സഖാവ് പുഷ്‌ൻ... അമരജീവിതം


വി കെ സനോജ്
Published on Sep 27, 2025, 10:28 PM | 2 min read
സഖാവ് പുഷ്‌പേട്ടൻ കഴിഞ്ഞവർഷം ഇതേദിവസം ബാക്കിവച്ചുപോയത് ഓർമകൾമാത്രമല്ല, നിറയെ ചുവന്ന സ്വപ്‌നങ്ങൾ കാണുന്ന ലോകത്തിന് നിരന്തരം ആവേശംകൊള്ളിക്കുന്ന അപൂർവമായൊരു ജീവിതകഥകൂടിയാണ്. അതിന്റെ അധ്യായങ്ങൾ ഇനിയും കേരള മനസ്സാക്ഷിക്ക് വായിച്ചുതീർക്കാനായിട്ടില്ല. മുദ്രാവാക്യമായും ഗാനശകലമായും പെയ്‌തുതീരാത്ത സമരമായും ആവേശമുതിർക്കുന്ന ചുവന്ന റോസാദളമായും പുതുക്കുടി പുഷ്‌പേട്ടൻ പിന്നെയും പിന്നെയും തലമുറകൾക്ക് ആവേശം പകരുന്നു.
1994ലെ നവംബറിൽ കൂത്തുപറമ്പിന്റെ തെരുവിൽ വെടിയേറ്റുവീണ അദ്ദേഹം, തുടർജീവിതംകൊണ്ടും മരണാനന്തരവും തന്റെ പ്രത്യയശാസ്ത്രത്തിന് വളമിട്ടുകൊണ്ടേയിരിക്കുന്നു. രക്തസാക്ഷിക്കുന്നിലെ ഒറ്റമരമാണ് പുഷ്‌പൻ. തേൻ പൊഴിച്ചും പൂക്കൾ വർഷിച്ചും ആ തണൽ ഞങ്ങൾക്ക് ശ്വാസംപകരുന്നു. ചൂടുള്ള ഇന്ത്യൻ വർത്തമാനത്തിൽ, ഞങ്ങൾ യുവാക്കൾ എന്തുകൊണ്ട് ജീവിതസമരം തുടരണമെന്ന ചോദ്യത്തിന്റെ മഹത്തായ ഉത്തരംകൂടിയാണ് ആ രക്തസാക്ഷിജീവിതം.
വർഗീയതയ്‌ക്കും തൊഴിലില്ലായ്മയ്‌ക്കും എതിരെ, സ്ഥിരം തൊഴിലും സാമൂഹ്യസുരക്ഷിതത്വവും ആവശ്യപ്പെട്ട് ‘Undoing Unemployment’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ കഴിഞ്ഞ ജൂലൈ 19ന് ഡൽഹിയിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്തി. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചും തൊഴിലുകൾ കരാർവൽക്കരിച്ചും യുവജനങ്ങളുടെ തൊഴിൽ എന്ന സ്വപ്‌നത്തെ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരായ പോരാട്ടം നാം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേയിലെ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെയും നിലവിലുള്ള തസ്തികകൾ വെട്ടിക്കുറച്ചും കരാർവൽക്കരണത്തിലൂടെ സ്ഥിരംതൊഴിൽ അട്ടിമറിച്ചും യുവജനങ്ങളെ കേന്ദ്രസർക്കാർ നരകിപ്പിക്കുകയാണ്. കൂടാതെ സൈന്യത്തിലും മറ്റ് കേന്ദ്രസർക്കാർ സർവീസുകളിലും തൊഴിൽനിഷേധം തുടരുകയാണ്.
പോരാട്ടമല്ലാതെ മാർഗങ്ങളില്ലാത്ത കാലത്ത് ഇത്തരം അനീതികൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് ഊർജവും ആവേശവുമാണ് സഖാവ് പുഷ്പന്റെ ഓർമകൾ. ജനകീയസമരങ്ങളെ തോക്കുകൊണ്ട് നേരിടുന്ന പൊലീസ് നയമാണ് കോൺഗ്രസ് ഭരണകാലത്തെന്ന ഓർമപ്പെടുത്തൽകൂടിയാണ് കൂത്തുപറമ്പും പുഷ്‌പേട്ടനും. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് ഇടതുപക്ഷ സർക്കാരിന്റെ പൊലീസ് നയത്തെ അപഹസിക്കുന്ന വലതുപക്ഷം, മറക്കാൻ ആഗ്രഹിക്കുന്ന അധ്യായംകൂടിയാണ് പുഷ്‌പേട്ടന്റെ ജീവിതം. മറക്കാൻ പാടില്ലാത്ത ഇന്നലെകളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു എന്നതാണ് ആ രക്തസാക്ഷിത്വത്തിന്റെ സമകാലിക പ്രസക്തി.
