ad
Deshabhimani

കാലാവസ്ഥാ കൂട്ടക്കൊല തടയേണ്ടേ

climate change
വെബ് ഡെസ്ക്

Published on Sep 05, 2026, 01:30 AM | 3 min read

കാലാവസ്ഥാ വ്യതിയാനം ഇന്ന്‌ ലോകത്തെ പരിസ്ഥിതിയെയും സന്പദ്‌വ്യവസ്ഥയെയും പൊതുജനാരോഗ്യത്തെയും ജീവിതരീതികളെയും ഗ‍ൗരവമായി ബാധിക്കുന്ന പ്രധാന വെല്ലുവിളിയാണ്‌. ആഗോള കാലാവസ്ഥാ സുരക്ഷ അതീവ ഗുരുതര വഴിത്തിരിവിലാണെന്നാണ്‌ ഹിമാലയത്തിന്റെ മടിത്തട്ടിൽനിന്ന് ഉയരുന്ന നിലവിളിയും ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പും ലോകത്തിനു നൽകുന്ന സൂചന. ഐക്യരാഷ്ട്രസംഘടന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച് പുറത്തുവിട്ട രണ്ട് സമകാല റിപ്പോർട്ടുകൾ, മനുഷ്യരാശിയുടെയും ഭൂമിയുടെയും ഭാവിയെ സംബന്ധിച്ച്‌ ആശങ്കാജനകമായ മുന്നറിയിപ്പാണ് നൽകുന്നത്. ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി പരിപാടി വിഭാഗം (യുഎൻഇപി) സെപ്‌തംബർ രണ്ടിന്‌ പ്രസിദ്ധീകരിച്ച റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്‌, ആഗോളതാപന നിരക്ക്‌ 2015ലെ പാരിസ് കാലാവസ്ഥാ ഉച്ചകോടി നിർണയിച്ച 1.5 ഡിഗ്രി സെൽഷ്യസ് പരിധി മറികടന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ അപായകരമായ ഘട്ടത്തിലേക്ക് കടക്കുമെന്നാണ്‌.


ഇക്കഴിഞ്ഞ ആഗസ്‌ത്‌ 31ന്, ദക്ഷിണ പസിഫിക് ദ്വീപായ പലാവുവിൽ സമ്മേളിച്ച 55–-ാമത് പസിഫിക് ദ്വീപ് ഫോറം നേതാക്കളുടെ സമ്മേളനത്തിൽ യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമീന ജെ മുഹമ്മദ് സമർപ്പിച്ച റിപ്പോർട്ടിൽ അസാധാരണ ആഗോള സമുദ്രവിതാന ഉയർച്ച സൃഷ്ടിച്ചേക്കാവുന്ന ഗുരുതര ഭീഷണിയെപ്പറ്റി വിശദീകരിക്കുന്നു. കൊൽക്കത്ത, മുംബൈ, ധാക്ക തുടങ്ങിയ ദക്ഷിണേഷ്യൻ നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവർ ‘അടിയന്തര സ്ഥാനഭ്രംശ’ ഭീഷണിയിലാണെന്ന അപകടസൂചനയാണ്‌ നൽകുന്നത്‌. ഏറ്റവും കൂടുതൽ തീരമുള്ള രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയും പ്രത്യേകിച്ച്‌ കടൽനിരപ്പിനുസമാനമായ പ്രധാന നഗരങ്ങൾ ഉൾക്കൊള്ളുന്ന കേരളവും കടൽനിരപ്പുയർച്ചയുടെ മുന്നറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കടൽനിരപ്പിലെ വർധനയും അതിതീവ്രമഴയും കടലാക്രമണവും പരസ്പരം കൂടിച്ചേർന്നാൽ ഉണ്ടാകാവുന്ന ആഘാതം വലുതായിരിക്കും.


