ad
Deshabhimani

Articles

തങ്ങളുടെതിൽ നിന്ന് വ്യത്യസ്തമായ ഒരു ഭരണക്രമം പിന്തുടരുന്നു എന്ന ഒറ്റക്കുറ്റം ചുമത്തി ക്യൂബക്കെതിരെ നടത്തുന്ന സമാനതകളില്ലാത്ത ആക്രമണത്തെ അപലപിക്കാനും ക്യൂബക്ക് സാമ്പത്തിക സഹായം എത്തിക്കാനും ജനാധിപത്യ സമൂഹമാകെ ഒന്നിച്ചുയരേണ്ട സമയമായിരിക്കുന്നു.

ക്യൂബ നേരിടുന്നത് സമാനതകളില്ലാത്ത ഉപരോധം

cuba

ക്യൂബ നേരിടുന്നത് സമാനതകളില്ലാത്ത ഉപരോധം

avatar
എ കെ രമേശ്‌

Published on Jan 02, 2026, 12:33 PM | 5 min read

ജോൺ ഗുന്തറിൻ്റെ യാത്രാ വിവരണ സീരീസ് ( Inside series ) പുറത്തിറങ്ങിയിട്ട് 6 ദശകങ്ങൾ കഴിഞ്ഞു കാണണം. ഇൻസൈഡ് സൗത്ത് അമേരിക്ക എന്ന പുസ്തകത്തിൽ ക്യൂബയെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെയാണ്: ക്യൂബ ഏത് നിമിഷവും പഴുത്തു വീഴാവുന്ന ഒരു പഴം പോലെ അമേരിക്കയുടെ കൈയ്യിലേക്ക് വന്നു വീഴുക തന്നെ ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. സ്പാനിഷ് സാമ്രാജ്യത്വവാദികൾക്ക് കാശ് കൊടുത്ത് കൈക്കലാക്കിയ ശേഷം ബാറ്റിസ്റ്റയെ പോലൊരു സാമന്തനെ ഏൽപ്പിച്ച കസ്തൂരി മാമ്പഴമാണ് കാക്ക കൊത്തിപ്പോയത്. അതാണ് കാസ്ട്രോയുടെയും സഹവിപ്ലവകാരികളുടെയും നേതൃത്വത്തിൽ എത്തിച്ചേർന്നത്. അതിൻ്റെ ചൊരുക്കായിരിക്കണം ജോൺ ഗുന്തറെക്കൊണ്ട് അന്ന് അങ്ങനെ പറയിച്ചത്. ക്യൂബൻ വിപ്ലവത്തെ പിറന്നപടി തന്നെ ഞെക്കിക്കൊല്ലാനുള്ള സാമ്രാജ്യത്വ ശ്രമങ്ങളെ സ്വന്തം ജനതയെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കുകയായിരുന്നു കാസ്ട്രോയും കൂട്ടരും.


2014 ലെ ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സന്ദർഭത്തിൽ നേരിട്ട് ബോധ്യപ്പെട്ടതാണ് കാസ്ട്രോയുടെ ജനകീയ പിന്തുണ. 2014 മെയ് 1 ന് പുലർച്ചെ 6 മണിക്ക് ആരംഭിച്ച മെയ് ദിന റാലിയിൽ പങ്കെടുത്ത ജനലക്ഷങ്ങളിൽ ഒഴുകിപ്പരന്നത് സാമ്രാജ്യത്വവിരുദ്ധതയാണ്, സോഷ്യലിസ്റ്റ് ആഭിമുഖ്യമാണ്. ആ മഹാറാലിയിൽ പങ്കെടുത്ത മുഴുവൻ ജനങ്ങളും ഒരേ പോലെ ഒരേ സാമ്രാജ്യത്വവിരുദ്ധ വികാരത്താൽ ആവേശഭരിതരായിരുന്നു. ഒന്നുകിൽ വലിയ പ്ലക്കാഡുകൾ, അല്ലെങ്കിൽ കാരിക്കേച്ചറുകൾ. ചിലരുടെ കൈയ്യിൽ വലിയ കരിമ്പിൻ തണ്ടുകൾ, ചിലരാകട്ടെ ഉയർത്തിപ്പിടിക്കുന്നത് ക്യൂബൻചുരുട്ടു ഡപ്പികൾ ! അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴടങ്ങാൻ തയാറല്ല എന്ന പ്രഖ്യാപനമായിരുന്നു ആ മഹാറാലി.


