പച്ചയ്‌ക്കുണങ്ങുന്ന കെനിയ

ഗയ പുത്തലത്ത്
Published on Mar 08, 2026, 09:50 PM | 2 min read
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും അത് പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതവും ജനങ്ങൾക്ക് വലിയ ഭീഷണിയായി മാറുകയാണ്. അതുകൊണ്ടുതന്നെ ലോകം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമായി കാലാവസ്ഥാ വ്യതിയാനം മാറുന്നു. ഉഷ്ണതരംഗങ്ങൾ, കനത്ത മഴ, വെള്ളപ്പൊക്കം, കാട്ടുതീ, വരൾച്ച തുടങ്ങി വ്യത്യസ്‌തങ്ങളായ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് മുമ്പെങ്ങുമില്ലാത്തവിധം ഉണ്ടാകുന്നത്. ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ജനങ്ങൾ ഏറ്റവും രൂക്ഷമായി ഇൗ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. 25 വർഷത്തിനുള്ളിലെ ഏറ്റവും രൂക്ഷമായ മഴക്കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ജനുവരി ഏറ്റവും ചൂടേറിയ മാസമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വരണ്ട കാലാവസ്ഥ മൂലം പലയിടത്തും ജലക്ഷാമവും ഭക്ഷ്യക്ഷാമവും നേരിട്ടു.
നദികളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്‌ന്നു. കെനിയയിൽ ഡിസംബർ മുതൽ ഫെബ്രുവരി വരെ ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവ് തീർത്തും കുറവായിരുന്നു. ഇന്ത്യൻ മഹാസമുദ്രം അനിയന്ത്രിതമായി ചൂടാകുന്നതാണ് കെനിയയിൽ ആഗോളതാപനത്തിന്റെ തോത് വർധിപ്പിച്ചത്. വനനശീകരണം, കൃഷിഭൂമിയുടെ വിപുലീകരണം, വനഭൂമി നശിപ്പിക്കൽ, നഗരവൽക്കരണം തുടങ്ങിയവ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്നത്. ഇൗ കാരണങ്ങളാൽ ഇന്ത്യൻ മഹാസമുദ്രം ചൂടുപിടിക്കുന്നത് പ്രദേശത്തെ താപനില വർധിക്കാനും വരൾച്ചയ്‌ക്കും കാരണമാകുന്നു. മഴക്കാലം വൈകുന്നതും അല്ലെങ്കിൽ മഴ തീരെ ലഭിക്കാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു. 1980 മുതൽ കിഴക്കൻ ആഫ്രിക്കയിൽ മഴയുടെ അളവ് കുറഞ്ഞുതുടങ്ങി. പിന്നീടങ്ങോട്ട് രാജ്യം പലതരത്തിലുള്ള പാരിസ്ഥിതിക വെല്ലുവിളികളാണ് നേരിടുന്നത്. വെള്ളപ്പൊക്കം, വരൾച്ച, വർധിച്ച താപനില എന്നിവയൊക്കെ ഇന്ന് കെനിയക്കാരുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമായി മാറി.
കെനിയയുടെ ഏകദേശം 17 ശതമാനംമാത്രമാണ് കൃഷിയോഗ്യം. ബാക്കി 83 ശതമാനവും വരണ്ട പ്രദേശങ്ങളാണ്. കെനിയയിലെ ജനങ്ങളാകട്ടെ കൂടുതലും കാർഷികമേഖലയെയും കന്നുകാലിവളർത്തലിനെയും ആശ്രയിച്ച് കഴിയുന്നവരാണ്.
താപനിലയിലുണ്ടാകുന്ന വർധനയും വരൾച്ചയുമൊക്കെ വലിയ രീതിയിൽ ബാധിക്കുന്നതും ഇൗ മേഖലകളെയാണ്. അതിനാൽത്തന്നെ കെനിയയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് ഗ്രാമീണമേഖലയിലെ സാധാരണ ജനവിഭാഗമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് വലിയ പ്രത്യാഘാതങ്ങളാണ് ഇവയുണ്ടാക്കുന്നത്. കന്നുകാലികളുടെ കൂട്ടത്തോടെയുള്ള മരണത്തിനും വിളവില്ലാതാകുന്നതോടെ ഭക്ഷ്യക്ഷാമത്തിനും ജനങ്ങൾക്കിടയിൽ സംഘർഷത്തിനുമൊക്കെ ഇവ കാരണമാകുന്നു. കെനിയയിലെ ജലാശയങ്ങൾ ഭൂരിഭാഗവും വരണ്ട അവസ്ഥയിലാണ്. അതുമൂലം ജനങ്ങൾ ദിവസങ്ങളോളം വെള്ളം തേടി അലയേണ്ട സാഹചര്യംവരെ ഉണ്ടാകുന്നു. കൂടാതെ ശുദ്ധജലത്തിന്റെ അഭാവം വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും കുട്ടികളിൽ പോഷകാഹാരക്കുറവിനും ഇടയാക്കുന്നു. ഏകദേശം എട്ടുലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായാണ് കെനിയയിലെ നാഷണൽ ഡ്രോട്ട് മാനേജ്‌മെന്റ് അതോറിറ്റിയുടെ റിപ്പോർട്ടുകൾ പറയുന്നത്. ഇത് തടയാൻ ലോകാരോഗ്യസംഘടന അടിയന്തര വൈദ്യസഹായം എത്തിക്കുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണ്. കെനിയൻ സമ്പദ്‌വ്യവസ്ഥയിലെ മറ്റൊരു പ്രധാനപ്പെട്ട മേഖലയാണ് ടൂറിസം.
ഇതും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിൽപ്പെട്ട് ഉഴലുകയാണ്. കെനിയയിൽ വർധിക്കുന്ന വരൾച്ച ദാരിദ്ര്യനിർമാർജനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്നു.
കെനിയ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിയിൽനിന്ന് കരകയറാൻ അന്താരാഷ്ട്രസമൂഹത്തിന്റെയും സർക്കാരിന്റെയും യോജിച്ച ശ്രമം ആവശ്യമാണ്. പുനരുപയോഗ ഊർജത്തിന് കൂടുതൽ ഊന്നൽ നൽകി സർക്കാർ ദേശീയ കാലാവസ്ഥാ വ്യതിയാന പ്രവർത്തന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കെനിയ ഇന്നനുഭവിക്കുന്ന ഇൗ പ്രതിസന്ധി നാളെ ലോകത്തെ മറ്റേതൊരു രാജ്യത്തും സംഭവിക്കാൻ സാധ്യതയുള്ളതാണ്. മനുഷ്യന്റെതന്നെ ചെയ്‌തികളാണ് ഇത്തരം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നതും. പിന്നീട് ഇതേ മനുഷ്യർതന്നെ ഇതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടിയും വരുന്നു.















