നിയമസഭാ തെരഞ്ഞെടുപ്പുകളും ഇടതുപക്ഷവും


എം എ ബേബി
Published on Mar 29, 2026, 11:04 PM | 4 min read
കേരളം, തമിഴ്‌നാട്, പശ്‌ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ കഴിഞ്ഞ വർഷം മധുരയിൽ നടന്ന സിപിഐ എം 24–-ാം പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയത്തിലെ കടമകൾക്ക് അനുസൃതമായാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
കേരളം
ഒരു പതിറ്റാണ്ടിലേറെയായി കോർപറേറ്റ്, വർഗീയ, സ്വേച്ഛാധിപത്യ സഖ്യത്തിനു കീഴിൽ അപകടകരമായ വലതുപക്ഷ വ്യതിയാനത്തിലേക്ക് രാജ്യം നീങ്ങുന്പോൾ, 2016 മുതൽ വർഗീയ അതിക്രമങ്ങൾ ഒന്നുപോലുമില്ലാത്ത സംസ്ഥാനമായി കേരളം നിലകൊള്ളുകയാണ്. തൊഴിലെടുക്കുന്ന മനുഷ്യർക്കെതിരെ രാജ്യത്തുടനീളം നിരന്തരം ആക്രമണം നടക്കുന്പോൾ കേരളത്തിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും എൽഡിഎഫ് സർക്കാരിനായി. 2016 മുതൽ തൊണ്ണൂറിലേറെ മേഖലകളിലാണ് വേതനവർധന നടപ്പാക്കിയത്. കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കിരയാകുന്ന ആശ, അംഗൻവാടി വർക്കേഴ്‌സ് പോലുള്ള സ്‌കീം തൊഴിലാളികളുടെ ഓണറേറിയം 2016ൽ 1000 രൂപയായിരുന്നത് 2026ൽ 8000 രൂപയാക്കി. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള പൊതു, സ്വകാര്യ സംരംഭങ്ങളുടെ വളർച്ചയ്‌ക്ക് അനുകൂലമായ അന്തരീക്ഷം കേരളത്തിലുണ്ടെന്ന് നിഷ്‌പക്ഷ ഏജൻസികൾപോലും അംഗീകരിച്ചിട്ടുണ്ട്.
പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവരെ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചത് ആ വിഭാഗത്തിന് സാമൂഹ്യനീതി ഉറപ്പാക്കാനുള്ള സുപ്രധാന ചുവടുവയ്‌പാണ്. അതിദാരിദ്ര്യനിർമാർജനം, ലൈഫ് മിഷൻ വഴി 5,00,364 വീട്, ഭൂരഹിതർക്ക് 4,56,000 പട്ടയം, 62 ലക്ഷം ഗുണഭോക്താക്കൾക്ക് 2000 രൂപവീതം സാമൂഹ്യസുരക്ഷാ പെൻഷൻ, 40 ലക്ഷത്തിലധികം പേർക്ക് സൗജന്യചികിത്സ എന്നിവയിലൂടെ ക്ഷേമരാഷ്‌ട്രം എന്ന സങ്കൽപ്പത്തെ എൽഡിഎഫ് സർക്കാർ അർഥപൂർണമാക്കി. ബിരുദതലംവരെ വിദ്യാഭ്യാസം സൗജന്യമാക്കി.
സ്‌ത്രീസുരക്ഷാ പദ്ധതിയിലൂടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമായ 35നും 60നും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്കും ട്രാൻസ്‌വിമണിനും ഇപ്പോൾ പ്രതിമാസം 1000 രൂപ ലഭിക്കുന്നു. കണക്ട് ടു വർക്ക് പ്രോഗ്രാമിലൂടെ നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏർപ്പെട്ടവർക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 1000 രൂപ ലഭിക്കുന്നു.
ഇതുകൂടാതെയാണ് ബജറ്റ് വകയിരുത്തലിനു പുറത്ത് 1,00,000 കോടി രൂപയുടെ പശ്ചാത്തല വികസന പദ്ധതികൾ. പത്താം ധന കമീഷൻ കേരളത്തിനുള്ള വിഹിതത്തിൽ 3.88 ശതമാനത്തിൽനിന്ന് 15–-ാം ധന കമീഷനിൽ 1.925 ശതമാനമായി കുറച്ച ഘട്ടത്തിലും കേരളം വലിയ മുന്നേറ്റമുണ്ടാക്കി. വെല്ലുവിളികൾ മറികടന്നാണ് കേരളത്തെ വിജ്ഞാന സന്പദ്‌വ്യവസ്ഥയാക്കാനും ഇടത്തരം വരുമാനമുള്ള വികസിത രാജ്യങ്ങളുടേതിന് സമാനമായ അടിസ്ഥാനസൗകര്യ വികസനവും മറ്റ് സൗകര്യങ്ങളുമുള്ള സമൂഹമാക്കി മാറ്റാനുമുള്ള ശ്രമവുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയത്. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ചില്ലിക്കാശുപോലും കേന്ദ്രസർക്കാർ അനുവദിക്കാതിരുന്നിട്ടും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന ടൗൺഷിപ് കെട്ടിപ്പടുത്തു. ഈ നേട്ടങ്ങളെല്ലാം മുന്നോട്ടുകൊണ്ടുപോകാനും തുടർച്ചയായ മൂന്നാം തവണയും എൽഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാനും സിപിഐ എം പോരാടുകയാണ്.
