയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ സമുദായത്തിന് അകത്ത് നടക്കുന്ന വർഗീയ പ്രചാരണത്തെ ഗൗരവമായി കാണുകയും ശക്തമായി നേരിടുകയും വേണം.


ഇന്ത്യയിൽ പബ്ലിക് സർവീസ് കമീഷൻ മുഖേന ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണ്. 2016–2025 വരെ 287995 നിയമന ശുപാർശയാണ് പിഎസ്‌സി നൽകിയത്. സ്പെഷ്യൽ ഡ്രൈവിലൂടെ 24 മണിക്കൂർകൊണ്ട് ആയിരത്തോളം നിയമനം നടത്തി കേരളം പുതുചരിത്രം സൃഷ്ടിച്ചിരുന്നു. 2024 വരെ വിവിധ തസ്തികകളിലെ നിയമനത്തിനായി 2008 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിൽ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതേസമയം സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ വ്യവസായങ്ങളെ കേരളത്തിലെത്തിച്ചും വിജ്ഞാനകേരളം പദ്ധതിയിലൂടെയും ആസൂത്രിതമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. കേന്ദ്രനിലപാടുകൾക്ക് ബദൽ ഉയർത്തിയാണ് കേരളം നീങ്ങുന്നത്.


79 –ാം സ്വാതന്ത്ര്യദിനത്തിലെത്തുമ്പോൾ രാജ്യത്ത് സമാധാനത്തോടെ ജീവിക്കാനുള്ള സ്ഥിതിയില്ല. ഉപജീവനത്തിന് തൊഴിലുമില്ല. ഈ സാഹചര്യത്തിൽ എല്ലാവർക്കും തൊഴിലുള്ള, വിവേചനമില്ലാതെ ജീവിക്കാൻ കഴിയുന്ന, തുല്യതയുടെ റിപ്പബ്ലിക്കിനായി ഡിവൈഎഫ്ഐ നടത്തുന്ന സമരസംഗമത്തിന് രാഷ്ട്രീയപ്രാധാന്യം ഏറെയാണ്. ഇന്ത്യ ഭരിക്കുന്ന നവ ഫാസിസ്റ്റ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള സമരപോരാട്ടങ്ങൾ കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്.



deshabhimani section

Dont Miss it

Recommended for you

Home