വെള്ളരിപ്രാവുകൾക്ക് ചിതയൊരുക്കുന്നവർ

ഡൊണാൾഡ് ട്രംപ് പങ്കുവെച്ച എഐ ചിത്രം(ഇടത്) , ലിയോ പതിനാലാമൻ മാർപാപ്പ (വലത്)

ഐ ബി സതീഷ്
Published on Apr 17, 2026, 12:00 AM | 3 min read
ലോകത്തിന് യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് പറഞ്ഞ ലിയോ പതിനാലാമൻ മാർപാപ്പയെ അധിക്ഷേപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെരഞ്ഞെടുത്ത വാക്കുകൾ എത്ര പരുഷമാണെന്ന് നോക്കൂ. മാർപാപ്പയായ ആദ്യ യുഎസ് പൗരനായ ലിയോ പതിനാലാമന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുകയായിരുന്നു കഴിഞ്ഞ ദിവസം ട്രംപ്. മാർപാപ്പ ദുർബലനാണെന്നും താൻ അദ്ദേഹത്തിന്റെ ആരാധകനല്ലെന്നും പറഞ്ഞ ട്രംപ് സ്വയം യേശുക്രിസ്‌തുവായി ചമഞ്ഞ ഫോട്ടോയും പുറത്തുവിട്ടിരിക്കുന്നു. “ലിയോ നന്ദിയുള്ളവനാകണം. കാരണം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് അത്ഭുതമായിരുന്നു. അദ്ദേഹം പോപ്പാകാനുള്ള പട്ടികയിൽ ഉണ്ടായിരുന്നില്ല.
ഞാൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകുമായിരുന്നില്ല. ട്രംപുമായി ചേരാനുള്ള നല്ല വഴി ഇതായിരിക്കുമെന്ന് കരുതിയാണ് സഭ അദ്ദേഹത്തെ തെരഞ്ഞെടുത്തത്.’’ എന്നും ട്രംപ് പറഞ്ഞുകഴിഞ്ഞു. ഇൗ വാക്കുകളിൽ മുഴങ്ങുന്ന ധാർഷ്‌ട്യത്തിനും ചോരക്കൊതിക്കും മറ്റുദാഹരണങ്ങളില്ല. ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ തുനിഞ്ഞിറങ്ങുന്ന സാമ്രാജ്യത്വം അതിരുകളില്ലാത്ത അതിമോഹങ്ങളുടെ പാതയിലാണ്. ദുർബലരായ മനുഷ്യരെ കൊന്നൊടുക്കി പണിയുന്ന കൊട്ടാരങ്ങൾക്കുമേൽ വിറയ്‌ക്കുന്ന കൊടിക്കൂറകളിൽനിന്നും രക്‌തം മാത്രമേ കിനിയുകയുള്ളൂ. ലോകത്തിന്റെ കണ്ണുനീർ തുടയ്‌ക്കാനെത്തുന്ന വിരലുകൾപോലും ഛേദിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുന്ന ഭ്രാന്തുകൾക്ക് മനുഷ്യനെന്ന പേരുപോലും ഉചിതമാകില്ല.
ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയെ ക്രിസ്തുമതത്തിലെ ഒരു വിഭാഗത്തിന്റെ പരമാധ്യക്ഷൻ എന്നതിലുപരിയായി ലോകത്തിലെ പ്രകാശത്തിന്റെയും മാനവികതയുടെയുംകൂടി ശബ്ദമായി ഏവരും ഉറ്റുനോക്കുന്നു. പ്രാർഥനയോടൊപ്പം പ്രവർത്തനങ്ങളുമായി സമൂഹത്തിന്റെ നവീകരണത്തിൽ നിരന്തരം ഇടപെടുന്ന പോപ്പുമാരെ ലോകസമാധാനത്തിന്റെകൂടി വക്താക്കളായാണ് നാം കാണുന്നത്. ചരിത്ര ലിഖിതങ്ങളിൽ ഏകദേശം ക്രിസ്തുവിന്റെ ജീവിതകാലത്തോളം പഴക്കമുണ്ട് മാർപാപ്പ പദവിക്ക്. ക്രിസ്തുശിഷ്യനായ പീറ്റർ ആയിരുന്നു ഒന്നാമത്തെ പാപ്പ എന്നാണ് കരുതുന്നത്. അന്നുമുതൽ ഇങ്ങോട്ട് ലോകത്തിന്റെ സഞ്ചാരവഴികളിൽ ഒപ്പം നടന്ന ചരിത്രമാണ് ഈ പദവിക്കുള്ളത്. പല കാലഘട്ടങ്ങളിലായി മാർപാപ്പ പദവിയിൽ ഇരുന്നവരിൽ ചിലരെങ്കിലും മതപരമായ കാർക്കശ്യങ്ങളാൽ പല സമയത്തും മനുഷ്യപക്ഷത്തുനിന്നും അകലുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്.