പശ്ചിമ ബംഗാൾ
പാർടി കോൺഗ്രസിന്റെ രാഷ്‌ട്രീയ പ്രമേയത്തിൽ നിരീക്ഷിച്ചതുപോലെ, "തൃണമൂൽ കോൺഗ്രസ് ക്രിമിനൽ-– അഴിമതി– -രാഷ്‌ട്രീയ കൂട്ടുകെട്ടിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്വേച്ഛാധിപത്യ പാർടിയാണ്. സിപിഐ എമ്മിനെ അരികുവൽക്കരിക്കുന്നതിനായി ടിഎംസി– ബിജെപി ദ്വന്ദ്വം നിലനിർത്താൻ ശ്രമിക്കുന്നു. അതിന്റെ ഫലമായി 2021 മുതൽ സിപിഐ എമ്മിന് നിയമസഭയിൽ പ്രാതിനിധ്യമില്ല. 15 വർഷമായി ബംഗാളിൽ പൊതുവിദ്യാഭ്യാസത്തിന്റെയും സ്‌ത്രീസുരക്ഷയുടെയും തൊഴിൽ– വ്യവസായ മേഖലയുടെയും അവസ്ഥ ദയനീയമാണ്. ജനങ്ങൾ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. സാമുദായിക ഐക്യത്തിന് പേരുകേട്ട സംസ്ഥാനത്ത് ഒന്നര പതിറ്റാണ്ടിനിടെ പലതവണ വർഗീയ അതിക്രമങ്ങളുണ്ടായി. സംസ്ഥാന സർക്കാർ പരാജയപ്പെട്ടിടത്ത്, സിപിഐ എം ബംഗാളിലെ ജനങ്ങളെ, പ്രത്യേകിച്ച് ചേരി നിവാസികൾ, അരികുവൽക്കരിക്കപ്പെട്ടവർ, ഗ്രാമീണ ദരിദ്രർ, യുവാക്കൾ, സ്‌ത്രീകൾ എന്നിവരെ ചേർത്തുപിടിച്ചു. പശ്ചിമ ബംഗാളിൽ, മുഖ്യമന്ത്രി മാധ്യമകോലാഹലം സൃഷ്‌ടിച്ചിട്ടും, എസ്‌ഐആറിനുശേഷം വോട്ടർമാരിൽ ഏകദേശം 8.30 ശതമാനം പേരും പട്ടികയിൽനിന്ന് പുറത്തായി.
ചുരുക്കത്തിൽ, നിയമസഭയിൽ സിപിഐ എം ഇല്ലാത്തതിന്റെ പ്രത്യേക സാഹചര്യത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ പ്രത്യാഘാതങ്ങൾ പ്രകടം. അതിനാൽ, ജനങ്ങളുടെ ഉപജീവന പ്രശ്നങ്ങൾ ഗൗരവമായി ചർച്ച ചെയ്യാൻ കഴിയുന്നതിന്, സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശബ്‌ദം വീണ്ടും നിയമസഭയിൽ മുഴങ്ങുന്നെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
തമിഴ്‌നാട്
ആർഎസ്‌എസും ബിജെപിയും വർഗീയ വിഷം പ്രസരിപ്പിക്കാൻ ശ്രമിക്കുന്ന തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിക്കൊപ്പമാണ് സിപിഐ എം. മധുര ജില്ലയിലെ തിരുപ്പറകുണ്ഡ്രത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് സൃഷ്‌ടിക്കുന്ന വിവാദം, സംഘർഷങ്ങളുണ്ടാക്കാൻ ഹിന്ദുത്വ– -മനുവാദി ശക്തികൾ നടത്തുന്ന ശ്രമങ്ങളിൽ ഏറ്റവും പുതുതാണ്. മൂന്ന് ക്ഷേത്രവും ഒരു ദർഗയും നിരവധി പുരാതന ജൈന ഗുഹകളുമുള്ള, സാമുദായിക ഐക്യത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ഈ സ്ഥലത്തെ "ദക്ഷിണേന്ത്യയുടെ അയോധ്യ' എന്ന് വിശേഷിപ്പിച്ച് പുറത്തുനിന്നുള്ള ആളെയിറക്കി പ്രകോപനം സൃഷ്‌ടിക്കാനാണ് ബിജെപി ശ്രമം. എന്നാൽ, മധുരയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങൾ വർഗീയ– വിദ്വേഷ രാഷ്‌ട്രീയത്തെ ശക്തമായി എതിർത്ത് ബഹുസ്വര പൈതൃകം ഉയർത്തിപ്പിടിക്കുകയാണ്. ഇൗ വിഷയം ശക്തമായി കൈകാര്യം ചെയ്യുന്ന ഡിഎംകെ സർക്കാരിന്റെ സമീപനം തികച്ചും മാതൃകാപരമാണ്.