വർഗീയതയുടെ മറപിടിച്ച് നവഉദാരവാദ സാമ്പത്തികനയങ്ങൾ ഇന്ത്യൻ ഭരണകൂടം അടിച്ചേൽപ്പിക്കാൻ തുടങ്ങുന്ന കാലത്താണ് കൂത്തുപറമ്പ് വെടിവയ്‌പ് നടന്നത്. ഇന്നും തുടരുന്ന കോർപറേറ്റ്-–വർഗീയ കൂട്ടുകെട്ടുകൾക്ക് എതിരെയുള്ള സമരങ്ങൾക്ക് ഊർജം നൽകുന്നതാണ് സഖാവ് പുഷ്പന്റെ ഓർമകൾ. ശയ്യാവലംബിയാണെങ്കിലും ഏറെ അടുപ്പമുള്ളവരുടെ ജീവിതത്തിനുമേൽ വലിയ കരുതലും സഖാവിൽനിന്നുണ്ടായി. സ്വന്തം ജീവിതത്തിൽ പ്രതിസന്ധികളും പ്രയാസങ്ങളും വരുമ്പോൾ, പരിചയമുള്ള ഓരോരുത്തരും ഓർമിച്ചുപോകുന്ന, താരതമ്യം ചെയ്യുന്ന ജീവിതംകൂടിയായിരുന്നു പുഷ്‌പേട്ടന്റേത്.
കൂത്തുപറമ്പ് സമരത്തെ വളച്ചൊടിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ പലവട്ടം ശ്രമിച്ചിട്ടും താൻ വിശ്വസിച്ച പ്രസ്ഥാനത്തിനെതിരെ ഒരു വാക്കുപോലും സഖാവിൽനിന്ന് ഉണ്ടായില്ല. എഴുന്നേറ്റ് നടക്കാൻ കഴിയുന്ന ഒരു കാലമുണ്ടായാൽ കൂത്തുപറമ്പിന്റെ മണ്ണിൽ പിടഞ്ഞുമരിച്ച സഖാക്കൾ കെ കെ രാജീവന്റെയും റോഷന്റെയും ബാബുവിന്റെയും മധുവിന്റെയും ഷിബുലാലിന്റെയും വീടുകളിൽ പോകണമെന്നും അവരുടെ സ്മൃതിമണ്ഡപത്തിനരികിൽ കുറച്ചുനേരം ഇരിക്കണമെന്നും പുഷ്‌പേട്ടൻ ആഗ്രഹിച്ചു.
സാമ്രാജ്യത്വ വെറി പലസ്‌തീനിലുംമറ്റും ശിശുഹത്യകൾ നടത്തുന്പോൾ, ഇന്ത്യയിലെ വർഗീയ വലതുപക്ഷം അതിന് വീണ വായിക്കുന്പോൾ നാം നിശ്ശബ്ദരാകാൻ പാടില്ലെന്ന ആഹ്വാനവുംകൂടിയാണ് പുഷ്‌പേട്ടന്റെ രക്തസാക്ഷിത്വവാർഷികം. പുരോഗമനകേരളം ഇടത്തോട്ടുമാത്രം സഞ്ചരിക്കാൻ വെന്പുന്ന വർത്തമാനകാലത്ത്, കേരളത്തിനായും രാജ്യത്തിനായും പോരാടുന്ന ഹൃദയങ്ങൾക്ക് മികച്ച പാഠപുസ്തകംകൂടിയാണ് ആ ജീവിതം. പ്രിയസഖാവേ... താങ്കൾക്ക് മരണമില്ല. ഇനി വരുന്ന ഓരോ പോരാളിയിലും നിങ്ങൾ ജീവിക്കും. തുടരുന്ന മനുഷ്യവിമോചന പോരാട്ടങ്ങളിൽ ഉച്ചത്തിലുയരുന്ന മുദ്രാവാക്യമായി താങ്കൾ പടരും.














