പ്ലീസ്... ഒരു മുദ്രാവാക്യം ?


സി കെ ദിനേശ്
Published on Nov 18, 2025, 10:44 PM | 2 min read
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് സുനിൽ കനുഗോലു പുതിയ തന്ത്രങ്ങൾ ഉപദേശിച്ചുവെന്നാണ് കോൺഗ്രസിൽനിന്നുള്ള പുതിയ വാർത്ത. മുത്തശ്ശിപ്പാർടിയുടെ പാരന്പര്യവും പരിണതപ്രജ്ഞരായ നേതാക്കളും പറയുന്നതല്ല, തന്ത്രജ്ഞൻ പറയുന്നത് പ്രമാണം. ബിഹാറിൽ എഐസിസി ചുമതലക്കാരനായ കെ സി വേണുഗോപാലും തന്ത്രജ്ഞനും ഉപദേശിച്ച് പാർടിയെ ഒരു വഴിക്കാക്കിയത് കണ്ടു. ഉണ്ടായിരുന്ന സീറ്റുപോലും കൈയിൽനിന്ന് പോയി.
എന്താണ് കേരളത്തിലെ തന്ത്രമെന്നല്ലേ? ഒന്നാം പിണറായി സർക്കാരിനെതിരെ നടത്തിയ ക്യാന്പയിൻ മൊത്തം പൊളിഞ്ഞു, തിരിച്ചടിച്ചു. ആ രീതി വേണ്ട! അന്നത്തെ തെറ്റായ പ്രചാരണത്തിന് കാരണം മുതിർന്ന നേതാവ് എം എം ഹസ്സനാണ് എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഒന്നാം പിണറായി സർക്കാരിന്റെ ലൈഫ് മിഷനും ആർദ്രം മിഷനും അടക്കം എല്ലാ പുതിയ പദ്ധതികളും ഞങ്ങളുടെ സർക്കാർ വന്നാൽ നിർത്തുമെന്നായിരുന്നു ഹസ്സന്റെ പ്രസ്താവന. പാവപ്പെട്ടവർക്ക് വീട് ഉറപ്പാക്കുന്ന പദ്ധതിയാണ് ലൈഫ് മിഷൻ. പ്രഖ്യാപിക്കുകമാത്രമല്ല, പൂർത്തിയായവയും നിർമാണത്തിലിരിക്കുന്നവയുമായി ലക്ഷക്കണക്കിന് വീടുകൾ അന്നുണ്ട്. 2011–16ലെ കുത്തഴിഞ്ഞ പൊതുജനാരോഗ്യ സംവിധാനത്തെ കരകയറ്റിയ പദ്ധതിയാണ് ആർദ്രം മിഷൻ. ഇതെല്ലാം ജനത്തിന്റെ കൺമുന്നിലുള്ളപ്പോഴാണ് കോൺഗ്രസിന്റെ ഇൗ പ്രഖ്യാപനം. വാസ്തവത്തിൽ കോൺഗ്രസിന്റെ രാഷ്‌ട്രീയകാര്യസമിതിയിൽ വന്ന ചർച്ചയാണ് തെരഞ്ഞെടുപ്പുപ്രചാരണ വിഷയങ്ങൾ. ഹസ്സന്റെ പെടലിയിലിട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഇവരുടെയെല്ലാം മുകളിലായി അവതരിച്ചിട്ടുള്ള കെ സി വേണുഗോപാലും ഇപ്പോൾ രക്ഷപ്പെടുന്നുവെന്നേയുള്ളൂ.
‘‘സ്നാപകയോഹന്നാനെ പഴയ നിയമത്തിൽ തിരുകിയാലും പറയുന്നത് ഹസ്സനാണെങ്കിൽ ആരും അത് കാര്യമാക്കുകയില്ല. ’’ (മണ്ടത്തരമാണെങ്കിലും ഹസ്സനല്ലേ എന്നു കരുതി ക്ഷമിക്കുമെന്ന്). 2020–21 തെരഞ്ഞെടുപ്പുകാലത്തും സംഭവിച്ചത് അതാണ്
ഹസ്സൻ പണ്ടും അങ്ങനെയാണെന്നാണ് ചില കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. മന്ത്രിയായിരുന്ന ഹസ്സൻ നിയമസഭയിൽ ‘പണം കടംകൊടുപ്പുകാർ (ഭേദഗതി) ബിൽ’ അവതരിപ്പിച്ച വേളയിൽ നടത്തിയ പ്രസംഗത്തിലെ ബൈബിൾ പ്രയോഗത്തെക്കുറിച്ച് ഡി ബാബുപോൾ എഴുതിയത് ഇങ്ങനെ: ‘‘സ്നാപകയോഹന്നാനെ പഴയ നിയമത്തിൽ തിരുകിയാലും പറയുന്നത് ഹസ്സനാണെങ്കിൽ ആരും അത് കാര്യമാക്കുകയില്ല. ’’ (മണ്ടത്തരമാണെങ്കിലും ഹസ്സനല്ലേ എന്നു കരുതി ക്ഷമിക്കുമെന്ന്). 2020–21 തെരഞ്ഞെടുപ്പുകാലത്തും സംഭവിച്ചത് അതാണ്. പറയാനുള്ളത് ഹസ്സനെക്കൊണ്ട് പറയിപ്പിച്ചു! അതാണ് ഇപ്പോൾ തിരിച്ചടിച്ചുവെന്ന് കനുഗോലു കണ്ടെത്തിയിരിക്കുന്നത്.
