ഡിജിറ്റൽ മാനിയക്ക് ചെറുപ്പത്തിലേ ചെക്ക്

ഗയ പുത്തലത്ത്
Published on Feb 08, 2026, 10:53 PM | 2 min read
ഓസ്‌ട്രേലിയ അടക്കം 16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ഫെയ്സ്ബുക്ക്, സ്‌നാപ്ചാറ്റ്, യുട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലാണ് വിലക്ക്. ഓസ്‌ട്രേലിയയിൽ കുട്ടികളുടെ 47 ലക്ഷം അക്കൗണ്ടുകളാണ് റദ്ദാക്കിയത്. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ അല്ലെങ്കിൽ ഇതൊക്കെ നടപ്പാക്കാൻ പറ്റുന്നതാണോ എന്നായിരിക്കും മിക്കവരും ആദ്യം ചിന്തിക്കുക. ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെ ഏതൊരു കാര്യത്തിനും ഗുണവും ദോഷവുമുണ്ട്. ഇൗ പറയുന്ന സമൂഹമാധ്യമങ്ങൾക്കും. മുതിർന്നവരെക്കാൾ കൂടുതൽ സാങ്കേതികവിദ്യയിൽ പ്രഗത്ഭരാണ് കുട്ടികൾ. പുത്തൻ വിദ്യാഭ്യാസ സമ്പ്രദായത്തിലും ജീവിതരീതിയിലും സമൂഹമാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. അതിനാൽ പലപ്പോഴും അതിന്റെ ഗുണങ്ങൾക്കപ്പുറം ദോഷത്തെപ്പറ്റി ചിന്തിക്കാറില്ല. ചെറുപ്പംമുതൽ ഫോണിൽ സമയം ചെലവഴിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരുമ്പോൾ, പുറംകളികളിലും വായനയിലും ഏർപ്പെടുന്നവരുടെ എണ്ണം ദൈനംദിനം കുറഞ്ഞുവരികയാണ്. ഇത് കുട്ടികളുടെ മാനസിക, ശാരീരികാരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് മുതിർന്നവർ മനസ്സിലാക്കേണ്ടതുണ്ട്.
ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ഡിസംബര്‍ പത്ത് മുതലാണ് നിരോധനം നിലവില്‍ വന്നത്. ഇതോടെ സമൂഹമാധ്യമ നിരോധനം നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറി. 2024 നവംബറിലാണ് ഈ നിരോധനം നിര്‍ബന്ധമാക്കുന്ന ഓണ്‍ലൈന്‍ സേഫ്റ്റി ഭേദഗതി (സോഷ്യല്‍ മീഡിയ മിനിമം ഏജ്) ബില്‍ സർക്കാർ പാസാക്കിയത്. കുട്ടികളുടെ ഭാവിക്ക് സമൂഹമാധ്യമങ്ങൾ ദോഷം ചെയ്യുന്നു എന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിരോധനം നടപ്പാക്കിയത്. ഓസ്‌ട്രേലിയയുടെ ഇൗ മാതൃക മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ചൈനയിൽ ഫോണുകളിൽ ‘മൈനർ മോഡ്' നിർബന്ധമാക്കി. ഇതനുസരിച്ച് ഇന്റർനെറ്റ് സമയം നിശ്ചയിച്ചിട്ടുണ്ട്. എട്ടുവയസ്സിന് താഴെയുള്ളവർ ദിവസം പരമാവധി 40 മിനിറ്റ് മാത്രം. എട്ടുമുതൽ 16 വയസ്സ് വരെയുള്ളവർക്ക് ദിവസം ഒരു മണിക്കൂർ. കർണാടകത്തിൽ ഹലഗാ ഗ്രാമത്തിൽ രാത്രി ഏഴിന് സൈറൺ മുഴങ്ങിയാൽ വീടുകളിൽ ടിവിയും മൊബൈൽഫോണും ഓഫാക്കി, കുട്ടികൾ പുസ്തകത്തിലേക്ക് കടക്കും. പിന്നെ രണ്ടുമണിക്കൂർ ഡിജിറ്റൽ മുക്തി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മൊഹിത്യാൻ ജെ വഡ്ഗാവ് ഗ്രാമത്തിലും ഡിജിറ്റൽമുക്തി നടപ്പാക്കിയിട്ടുണ്ട്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമം നിരോധിക്കുന്ന ബിൽ ഫ്രഞ്ച് പാർലമെന്റും അംഗീകരിച്ചു. സെപ്തംബറിൽ അടുത്ത അധ്യയനവർഷത്തിന്റെ തുടക്കത്തിൽ പ്രാബല്യത്തിൽവരും. ഗോവയും ആന്ധ്രപ്രദേശുമൊക്കെ ഓസ്ട്രേലിയയിൽ നടപ്പാക്കിയതിന് സമാനമായി 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമ വിലക്കേര്‍പ്പെടുത്താനുള്ള സമാനനടപടികള്‍ ആലോചിക്കുകയാണ്.

ഓസ്ട്രേലിയയിൽ സമൂഹമാധ്യമ നിരോധനത്തെ തുടർന്ന് സിഡ്നി ഹാർബർ ബ്രിഡ്ജിന്റെ തൂണിൽ എഴുതിവച്ചത് ഇങ്ങനെയാണ് ‘LET THEM BE KIDS’ (കുട്ടികളെ കുട്ടികളായിരിക്കാൻ അനുവദിക്കുക). ഇത് ലോകത്തോടുള്ള ആഹ്വാനമാണ്. കുട്ടികളിലെ അമിത ഫോൺ ഉപയോഗം കുറയ്‌ക്കാനും നിയന്ത്രണമേർപ്പെടുത്താനും നല്ല ശീലങ്ങൾ അവരെ പഠിപ്പിക്കാം. അതിന് ആദ്യം മുതിർന്നവർ തന്നെ മാതൃകയാകേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളെ വഴക്കുപറഞ്ഞ് പ്രകോപിതരാക്കുന്നതിനുപകരം നല്ല മാതൃകകൾ കാട്ടിക്കൊടുത്ത് തിരുത്താം.
ജോലിയുടെ സമ്മർദത്തിൽനിന്നും മറ്റും മുക്തരാകാൻ ഒഴിവുസമയം സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്ന ശീലത്തിൽനിന്നും മാറി കൂടുതൽ സമയം കുട്ടികളോടൊപ്പം ഇടപഴകാനും അവരെ പ്രകൃതിയോട് അടുപ്പിക്കാനുമൊക്കെ രക്ഷിതാക്കൾ തയ്യാറാകണം. കഥ പറഞ്ഞുകൊടുത്തും പുസ്തകങ്ങൾ വായിപ്പിച്ചും ശീലിപ്പിക്കാം. എഴുന്നേൽക്കുമ്പോഴും ഉറങ്ങുമ്പോഴും കഴിക്കുമ്പോഴുമെല്ലാം സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്ന ശീലം മാറ്റാം. അങ്ങനെ ചെറിയ ചില ശീലങ്ങളിലൂടെ കുഞ്ഞുന്നാൾ മുതലേയുള്ള ഫോൺ അടിമത്തത്തിൽനിന്നും കുട്ടികളെ മോചിതരാക്കാം.















