ad
Deshabhimani

Articles

നൂറ്റാണ്ടുകളായി തൊഴിലാളികൾ സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങളെയും പ്രധാന തൊഴിൽനിയമങ്ങളെയും റദ്ദാക്കിയാണ് കേന്ദ്രസർക്കാർ നാല്‌ ലേബർ കോഡുകൾ പാർലമെന്റിൽ പാസാക്കിയത്.

കേന്ദ്രത്തിന്റെ ലേബർ കോഡും കോർപറേറ്റ് ധാർഷ്‌ട്യവും 


job
avatar
വി ശിവൻകുട്ടി

Published on Jul 09, 2026, 10:35 PM | 2 min read

കൊച്ചിയിലെയും കോഴിക്കോട്ടെയും ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ആരോഗ്യ വിവരസാങ്കേതികവിദ്യാ കമ്പനിയായ ‘കോറോ ഹെൽത്തിൽ'നിന്ന് ഒരൊറ്റ ദിവസം എണ്ണൂറിലധികം ജീവനക്കാരെ തെരുവിലേക്കെറിഞ്ഞ സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കമ്പനിയുടെ വളർച്ചയ്ക്കായി രാപകലില്ലാതെ അധ്വാനിച്ച ഒരുകൂട്ടം യുവജനങ്ങളോടാണ് അമേരിക്കൻ കോർപറേറ്റ് മാനേജ്മെന്റ് ഈ കടുംകൈ ചെയ്തത്. നൂറുകണക്കിന് കുടുംബങ്ങളുടെ അടുക്കളയാണ് ഒരു ഇ–മെയിൽ സന്ദേശത്തിലൂടെ ഊതിക്കെടുത്തിയത്. ഇത് ഒരു കമ്പനിയിലെ പ്രശ്‌നമല്ല; മറിച്ച് കോർപറേറ്റ് ലാഭക്കൊതിയും കേന്ദ്രസർക്കാർ നടപ്പാക്കിയ തൊഴിലാളിവിരുദ്ധ നിയമങ്ങളും ചേരുമ്പോൾ നമ്മുടെ ഐടി മേഖല എങ്ങോട്ടുപോകുന്നു എന്നതിന്റെ കൃത്യമായ സൂചനയാണ്.


പതിവുപോലെ കഴിഞ്ഞ വെള്ളിയാഴ്‌ച ജോലിക്കെത്തിയ ജീവനക്കാരെ സിസ്റ്റത്തിൽനിന്ന് നിർബന്ധപൂർവം ലോഗ് ഔട്ട് ചെയ്യിപ്പിച്ചാണ് പിരിച്ചുവിടൽ ഉത്തരവ് നൽകിയത്. തിങ്കളാഴ്ച ഓഫീസിലെത്തിയ തൊഴിലാളികളെ സെക്യൂരിറ്റിയെയും ബൗൺസർമാരെയും ഉപയോഗിച്ച് ഗേറ്റിൽ തടഞ്ഞുനിർത്താനും കമ്പനിയുടെ ഐഡി കാർഡുകൾ ബ്ലോക്ക് ചെയ്യാനും മാനേജ്മെന്റ് കാണിച്ച ധാർഷ്ട്യം വച്ചുപൊറുപ്പിക്കാനാകില്ല. ബിസിനസ് കുറഞ്ഞതുകൊണ്ടാണ് ഈ നടപടിയെന്നാണ് കമ്പനി പറയുന്നത്. എന്നാൽ, ഉത്തർപ്രദേശിലും ബംഗളൂരുവിലും ഇതേ കമ്പനി പുതിയ നിയമനങ്ങൾ നടത്തുന്നുണ്ട്. അതായത്, കുറഞ്ഞ കൂലിക്ക് ആളുകളെ കിട്ടുന്നിടത്തേക്ക് ലാഭംകൊയ്യാൻ പോകുക, ചോരയൂറ്റിക്കുടിച്ചശേഷം പഴയ തൊഴിലാളികളെ കരിമ്പിൻചണ്ടിപോലെ വലിച്ചെറിയുക— ഇതാണ് ഇവരുടെ നയം. ഈ കമ്പനിയുടെ ചുവടുപിടിച്ച് മറ്റ് ഐടി കമ്പനികളും നാളെ ഇതേവഴി സ്വീകരിച്ചാൽ അഭ്യസ്തവിദ്യരായ യുവത്വത്തിന്റെ ഭാവി എന്താകും? ചോദിക്കാനും പറയാനും ആരുമില്ലെന്ന കോർപറേറ്റുകളുടെ അഹങ്കാരത്തിനുപിന്നിൽ കേന്ദ്രസർക്കാർ നൽകുന്ന രാഷ്ട്രീയപിന്തുണയുണ്ടെന്ന് വ്യക്തമാണ്.