പതിനൊന്ന് വർഷങ്ങൾക്ക് ശേഷം പ്രശസ്ത പത്രപ്രവർത്തകൻ ഉല്ലേഖ് എഴുതിയ Mad about Cuba വായിച്ചപ്പോൾ ഇതെന്ത് മാറ്റമാണ് ക്യൂബയിൽ ഒരു ദശകം കൊണ്ടുണ്ടായത് എന്നോർത്ത് വേവലാതിപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് മനുഷ്യർ ഒന്നിച്ച് പ്രഖ്യാപിച്ച ആ അതിജീവന മന്ത്രം എങ്ങനെയാണ് 10 വർഷം കൊണ്ട് നേർത്ത് നേർത്തില്ലാതാവുന്നത് എന്നാണ് ഉല്ലേഖ് വരച്ചുകാട്ടിയത്.

ഹവാനയിലെ ഒരു ബാറിൽ പാതിരാ കഴിഞ്ഞ് അവസാന കുടിയനും യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷമാണ് ബാർ ഗേളിനോട് ഉല്ലേഖ് സംസാരിക്കുന്നത്. അവരുടെ എല്ലാ സുഹൃത്തുക്കളും ക്യൂബ വിട്ട് അതിസമ്പന്നരാജ്യ ങ്ങളിലേക്ക് കുടിയേറിയിരിക്കുന്നു. സിദ്ധാന്തം നല്ലതാണെന്നും പറഞ്ഞ് ഇനിയെത്ര കാലം ഇങ്ങനെ ദുരിതത്തിൽ കഴിയാനാവും എന്നാണ് അവർ ചോദിച്ചത്.


60 വർഷമായി തുടരുന്ന അമേരിക്കൻ ഉപരോധം ക്യൂബൻ ജീവിതത്തിൻ്റെ സമസ്ത മണ്ഡലങ്ങളെയും ബാധിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ആലോചനയിലേക്ക് മനുഷ്യർ മാറുന്നത്. പഴുത്ത പഴം കണക്കെ തങ്ങൾ വിരിച്ച വലയിലേക്ക് വീഴുക തന്നെ ചെയ്യുമെന്ന് 6 ദശകങ്ങളായി സാമ്രാജ്യത്വവാദികൾ പ്രതീക്ഷിച്ചു പോന്ന ക്യൂബയിൽ എന്താണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്? ക്യൂബയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് യു എൻ റാപ്പർട്ടിയർ അലീനാ ഡൗഹാൻ ഈയിടെ സമർപ്പിച്ച റിപ്പോർട്ട് അതിൻ്റെ സൂക്ഷ്മാംശങ്ങളാണ് പഠനവിധേയമാക്കുന്നത്. നവംബർ 11 മുതൽ 21 വരെ ക്യൂബൻ നഗരങ്ങളിലും ഗ്രാമങ്ങളിലും സന്ദർശനം നടത്തിയതിനു ശേഷമാണ് അവർ ആ റിപ്പോർട്ട് സമർപ്പിച്ചത്.


2018 ന് ശേഷം അമേരിക്ക ഉപരോധം കടുപ്പിക്കുകയായിരുന്നെങ്കിലും, 2021 ൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രം എന്ന പദവി ചാർത്തിക്കൊടുത്ത് അതി കർക്കശവ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയായിരുന്നു അമേരിക്ക എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.


"അത്യാവശ്യയന്ത്രോപകരണങ്ങൾ, സ്പെയർ പാർട്ടുകൾ, വൈദ്യുതി, വെള്ളം, ഊർജം, ഭക്ഷണം, മരുന്ന് എന്നിവയുടെ ദൗർലഭ്യത്തോടൊപ്പം ആരോഗ്യ പ്രവർത്തകരും എഞ്ചിനീയർമാരും അദ്ധ്യാപകരുമടക്കമുള്ള വിദഗ്ധ ത്തൊഴിലാളികളുടെ കുടിയേറ്റം കൂടി സംഭവിച്ചതോടെ ക്യൂബ ഒരു വലിയ മനുഷ്യാവകാശ പ്രതിസന്ധിയാണ് നേരിടുന്നത് എന്നാണ് യുഎൻ റാപ്പർട്ടിയറുടെ പ്രാഥമിക റിപ്പോർട്ട് പറയുന്നത്. 1917 ലെ ശത്രുക്കളുമായുള്ള കച്ചവടം സംബന്ധിച്ച Trading with the Enemy Act ഉം 1961 ലെ വിദേശസഹായ നിയമവും (Foreign Assistance Act ) പ്രകാരം തയാറാക്കിയ 1962 ലെ Cuban Assets Control Regulations (CACR) വഴിയാണ് അമേരിക്കയിലുള്ള എല്ലാ ക്യൂബൻ ആസ്തികളും മരവിപ്പിച്ചത്. ക്യൂബയുമായുള്ള ധനപരവും വാണിജ്യപരവുമായ എല്ലാ ഇടപാടുകളും അതുവഴി നിരോധിക്കുകയായിരുന്നു. അമേരിക്കയിലേക്കുള്ള ക്യൂബൻ കയറ്റുമതി അപ്പാടെ തടഞ്ഞു. ക്യൂബയുമായി ഡോളറിൽ ഇടപാട് നടത്തുന്നതിൽ നിന്ന് അമേരിക്കക്കാരും അല്ലാത്തവരുമായ മനുഷ്യരെ തടഞ്ഞു. അമേരിക്കൻ ഘടകസാമഗ്രികളോ, സാങ്കേതികവിദ്യയോ, പാറ്റൻ്റവകാശമോ 10 ശതമാനത്തിലേറെയുള്ള ചരക്കുകളൊന്നും ക്യൂബയിലേക്ക് കയറ്റുമതി ചെയ്യരുത് എന്നായി നിരോധനം.