അതായത്, ലൈഫ് പദ്ധതിപ്രകാരം വീട് കിട്ടിയവരും ഇനി കിട്ടാനുള്ളവരുമായ ലക്ഷക്കണക്കിന് പാവപ്പെട്ടവർ യുഡിഎഫിനെ വിശ്വസിച്ചാൽ ഇൗ പദ്ധതി മുടങ്ങുമെന്ന് ഭയന്നു. സർക്കാർ ആശുപത്രികൾ പഴയതുപോലെ തെരുവുനായ പെറ്റുകിടക്കുന്ന ഇടമാകുമെന്ന് അവർ തിരിച്ചറിഞ്ഞു. സാധാരണക്കാരുടെ മക്കൾ മികച്ച വിദ്യാഭ്യാസം സൗജന്യമായി നേടുന്ന പൊതുവിദ്യാലയങ്ങളെ കൊലയ്ക്ക് കൊടുക്കുമെന്ന് മുൻകാല ഭരണാനുഭവം വച്ച് അവർ ഉൗഹിച്ചു. കിഫ്‌ബി വഴിയുള്ള റോഡുകൾ, പാലങ്ങൾ... ഇതൊന്നും സമ്മതിക്കില്ലെന്ന് പറയുന്ന ക്യാന്പയിൻ സ്വാഭാവികമായും തിരിച്ചടിക്കില്ലേ? അതുകൊണ്ട് പുതിയ മുദ്രാവാക്യങ്ങൾ ഉണ്ടാക്കണം. കനുഗോലുവിന് ബുദ്ധിയില്ലെന്നുമാത്രം ആരും പറയരുത്.
ഇന്ത്യയിൽ കോൺഗ്രസ് മെലിഞ്ഞുമെലിഞ്ഞ് പൊട്ടുകുത്താൻ പാകത്തിനായത്, അധികാരം കൈയിലുള്ള കാലം അത് ജനങ്ങൾക്കുവേണ്ടി തെല്ലും പ്രയോഗിക്കാത്തതുകൊണ്ടാണ്. തന്ത്രങ്ങൾ ഉണ്ടാക്കാൻ മുദ്രാവാക്യങ്ങൾ തേടി അലയേണ്ട ഗതികേടുവന്നതും അതുകൊണ്ടാണ്
പക്ഷേ, യുഡിഎഫിന്റെ ഇപ്പോഴത്തെ മുദ്രാവാക്യങ്ങൾ കനുഗോലു കേട്ടുകാണുമോ ആവോ! അതിലൊന്ന് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനംതന്നെ തട്ടിപ്പാണെന്നാണ്. ദേശീയ മാധ്യമങ്ങൾമാത്രമല്ല, അന്താരാഷ്‌ട്ര മാധ്യമങ്ങൾവരെ അന്വേഷിച്ച് വസ്തുത ബോധ്യപ്പെട്ട് റിപ്പോർട്ട് ചെയ്ത് സർക്കാരിനെ പ്രശംസിച്ച നേട്ടം. അത് തട്ടിപ്പാണെന്ന് ജനങ്ങളോട് പറഞ്ഞുകഴിഞ്ഞു, യുഡിഎഫ്. വാഗ്ദാനം ചെയ്തതുപ്രകാരം ക്ഷേമപെൻഷൻ 1600ൽനിന്ന് 2000 ആക്കിയപ്പോൾ ഉടനെ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു: ‘ക്ഷേമപെൻഷൻ വർധന കൈക്കൂലിയാണ്.’ കേരളത്തിലെ ജനങ്ങളെ കൈപിടിച്ചുയർത്തുന്നവയാണ് ഇൗ പദ്ധതികളെല്ലാം. ഇവയെല്ലാം തട്ടിപ്പോ കൈക്കൂലിയോ ആണെന്ന് പരിഹസിക്കുന്നവരുടെ മുൻകാല നിലപാടുകൾ അവരുടെ ഭരണകാലത്ത് കേരളം കണ്ടതാണ്. മുദ്രാവാക്യം മാറ്റിയതുകൊണ്ടുമാത്രമായില്ല കനുഗോലൂ, ജനങ്ങളുടെ ഇടയിൽനിന്ന് പ്രവർത്തിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പാർടിയും അധികാരവുംമറ്റും. ഇന്ത്യയിൽ കോൺഗ്രസ് മെലിഞ്ഞുമെലിഞ്ഞ് പൊട്ടുകുത്താൻ പാകത്തിനായത്, അധികാരം കൈയിലുള്ള കാലം അത് ജനങ്ങൾക്കുവേണ്ടി തെല്ലും പ്രയോഗിക്കാത്തതുകൊണ്ടാണ്. തന്ത്രങ്ങൾ ഉണ്ടാക്കാൻ മുദ്രാവാക്യങ്ങൾ തേടി അലയേണ്ട ഗതികേടുവന്നതും അതുകൊണ്ടാണ്.