ഭരണഘടനാവിരുദ്ധമായ 
ലേബർ കോഡുകൾ


നൂറ്റാണ്ടുകളായി തൊഴിലാളികൾ സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങളെയും പ്രധാന തൊഴിൽനിയമങ്ങളെയും റദ്ദാക്കിയാണ് കേന്ദ്രസർക്കാർ നാല്‌ ലേബർ കോഡുകൾ പാർലമെന്റിൽ പാസാക്കിയത്. കോർപറേറ്റുകൾക്ക് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്' അഥവാ ബിസിനസ് ചെയ്യാനുള്ള എളുപ്പം ഉറപ്പാക്കാനാണ് ഈ നിയമങ്ങൾ. എന്നാൽ, ഇതേപ്പറ്റി പഠിക്കാൻ എൽഡിഎഫ്‌ സർക്കാർ ജസ്റ്റിസ് വി ഗോപാല ഗൗഡ ചെയർമാനായ സമിതിയെ നിയോഗിച്ചു. സമിതി 2026 മാർച്ച് അഞ്ചി-ന് സമർപ്പിച്ച റിപ്പോർട്ടിൽ ഈ നിയമങ്ങളെ വളരെ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും നിർദേശക തത്വങ്ങളും ഉറപ്പുനൽകുന്ന സാമൂഹിക -സാമ്പത്തിക നീതിക്ക് ഈ ലേബർ കോഡുകൾ വിരുദ്ധമാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.


​നിയമങ്ങളിലെ പ്രധാന ഭീഷണികൾ ഇവയാണ്– തൊഴിൽസുരക്ഷിതത്വമില്ലായ്മ: പുതിയ നിയമങ്ങൾ മുതലാളിമാർക്ക് തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാനും കമ്പനികൾക്ക് എളുപ്പത്തിൽ പൂട്ടിക്കെട്ടാനും പരമാധികാരം നൽകുന്നു. തൊഴിലാളി എന്ന നിർവചനത്തിലെ മാറ്റം: ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പ്രകാരം, നിശ്ചിത വരുമാനപരിധിക്കുമുകളിലുള്ളവരെ ‘തൊഴിലാളി' എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു. ഇത് ഐടി മേഖലയിലെ ജീവനക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. തൊഴിൽനിയമങ്ങളുടെ പരിധി കുറയ്ക്കൽ: ഫാക്ടറീസ് ആക്ട്, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്‌സ് ആക്ട് തുടങ്ങിയവയിലെ പരിധി വർധിപ്പിച്ചതിലൂടെ ലക്ഷക്കണക്കിന് തൊഴിലാളികളെ നിയമത്തിന്റെ സംരക്ഷണവലയത്തിന് പുറത്താക്കി.


പ്രതിരോധത്തിന്റെ കേരള മാതൃക


കേന്ദ്രസർക്കാർ ലേബർ കോഡുകൾ കൊണ്ടുവന്നെങ്കിലും, തൊഴിലാളിപക്ഷത്ത് നിൽക്കുന്ന അന്നത്തെ എൽഡിഎഫ് സർക്കാർ അത് നോട്ടിഫൈ ചെയ്ത് നടപ്പാക്കാൻ തയ്യാറായില്ല. സർക്കാരിന്റെയോ ലേബർ ഡിപ്പാർട്ട്‌മെന്റിന്റെയോ മുൻകൂർ അനുമതിയില്ലാതെ ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് പൂർണമായും നിയമവിരുദ്ധമാണ്. സിഐടിയുവിന്റെയും മറ്റ് ട്രേഡ് യൂണിയനുകളുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രതിരോധത്തിന്റെയും ഇടപെടലിന്റെയും ഫലമായി പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ കമ്പനി നിർബന്ധിതമായിട്ടുണ്ട്. ​


​ഐടി മേഖലയിൽ യൂണിയനുകൾ പാടില്ലെന്ന കോർപറേറ്റ് തീട്ടൂരങ്ങളുടെ കാലം കഴിഞ്ഞു. തൊഴിൽസുരക്ഷിതത്വമില്ലെങ്കിൽ എന്ത് ആധുനികത പറഞ്ഞിട്ടും കാര്യമില്ലെന്ന് കോറോ ഹെൽത്തിലെ അനുഭവം ഐടി ജീവനക്കാരെ പഠിപ്പിക്കുന്നു. വർണപ്പകിട്ടുള്ള ഓഫീസുകൾക്കപ്പുറം തങ്ങളും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളാണെന്ന യാഥാർഥ്യം ഈ മേഖലയിലെ യുവത്വം തിരിച്ചറിയണം. കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയും കോർപറേറ്റുകളുടെ ധാർഷ്ട്യത്തിനെതിരെയും ശക്തമായ യൂണിയനുകളും സംഘടിതപോരാട്ടങ്ങളും ഐടി മേഖലയിലും ഉയർന്നുവരേണ്ടതുണ്ട്. എണ്ണൂറിലധികം വരുന്ന ഈ സഹോദരങ്ങളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുന്നതുവരെ, സിഐടിയു ഈ പോരാട്ടത്തിൽ മുൻപന്തിയിലുണ്ടാകും.​



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home