24–ാം പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്‌ട്രീയ ലൈനിൽ വ്യക്തമായി പറയുന്നത് ‘‘ബിജെപിയെ ശക്തമായി എതിർക്കുന്ന പ്രാദേശിക പാർടികളുമായി പാർടി സഹകരിക്കും’’ എന്നാണ്. ‘‘ബിജെപിയെയും ഹിന്ദുത്വശക്തികളെയും ഒറ്റപ്പെടുത്തുന്നതിനും പരാജയപ്പെടുത്തുന്നതിനും ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിനും വർഗീയശക്തികളുടെ പ്രവർത്തനങ്ങൾക്കും എതിരെ നിരന്തര പോരാട്ടം ആവശ്യമാണ്’’ എന്നും അതിൽ കൃത്യമായി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടിൽ ഡിഎംകെ നയിക്കുന്ന മുന്നണി വീണ്ടും വിജയിക്കേണ്ടത് അനിവാര്യമാണ്.
അസം
എസ്‌ഐആറിന്റെ പേരിൽ അസമിൽ ബിജെപി സർക്കാർ മുസ്‌ലിങ്ങളെ വേട്ടയാടുകയാണ്. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ സ്ഥിതിഗതികൾ കൂടുതൽ മോശമാക്കുന്നു. ഇൗ സാഹചര്യത്തിലാണ് എ-ഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും കോടതിയുടെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ച് ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സിപിഐ എം സുപ്രീംകോടതിയെ സമീപിച്ചത്. ആറാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കപ്പെട്ട ഭൂമിയും പ്രകൃതിവിഭവങ്ങളും പിടിച്ചെടുക്കാൻ കോർപറേറ്റ് കൂട്ടാളികൾക്ക് അവസരമൊരുക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ വിദ്വേഷ പ്രചാരണം നടത്തുന്നത്. എൻപിആറുമായും എൻആർസിയുമായും ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ ആശങ്കകളുണ്ട്.
പുതുച്ചേരി
കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നതിന്റെ ചരിത്രമുള്ള നാടാണ് കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി. എൻഡിഎയുടെ ഭാഗമായിട്ടുള്ള ഇപ്പോഴത്തെ മുഖ്യമന്ത്രിപോലും പഴയ കോൺഗ്രസുകാരനാണ്. അവിടെയും ബിജെപിക്കും സഖ്യകക്ഷികൾക്കും എതിരെ പരമാവധി വോട്ടുകൾ സമാഹരിച്ച് അവരെ അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് നമ്മുടെ ലക്ഷ്യം.
ആർഎസ്‌എസ്– ബിജെപി ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇൗ തെരഞ്ഞെടുപ്പുകൾ സുപ്രധാനമാണ്. നമ്മുടെ പാർടിയുടെ സ്വതന്ത്രശക്തി വർധിപ്പിക്കുകയും അതുവഴി ഇടതുപക്ഷ ശക്തി വർധിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മാർച്ച് 24ന് നടന്ന ചലോ ദില്ലി– ജൻ ആക്രോശ് റാലിക്ക് മുന്നോടിയായി ജാർഖണ്ഡ് മുതൽ ജമ്മു കശ്‌മീർവരെയുള്ള സംസ്ഥാനങ്ങളിൽ സംസ്ഥാനതല ജൻ ആക്രോശ് ജാഥകൾ സംഘടിപ്പിച്ചിരുന്നു. അധ്വാനിക്കുന്ന മനുഷ്യരുടെ ജീവൽപ്രശ്‌നങ്ങൾ ഏറ്റെടുത്ത് നമ്മുടെ പാർടി നടപ്പാക്കുന്ന ‘ബഹുജന നയ'ത്തിനാണ് ഇത് അടിവരയിടുന്നത്. തെരഞ്ഞെടുപ്പ് പോരാട്ടംപോലെ ഇതും പ്രാധാന്യമുള്ളതാണ്.
രാജ്യമെങ്ങുമുള്ള പാർടി അംഗങ്ങൾ നമ്മുടെ രാഷ്‌ട്രീയ പ്രമേയത്തിന്റെ കടമകൾ നടപ്പാക്കുന്നതിനായി നമ്മൾ മുന്നോട്ടുവച്ച രാഷ്‌ട്രീയ ലൈനിൽ ഉറച്ചുനിന്ന് പൂർണ സമർപ്പണത്തോടെ ഇൗ പോരാട്ടം ഏറ്റെടുക്കേണ്ടതുണ്ട്. സഖാക്കളേ മുന്നോട്ട്!















