കോർപറേറ്റ് മാധ്യമങ്ങളും ഡിജിറ്റൽ അടിമത്തവും


ടി നരേന്ദ്രൻ
Published on Jun 12, 2026, 10:14 PM | 2 min read
വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിൽ അറിവാണ് ചൂഷണവസ്‌തു. പത്രം, റേഡിയോ, ടിവി, ഇന്റർനെറ്റ് എന്നിവയിലൂടെ വളർന്നുവികസിച്ച് നിർമിത ബുദ്ധിയിൽ എത്തിനിൽക്കുകയാണ് അറിവ്. ഏതു വിവരവും രഹസ്യസ്വഭാവത്തോടെ ഏതു വ്യക്തിയിലേക്കും എത്തിക്കാൻ കഴിയുന്ന ശക്തമായൊരു ഉപകരണമാണ് സ്‌മാർട്ട്ഫോൺ. ജനതയെ സ്വാധീനിക്കാനും അവരുടെ ജീവിതദിശയെ നിർണയിക്കാനും കഴിയുന്നവരായി പുതിയകാല മാധ്യമങ്ങൾ മാറി. സമൂഹമാധ്യമങ്ങൾക്ക് അസാധാരണമായ സ്വീകാര്യത കൈവന്നു. ട്രോളുകൾ, സിനിമകൾ, റീലുകൾ, സീരിയലുകൾ എന്നിവയുടെ പ്രതിപ്രവർത്തനം മനുഷ്യസ്വഭാവങ്ങളുടെയും മനോഭാവങ്ങളുടെയും ആകത്തുകയായി. ഉള്ളടക്കത്തിന്റെ തത്സമയ സ്വഭാവവും ഹ്രസ്വസംവേദന രൂപവുമാണ് അതിന്റെ സവിശേഷത. പ്രധാനപ്പെട്ട കച്ചവടരംഗംകൂടിയാണത്. സ്‌മാർട്ട്ഫോണിലൂടെ ലഭ്യമാകുന്ന വ്യക്തിഗതവിവരങ്ങൾ ഉപയോഗിച്ച് കൊമേഴ്സ്യൽ വസ്‌തുക്കളുടെ വിപണനത്തിനും അവസരമുണ്ട്. ഗൂഗിൾ, യൂട്യൂബ്, ആമസോൺ, ട്വിറ്റർ എന്നിവയിലൂടെ നിർവഹിക്കപ്പെടുന്ന ഓൺലൈൻ വ്യാപാരം അതിഭീമമാണ്.
കംപ്യൂട്ടർ അൽഗോരിതവും നിർമിത ബുദ്ധിയും ഉപയോഗിച്ച് ജനങ്ങളുടെ അഭിരുചിനിർമാണംപോലും സാധ്യമാകുന്നു. മനുഷ്യമനസ്സുകളെ കൂടുതൽ സ്വാധീനിക്കുന്നത് ചിത്രങ്ങളാണ്. ദൃശ്യങ്ങളുടെ സവിശേഷത, അത് മനുഷ്യരുടെ ഉപബോധമനസ്സിൽ ഏറെനാൾ ശേഖരിക്കപ്പെടും. അവിടെനിന്നാണ് ദൈനംദിന ബോധമനസ്സിലേക്ക് നിർദേശങ്ങൾ വരുന്നത്. നിരന്തരമായ അനുശീലനത്തിലൂടെ മനുഷ്യന്റെ മനോഭാവങ്ങളെ ചിട്ടപ്പെടുത്താമെന്നതാണ് വസ്‌തുത. അത്തരം പ്രയോഗത്തിലൂടെ നെയ്‌തെടുക്കുന്ന മാനസികവിപ്ലവത്താൽ രാഷ്‌ട്രത്തെത്തന്നെ മാറ്റാനാകുമെന്നതാണ് സ്ഥിതി. അസംഖ്യം ജനമനസ്സുകളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും കഴിവുള്ളവരായി മാധ്യമശൃംഖല മാറി. ജീവിതനന്മകളെയും സത്യങ്ങളെയും മൂടിവയ്‌ക്കാനും തിന്മകളെയും നുണകളെയും ലഘുതരമാക്കാനും ഈ ശൃംഖലയ്‌ക്ക് ശേഷിവന്നു. ദൃശ്യ–ശ്രാവ്യ മാധ്യമങ്ങളുടെ ഈയൊരു ഹിമാലയൻ സാധ്യത തിരിച്ചറിഞ്ഞപ്പോഴാണ് കോർപറേറ്റ് മുതലാളിമാർ കൃത്യമായ ലക്ഷ്യത്തോടെ ഈ രംഗത്തെത്തുന്നത്. രാഷ്‌ട്രീയ ഭരണനേതൃത്വങ്ങളുമായി വിലപേശാനും അവരെ ബ്ലാക്ക്‌മെയിൽ ചെയ്യാനും കഴിയുന്നവരായി മാധ്യമശൃംഖല രൂപപ്പെട്ടു. മാധ്യമങ്ങളെ ലിങ്ക് ചെയ്‌തുകൊണ്ടുള്ള പുതിയ കോർപറേറ്റ് ഭരണകൂട കൂട്ടുകെട്ട് ദുരൂഹമായൊരു ചൂഷണക്രമത്തിനാണ് വഴിയൊരുക്കുന്നത്.
