ad
Deshabhimani

Articles

സിആർഎസ് റിപ്പോർട്ട് കേരളത്തിന്‌ അഭിമാനം

സിആർഎസ് റിപ്പോർട്ട് കേരളത്തിന്‌ അഭിമാനം

crs report
avatar
ഡോ. ബി ഇക്ബാൽ

Published on May 16, 2025, 01:24 AM | 2 min read

ഇന്ത്യയിലെ കോവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കുകളേക്കാൾ പലമടങ്ങ് വലുതെന്ന് സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം (സിആർഎസ്) റിപ്പോർട്ട് ചെയ്യുന്നു. സിആർഎസ് പുറത്തുവിട്ട വൈറ്റൽ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2019നെ അപേക്ഷിച്ച്, 2021ൽ 19.7 ലക്ഷത്തോളം അധികമരണങ്ങൾ സംഭവിച്ചിട്ടുണ്ട്. 2019ലെയും 2021ലെയും സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റത്തിലെ മരണനിരക്കുകളെ സിആർഎസ് റിപ്പോർട്ടുമായി താരതമ്യംചെയ്താണ് ഔദ്യോഗിക കണക്കും അധികമരണവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തിയത്. സാധാരണഗതിയിൽ പ്രതീക്ഷിക്കാവുന്ന മരണത്തേക്കാൾ കൂടുതൽ കാണുന്ന മരണങ്ങളെയാണ്‌ അധികമരണങ്ങളായി കണക്കാക്കുന്നത്. മരണ റിപ്പോർട്ടിങ്ങിലെ പാകപ്പിഴകളോ മരണം മനഃപൂർവം മറച്ചുവയ്ക്കുന്നതോ കൊണ്ടാണ്‌ ഇങ്ങനെ വ്യത്യാസം ഉണ്ടാകുന്നത്‌.


കോവിഡ് കാലമായതുകൊണ്ടും ഇക്കാലത്ത് പലകാരണങ്ങൾമൂലമുള്ള മരണങ്ങൾ കുറയാൻ സാധ്യതയുള്ളതുകൊണ്ടും അധികമരണങ്ങളിൽ ഏതാണ്ടെല്ലാം കോവിഡ്മൂലമാണുണ്ടായതെന്ന് കരുതാവുന്നതാണ്. രാജ്യത്തെ ഔദ്യോഗിക കോവിഡ് മരണസംഖ്യ 3.3 ലക്ഷം മാത്രമായിരുന്നു. അതായത് അതിലും ആറുമടങ്ങോളം കൂടുതൽ പേർ (19.7 ലക്ഷം) കോവിഡ്മൂലം മരിച്ചതായി കണക്കാക്കാം.


ഗുജറാത്തിലാണ് മരണസംഖ്യയിൽ ഏറ്റവും വലിയ വ്യത്യാസമുള്ളത്. സർക്കാർ കണക്കുകൾ പ്രകാരം 5800 പേരാണ് 2021ൽ ഗുജറാത്തിൽ കോവിഡ് കാരണം മരണപ്പെട്ടത്. സിആർഎസ് റിപ്പോർട്ട് പ്രകാരം 2021ൽ ഏകദേശം രണ്ടുലക്ഷത്തോളം അധികമരണങ്ങൾ (44 മടങ്ങ്‌) സംഭവിച്ചിട്ടുണ്ട്. മധ്യപ്രദേശ് (18 മടങ്ങ്), പശ്ചിമബംഗാൾ (15 മടങ്ങ്), ബിഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കണക്കുകളിൽ വലിയ വ്യത്യാസമുണ്ട്. കണക്കുകൾ തമ്മിൽ ഏറ്റവും ചെറിയ വ്യത്യാസം കേരളം, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.


covid



കേരളത്തിൽ 44,721 കോവിഡ് മരണങ്ങളാണ്‌ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സിആർഎസ് വിവരമനുസരിച്ച് അത് 65,655 ആണ്‌. 1.5 മടങ്ങുമാത്രം കൂടുതൽ. കേരളത്തിലെ കോവിഡ് മരണ റിപ്പോർട്ടിങ്‌ താരതമ്യേന മെച്ചമായിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. എന്നാൽ, മറ്റ് സംസ്ഥാനങ്ങൾ ബോധപൂർവം കോവിഡ് മരണങ്ങൾ മറച്ചുവച്ചെന്ന്‌ ആരോപിക്കുന്നതും ശരിയാകണമെന്നില്ല. കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവ് ഫലം കണ്ടവരിലുള്ള മരണമാണ്‌ കോവിഡ് മരണമായി രേഖപ്പെടുത്തിയിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും ടെസ്റ്റിങ്ങിനുള്ള സൗകര്യമുണ്ടായിരുന്നില്ല. രോഗലക്ഷണമില്ലാതെ ധാരാളം പേർക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. സ്വാഭാവികമായും മരണകാരണം ഇത്തരക്കാരിൽ കോവിഡായി രേഖപ്പെടുത്തണമെന്നില്ല. ഇത് കുറയൊക്കെ കേരളത്തിലും സംഭവിച്ചതുകൊണ്ടാണ്‌ ഇവിടെയും അധികമരണങ്ങൾ സംഭവിച്ചിട്ടുള്ളത്. അതേയവസരത്തിൽ ഇപ്പോഴത്തെ കണക്കുതന്നെ കേരളത്തിന്റെ മികവിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അനുബന്ധരോഗങ്ങളുള്ള വയോജനങ്ങളുടെ എണ്ണവും ജനസാന്ദ്രതയും മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ കൂടുതലായിരുന്നിട്ടും കോവിഡ് മരണം നിയന്ത്രിച്ചുനിർത്താൻ കേരളത്തിന്‌ കഴിഞ്ഞെന്നും റിപ്പോർട്ടിൽനിന്ന്‌ മനസ്സിലാക്കാം.