പാരിസ് കാലാവസ്ഥാ ഉടമ്പടിയുടെ കേന്ദ്രലക്ഷ്യമായ, ആഗോളതാപന വർധനയിൽ 1.5 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന പരിധി ഏതാനും വർഷങ്ങൾക്കുള്ളിൽ മറികടക്കുമെന്ന്‌ ഉറപ്പായിരിക്കുകയാണ്‌. 2024ൽ ആഗോള ശരാശരി താപനില ഒരു കലണ്ടർ വർഷത്തിൽ ആദ്യമായി വ്യവസായപൂർവ ശരാശരിയേക്കാൾ 1.5 ഡിഗ്രിക്കു മുകളിലെത്തി. യുഎൻഇപിയുടെ പുതിയ റിപ്പോർട്ട് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം അനുകൂല സാഹചര്യത്തിലും താപനിലയുടെ പരമാവധി ഉയർച്ച ഏകദേശം 1.8 ഡിഗ്രിയിലേക്ക്‌ എത്താമെന്നാണ്‌. മറ്റ്‌ സാഹചര്യങ്ങളിൽ അത് രണ്ടു ഡിഗ്രിക്കുമുകളിലേക്കും പോകാം. താപനില ഉയരുന്തോറും ഹിമാനികൾ ഉരുകൽ, കടൽനിരപ്പുയർച്ച, അതിതീവ്രമഴ, പ്രളയം, വരൾച്ച, കാട്ടുതീ, ഭക്ഷ്യോൽപ്പാദനത്തിലെ പ്രതിസന്ധി തുടങ്ങി ദുരന്തങ്ങളുടെ സാധ്യതയും തീവ്രതയും വർധിക്കും.


യൂറോപ്പിൽ രണ്ടുവർഷത്തിനിടെ താപനിലയിലുണ്ടായ വർധന ഇതിന്റെ പ്രതിഫലനമാണ്‌. ലോകത്തിൽ ഏറ്റവും വേഗത്തിൽ ചൂടാകുന്ന ഭൂഖണ്ഡമായി യൂറോപ്പ്‌ മാറി. 2025ലും 2026ലും ആർട്ടിക്‌ പ്രദേശംമുതൽ മെഡിറ്ററേനിയൻവരെ ശക്തമായ ഉഷ്‌ണതരംഗങ്ങൾ അനുഭവപ്പെട്ടു. മൂന്നാഴ്‌ച നീണ്ട ഉഷ്‌ണതരംഗത്തിൽ ആർട്ടിക്‌ മേഖലയിൽ താപനില 30 ഡിഗ്രി സെൽഷ്യസ്‌ വരെ ഉയർന്നു. പതിനായിരത്തിലേറെപ്പേരാണ്‌ കൊടിയ ചൂടിൽ ഇ‍ൗ വർഷം യൂറോപ്പിൽ മരിച്ചത്‌. യൂറോപ്പിലെ 70 ശതമാനം നദികളിലും ജലപ്രവാഹം ശരാശരിയിലും പകുതിയായി. മെഡിറ്ററേനിയൻ പ്രദേശങ്ങളിലും തെക്കൻ യൂറോപ്പിലും കാട്ടുതീ വലിയ തോതിൽ നാശംവരുത്തി. 10,34,550 ഹെക്ടർ ഭൂമി കാട്ടുതീയിൽ നശിച്ചു. മധ്യ, കിഴക്കൻ യൂറോപ്പിൽ ശക്തമായ മഴയും നദീപ്രളയവും വലിയ അപകടസാധ്യതകൾ സൃഷ്ടിച്ചു. യൂറോപ്പിനു ചുറ്റുമുള്ള സമുദ്രങ്ങളിലും ചൂട് ഉയർന്നു.


​ആഗോള കാലാവസ്ഥാ വ്യതിയാനമെന്നത്‌ അടുത്തിടെവരെ വിദൂരകാലത്ത്‌ സംഭവിക്കാൻ പോകുന്ന ഏതോ പ്രതിഭാസമായിരിക്കുമെന്നാണ്‌ കരുതിയിരുന്നത്‌. എന്നാൽ, ഇന്ന്‌ അത്‌ നിത്യജീവിതത്തെ ബാധിച്ചുതുടങ്ങി. ‘കാലാവസ്ഥാ കൂട്ടക്കൊല’ എന്ന പ്രയോഗംതന്നെ ഉയർന്നുവന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിലെ ജീവനഷ്ടത്തെയാണ് ‘കാലാവസ്ഥാ കൂട്ടക്കൊല' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആഗോളതലത്തിൽ 360 കോടിയോളം ജനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാകുന്നു. ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ 2022 നവംബർ ആറുമുതൽ 20 വരെ നടന്ന 27–-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘കാലാവസ്ഥാ ദുരന്തത്തിലേക്കുള്ള ആക്സിലറേറ്ററിൽനിന്ന് കാലെടുക്കാതെ നരകത്തിലേക്കുള്ള ഹൈവേയിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. മാനവരാശിക്ക് ഇനി ഒരു പോംവഴിയേ മുന്നിലുള്ളൂ; സഹകരിക്കുക, അല്ലെങ്കിൽ നശിക്കുക. മനുഷ്യന്റെ ഇടപെടലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണം. അതുകൊണ്ട് മനുഷ്യന്റെ ഇടപെടൽതന്നെയാണ് പരിഹാരമാർഗവും. ദുരന്തപൂർണമായ അന്ത്യം ഒഴിവാക്കണമെങ്കിൽ എല്ലാ രാജ്യങ്ങളും ഉടൻ ഇടപെടണം’ എന്നും ഗുട്ടെറസ്‌ ഓർമിപ്പിച്ചു. കഴിഞ്ഞവർഷങ്ങളിലുണ്ടായ ദുരന്തത്തിന്റെ ഭയാനകത മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഓർമപ്പെടുത്തലായിരുന്നു അത്‌. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനില വർധന 2.8 ഡിഗ്രിയിലെത്തുമെന്ന്‌ വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതിപരിപാടിയുടെ ‘എമിഷൻസ് ഗ്യാപ് റിപ്പോർട്ട്‌’ അന്ന്‌ പുറത്തിറക്കിയിരുന്നു. കാർബൺ ബഹിർഗമനം 2030ഓടെ 43 ശതമാനം വെട്ടിക്കുറയ്ക്കണം. 2050ഓടെ പൂജ്യം കാർബൺ വ്യാപനവും ലക്ഷ്യമിട്ടു. പിന്നീട്‌ , ഇത്‌ 2070ലേക്ക്‌ നീട്ടി. എല്ലാ രാജ്യങ്ങൾക്കും പരമാവധി എത്രത്തോളം ഹരിത​ഗൃഹവാതകങ്ങൾ പുറന്തള്ളാമെന്ന് കൃത്യമായ ധാരണയുണ്ട്. ആ കാലാവസ്ഥാലക്ഷ്യങ്ങൾ ഇതുവരെ ആരും നടപ്പാക്കിയില്ല.