1982 ലാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെൻ്റ് ക്യൂബയെ ഭീകര രാഷ്ട്മായി (State

Sponsor of Terrorism -SSOT) പ്രഖ്യാപിച്ചത്. വീണ്ടും 2021 ലും 2025ലും അത് ആവർത്തിക്കുകയും ചെയ്തു. അത് തുടരുന്നതിൻ്റെ ഫലമായി അതി കർക്കശമായ വ്യവസ്ഥകളാണ് അടിച്ചേൽപ്പിക്കപ്പെടുന്നത്. ക്യൂബൻ ഉപരോധത്തിൽ തങ്ങൾ പറയുന്നതപ്പടി അനുസരിക്കാത്ത അന്താരാഷ്ട്ര ബാങ്കുകൾക്ക് കനത്ത പിഴയാണ് അമേരിക്ക ചുമത്തിയത്. (അതിൻ പടി 2021 ന് ശേഷം 200 വിദേശബാങ്കുകളാണ് ക്യൂബയുമായുള്ള ബന്ധം വിച്ഛേദിച്ചിക്കാൻ നിർബന്ധിതമായത്.) ബി എൻ പി പാരിബാസിന് 2014 ൽ അടയ്ക്കേണ്ടി വന്ന പിഴ 890 കോടി ഡോളറാണ്. യൂനി ക്രെഡിറ്റ് 61.1 കോടി ഡോളർ പിഴയടച്ച് രക്ഷപ്പെട്ടതാണ്. ഇഎഫ് ജി ഇൻ്റർനാഷനൽ 30 ലക്ഷം ഡോളറാണ് അടച്ചത് എന്ന കാര്യവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


ഇങ്ങനെ നാനാവിധത്തിൽ ശ്വാസംമുട്ടിച്ച് ക്യൂബൻ സമ്പദ് വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിൻ്റെ ഭാഗമായി വലിയ വ്യാപാരക്കമ്മിയാണ് വന്നുപെട്ടത്. ആകാവുന്ന കയറ്റുമതി മുഴുവൻ നടത്തിയിട്ടും 2024 ൽ 536.8 കോടി ഡോളറാണ് ഇറക്കുമതിച്ചെലവിനായി ക്യൂബ ഇനിയും കണ്ടെത്തേണ്ടി വരുന്നത്. ഭാഗികമായി ഡോളറൈസ് ചെയ്യപ്പെട്ട ക്യൂബൻ നാണയത്തിൻ്റെ വിനിമയ നിരക്കും അനിശ്ചിതത്വത്തിലാണ്. അതുകൊണ്ടുതന്നെ ഇടക്കിടക്ക് അവമൂലനത്തിന് ( devaluation) വിധേയമാവുകയാണ് പെസോ. ഇതാകട്ടെ നിത്യജീവിതം ദുരിതമയമാക്കിത്തീർക്കുകയാണ്. അവശ്യ വസ്തുക്കളുടെ വില കുതിച്ചു കയറുന്നു. ഭക്ഷ്യ ദൗർലഭ്യം സ്ഥിതി കൂടുതൽ വഷളാക്കുന്നു.

ക്യൂബയിലെ 2025ലെ ശരാശരി ശമ്പളമാണെങ്കിൽ തീരെ അപര്യാപ്തമായ 6649 പെസോ മാത്രമാണ് എന്ന് റിപ്പോർട്ട് എടുത്തു പറയുന്നു.