കോവിഡ് രോഗവ്യാപനത്തെ നേരിടാൻ ആത്മവിശ്വാസത്തോടെ ഉചിതവും ഫലപ്രദവുമായ സംവിധാനങ്ങൾ സംഘടിപ്പിച്ച് തുടക്കത്തിലേ പ്രവർത്തനമാരംഭിച്ചതാണ് കേരളത്തിലെ കോവിഡ്നിയന്ത്രണ വിജയത്തിന് കാരണം. അതേയവസരത്തിൽ കേരളം ഒട്ടനവധി വെല്ലുവിളികളെയും നേരിട്ടിരുന്നു. ജനസാന്ദ്രത കൂടിയ സംസ്ഥാനമായതുകൊണ്ട് രോഗവ്യാ‍പനസാധ്യതയും പ്രായാധിക്യമുള്ളവരും പ്രമേഹം, രക്താതിമർദം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ രോഗങ്ങളുള്ളവരും കൂടുതലായതിനാൽ കോവിഡ് മരണസാധ്യതയും കേരളത്തിൽ കൂടുതലായിരുന്നു. പ്രവാസിജനങ്ങൾ കൂടുതലായതിനാൽ വിദേശരാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും രോഗവുമായി കൂടുതൽപേർ കേരളത്തിലെത്താൻ സാധ്യതയുമുണ്ടായിരുന്നു. ഇതെല്ലാം ഗൗരവമായി കണക്കിലെടുത്ത് തികച്ചും ശാസ്ത്രീയമായ കരുതൽനടപടിയാണ് സംസ്ഥാനസർക്കാർ സ്വീകരിച്ചത്.


കോവിഡിനെ നേരിടാൻ മുൻകൂട്ടിയുള്ള തയ്യാറെടുപ്പും രോഗവ്യാപനത്തിന്റെ ആരംഭഘട്ടത്തിൽ മാർച്ച് 19ന് തന്നെ ആരോഗ്യവകുപ്പ് ആരംഭിച്ച ‘ബ്രേക്ക് ദ ചെയിൻ’ പ്രചാരണപരിപാടികളും വയോജനങ്ങളെ മുഴുവൻ സംരക്ഷണ സമ്പർക്ക വിലക്കിനു വിധേയരാക്കാൻ കഴിഞ്ഞതും കോവിഡ് വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കിയതും കോവിഡ്‌ മരണം കുറയ്‌ക്കാൻ സഹായകമായി. അതുപോലെ, ഗുരുതര രോഗംബാധിച്ച ബഹുഭൂരിപക്ഷം പേർക്കും സർക്കാർ ആശുപത്രികളിൽത്തന്നെ വെന്റിലേറ്റർ സൗകര്യം, റെംഡസിവിർ തുടങ്ങിയ വിലകൂടിയ മരുന്നുകളുടെയും സഹായത്തോടെ മികച്ച ചികിത്സ, ഗാർഹികം, ഒന്നാം ഘട്ട–- രണ്ടാം ഘട്ട ചികിത്സാകേന്ദ്രങ്ങൾ എന്നിങ്ങനെ രോഗാവസ്ഥയനുസരിച്ച് രോഗബാധിതരെ തരംതിരിച്ച് പല തലങ്ങളിലായി പരിപാലിച്ചതും കേരളത്തിൽ കോവിഡ് മരണം കുറയ്‌ക്കുന്നതിനു സഹായിച്ചു.


രോഗവ്യാപനം ഏറ്റവും ഉയർന്നുനിന്ന ഘട്ടത്തിൽപ്പോലും മൊത്തം ചികിത്സാ സൗകര്യങ്ങളുടെ 60 ശതമാനത്തിൽ താഴെ മാത്രമാണ് ഉപയോഗിക്കേണ്ടിവന്നത്. കോവിഡ് വാക്സിനേഷൻ രണ്ട് ഘട്ടവും കേരളം ഉചിതമായ തരത്തിൽ നടപ്പാക്കി. ഒരു ഘട്ടത്തിലും ഗുരുതര രോഗം ബാധിച്ചവരുടെ എണ്ണം കോവിഡ് ചികിത്സയ്‌ക്കായി ലഭ്യമായ ആശുപത്രി ബെഡുകളുടേതിനേക്കാൾ കൂടുതലായിരുന്നില്ല. സാങ്കേതികമായി ഇതിനെ ‘ഫ്ലാറ്റനിങ്‌ ഓഫ് ദ കർവ്‌’ എന്നുപറയുന്നു.


അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങൾക്കുപോലും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല. ഈ വസ്തുതകൾ എല്ലാം കണക്കിലെടുക്കുമ്പോൾ കോവിഡ് നിയന്ത്രണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ സിആർഎസ് റിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുകയാണെന്ന് കാണാം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home