അത് അന്നേരത്തെ ലോകത്തിന്റെ ഗതിവിഗതികളെ ദോഷകരമായി ബാധിച്ചതായും കാണാം. എങ്കിലും, ലോക മനഃസാക്ഷിക്ക് മുറിവേൽക്കുന്ന ഘട്ടങ്ങളിലെല്ലാം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സുഗന്ധലേപനം കൈകളിലേന്തി മുറിവുണക്കുന്ന പാപ്പമാരായിരുന്നു ലോകചരിത്രത്തിൽ ഭൂരിഭാഗവും. പരിഷ്കൃതലോകത്തിൽ പുരോഗമനവും മാനവികവുമായ ചിന്താധാരകളുടെ പക്ഷത്ത് നിലയുറപ്പിച്ച് മാനവരാശിയുടെ പ്രത്യാശാനിർഭരമായ മുന്നോട്ടുപോക്കിന് വേഗം പകർന്നവരായിരുന്നു കഴിഞ്ഞ അരനൂറ്റാണ്ട് കാലവും ഈ പദവിയിലിരുന്നവർ.
"മുതലാളിത്തം സമ്പന്നനെ മാത്രമേ തുണയ്ക്കൂ, ദരിദ്രന്റെ കണ്ണുനീർ അതിന് കാണാനാകില്ല’ എന്നുപറഞ്ഞ ഫ്രാൻസിസ് മാർപാപ്പയും സ്ഥാനത്യാഗംകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ ദൈവശാസ്ത്ര പണ്ഡിതനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും ലോകം മുഴുവൻ സഞ്ചരിച്ച് നല്ല സമൂഹം വാർത്തെടുക്കുവാൻ അഹോരാത്രം യത്നിച്ച് പിന്നീട് വിശുദ്ധപദവിയിലേക്ക് എത്തിയ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും കേവലം ഒരുമാസംമാത്രം പദവിയിലിരുന്ന് അകാലത്തിൽ പൊലിഞ്ഞ "പുഞ്ചിരിക്കുന്ന പാപ്പ’ എന്ന പേര് നേടിയ ജോൺ പോൾ ഒന്നാമനും സ്നേഹോഷ്മളമായ ഇടപെടലുകളാൽ ലോകത്തിന്റെ അംഗീകാരം നേടിയെടുത്തവരാണ്. ഭൂമിയുടെയും അതിലെ കോടാനുകോടി ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും നന്മ മാത്രം സ്വപ്നം കാണുവാനും തിന്മയുടെ ശക്തികൾക്കെതിരെ ശബ്ദമുയർത്തുവാനും ഈ പോപ്പുമാരെല്ലാം നിരന്തരം ശ്രദ്ധിച്ചിരുന്നു.
ജനകീയ ക്യൂബയെ ശത്രുപക്ഷത്ത് നിർത്തിയുള്ള വിവേചന നിലപാടുകളായിരുന്നു മുതലാളിത്ത രാഷ്ട്രമായ അമേരിക്ക എന്നുംനടത്തിയത്. ക്യൂബയ്‌ക്കെതിരെയുള്ള കുത്തക രാഷ്ട്രങ്ങളുടെ ഉപരോധങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്യൂബൻ ജനതയുടെ ജീവിതമറിയുന്ന ലാറ്റിനമേരിക്കക്കാരൻകൂടിയായ ഫ്രാൻസിസ് മാർപാപ്പ 2013 മുതൽ നടത്തിയ ഇടപെടലുകൾ ചരിത്രപരമായ മഞ്ഞുരുകലിന് വഴിതെളിച്ചു. ക്യൂബയുടെയും അമേരിക്കയുടെയും രാഷ്ട്രത്തലവൻമാർക്ക് കത്തയച്ച ഫ്രാൻസിസ് മാർപാപ്പ, തങ്ങളുടെ രാജ്യങ്ങളിലെ സാധാരണ മനുഷ്യരുടെ മെച്ചപ്പെട്ട ജീവിതമാണ് രാജ്യനിർമിതിയിൽ രാഷ്ട്രത്തലവൻമാരുടെ പങ്കെന്നും, സന്ധി സംഭാഷണങ്ങളിലൂടെ വിട്ടുവീഴ്ചകളുടെയും സമാധാനത്തിന്റെയും പാതകളിലേക്ക് ഇറങ്ങി വരുവാനും രണ്ട് രാജ്യങ്ങളോടും ആഹ്വാനം നടത്തുകയും ചെയ്തു. മാർപാപ്പയുടെ ഇടപെടലുകൾ അംഗീകരിച്ച ഇരുരാജ്യങ്ങളും ചർച്ചകൾക്കായി ഉന്നത ഉദ്യോഗസ്ഥരെ വത്തിക്കാനിലേക്ക് അയച്ചു.