ഹിപ്പോക്രസി
ജനങ്ങളുടെ കൂടെയെന്ന് തോന്നിപ്പിക്കുകയും അവരുടെ താൽപ്പര്യങ്ങൾ ഹനിക്കാൻ കൂട്ടുനിൽക്കുന്നതുമാണ് മാധ്യമരീതി. ബ്രിട്ടീഷുകാർ അവർക്കാവശ്യമായ കേവല ഗുമസ്‌തന്മാരെയാണ് നിർമിച്ചെടുത്തത്. നവഉദാര കാലത്ത് കാമ്പും കഴമ്പുമില്ലാത്ത മനുഷ്യരെ സൃഷ്‌ടിച്ചെടുക്കുന്ന രീതിയാണ് വൈവിധ്യമാർന്ന മാധ്യമരൂപങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. സുപ്രധാന ജീവിതപ്രശ്നങ്ങളെപ്പോലും തികഞ്ഞ ലാഘവത്തോടെ സമീപിക്കാനാണ് ഉപദേശം. എന്നാൽ, നിക്ഷിപ്ത താൽപ്പര്യക്കാർ ഉപരിതലത്തിൽ ഉയർത്തിക്കൊണ്ടുവരുന്ന നിസ്സാരസംഗതികളോട് അതിവൈകാരികതയോടെ സമീപിക്കാനുമാണ് പ്രേരണ. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് സാമാന്യവൽക്കരിക്കുന്ന രീതി സാർവത്രികമാക്കി. ഏതൊരു പ്രശ്നത്തിനും ഉറവിടമുണ്ട്, കാരണങ്ങളുമുണ്ട്. അവിടെ തിരുത്തൽ നടക്കുമ്പോഴാണ് ശാശ്വതപരിഹാരമുണ്ടാകുക. എന്നാൽ, അത്തരം വിശദാംശങ്ങളിലേക്ക് ഒരിക്കലും ശ്രദ്ധയോ കേന്ദ്രീകരണമോ ഉണ്ടാക്കുകയില്ല. പകരം ഗോസിപ്പുകളും നെഗറ്റീവിസവും കുത്തിനിറയ്‌ക്കുന്നു.
അരാഷ്‌ട്രീയം പറഞ്ഞ് വ്യക്തികളെ സ്വതന്ത്രരായും നിഷ്‌പക്ഷരായും നിർത്തിയാൽ അവർ വ്യവസ്ഥിതിയെ ചോദ്യംചെയ്യില്ല. മനുഷ്യമനസ്സുകളുടെ ഭാഷയെന്നത് കാഴ്‌ചകളും ചിത്രങ്ങളുമായതിനാൽ സ്‌ക്രീനുകളിലെ സംവേദനത്തിന് അക്ഷരങ്ങളേക്കാൾ വശീകരണശക്തിയുണ്ട്. നന്മതിന്മകളെ തിരിച്ചറിയാത്ത, കാമറക്കണ്ണുപോലുള്ള നിഷ്‌കളങ്കസംവിധാനമാണ് മനസ്സ്. എന്തുകണ്ടാലും കേട്ടാലും വിശ്വസിക്കും. ആവർത്തനങ്ങൾകൊണ്ട് അവ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയാൽ അത്തരം കാര്യങ്ങളുടെ വക്താവായി സ്വയം മാറുകയും ചെയ്യും. സ്‌ക്രീനിൽ തെളിഞ്ഞുവന്ന വർണക്കാഴ്ചകളും ചിത്രങ്ങളും മനുഷ്യരുടെ സ്വഭാവരൂപീകരണത്തിന്റെ സുപ്രധാന സ്വാധീന ഘടകങ്ങളായി തീർന്നത് ഈ വിധമാണ്. ടെലിവിഷനും യൂട്യൂബും ഗൂഗിളും സാമൂഹ്യ രാഷ്‌ട്രീയ പ്രക്രിയകളുടെയും ജനജീവിതത്തിന്റെയും സംവിധായകനും നിർമാതാക്കളുമായി മാറിയതിന്റെ പശ്ചാത്തലമിതാണ്.