വിദേശങ്ങളിൽ നിന്ന് ബന്ധുക്കളയക്കുന്ന കാശ് അമേരിക്കൻ ഉപരോധത്തിൻ്റെ പരിധിയിൽ പെടില്ല.പക്ഷേ വെസ്റ്റേൺ യൂനിയൻ പോലുള്ള റെമിറ്റൻസ് സേവനങ്ങൾ 2025 ഫെബ്രുവരിയോടെ അവസാനിപ്പിച്ചതോടെ, അതിനും വിലക്ക് വീണ മട്ടാണ്. ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതും യാത്രാ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചതും ക്രെഡിറ്റ് കാർഡ് ഇടപാടുകൾ പരിമിതപ്പെടുത്തിയതും കാരണം ക്യൂബയിലേക്കുള്ള ടൂറിസം തകർച്ചയെ നേരിടുന്നതായി റിപ്പോർട്ട് പറയുന്നു. രാജ്യത്തെ മൊത്തം ജിഡിപിയുടെ 10 ശതമാനം സംഭാവന നൽകുന്ന ഒരു മേഖലയെയാണ് ഇങ്ങനെ അംഗഭംഗപ്പെടുത്തുന്നത്.


അമേരിക്കൻ ഉപരോധം ഭയന്ന് ക്യൂബയിലേക്ക് ചരക്കുകൾ അയക്കാൻ വിദേശക്കമ്പനികൾ മടിക്കുകയാണ്. ഏറ്റ കയറ്റുമതി തന്നെയും ഏത് നിമിഷവും മുടങ്ങിയേക്കാം എന്ന ഭീതി നിലനിൽക്കെ, ദീർഘകാല പ്ലാനിങ്ങിനുള്ള സാധ്യത ഇല്ലാതായിരിക്കുന്നു. അമേരിക്കൻ ഉപരോധത്തിൻ്റെ അവ്യവസ്ഥിതത്വം കാരണം പശ്ചാത്തലമേഖലയിൽ വലിയ മുതൽമുടക്കാൻ മടിക്കുകയാണ് വിദേശ ക്കമ്പനികൾ. എപ്പോൾ വേണമെ ങ്കിലും ഉപരോധം കടുപ്പിക്കാം എന്ന സാഹചര്യത്തിൽ മുടക്കിയതൊക്കെ പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിൽ നിക്ഷേപിക്കുന്നതിന് വൈമുഖ്യം കാട്ടുകയാണ് കമ്പനികൾ.


രാജ്യത്തിൻ്റെ ജിഡിപിയുടെ ഏഴ് ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയെയും ഉപരോധം സാരമായി ബാധിച്ചു കഴിഞ്ഞു. സ്കൂളുകളിലും കോളേജുകളിലുമുള്ള കമ്പ്യൂട്ടറുകളിൽ പാതിയും പ്രവർത്തനക്ഷമമല്ലാതായി എന്നാണ് അലീനാ ഡൗഹാൻ വെളിപ്പെടുത്തുന്നത്. അമേരിക്കൻ ഘടകങ്ങളുടെയോ പാറ്റൻ്റിൻ്റെയോ 10 ശതമാനത്തിൽ കൂടുതൽ സാന്നിദ്ധ്യമുള്ള ചരക്കുകൾക്കുള്ള നിയന്ത്രണത്തിൽ പെടുന്നതുകൊണ്ട് പുതിയ ഹാർഡ് വെയറുകളും സോഫ്റ്റ് വെയറുകളും കിട്ടാനില്ലാതായിരിക്കുന്നു. 320 ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം തടയപ്പെട്ടിരിക്കുകയാണ്. ക്ലൗഡ് സേവനം തടസ്സപ്പെട്ടിരിക്കുന്നു.