തുടർന്ന് തടവുകാരെ മോചിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സമാധാന കരാറുകളിലേക്ക് കടക്കുകയും ചെയ്തു. 2015ൽ ഇരുരാജ്യങ്ങളിലും എംബസികൾ തുറന്നു. 2016ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ക്യൂബ സന്ദർശിച്ച് പ്രസിഡന്റ് റൗൾ കാസ്ട്രോയുമായി ഹസ്തദാനം നടത്തുന്ന ചിത്രം ലോകം പ്രത്യാശയോടെയാണ് ഉറ്റുനോക്കിയത്. വ്യാപാരബന്ധം പുനഃസ്ഥാപിക്കുവാനും യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനും മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കുവാനും ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചു. ഒരുനൂറ്റാണ്ടോളം പിന്നിട്ടശേഷം ആദ്യമായി ക്യൂബയുടെ മണ്ണിൽ കാലുകുത്തിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് ആയ ഒബാമ റൗൾ കാസ്ട്രോയുമായി ചേർന്ന് പറഞ്ഞത് " വത്തിക്കാന്റെയും ഫ്രാൻസിസ് മാർപാപ്പയുടെയും പിന്തുണയ്‌ക്ക് നന്ദി’എന്നാണ്.
മനുഷ്യവംശത്തിന്റെ നിലനിൽപ്പിനെവരെ ബാധിക്കുന്ന നിർണായകമായ ദശാസന്ധികളിൽ ഏവരും ഉറ്റുനോക്കുകയും ആദരവോടെ കേൾക്കുകയും ചെയ്യുന്ന സമാധാനശബ്ദമാണ് മാർപാപ്പമാരുടേത്. ലോകത്തിന്റെ സ്വസ്ഥജീവിതം തകർക്കുന്ന തെമ്മാടിരാഷ്ട്രങ്ങളായ അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ സൈനിക നടപടികൾക്കെതിരെയാണ് ലിയോ പതിനാലാമൻ പ്രതികരിച്ചത്. ഇറാനിലെ ഉൾപ്പെടെ യുദ്ധത്തിനെതിരെ തുടർന്നും ശബ്ദിക്കുമെന്നും പാപ്പ പറഞ്ഞു. സമാധാനത്തിനുവേണ്ടി ഇനിയും വാദിക്കുമെന്നും ട്രംപിനെ ഭയക്കുന്നില്ലെന്നും മാർപാപ്പ പ്രതികരിച്ചു.‘‘യുദ്ധം നടത്തുന്നവരുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല’’ എന്ന് ചൂണ്ടിക്കാട്ടിയാണ് പാപ്പ വാക്കുകൾ ചുരുക്കുന്നത്.
മനുഷ്യരെ കൊന്നൊടുക്കി അതിർത്തികൾ വിസ്‌തൃതമാക്കുന്നവർക്ക് യുദ്ധത്താൽ വിശന്നുമരിച്ച കുഞ്ഞുങ്ങളുടെ നിലവിളി കേൾക്കാനാകില്ല. കുഞ്ഞുങ്ങളുറങ്ങുന്ന കൂട്ടക്കുഴിമാടങ്ങൾക്കുമേൽ നിങ്ങളിനിയും ബോംബുമഴ പെയ്യിക്കും. കാരണം നിങ്ങൾക്കവർ ഭാവിയിലെ ശത്രുക്കൾ മാത്രമാണ്. ബോംബർ വിമാനങ്ങളുടെ സീൽക്കാരങ്ങളാൽ മുഖരിതമാകുന്ന ആകാശം എന്നു തെളിയുമെന്ന് ലോകത്തിന് പറയാനാകില്ല. പക്ഷേ, ഒന്നുറപ്പ്. നിങ്ങൾ കുഴിച്ചുമൂടിയവരുടെ പിന്മുറക്കാർ ഇൗ രക്തക്കറകളെല്ലാം നന്മയുടെ ഒലിവ് ഇലകളാൽ ഉരച്ചുമായ്‌ക്കുന്ന കാലം വരും. അന്ന് മാനവരാശിയെ ഒറ്റുകൊടുത്തവരെന്ന് ലോകം നിങ്ങൾക്ക് പേരിടും.