പത്രത്തലക്കെട്ടുമാത്രം വായിച്ച് രാഷ്‌ട്രീയവിധിയെഴുത്ത് നിർവഹിക്കുന്ന രീതി സാർവത്രികമായി. വാട്സാപ് യൂണിവേഴ്സിറ്റി വിവരങ്ങളും സമൂഹമാധ്യമ ട്രോളുകളും മുഖ്യ വൈജ്ഞാനികനിഘണ്ടുവായി രൂപാന്തരപ്പെട്ടു. കുറ്റബോധമില്ലാതെ കള്ളം പറയാനും വിതണ്ഡാവാദങ്ങൾ നിരത്തി സ്വയം ന്യായം കണ്ടെത്താനും മറ്റുള്ളവരെ ചതിക്കാനും ഒരു മനഃക്ലേശവുമില്ലാതായി. ആശയക്കുഴപ്പങ്ങളും വിവാദങ്ങളും സൃഷ്‌ടിച്ചതോടെ, നിലപാടില്ലാത്തവരുടെ എണ്ണമാണ് കുതിച്ചത്. കാര്യങ്ങളെ തൊലിപ്പുറമെമാത്രം കാണുക, വിധിയെഴുതുക എന്നതാണ് സമൂഹമാധ്യമ മുഖ്യധാരാ മാധ്യമ സംയുക്ത സംരംഭത്തിന്റെ മുഖ്യ സിലബസ്. കോർപറേറ്റ് താൽപ്പര്യങ്ങളും അതിനുതകുന്ന വലതുപക്ഷ രാഷ്‌ട്രീയ പ്രോത്സാഹനവുമാണ് ലക്ഷ്യം.
ഇടതുപക്ഷത്തിനകത്തെ നേരിയ പിഴവുകളെ ക്ലോസ്‌അപ്പിലിട്ട് പർവതീകരിക്കും. അവയെ ആവർത്തിച്ചാവർത്തിച്ച് നീണ്ടകഥപോലെ നിരന്തരം അവതരിപ്പിച്ച് ജനമനസ്സുകളിൽ ബ്രാൻഡാക്കി നിക്ഷേപിക്കും. അതേസമയം, വലതുപക്ഷതിന്മകളുടെ മഹാസഞ്ചയത്തെ കൗശലത്തോടെ കാണാമറയത്ത് പൂഴ്‌ത്തിവയ്‌ക്കും. അപരസ്‌നേഹവും ഊഷ്‌മള സാമൂഹ്യബന്ധവും പുലർത്തുന്ന സുസംഘടിത പ്രസ്ഥാനങ്ങൾക്കുമാത്രമേ കൃത്യമായ ബദലാകാൻ കഴിയൂ. ജനത വന്നകപ്പെട്ടിട്ടുള്ള ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാനുള്ള സൂക്ഷ്‌മതല പരിശ്രമങ്ങൾ കൃത്യമായ ദിശാബോധത്തോടെ ശക്തിപ്പെടുത്തുകയും വേണം. ഡിജിറ്റൽ അടിമത്തം വ്യക്തികളെ കേന്ദ്രീകരിച്ചാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. അതിനാൽ വഞ്ചനയ്‌ക്ക് വിധേയരാകുന്ന നിഷ്‌കളങ്കരെ മോചിപ്പിക്കാൻ സമഗ്രവും ഉൾച്ചേർന്നതുമായ പ്രതിരോധം ഓരോ വ്യക്തിയിലേക്കും സന്നിവേശിപ്പിക്കേണ്ടതുണ്ട്.