കോവിഡ് കാലത്തും സാംക്രമികരോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോഴും ലോകരാജ്യങ്ങൾക്ക് വൈദ്യസഹായവുമായെത്തിയ ക്യൂബയിൽ ഇന്ന് ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലാണ്. 69 ശതമാനമാണ് മരുന്ന് ദൗർലഭ്യം എന്ന് റിപ്പോർട്ട് എടുത്തു പറയുന്നു. ക്യാൻസറിനും ഹൃദ്രോഗത്തിനും ഡെങ്കി പോലുള്ള മറ്റ് രോഗങ്ങൾക്കുമുള്ള മരുന്നുകൾക്കും നിവാരണ സാമഗ്രികൾക്കും കടുത്ത ക്ഷാമമാണ്. ഭക്ഷ്യസാധനങ്ങളും വിത്തുകളും രാസവളങ്ങളും മൃഗപരിപാലന വാക്സിനുകളും ഭക്ഷ്യസംസ്കരണ യന്ത്രങ്ങളും ഇറക്കുമതി ചെയ്യാനാവാ ത്തതുകൊണ്ട് കടുത്ത ഭകഷ്യപ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്. 2025 ൽ ഭക്ഷ്യോൽപാദന ത്തിൽ വന്ന ഇടിവ് 22 ശതമാനമാണ്. ഈ ഇടിവ് നികത്താൻ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുകയാണ്.70-80 ശതമാനം ഭക്ഷ്യസാധനങ്ങളും വിദേശത്ത് നിന്ന് ലഭിച്ചേ പറ്റൂ എന്ന അവസ്ഥയിലാണ് ഉപരോധം കടുപ്പിച്ച് ഒരു ജനതയെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുന്നത്. പാലും പാലുല്പന്നങ്ങളും ബീഫും പോർക്കു മടക്കം മിക്ക ഭക്ഷ്യസാധനങ്ങളുടെയും ഇറക്കുമതി ഗണ്യമായി കുറഞ്ഞ കാര്യവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതി സാധ്യമായ ഇനങ്ങൾക്ക് തന്നെ 45 ദിവസം മുൻകൂറായി കാശടയ്ക്കണം, അതിൻ്റെ സപ്ലൈയർമാർക്ക് പ്രത്യേക ലൈസൻസുണ്ടായിരിക്കണം. വളഞ്ഞ വഴിക്ക് നാടൊക്കെ ചുറ്റിയേ സാധനം ക്യൂബയിലെത്തൂ താനും.


സാമ്പത്തിക ഞെരുക്കം കാരണം കാശിന് ബുദ്ധിമുട്ടുന്ന ഒരു ഗവൺമെൻ്റിന് സ്വാഭാവികമായും പശ്ചാത്തല സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരി ക്കാനാവില്ല. പവർ പ്ലാൻ്റുകളും ശുദ്ധജല പദ്ധതികളും റോഡുകളും കെട്ടിടങ്ങളും എല്ലാം തന്നെ നിരന്തരമായ നവീകരണത്തിൻ്റെ അഭാവത്തിൽ തകർച്ച നേരിടുകയാണ്. ഇതിൻ്റെ ഭാഗമായി 18 മണിക്കൂർ 'ലോഡ് ഷെഡ്ഡിങ്ങിന് നിർബന്ധിതമാവുകയാണ് ക്യൂബ. കുടിവെള്ള ലഭ്യതയും തടസ്സപ്പെടുകയാണ്. ഇതിൻ്റെ നടുക്കാണ് നിരാശരായ സാങ്കേതിക വിദഗ്ധരുടെ ഒന്നിച്ചുള്ള കുടിയൊഴിച്ചു പോകലും മസ്തിഷ്ക ചോർച്ചയും. ഇതിൻ്റെ ഫലമായി ആരോഗ്യ- വിദ്യാഭ്യാസമേഖലകളിൽ 30 മുതൽ 50 ശതമാനം വരെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.


ഇങ്ങനെ സകല മേഖലകളിലും വിനാശം വിതയ്ക്കുന്ന അതിനീചമായ ഉപരോധം ഏർപ്പെടുത്തുന്നത് നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് എന്ന് യു എൻ റാപ്പർട്ടിയർ തന്നെ പറയുന്നുണ്ട്. ഇപ്പോൾ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, സർക്കാറേതര സ്ഥാപനങ്ങൾ, അക്കാദമിക്കുകൾ, വൈദ്യ സംഘങ്ങൾ, തുടങ്ങി വിവിധ വിഭാഗങ്ങളുമായി ചർച്ച ചെയ്ത് 2026 ൽ യു എൻ മനുഷ്യാവകാശ കൗൺസിലിന് സമർപ്പിക്കും. തങ്ങളുടെതിൽ നിന്ന് വ്യത്യസ്തമായ ഒരു ഭരണക്രമം പിന്തുടരുന്നു എന്ന ഒറ്റക്കുറ്റം ചുമത്തി ക്യൂബക്കെതിരെ നടത്തുന്ന സമാനതകളില്ലാത്ത ഈ ആക്രമണത്തെ അപലപിക്കാനും ക്യൂബക്ക് സാമ്പത്തിക സഹായം എത്തിക്കാനും ജനാധിപത്യ സമൂഹമാകെ ഒന്നിച്ചുയരേണ്ട സമയമായിരിക്കുന്നു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home