​ഹിമാലയത്തിലെ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ മുന്നറിയിപ്പുകൾക്കും പ്രാധാന്യമുണ്ട്. ലോകത്തിലെ ഏറ്റവും സങ്കീർണവും ദുർബലവുമായ പർവതപ്രദേശങ്ങളിലൊന്നാണ് ഹിമാലയം. ഹിമാനികളിലും മഞ്ഞുമേഖലകളിലും ഉണ്ടാകുന്ന വേഗത്തിലുള്ള മാറ്റങ്ങൾ താഴ്‌വരകളിലെയും നദീതടങ്ങളിലെയും കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ ബാധിക്കും. അതിവർഷവും മണ്ണിടിച്ചിലും പ്രളയവും ഹിമാനികളുമായി ബന്ധപ്പെട്ട അപകടങ്ങളും പരസ്പരം ബന്ധപ്പെടുന്ന പുതിയ ദുരന്തഭൂപടമാണ് ഇവിടെ രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹിമാലയത്തിലെ ഒരു ദുരന്തം ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന, ബംഗ്ലാദേശ്‌, പാകിസ്ഥാൻ തുടങ്ങി ഹിമാലയൻ മേഖലയുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ ജലസുരക്ഷയും ഭക്ഷ്യസുരക്ഷയും ഊർജസുരക്ഷയും ജനങ്ങളുടെ ഉപജീവനവും അപകടത്തി
ലാക്കും.

​കാലാവസ്ഥാ നീതിയുടെ ചോദ്യവും പ്രധാനമാണ്‌. ചരിത്രപരമായി ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളിയ സമ്പന്നരാജ്യങ്ങളുടെ സാമ്പത്തികവളർച്ചയിൽനിന്ന് ഏറ്റവും കുറച്ച് പ്രയോജനം നേടിയ ദരിദ്രരാജ്യങ്ങളും ദുർബലസമൂഹങ്ങളുമാണ് പലപ്പോഴും കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകളാകുന്നത്. ദുരന്തം നേരിടാനുള്ള ശേഷിയില്ലാത്ത സമൂഹങ്ങൾക്ക് നഷ്ടപരിഹാരവും സംവിധാനങ്ങൾ ഒരുക്കാൻ ധനസഹായവും സാങ്കേതികവിദ്യയും ലഭ്യമാക്കേണ്ടത്‌ ആഗോള ഉത്തരവാദിത്വമാണ്. ദുരന്തമുണ്ടായശേഷം നഷ്ടപരിഹാരം നൽകുന്ന സമീപനംമാത്രം മതിയാകില്ല. ദുരന്തസാധ്യത കുറയ്ക്കുന്ന വികസനമാണ് വേണ്ടത്. കാലാവസ്ഥാ പ്രതിസന്ധി മനുഷ്യരുടെ വീടുകളിലും കൃഷിയിടങ്ങളിലും നഗരങ്ങളിലും തീരങ്ങളിലും പർവതങ്ങളിലും എത്തിയിരിക്കുന്നു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home