പൊലീസ് ഞെട്ടി, ദേശാഭിമാനിക്ക് മാത്രം അടിയന്തരാവസ്ഥ വാർത്തകളും ഇന്ദിരാ ഗാന്ധിയുടെ കാർട്ടൂണും


വി എ എൻ നമ്പൂതിരി
Published on Jun 25, 2026, 07:28 AM | 2 min read
1975 ജൂൺ 25 ന്ന് പ്രഖ്യാപിക്കപ്പെട്ട് 1977 മാർച്ച് വരെ നീണ്ടുനിന്ന ദേശീയ അടിയന്തരാവസ്ഥയെക്കുറിച്ച് ചില അനുഭവങ്ങൾ ഓർമിക്കുകയാണ്
അടിയന്തരാവസ്ഥ നിലവിൽ വന്നത് കൊണ്ട് പ്രശ്നങ്ങൾ ഒഴിവാക്കാൻ പുറത്തെങ്ങും പോകരുതെന്നാണ് ഡൽഹി സഖാക്കൾ നിർദേശം നൽകിയിരുന്നത്. എന്നാൽ ഡൽഹിയിൽ പലപ്പോഴായി വന്ന് പരിചയം ഉള്ളത് കൊണ്ടും അത്യാവശ്യമായത് കൊണ്ടും ഞാൻ പുറത്തിറങ്ങി. സ. എ കെ ജി താമസിക്കുന്ന 4 അശോക റോഡ് ബംഗ്ലാവിൽ പോകണം. പിന്നെ കൺവെൻഷൻ നടക്കാൻ നിശ്ചയിച്ച ' മാവലങ്കർ ഹാൾ ' സന്ദർശിക്കുകയും വേണം. മാവലങ്കർ ഹാളിന്ന് മുന്നിലെത്തിയപ്പോൾ അവിടം മുഴുവൻ പൊലീസ്. കൺവെൻഷന്റെ ബോർഡും വാൾ പോസ്റ്ററുമെല്ലാം താഴെ കിടക്കുന്നു. നാളെ കൺവെൻഷൻ നടക്കില്ലെന്ന് ഉറപ്പായി. അടിയന്തരാവസ്ഥയിൽ കൺവെൻഷനോ!
4 അശോക റോഡിൽ എത്തിയപ്പോൾ എ കെ ജി അവിടെയില്ല. കേരളത്തിലാണ്. അവിടെ തന്നെ താമസിക്കുന്ന ദേശാഭിമാനി ലേഖകൻ സ. നരിക്കുട്ടി മോഹനൻ ഉണ്ട്. അടിയന്തരാവസ്ഥ വാർത്ത അടക്കം വിവരങ്ങൾ കേരളത്തിൽ ദേശാഭിമാനിക്ക് അയക്കാൻ കഴിയാതെ വിഷമിക്കുന്നു. ടെലഗ്രാമും ട്രങ്ക് കാൾ എല്ലാം നിരീക്ഷിക്കപ്പെടും ഒന്നും കിട്ടുന്നുമില്ല. (മൊബൈൽ ഫോണുകൾ വന്നത് പിന്നീട് 20 വർഷങ്ങൾ കഴിഞ്ഞ ശേഷമാണ്)
അപ്പോഴാണ് എറണാകുളത്ത് നിന്നും എൻഎഫ്പിടിഇ നേതാവ് സ. കെ പ്രഭാകരൻ വിളിച്ചത്. നരിക്കുട്ടി ഫോൺ എനിക്ക് തന്നു. ഞാൻ സഖാവിനോട് സ്ഥിതിഗതികൾ പറയുകയും അടിയന്തരമായി കൊച്ചി ദേശാഭിമാനി കണക്ട് ചെയ്ത് തരാൻ പറയുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപനം, അറസ്റ്റ് ചെയ്യപ്പെട്ടവർ തുടങ്ങി എല്ലാ വിവരങ്ങളും നരിക്കുട്ടി വിശദമായി കൊച്ചി ദേശാഭിമാനിക്ക് നൽകി. പിറ്റേ ദിവസത്തെ 'ദേശാഭിമാനി'യിൽ മറ്റൊരു മലയാള പത്രത്തിലും ലഭിക്കാത്ത സുപ്രധാന വാർത്തകൾ. അറസ്റ്റ്ചെയ്യപ്പെട്ട നേതാക്കളുടെ ഫോട്ടോകൾ അടക്കം വന്നു. വാളും പിടിച്ച് ക്രൂര മുഖവുമായി നിൽക്കുന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കാർട്ടൂണും.
പൊലീസ് നരിക്കുട്ടിയെ ഒട്ടേറെ നേരം ചോദ്യം ചെയ്തു. വാർത്ത എങ്ങിനെ ദേശാഭിമാനിക്ക് കിട്ടിയെന്ന് തനിക്കറിയില്ലെന്നു സഖാവ് പറഞ്ഞു. ടെലഗ്രാമിനോ ട്രങ്ക് കോളിനോ തെളിവൊന്നുമില്ല താനും. വീണ്ടും ഒന്നോ രണ്ടോ തവണ ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും കിട്ടിയില്ല. അടിയന്തരാവസ്ഥ കഴിയുന്നത് വരെ ഞങ്ങൾ ആരും ഈ കാര്യം ആരോടും പറഞ്ഞതുമില്ല. അപ്പോഴേക്കും പത്രങ്ങൾക്ക് സെൻസറിങ്ങും ഏർപ്പെടുത്തിക്കഴിഞ്ഞു. ബന്ധപ്പെട്ട അധികാരികളെ കാണിച്ച് സെൻഷർ കഴിഞ്ഞു മാത്രമേ പത്രം ഇറക്കാൻ പറ്റുകയുള്ളു. ഈ സ്ഥിതി അടിയന്തരാവസ്ഥ കഴിയുന്നത് വരെ നില നിന്നു.
കൺവെൻഷൻ നടന്നില്ലെന്ന് പറയേണ്ടതില്ലല്ലോ. പക്ഷെ ഒരു കാര്യം സംഭവിച്ചു. കൺവെൻഷന്ന് വന്ന പല സഖാക്കളും അടിയന്തരാവസ്ഥക്കാലത്തു തടവിലാക്കപ്പെട്ടു. (തുടരും).
(രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സമുന്നത നേതാവായിരുന്നു ലേഖകൻ)
















